മലയാളം

സമാധാനമോ വാളോ?

ജൂലൈ 11, 2022
ആണ്ടുവട്ടക്കാലം പതിനഞ്ചാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ ബെനഡിക്ട്, ആബട്ട്—അനുസ്മരണം

വീഡിയോ

യേശു തന്റെ അപ്പസ്തോലന്മാരോടു പറഞ്ഞു: “ഭൂമിയിൽ സമാധാനം കൊണ്ടുവരാനാണ് ഞാൻ വന്നതെന്നു നിങ്ങൾ വിചാരിക്കരുത്. സമാധാനമല്ല, വാളാണ് ഞാൻ കൊണ്ടുവരാൻ വന്നത്. എന്തെന്നാൽ, മകനെ പിതാവിനെതിരെയും മകളെ അമ്മയ്‌ക്കെതിരെയും മരുമകളെ അമ്മായിയമ്മയ്‌ക്കെതിരെയും ഭിന്നിപ്പിക്കാനാണ് ഞാൻ വന്നത്; ഒരുവന്റെ ശത്രുക്കൾ അവന്റെ വീട്ടുകാർതന്നെ ആയിരിക്കും.”  മത്തായി 10:34-36

ഇത് ഒരു അച്ചടിപ്പിശകായിരുന്നോ?  യേശു ശരിക്കും ഇങ്ങനെ പറഞ്ഞോ?  നമ്മെ അല്പം അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന വചനഭാഗങ്ങളിലൊന്നാണിത്.  എന്നാൽ യേശു ഇങ്ങനെ പതിവായി ചെയ്യാറുള്ളതിനാൽ നാം അതിശയിക്കേണ്ടതില്ല.  അപ്പോൾ യേശു എന്താണ് ഉദ്ദേശിക്കുന്നത്?  സമാധാനത്തിനു പകരം “വാളും” ഭിന്നതയും കൊണ്ടുവരാൻ അവിടുന്ന് ശരിക്കും ആഗ്രഹിക്കുന്നുണ്ടോ?

ഈ വചനഭാഗം വായിക്കുമ്പോൾ, യേശു പഠിപ്പിച്ചിട്ടുള്ള മറ്റെല്ലാ കാര്യങ്ങളുടെയും വെളിച്ചത്തിൽ നാം ഇതു വായിക്കേണ്ടത് പ്രധാനമാണ്.  സ്നേഹം, കരുണ, ക്ഷമ, ഐക്യം തുടങ്ങിയവയെക്കുറിച്ചുള്ള അവിടുത്തെ എല്ലാ പ്രബോധനങ്ങളുടെയും വെളിച്ചത്തിൽ നാം ഇതു വായിക്കണം.  ഇതെല്ലാം മനസ്സിൽ വച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ: ഈ വചനഭാഗത്തിൽ യേശു എന്തിനെക്കുറിച്ചാണ് സംസാരിച്ചത്?

മുഖ്യമായും, സത്യത്തിന്റെ ഫലങ്ങളിലൊന്നിനെക്കുറിച്ചാണ് അവിടുന്ന് സംസാരിച്ചത്.  സുവിശേഷസത്യത്തെ സത്യത്തിന്റെ വചനമായി നാം പൂർണമായി സ്വീകരിക്കുമ്പോൾ, നമ്മെ ദൈവത്തോട് ആഴത്തിൽ ഐക്യപ്പെടുത്താൻ അതിനു ശക്തിയുണ്ട്.  എന്നാൽ സത്യത്തിൽ ദൈവത്തോട് ഐക്യപ്പെടാൻ വിസമ്മതിക്കുന്നവരിൽനിന്ന് അതു നമ്മെ വേർതിരിക്കുന്നു എന്നതാണ് മറ്റൊരു ഫലം.  നാം ഇതു ലക്ഷ്യമിടുന്നില്ല; നമ്മുടെ സ്വന്തം ഇഷ്ടമോ ഉദ്ദേശ്യമോ അനുസരിച്ച് അങ്ങനെ ചെയ്യാനും പാടില്ല. എന്നാൽ സത്യത്തിൽ നമ്മെത്തന്നെ ആഴ്ത്തുമ്പോൾ, ദൈവത്തോടും അവിടുത്തെ സത്യത്തോടും എതിർപ്പിലായിരിക്കുന്ന എല്ലാവരുമായും നാം എതിർപ്പിലാകുന്നുവെന്നു മനസ്സിലാക്കണം.

നമ്മുടെ ഇന്നത്തെ സംസ്കാരം “ആപേക്ഷികവാദം” എന്നു നാം വിളിക്കുന്ന ആശയം പ്രഘോഷിക്കാൻ ആഗ്രഹിക്കുന്നു.  എനിക്കു നല്ലതും സത്യവുമായത് നിങ്ങൾക്കു നല്ലതും സത്യവുമായിരിക്കണമെന്നില്ല; എങ്കിലും എല്ലാവർക്കും വ്യത്യസ്ത “സത്യങ്ങൾ” ഉണ്ടായിരിക്കുമ്പോഴും നമുക്കെല്ലാവർക്കും സന്തുഷ്ടമായ ഒരൊറ്റ കുടുംബമായി കഴിയാം എന്നതാണ് ഈ ആശയം.  എന്നാൽ അതു സത്യമല്ല!

ശരിയേത്, തെറ്റേത് എന്നു ദൈവം നിശ്ചയിച്ചിരിക്കുന്നു എന്നതാണ് സത്യം (വലിയ “T” അക്ഷരത്തിൽ തുടങ്ങുന്ന “Truth”).  മനുഷ്യകുലം മുഴുവനും ബാധകമായി അവിടുന്ന് തന്റെ ധാർമ്മികനിയമം സ്ഥാപിച്ചിരിക്കുന്നു; ഇത് ഇല്ലാതാക്കാനാവില്ല.  നമ്മുടെ വിശ്വാസസത്യങ്ങളും അവിടുന്ന് വെളിപ്പെടുത്തിയിരിക്കുന്നു; അവയും ഇല്ലാതാക്കാനാവില്ല.  ആ നിയമം നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ എത്രമാത്രം സത്യമാണോ, അത്രതന്നെ എനിക്കും സത്യമാണ്.

ആപേക്ഷികവാദത്തിന്റെ എല്ലാ രൂപങ്ങളെയും നിരസിക്കുകയും സത്യത്തെ മുറുകെപ്പിടിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ കുടുംബാംഗങ്ങളുമായിപ്പോലും ഭിന്നതയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന ഗൗരവമേറിയ യാഥാർഥ്യമാണ് മുകളിലെ വചനഭാഗം നമ്മുടെ മുമ്പിൽ വയ്ക്കുന്നത്.  ഇതു ദുഃഖകരമാണ്; ഇതു വേദനിപ്പിക്കുകയും ചെയ്യുന്നു.  ഇങ്ങനെ സംഭവിക്കുമ്പോൾ നമ്മെ ശക്തിപ്പെടുത്താനാണ് യേശു പ്രത്യേകിച്ച് ഈ വചനം നൽകുന്നത്.  നമ്മുടെ പാപത്തിന്റെ ഫലമായാണ് ഭിന്നത ഉണ്ടാകുന്നതെങ്കിൽ, നാം ലജ്ജിക്കണം.  കരുണയോടെ അവതരിപ്പിക്കപ്പെടുന്ന സത്യത്തിന്റെ ഫലമായാണ് അതുണ്ടാകുന്നതെങ്കിൽ, സുവിശേഷത്തിന്റെ ഫലമായി നാം അതു സ്വീകരിക്കണം.  യേശു തിരസ്കരിക്കപ്പെട്ടു; നമുക്കും അങ്ങനെ സംഭവിച്ചാൽ നാം അതിശയിക്കേണ്ടതില്ല.

പരിണതഫലങ്ങൾ എന്തുതന്നെയായാലും, സുവിശേഷത്തിന്റെ സമ്പൂർണസത്യം സ്വീകരിക്കാൻ നിങ്ങൾ എത്രത്തോളം സന്നദ്ധരും മനസ്സുള്ളവരുമാണെന്ന് ഇന്ന് ധ്യാനിക്കുക.  സമ്പൂർണസത്യം നിങ്ങളെ സ്വതന്ത്രരാക്കും; ചിലപ്പോഴൊക്കെ, നിങ്ങളും ദൈവത്തെ തിരസ്കരിച്ചവരും തമ്മിലുള്ള ഭിന്നത വെളിപ്പെടുത്തുകയും ചെയ്യും.  ക്രിസ്തുവിലുള്ള ഐക്യത്തിനായി നിങ്ങൾ പ്രാർഥിക്കണം; എന്നാൽ വ്യാജമായ ഒരൈക്യം സൃഷ്ടിക്കാൻ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകരുത്.

സത്യത്തിന്റെ നാഥാ, അങ്ങ് വെളിപ്പെടുത്തിയതെല്ലാം സ്വീകരിക്കാൻ എനിക്കാവശ്യമായ ജ്ഞാനവും ധൈര്യവും നൽകണമേ.  എല്ലാറ്റിനുമുപരിയായി അങ്ങയെ സ്നേഹിക്കാനും, അങ്ങയെ അനുഗമിക്കുന്നതിന്റെ അനന്തരഫലങ്ങൾ എന്തുതന്നെയായാലും അവ സ്വീകരിക്കാനും എന്നെ സഹായിക്കണമേ.  ഈശോയേ, അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ:
വിശുദ്ധ ബെനഡിക്ട്, ആബട്ട്—അനുസ്മരണം

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

പ്രധാന ചിത്രം: കാൾ ഓസ്റ്റർലി, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി