ജൂലൈ 20, 2022
ആണ്ടുവട്ടത്തിലെ പതിനാറാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ അപ്പൊളിനാരിസ്, മെത്രാനും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം

“എന്നാൽ ചില വിത്തുകൾ ഫലഭൂയിഷ്ഠമായ മണ്ണിൽ വീണ് നൂറുമേനിയും അറുപതുമേനിയും മുപ്പതുമേനിയും ഫലം പുറപ്പെടുവിച്ചു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.” മത്തായി 13:8-9
യേശു പറയുന്ന “ചെവികൾ” നമ്മുടെ ശരീരത്തിലെ ചെവികളെക്കാൾ ഏറെ അർത്ഥമുള്ളതാണ്. അവിടുത്തെ വിശുദ്ധ ഹിതം കേൾക്കാനും മനസ്സിലാക്കാനും സ്വീകരിക്കാനും തിരഞ്ഞെടുക്കാനും നമ്മെ പ്രാപ്തരാക്കുന്ന നമ്മുടെ ആന്തരികജീവിതത്തെക്കുറിച്ചാണ് അവിടുന്ന് സംസാരിക്കുന്നത്. പല വഴികളിലൂടെ അവിടുന്ന് തന്റെ വചനം നമ്മോടു സംസാരിക്കുന്നു. നാം അത് ശ്രദ്ധിച്ചു കേൾക്കുന്നുണ്ടോ, അത് നമ്മുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാൻ അനുവദിക്കുന്നതിന് സന്നദ്ധരാണോ എന്നതാണ് നാം ചിന്തിക്കേണ്ട ചോദ്യം. അവിടുത്തെ വചനത്തിന് ശ്രദ്ധ കൊടുക്കുന്നതിലൂടെ മാത്രമേ നമുക്ക് അവിടുത്തെ ഹിതം ഹൃദയപൂർവം സ്വീകരിക്കാൻ കഴിയൂ.
നമ്മുടെ ആത്മാക്കൾ ഫലഭൂയിഷ്ഠമായ മണ്ണുപോലെയായിരിക്കണം. വിശുദ്ധഗ്രന്ഥത്തിൽനിന്ന് നമുക്കു പരിചിതമായ ഒരു ദൃശ്യരൂപമാണിത്. എങ്കിലും ഏറെ സമയം ധ്യാനിക്കാൻ തക്ക മൂല്യമുള്ള ഒരു ദൃശ്യരൂപമാണിത്. നമ്മുടെ ആത്മാക്കളിൽ ഫലഭൂയിഷ്ഠമായ മണ്ണ് രൂപപ്പെടുത്തുക എളുപ്പമല്ല. വരണ്ടതും മുള്ളുകൾ നിറഞ്ഞതും പാറക്കെട്ടുള്ളതും വിത്തിനെ സ്വീകരിക്കാത്തതുമായ മണ്ണായിരിക്കുക എന്നതാണ് ഏറെ എളുപ്പം. എന്നാൽ നമ്മുടെ ഉള്ളിൽ യഥാർഥ സമൃദ്ധിയും ഫലഭൂയിഷ്ഠമായ മണ്ണും വളർത്തിയെടുക്കാൻ ഏറെ കരുതലും ശ്രദ്ധയും ആവശ്യമാണ്. ഇത് എങ്ങനെയാണ് സാധിക്കുക?
നമ്മുടെ ആത്മാക്കൾക്കുള്ളിൽ ഫലഭൂയിഷ്ഠമായ മണ്ണ് ഒരുക്കാൻ തുടങ്ങേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് യഥാർഥ എളിമയ്ക്കായി പരിശ്രമിക്കുക എന്നതാണ്. ആത്യന്തികമായി, നാം ആരാണെന്ന സത്യം തിരിച്ചറിയുന്നതും, പ്രത്യേകിച്ച് നമ്മുടെ ജീവിതത്തിൽ ദൈവകൃപയുടെ ആവശ്യം തിരിച്ചറിയുന്നതുമാണ് എളിമ. ദൈവകൃപയില്ലാതെ നാം അശക്തരാണെന്ന എളിമയോടെയുള്ള അംഗീകാരം, ഉള്ളിൽ ഫലഭൂയിഷ്ഠമായ മണ്ണ് ഒരുക്കുന്നതിന് അനിവാര്യമാണ്.
അവിടെനിന്ന് നാം ദൈവത്തിൽ പൂർണമായി ആശ്രയിക്കുന്ന അവസ്ഥയിലേക്ക് എത്തണം. ആദ്യം നാം നമ്മെത്തന്നെ താഴ്ത്തുകയും ദൈവം നമുക്ക് തികച്ചും അനിവാര്യമാണെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ, അവിടുന്ന് സംസാരിക്കുമ്പോൾ അവിടുത്തെ വിശ്വസിക്കാൻ നമുക്കു കഴിയും. അവിടുന്ന് സംസാരിക്കുമ്പോൾ നാം സന്തോഷത്തോടെ കേൾക്കുകയും അനുസരിക്കുകയും ചെയ്യും. അപ്പോൾ മാത്രമേ അവിടുത്തെ കരുണയുടെ നല്ല ഫലം നമ്മുടെ ജീവിതങ്ങളിലേക്കും, നമ്മിലൂടെ മറ്റുള്ളവരുടെ ജീവിതങ്ങളിലേക്കും ചൊരിയപ്പെടാൻ കഴിയൂ.
ഇന്ന് നിങ്ങളുടെ ആന്തരികജീവിതത്തെക്കുറിച്ച് ചിന്തിക്കുക. അവിടെ എന്താണുള്ളത്? അത് വരണ്ടതും പാറക്കെട്ടുള്ളതുമായ നിലത്തോടാണോ കൂടുതൽ സാമ്യമുള്ളത്? അതോ നിങ്ങളുടെ ആത്മാവിനെ പരിപോഷിപ്പിക്കാനും ദൈവത്തിന്റെ വിശുദ്ധ വചനം സ്വീകരിക്കാൻ അതിനെ ഒരുക്കാനും നിങ്ങൾ പതിവായി ശ്രമിക്കുന്നുണ്ടോ? ഫലം പുറപ്പെടുവിക്കാൻ സജ്ജമായ ഒരു മനോഭാവം ഉള്ളിൽ രൂപപ്പെടുത്താൻ ശ്രമിക്കുക; നിങ്ങളുടെ ജീവിതത്തിൽ നല്ല ഫലം ഉണ്ടാകുന്ന കാര്യം കർത്താവ് നോക്കിക്കൊള്ളും.
യഥാർഥ സമൃദ്ധിയുടെ കർത്താവേ, അങ്ങയുടെ അതിവിശുദ്ധ വചനത്തിനുവേണ്ടി യഥാർഥത്തിൽ ഫലഭൂയിഷ്ഠമായ മണ്ണായിത്തീരാൻ എന്നെ സഹായിക്കണമേ. അങ്ങ് അരുളിച്ചെയ്യുന്നതെല്ലാം ഞാൻ സ്വീകരിക്കട്ടെ; വിശ്വാസത്തിന്റെ വിത്ത് എന്റെ ഉള്ളിൽ ആഴത്തിൽ നടപ്പെടട്ടെ. ഈ വിശ്വാസം വളരാനും അങ്ങ് നൽകാൻ ആഗ്രഹിക്കുന്ന അനുഗ്രഹങ്ങൾ പുറപ്പെടുവിക്കാനും സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ: വിശുദ്ധ അപ്പോളിനാരിസ്
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
പ്രധാന ചിത്രം: നല്ല വിത്തു വിതയ്ക്കുന്ന ക്രിസ്തു, Flikr




