മലയാളം

അന്തിമ വിജയം!

2022 ജൂലൈ 26
ആണ്ടുവട്ടത്തിലെ പതിനേഴാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ യോവാക്കിമും വിശുദ്ധ അന്നയും—അനുസ്മരണം

വീഡിയോ

“കളകൾ ശേഖരിച്ച് തീയിൽ ചുട്ടുകളയുന്നതുപോലെ യുഗാന്ത്യത്തിലും സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും. മറ്റുള്ളവരെ പാപത്തിലേക്കു നയിക്കുന്ന എല്ലാവരെയും തിന്മ പ്രവർത്തിക്കുന്ന എല്ലാവരെയും അവർ അവന്റെ രാജ്യത്തിൽനിന്ന് ശേഖരിക്കും. അവർ അവരെ തീച്ചൂളയിൽ എറിയും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. അപ്പോൾ നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.” മത്തായി 13:40-43

ആ ദിവസം ഒന്നു സങ്കൽപ്പിച്ചുനോക്കൂ! ആ ദിവസം നാളെയാണെങ്കിലോ എന്നു ചിന്തിക്കൂ. ഈശോ നാളെ മടങ്ങിവന്ന് ലോകത്തിൽ നീതി പൂർണമായി നടപ്പാക്കുമെങ്കിൽ, ഇന്നത്തെ ഏതെങ്കിലും അനീതിയെക്കുറിച്ച് നിങ്ങൾ ആകുലപ്പെടുമോ? ഒരുപക്ഷേ ഇല്ല. പകരം, നീതി നടപ്പാകാൻ പോകുന്നു എന്നറിഞ്ഞ് ശാന്തമായി, സമാധാനത്തോടെ കഴിയാൻ നിങ്ങൾക്കു സാധിക്കും.

അതെ, ആ ദിവസം ഉടൻ വരും. ഈശോ പറഞ്ഞത് അതാണ്. ഏതാണ്ട് 2,000 വർഷങ്ങൾക്കു മുമ്പാണ് അത് പറഞ്ഞതെന്നത് ശരിതന്നെ. എങ്കിലും അവിടുത്തെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും ഉടനെയാണ്. ദൈവത്തെ സംബന്ധിച്ചിടത്തോളം കാലത്തെ കാണുന്നത് നിത്യതയുടെ കാഴ്ചപ്പാടിലാണ്. അതിനാൽ, ലോകാവസാനം യഥാർഥത്തിൽ സംഭവിക്കുമ്പോൾ ദൈവത്തിന് എത്രത്തോളം യാഥാർഥ്യമാണോ, അത്രത്തോളം തന്നെ ഇന്നും യാഥാർഥ്യമാണ്.

തിന്മ തഴച്ചുവളരുന്നതും അനീതി വർധിക്കുന്നതും കാണുമ്പോൾ ഇക്കാര്യം ഓർക്കുന്നത് നല്ലതാണ്. ദുഷ്ടന്റെ അനുദിന വിജയങ്ങൾ കണ്ട് കോപവും അസ്വസ്ഥതയും തോന്നുക വളരെ എളുപ്പമാണ്. എന്നാൽ ഭയപ്പെടരുത്, ആകുലപ്പെടരുത്. എല്ലാം യഥാർഥത്തിൽ ദൈവത്തിന്റെ നിയന്ത്രണത്തിലാണ്. താൻ എന്താണ് ചെയ്യുന്നതെന്ന് അവിടുത്തേക്കറിയാം. സകലത്തിന്മേലും മഹത്വപൂർണമായ അന്തിമ വിജയം അവിടുന്ന് നേടും.

അതുകൊണ്ട് ഇക്കാര്യം ചിന്തിച്ചുനോക്കൂ. ഈശോ തന്റെ സർവമഹത്വത്തോടുംകൂടെ മടങ്ങിവന്ന് എല്ലാം ശരിയാക്കുമ്പോൾ, നാമിപ്പോൾ സഹിക്കുന്ന തിന്മയ്ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടാകുമോ? വാസ്തവത്തിൽ, നിത്യതയുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, നാം സഹിക്കുന്ന തിന്മ നമ്മിൽ വിശുദ്ധമായ സഹനസ്ഥൈര്യം വളർത്താൻ മാത്രമേ ഉപകരിക്കാവൂ. നമ്മുടെ ജീവിതത്തിൽ തന്റെ കൃപയും ശക്തിയും വെളിപ്പെടുത്താൻ ദൈവത്തിന് അതിനെ ഉപയോഗിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ഇന്ന് നിത്യതയുടെ കാഴ്ചപ്പാടിനെക്കുറിച്ച് ധ്യാനിക്കുക. ഇപ്പോൾ എല്ലാ സാഹചര്യങ്ങളിലും നിങ്ങൾ സ്ഥിരതയോടെ നിലനിൽക്കുകയും ക്ഷമയോടും കൃപയോടുംകൂടെ അങ്ങനെ ചെയ്യാൻ പരിശ്രമിക്കുകയും ചെയ്യുന്നെങ്കിൽ, എല്ലാ പോരാട്ടങ്ങളും നിങ്ങൾ സഹിക്കേണ്ടിവരുന്ന സകലതും ഒടുവിൽ ഫലവത്താകുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. ദൈവത്തിന്റെ മഹത്വപൂർണമായ പുതിയ രാജ്യത്തിൽ നിങ്ങൾ സമാധാനത്തിലായിരിക്കും; സന്തോഷം നിങ്ങളുടെ ജീവിതത്തെ എന്നേക്കും നിറയ്ക്കും. എല്ലാ തെറ്റുകളും തിരുത്തപ്പെടും; ദൈവം വിജയിക്കും. ഈ സത്യം “കേൾക്കാൻ ചെവികൾ” നിങ്ങൾക്കുണ്ടെന്ന് ഉറപ്പുവരുത്തുകയും എല്ലാ സാഹചര്യങ്ങളിലും അതിൽ മുറുകെപ്പിടിക്കുകയും ചെയ്യുക.

നിത്യനായ എന്റെ കർത്താവേ, അങ്ങയിലും അങ്ങയുടെ അന്തിമവിജയത്തിലും എന്റെ ദൃഷ്ടി ഉറപ്പിച്ചുനിർത്താൻ എന്നെ സഹായിക്കണമേ.  അങ്ങയുടെ അന്തിമവിജയത്തിനായി ക്ഷമയോടെ കാത്തിരിക്കാനും, അങ്ങ് എനിക്കു നൽകുന്ന കൃപയാലും ശക്തിയാലും ഈ ലോകത്തിലെ തിന്മയെ സഹിച്ചുനിൽക്കാനും എന്നെ സഹായിക്കണമേ.  അങ്ങ് എനിക്കു നൽകിയ അന്തിമവാഗ്ദാനം ഞാൻ ഒരിക്കലും മറക്കാതിരിക്കട്ടെ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ: വിശുദ്ധ യോവാക്കിമും അന്നയും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

പ്രധാന ചിത്രം: പീറ്റർ പോൾ റൂബൻസ്, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി