മലയാളം

വിലയേറിയ മുത്ത്

ജൂലൈ 27, 2022
ആണ്ടുവട്ടത്തിലെ പതിനേഴാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“വീണ്ടും, സ്വർഗരാജ്യം നല്ല മുത്തുകൾ അന്വേഷിക്കുന്ന ഒരു വ്യാപാരിക്കു സദൃശമാണ്. വിലയേറിയ ഒരു മുത്ത് കണ്ടെത്തുമ്പോൾ, അവൻ പോയി തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു.” മത്തായി 13:45-46

ഈ വചനഭാഗത്തിൽനിന്ന് മനോഹരമായ അനേകം ഉൾക്കാഴ്ചകൾ നമുക്കു ലഭിക്കുന്നു. തീർച്ചയായും, സ്വർഗരാജ്യത്തെ ആ ‘വിലയേറിയ മുത്തി’നോടു സദൃശമായി നമുക്കു കാണാം! എന്നാൽ ഈ വചനഭാഗം യഥാർഥത്തിൽ പറയുന്നത് സ്വർഗരാജ്യം ‘നല്ല മുത്തുകൾ അന്വേഷിക്കുന്ന വ്യാപാരി’ക്കു സദൃശമാണെന്നാണ്. ആഴമായ ഉൾക്കാഴ്ച നൽകുന്ന ഒരു വസ്തുതയാണിത്.

നമ്മുടെ തീക്ഷ്ണമായ അന്വേഷണത്തിലാണ് സ്വർഗരാജ്യം കണ്ടെത്തപ്പെടുന്നത് എന്നതാണ് ഇതു നൽകുന്ന ഒരു ഉൾക്കാഴ്ച. സ്വർഗത്തിന്റെ രഹസ്യം നാം അന്വേഷിക്കുന്നു; ഈ അന്വേഷണംതന്നെ ദൈവരാജ്യത്തെ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു.

‘ദൈവത്തെ അന്വേഷിക്കുക’ എന്നു പറയുന്നത്, ദൈവം വിശ്വാസത്തിന്റെ അഗാധമായ ഒരു രഹസ്യമാണെന്ന്—വിശുദ്ധ കുർബാനയിൽ നാം പറയുന്നതുപോലെ, ഒരു വിശ്വാസരഹസ്യം ആണെന്ന്—മറ്റൊരു രീതിയിൽ പറയുകയാണ്. ദൈവം ദിവ്യമായ ഒരു ‘രഹസ്യം’ ആയതിനാൽ, നമുക്ക് ഒരിക്കലും ദൈവത്തെ പൂർണ്ണമായി ‘കണ്ടെത്താൻ’ കഴിയില്ലെന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്. തീർച്ചയായും നമുക്ക് അവിടുത്തെ കണ്ടെത്താനും മനസ്സിലാക്കാനും അറിയാനും നമ്മുടെ ജീവിതം അവിടുത്തെ സമർപ്പിക്കാനും കഴിയും. എന്നാൽ നമുക്ക് അങ്ങനെ ചെയ്യാൻ ഒരിക്കലും പൂർണ്ണമായി കഴിയില്ല. ദൈവത്തെ എത്രയധികം അറിയുന്നുവോ അത്രയധികം നാം അവിടുത്തെ അന്വേഷിക്കുന്നു; എത്രയധികം അന്വേഷിക്കുന്നുവോ അത്രയധികം നാം അവിടുത്തെ പൂർണ്ണമായി അറിയുന്നില്ലെന്നു തിരിച്ചറിയുന്നു എന്നതാണ് സത്യം. എന്നാൽ ഈ വെളിപ്പെടുത്തൽ ദൈവത്തിന്റെ ജീവനിലേക്കും സ്വർഗരാജ്യം സ്വന്തമാക്കുന്നതിലേക്കും നമ്മെ കൂടുതൽ കൂടുതൽ ആഴത്തിൽ നയിക്കുന്നു.

ദൈവത്തിന്റെയും അവിടുത്തെ രാജ്യത്തിന്റെയും സൗന്ദര്യവും മൂല്യവും രഹസ്യവും ശക്തിയും മഹത്ത്വവും കണ്ടെത്തുന്നതായിരിക്കണം ജീവിതത്തിന്റെ ലക്ഷ്യം. അന്വേഷിച്ചും കണ്ടെത്തിയും വീണ്ടും കൂടുതൽ അന്വേഷിച്ചും നാം ഈ ജീവിതം ചെലവഴിക്കണം. സ്വർഗത്തിലും നാം ചെയ്യുക ഇതുതന്നെയായിരിക്കും. സ്വർഗം ദൈവരാജ്യത്തിന്റെയും ദൈവത്തിന്റെ ആന്തരികജീവിതത്തിന്റെയും പൂർണ്ണമായ വെളിപ്പെടുത്തലിന്റെ നിമിഷമായിരിക്കും. എന്നാൽ ഈ വെളിപ്പെടുത്തലിൽ നാം കണ്ടെത്തുക, നിത്യതയിലുടനീളം നാം ദൈവത്തിലേക്കും അവിടുത്തെ മഹിമാപൂർണ്ണമായ സാന്നിധ്യത്തിലേക്കും കൂടുതൽ ആഴത്തിൽ പ്രവേശിച്ചുകൊണ്ടിരിക്കും എന്നതാണ്.

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ നടത്തുന്ന അന്വേഷണത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. അത് ദൈവത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ അന്വേഷണമാണോ? അതോ ഈ പരിശ്രമത്തിൽ നിങ്ങൾ അലസരായിത്തീരുന്നുണ്ടോ? പൂർണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കാൻ നിങ്ങളെത്തന്നെ വീണ്ടും സമർപ്പിക്കുക. ഈ അന്വേഷണം യഥാർഥത്തിൽ സ്വർഗരാജ്യത്തിന്റെ മഹിമകൾ കണ്ടെത്തലാണെന്ന് അപ്പോൾ നിങ്ങൾ തിരിച്ചറിയും.

എന്റെ നിത്യരാജാവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയെ ഇനിയും കൂടുതൽ സ്നേഹിക്കാൻ ആഗ്രഹിക്കുന്നു. അങ്ങയെ അന്വേഷിക്കുമ്പോൾ എന്നിൽ തീക്ഷ്ണതയും പ്രത്യാശയും നിറയ്ക്കണമേ. പൂർണ്ണഹൃദയത്തോടെയുള്ള എന്റെ അന്വേഷണം അങ്ങയുടെ മഹിമാപൂർണ്ണമായ ആന്തരികജീവിതത്തിന്റെ രഹസ്യം എനിക്കു വെളിപ്പെടുത്തിത്തരട്ടെ. അങ്ങയെ കണ്ടെത്തുമ്പോൾ, അങ്ങയെ ഇനിയും കൂടുതൽ അന്വേഷിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

പ്രധാന ചിത്രം: ഡൊമെനിക്കോ ഫെറ്റിയുടെ ചിത്രശാല, പൊതുസഞ്ചയത്തിൽ, വിക്കിമീഡിയ കോമൺസ് വഴി