മലയാളം

“ചെറിയ അജഗണം”

2022 ഓഗസ്റ്റ് 7, ഞായർ

സാധാരണകാലത്തിലെ പത്തൊൻപതാം ഞായർ, വർഷം C

ഇന്നത്തെ വായനകൾ

വീഡിയോ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ചെറിയ അജഗണമേ, ഇനി ഭയപ്പെടേണ്ടാ; എന്തെന്നാൽ, നിങ്ങൾക്കു രാജ്യം നൽകാൻ നിങ്ങളുടെ പിതാവ് തിരുമനസ്സായിരിക്കുന്നു.”  ലൂക്കാ 12:32

യേശുവിന്റെ ഈ ഹ്രസ്വമായ പ്രസ്താവന മൂന്നു കാര്യങ്ങൾ നമുക്കു വെളിപ്പെടുത്തുന്നു.

ഒന്നാമതായി, ഭയം നമ്മുടെ ജീവിതത്തെ പിടിമുറുക്കാൻ അനുവദിക്കരുതെന്ന സുപരിചിതമായ ഓർമ്മപ്പെടുത്തൽ യേശു നൽകുന്നതു നാം കേൾക്കുന്നു.  ഭയവും ആകുലതയും ഉത്കണ്ഠയും മറ്റും ഉളവാക്കാൻ കഴിയുന്ന എത്രയോ കാര്യങ്ങൾ ജീവിതത്തിലുണ്ട്.  ഭയത്തെ അതിജീവിക്കുന്നതിൽ എളിമയ്ക്ക് വലിയ പങ്കുണ്ട്. കാരണം, നമ്മിൽനിന്നും നാം നേരിടുന്ന പ്രശ്നങ്ങളിൽനിന്നും കണ്ണുകൾ തിരിച്ച് നമ്മുടെ കർത്താവിൽ ദൃഷ്ടി പതിപ്പിക്കാൻ എളിമ നമ്മെ പ്രാപ്തരാക്കുന്നു.  അവിടുത്തെമേൽ ദൃഷ്ടി പതിപ്പിക്കുമ്പോൾ ഭയം അകലുകയും അതിന്റെ സ്ഥാനത്ത് വിശ്വാസം നിറയുകയും ചെയ്യുന്നു.

രണ്ടാമതായി, തന്റെ ശിഷ്യന്മാരെയും നമ്മെയെല്ലാവരെയും തന്റെ “ചെറിയ അജഗണം” എന്നു വിളിക്കുന്നതിനാൽ, യേശുവിന്റെ ഈ വാക്കുകൾ ഏറെ സ്നേഹാർദ്രവുമാണ്.  ഇത് ഒരു സ്നേഹസംബോധനയാണ്; നമ്മുടെ കർത്താവിന്റെ സൗമ്യവും കരുണാമയവുമായ ഹൃദയത്തെ ഇതു വെളിപ്പെടുത്തുന്നു.  നാം യേശുവിനുള്ളവരാണെന്നു മാത്രമല്ല, നമ്മോടുള്ള അവിടുത്തെ സ്നേഹം എത്രമാത്രം ആത്മബന്ധമുള്ളതും ഹൃദയപൂർവമുള്ളതുമാണെന്നും ഈ സ്നേഹസംബോധന വെളിപ്പെടുത്തുന്നു.  അവിടുത്തെ ഈ സ്നേഹം നാം മനസ്സിലാക്കിയാൽ, അതേ ആഴമുള്ള ആത്മബന്ധത്തോടെ അവിടുത്തെ തിരിച്ചു സ്നേഹിക്കാൻ നാം പ്രേരിതരാകും.

അവസാനമായി, ഈ വചനം സ്വർഗത്തിലുള്ള നമ്മുടെ പിതാവിന്റെ രാജ്യത്തിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുന്നു.  നാം ആശ്രയിക്കേണ്ടവനും ഉറ്റബന്ധം പുലർത്തേണ്ടവനുമായ പിതാവ് തന്റെ മഹത്വപൂർണമായ രാജ്യത്തിൽ പങ്കുചേരാൻ നമ്മെ ക്ഷണിക്കുന്നു.  അവിടുത്തെ രാജ്യം നമ്മുടേതായിത്തീരുന്നു. ഈ വിളി എത്ര മഹത്വപൂർണമാണെന്നു കാണാനും മനസ്സിലാക്കാനും കഴിയുമ്പോൾ, ആ രാജ്യം പ്രാപിക്കാൻ പരിശ്രമിക്കുന്ന നാം പ്രത്യാശയും ഉത്സാഹവുംകൊണ്ടു നിറയും.

തന്റെ രാജ്യത്തിലേക്കു ദൃഷ്ടി പതിപ്പിക്കാൻ കരുണാമയനായ നമ്മുടെ കർത്താവീശോമിശിഹാ ഹൃദയപൂർവം നൽകുന്ന ക്ഷണത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക.  അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽനിന്ന് ഭയം അകറ്റാനും ആ ഭാരം അതിജീവിക്കാൻ നിങ്ങളെ ശക്തിപ്പെടുത്താനും ഈ വെളിപ്പെടുത്തലിനെ അനുവദിക്കുക.  ദൈവത്തിൽ ആശ്രയിക്കുകയും നിങ്ങളെ രൂപാന്തരപ്പെടുത്താൻ അവിടുത്തെ അനുവദിക്കുകയും ചെയ്യുക.

എന്റെ ദിവ്യ ഇടയനേ, അങ്ങയിൽ ആശ്രയിക്കാനുള്ള അങ്ങയുടെ ക്ഷണം ഞാൻ സ്വീകരിക്കുന്നു.  ജീവിതത്തിൽ എന്നെ കീഴടക്കാൻ ശ്രമിക്കുന്ന അനേകം ഭയങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ.  അങ്ങയുടെ രാജ്യത്തിന്റെ മഹത്വത്തിലേക്കു ദൃഷ്ടി പതിപ്പിക്കാൻ ഞാൻ ശ്രമിക്കുമ്പോൾ, അങ്ങയിലും അങ്ങയുടെ കൃപയിലും ഉറച്ച വിശ്വാസമുണ്ടായിരിക്കാൻ എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ ഞായറാഴ്ച വീഡിയോ വിചിന്തനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ – മാർപാപ്പയും രക്തസാക്ഷിയുമായ വിശുദ്ധ സിക്സ്റ്റസ് രണ്ടാമനും രക്തസാക്ഷികളായ സഹചാരികളും

പുരോഹിതനായ വിശുദ്ധ കജേറ്റൻ
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിലെ അനുസ്മരണമായി ആചരിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: കർത്താവാണ് എന്റെ നല്ല ഇടയൻ. ചിത്രകാരൻ: ബെർൺഹാർഡ് പ്ലോക്ക്ഹോർസ്റ്റ്, വിക്കിമീഡിയ കോമൺസ് വഴി

ആണ്ടുവട്ടക്കാലം: 18-34 ആഴ്ചകൾ