മലയാളം

പ്രവർത്തിക്കുന്നതിനുമുമ്പ് പ്രാർഥിക്കുക

സെപ്റ്റംബർ 6, 2022
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

യേശു പ്രാർഥിക്കാനായി മലയിലേക്കു പോയി; രാത്രി മുഴുവൻ ദൈവത്തോടുള്ള പ്രാർഥനയിൽ ചെലവഴിച്ചു. പ്രഭാതമായപ്പോൾ അവിടുന്ന് ശിഷ്യന്മാരെ തന്റെ അടുക്കലേക്കു വിളിച്ചു. അവരിൽനിന്ന് പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് അവർക്ക് അപ്പോസ്തലന്മാർ എന്നു പേരും നൽകി. ലൂക്കാ 6:12-13

രാത്രി മുഴുവൻ പ്രാർഥനയിൽ ചെലവഴിച്ചശേഷം, ആ പ്രഭാതത്തിൽ യേശു വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുത്തു. തന്റെ ആദ്യത്തെ പന്ത്രണ്ടു മെത്രാന്മാരെ, അതായത് പന്ത്രണ്ട് അപ്പോസ്തലന്മാരെ, അവിടുന്ന് തിരഞ്ഞെടുത്തു. രാത്രി മുഴുവൻ പ്രാർഥനയിൽ ചെലവഴിച്ചതിനുശേഷം മാത്രമാണ് അവിടുന്ന് ഈ തീരുമാനമെടുത്തത് എന്നത് ശ്രദ്ധേയമാണ്.

ഒരർഥത്തിൽ, യേശുവിനു പ്രാർഥിക്കണം എന്നൊരു “നിർബന്ധം” ഉണ്ടായിരുന്നില്ല. എങ്കിലും അവിടുന്ന് പ്രാർഥിച്ചു. കാരണം, പ്രാർഥന അവിടുന്ന് ആരാണെന്നതിന്റെ പ്രകടനമാണ്. അവിടുന്ന് പിതാവിന്റെ പുത്രനാണ്; സ്വർഗസ്ഥനായ പിതാവുമായുള്ള ബന്ധമായിരുന്നു അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ബന്ധം. അതിനാൽ, അവിടുത്തെ പ്രാർഥന അവിടുത്തെ ദൈവിക ജീവനും സത്തയ്ക്കും സ്വാഭാവികമായിരുന്നു. പിതാവൊഴികെ മറ്റെല്ലാറ്റിൽനിന്നും അകന്ന്, രാത്രി മുഴുവൻ പ്രാർഥനയിൽ ചെലവഴിച്ചത് പിതാവിനോടുള്ള അവിടുത്തെ പരിപൂർണമായ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സ്വാഭാവിക പ്രകടനമായിരുന്നു.

എന്നാൽ, അടുത്ത ദിവസം എടുക്കാനിരുന്ന തീരുമാനങ്ങൾക്കായി ഒരുങ്ങുന്നതിനുള്ള സ്വാഭാവികമായ ഒരു മാർഗവും കൂടിയായിരുന്നു അവിടുത്തെ പ്രാർഥനാസമയം. വീണ്ടും പറയട്ടെ, ശരിയായ തിരഞ്ഞെടുപ്പ് നടത്താൻ അവിടുത്തേക്ക് പ്രാർഥിക്കേണ്ടത് ആവശ്യമായിരുന്നു എന്നല്ല. മറിച്ച്, അവിടുത്തെ പ്രാർഥന ശരിയായ തിരഞ്ഞെടുപ്പ് നടത്തുന്ന ദൈവിക പ്രക്രിയയുടെ ഭാഗം മാത്രമായിരുന്നു. ഈ ലോകത്തിൽ പിതാവിന്റെ തിരുവിഷ്ടമനുസരിച്ച് അനുദിനം ജീവിക്കുന്നതു തുടരുന്നതിനായി, തന്റെ മനുഷ്യസ്വഭാവത്തെ പിതാവിന്റെ തിരുവിഷ്ടത്തിനു പൂർണമായി ദിവസവും സമർപ്പിക്കുന്ന ഒരു മാർഗമായിരുന്നു അത്.

യേശു നമുക്ക് അതിമനോഹരമായ ഒരു മാതൃകയും നൽകുന്നു. നമ്മുടെ കർത്താവിൽനിന്നു വ്യത്യസ്തമായി, പിതാവിന്റെ തിരുവിഷ്ടം അറിയാനും നിറവേറ്റാനും നമുക്ക് പ്രാർഥന ആവശ്യമാണ്. എല്ലാ ദിവസവും ദിവസത്തിലെ ഓരോ നിമിഷവും നാം ദൈവവുമായി പൂർണമായ ഐക്യത്തിലല്ല ജീവിക്കുന്നത്. അതിനാൽ, ക്രിസ്തുവിന്റെ പ്രാർഥന, താൻ ആരായിരുന്നുവോ അതനുസരിച്ച് അവിടുന്ന് ജീവിച്ചതിന്റെ ഭൗമിക പ്രകടനമായിരുന്നെങ്കിൽ, നമ്മുടെ പ്രാർഥന നാം ആരായിത്തീരാൻ വിളിക്കപ്പെട്ടിരിക്കുന്നുവോ അതിനായുള്ള സമർപ്പണമാണ്. നാം ക്രിസ്തുവായിത്തീരണം; അവിടുത്തോടുള്ള പൂർണമായ ഐക്യത്തിലും പിതാവിന്റെ പരിപൂർണമായ തിരുവിഷ്ടത്തിന് അനുസൃതമായും ജീവിക്കാൻ പരിശ്രമിക്കണം.

നമ്മുടെ കർത്താവുമായുള്ള ഐക്യത്തിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കുന്നതിനായി പ്രാർഥനയിൽ സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ജീവിതത്തിൽ നിങ്ങൾ എടുക്കേണ്ട വിവിധ തീരുമാനങ്ങൾക്കു മുമ്പ് അങ്ങനെ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകമായി ചിന്തിക്കുക. പ്രവർത്തിക്കുന്നതിനുമുമ്പ് പ്രാർഥിക്കുക; നിങ്ങളുടെ ജീവിതത്തിലേക്കു കടന്നുവന്ന് തന്റെ വിശുദ്ധമായ തിരുവിഷ്ടത്തിന് അനുസൃതമായി നിങ്ങളെ നയിക്കാൻ നമ്മുടെ കർത്താവിനെ അനുവദിക്കുക.

കർത്താവേ, ഓരോ ദിവസവും പ്രാർഥനയിൽ അങ്ങയോടൊപ്പമായിരിക്കാൻ കൊതിക്കുന്ന ഒരു ഹൃദയം എനിക്കു നൽകണമേ. എന്റെ ജീവിതം മുഴുവനും ഒന്നും മാറ്റിവയ്ക്കാതെ അനുദിനം അങ്ങേക്കു സമർപ്പിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ജീവിതം ഞാൻ സമർപ്പിക്കുമ്പോൾ, അതിലേക്കു കടന്നുവന്ന് എന്റെ എല്ലാ പ്രവൃത്തികളെയും നയിക്കുന്നതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. പ്രിയ കർത്താവേ, എന്റെ ജീവിതം അങ്ങയുടേതാണ്; എന്റെ ജീവിതം അങ്ങയുടേതാണ്. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

നാളെ നാം ആരംഭിക്കുന്നു:
വ്യാകുലമാതാവിനോടുള്ള നൊവേന
സെപ്റ്റംബർ 7–15

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: ഒലിവുമലയിലെ ക്രിസ്തു — രചന: യോസെഫ് ഓഗസ്റ്റ് ഉന്റേഴ്സ്ബെർഗർ, വിക്കിമീഡിയ കോമൺസ് വഴി