സെപ്റ്റംബർ 13, 2022
ആണ്ടുവട്ടക്കാലം ഇരുപത്തിനാലാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ യോഹന്നാൻ ക്രിസോസ്തോം, മെത്രാനും വേദപാരംഗതനും—ഓർമ്മ

“യുവാവേ, ഞാൻ നിന്നോടു പറയുന്നു, എഴുന്നേൽക്കുക!” മരിച്ചവൻ എഴുന്നേറ്റിരുന്ന് സംസാരിക്കാൻ തുടങ്ങി. യേശു അവനെ അവന്റെ അമ്മയ്ക്ക് ഏൽപ്പിച്ചുകൊടുത്തു. ലൂക്കാ 7:14b-15
ദിവസങ്ങൾക്കുമുമ്പ് മരിച്ച ഒരാളുടെ ശവപ്പെട്ടിക്കരികിൽവച്ചാണ് നമ്മുടെ കർത്താവ് ഈ വാക്കുകൾ പറഞ്ഞത്. അവന്റെ അമ്മ ദുഃഖത്തിലായിരുന്നു. അവൻ ആ അമ്മയുടെ ഏകമകനായിരുന്നു; അവളാകട്ടെ, ഒരു വിധവയും. യേശു ഈ വാക്കുകൾ പറയുന്നതു കേട്ടപ്പോഴും മരിച്ചുപോയ തന്റെ മകൻ ജീവനിലേക്കു മടങ്ങിവരുന്നതു കണ്ടപ്പോഴും അവൾക്കുണ്ടായ സന്തോഷം സങ്കൽപ്പിച്ചുനോക്കൂ. അവൾ ഒരിക്കലും മറക്കാത്തതും എന്നെന്നും നന്ദിയോടെ ഓർക്കുന്നതുമായ ഒരു നിമിഷമായിരുന്നിരിക്കണം അത്.
ഈ വാക്കുകൾ അർത്ഥസമ്പന്നമാണ്. ഒന്നാമതായി, സർവോപരി, ഒരു അത്ഭുതം സംഭവിക്കാൻ കാരണമായ വാക്കുകളാണിവ. യേശു അരുളിച്ചെയ്തു; അവിടുന്ന് അരുളിച്ചെയ്തത് സംഭവിച്ചു. അവിടുത്തെ കൽപ്പനയാൽ മരിച്ചവൻ ജീവനിലേക്കു മടങ്ങിവന്നു.
എന്നാൽ ഈ വാക്കുകൾ ആഴമേറിയ ഒരു ആത്മീയസത്യവും വെളിപ്പെടുത്തുന്നു. നമ്മുടെ പ്രിയപ്പെട്ടവരെ യേശു അക്ഷരാർഥത്തിൽ ജീവനിലേക്കു തിരികെ കൊണ്ടുവന്നേക്കില്ല. എങ്കിലും, മറ്റു പല വിധങ്ങളിലും അവിടുന്ന് നമ്മോട് ശക്തിയുള്ള വാക്കുകൾ സംസാരിക്കുന്നുണ്ട്. നമ്മുടെ വിശ്വാസം ശക്തമാകുകയും പ്രത്യാശയോടും ആശ്രയബോധത്തോടും സമർപ്പണത്തോടുംകൂടെ നാം അവിടുത്തിലേക്കു തിരിയുകയും ചെയ്യുമ്പോൾ, നമ്മുടെ ദുരിതത്തിൽനിന്നും വേദനയിൽനിന്നും നമ്മെ ഉയർത്തുന്ന വാക്കുകൾ അവിടുന്ന് നമ്മോടു സംസാരിക്കും.
നമ്മുടെ കർത്താവിന്റെ സന്നിധിയിൽ നിങ്ങൾ എന്താണ് കൊണ്ടുവരേണ്ടത്? ജീവിതത്തിൽ നിങ്ങൾ നിർജീവരും ഏകാകികളുമാണെന്ന തോന്നലുണ്ടാക്കുന്നത് എന്താണ്? ഏതു സഹനമോ പാപമോ മനസ്സിലെ മുറിവോ നിരാശയോ ആണ് നിങ്ങൾ നമ്മുടെ കർത്താവിന്റെ സന്നിധിയിൽ കൊണ്ടുവരേണ്ടത്?
നമ്മുടെ കർത്താവിന്റെ വാക്കുകളുടെ ശക്തിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. പ്രത്യേകിച്ച്, നിങ്ങളുടെ ജീവിതത്തിൽ എന്തു സംഭവിക്കാനായിരിക്കും നമ്മുടെ കർത്താവ് കൽപ്പിക്കുക എന്നതിനെക്കുറിച്ച് ധ്യാനിക്കുക. ഇന്ന് നിങ്ങളുടെ പാപങ്ങളും നിങ്ങളെ ഭാരപ്പെടുത്തുന്ന സകലതും അവിടുത്തേക്കു സമർപ്പിച്ച്, അവിടുന്ന് നിങ്ങളോടു സംസാരിക്കുന്നതു കേൾക്കാൻ കാതോർക്കുക. “ഞാൻ നിന്നോടു പറയുന്നു, എഴുന്നേൽക്കുക!” എന്ന് അവിടുന്ന് നിങ്ങളോടു പറയട്ടെ. നിങ്ങളുടെ പാപത്തിൽനിന്നും മനസ്സിലെ മുറിവുകളിൽനിന്നും കോപത്തിൽനിന്നും വേദനയിൽനിന്നും എഴുന്നേൽക്കുക. അവിടുത്തെ വാക്കുകൾ നിങ്ങളുടെ ഉള്ളിലാഴ്ന്നിറങ്ങി, നിർജീവമെന്നു തോന്നുന്നതിനെ ജീവനിലേക്കു തിരികെ കൊണ്ടുവന്ന് നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തട്ടെ.
കർത്താവേ, എന്നെ പൂർണമായും, ജീവിതത്തിൽ എന്നെ ഭാരപ്പെടുത്തുന്ന സകലതും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങ് എന്നെ വിളിക്കുന്ന ജീവന്റെ പുതുമയ്ക്കു തടസ്സമായി തോന്നുന്ന എന്റെ പാപവും മനസ്സിലെ മുറിവുകളും കോപവും മറ്റെല്ലാം ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു. പ്രിയ കർത്താവേ, സകലതും അങ്ങേക്കു സമർപ്പിക്കാനും, എന്റെ നിരാശയിൽനിന്ന് ജീവന്റെ പുതുമയിലേക്ക് അങ്ങ് എന്നെ വിളിക്കുന്നതു കേൾക്കാനും എനിക്കു കഴിയുമാറാകട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ പ്രാർത്ഥിക്കുന്നു
ഏഴാം ദിവസം—സെപ്റ്റംബർ 13
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – മെത്രാനും വേദപാരംഗതനുമായ വിശുദ്ധ യോഹന്നാൻ ക്രിസോസ്തോം
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
പ്രധാന ചിത്രം: നായിനിലെ വിധവയുടെ മകനെ യേശു ഉയിർപ്പിക്കുന്നു രചന: പിയേർ ബുയോൺ, വിക്കിമീഡിയ കോമൺസ് വഴി




