മലയാളം

ശ്രദ്ധിച്ചുകേൾക്കുക

സെപ്റ്റംബർ 17, 2022
ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിനാലാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ റോബർട്ട് ബെല്ലാർമിൻ, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം

ബിംഗനിലെ വിശുദ്ധ ഹിൽഡെഗാർഡ്, കന്യകയും സഭയുടെ വേദപാരംഗതയും—ഐച്ഛിക അനുസ്മരണം

വീഡിയോ

“വഴിയരികിലുള്ളവർ വചനം കേട്ടവരാണ്. എന്നാൽ, അവർ വിശ്വസിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യാതിരിക്കേണ്ടതിന് പിശാച് വന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.”  ലൂക്കാ 8:12

സുപരിചിതമായ ഈ കഥ, നാം ദൈവവചനം കേൾക്കാനിടയുള്ള നാലു രീതികൾ വ്യക്തമാക്കുന്നു.  ചിലർ ചവിട്ടിമെതിക്കപ്പെട്ട വഴിപോലെയാണ്; ചിലർ പാറനിലംപോലെയും മറ്റുചിലർ മുള്ളുകൾ നിറഞ്ഞ നിലംപോലെയും ചിലർ ഫലഭൂയിഷ്ഠമായ മണ്ണുപോലെയുമാണ്.

ഈ ഉപമാചിത്രങ്ങളിൽ ഓരോന്നിലും ദൈവവചനത്താൽ വളരാനുള്ള സാധ്യതയുണ്ട്.  വചനം സ്വീകരിക്കപ്പെടുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ് ഫലഭൂയിഷ്ഠമായ മണ്ണിന്റെ ചിത്രം.  മുള്ളുകൾക്കിടയിലെ വിത്തിന്റെ കാര്യത്തിൽ വചനം വളരുന്നു; എന്നാൽ അനുദിന ക്ലേശങ്ങളും പ്രലോഭനങ്ങളും അതിന്റെ ഫലത്തെ ഞെരുക്കിക്കളയുന്നു.  പാറനിലത്തു വിതച്ച വിത്തിന്റെ കാര്യത്തിലും വചനം വളരുന്നു; എന്നാൽ ജീവിതം ദുഷ്കരമാകുമ്പോൾ ഒടുവിൽ അതു വാടിപ്പോകുന്നു.  എന്നാൽ, വഴിയിൽ വീഴുന്ന വിത്തിന്റെ ആദ്യചിത്രമാണ് ഇവയിൽ ഏറ്റവും അഭികാമ്യമല്ലാത്തത്.  ഇവിടെ വിത്ത് വളരുന്നുപോലുമില്ല.  മണ്ണ് അത്രയേറെ കഠിനമായതിനാൽ വിത്തിന് അതിലേക്ക് ആഴ്ന്നിറങ്ങാനാവുന്നില്ല.  വഴി യാതൊരു പോഷണവും നൽകുന്നില്ല. മുകളിൽ ഉദ്ധരിച്ച വചനഭാഗം വെളിപ്പെടുത്തുന്നതുപോലെ, വചനം വളരുന്നതിനു മുമ്പുതന്നെ പിശാച് അത് അപഹരിച്ചുകൊണ്ടുപോകുന്നു.

ദുഃഖകരമെന്നു പറയട്ടെ, നമ്മുടെ കാലത്ത് ഈ “വഴി” കൂടുതൽ വ്യാപകമായിക്കൊണ്ടിരിക്കുന്നു.  വാസ്തവത്തിൽ, ശ്രദ്ധിച്ചുകേൾക്കാൻ പലരും ബുദ്ധിമുട്ടുന്നു.  നാം കേൾക്കുന്നുണ്ടാകാം; എന്നാൽ കേൾക്കുന്നതും ശ്രദ്ധിച്ചുകേൾക്കുന്നതും ഒരുപോലെയല്ല.  പലപ്പോഴും നമുക്ക് ഏറെ കാര്യങ്ങൾ ചെയ്യാനും പല സ്ഥലങ്ങളിൽ പോകാനുമുണ്ട്; നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പലതുമുണ്ട്.  തത്ഫലമായി, വളരാൻ കഴിയുന്ന വിധത്തിൽ ദൈവവചനത്തെ സ്വന്തം ഹൃദയത്തിൽ സ്വീകരിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകാം.

പിശാചിന് വന്ന് നിങ്ങളിൽനിന്ന് ദൈവവചനം അപഹരിച്ചുകൊണ്ടുപോകാൻ കഴിയുന്ന വിവിധ വഴികളെക്കുറിച്ച് ഇന്ന് ചിന്തിക്കുക.  വചനം ഉള്ളിലേക്ക് ആഗിരണം ചെയ്യാൻ കഴിയാത്തവിധം നിങ്ങളുടെ ശ്രദ്ധ ചിതറിപ്പോകത്തക്കവണ്ണം നിങ്ങളെ തിരക്കിലാക്കുക എന്ന ലളിതമായ മാർഗമായിരിക്കാം അത്.  അല്ലെങ്കിൽ, നിങ്ങൾ കേൾക്കുന്ന വചനം ഉള്ളിൽ വേരൂന്നുന്നതിനുമുമ്പ് അതിനെ എതിർക്കാൻ ലോകത്തിന്റെ നിലയ്ക്കാത്ത കോലാഹലത്തെ നിങ്ങൾ അനുവദിക്കുന്നതാകാം.  എന്തുതന്നെയായാലും, ശ്രദ്ധിച്ചുകേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്ന ആദ്യപടിയെങ്കിലും സ്വീകരിക്കാൻ നിങ്ങൾ പരിശ്രമിക്കേണ്ടത് അനിവാര്യമാണ്.  ആ ആദ്യപടി പൂർത്തിയാക്കിയാൽ, നിങ്ങളുടെ ആത്മാവിന്റെ മണ്ണിൽനിന്ന് “പാറകളും” “മുള്ളുകളും” നീക്കാൻ നിങ്ങൾക്കു പരിശ്രമിക്കാം.

വെളിപ്പെടുത്തുന്നവനായ എന്റെ കർത്താവേ, അങ്ങയുടെ വചനം കേൾക്കാനും അതു ശ്രദ്ധിച്ചു ശ്രവിക്കാനും മനസ്സിലാക്കാനും വിശ്വസിക്കാനും എന്നെ സഹായിക്കണമേ.  നല്ല ഫലങ്ങൾ സമൃദ്ധമായി പുറപ്പെടുവിക്കേണ്ടതിന് അങ്ങ് പ്രവേശിക്കുന്ന ഫലഭൂയിഷ്ഠമായ മണ്ണായി എന്റെ ഹൃദയം ഒടുവിൽ മാറാൻ സഹായിക്കണമേ.  ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ –

വിശുദ്ധ റോബർട്ട് ബെല്ലാർമിൻ, മെത്രാനും വേദപാരംഗതനും

ബിംഗനിലെ വിശുദ്ധ ഹിൽഡെഗാർഡ്, കന്യകയും സഭയുടെ വേദപാരംഗതയും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

പ്രധാന ചിത്രം: ജെയിംസ് ടിസോ വരച്ച വിതക്കാരൻ, വിക്കിമീഡിയ കോമൺസ് വഴി