2022 നവംബർ 9, ബുധൻ
റോമിലെ ലാറ്ററൻ ബസിലിക്കയുടെ പ്രതിഷ്ഠയുടെ തിരുനാൾ

യേശു ജറുസലെമിലേക്കു പോയി. ദേവാലയപരിസരത്ത് കാളകളെയും ആടുകളെയും പ്രാവുകളെയും വിൽക്കുന്നവരെയും അവിടെ ഇരിക്കുന്ന നാണയമാറ്റക്കാരെയും അവിടുന്ന് കണ്ടു. കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി, ആടുകളോടും കാളകളോടുമൊപ്പം അവരെയെല്ലാം ദേവാലയപരിസരത്തുനിന്ന് പുറത്താക്കി. നാണയമാറ്റക്കാരുടെ നാണയങ്ങൾ ചിതറിക്കുകയും അവരുടെ മേശകൾ മറിച്ചിടുകയും ചെയ്തു. പ്രാവുകളെ വിൽക്കുന്നവരോട് അവിടുന്ന് പറഞ്ഞു: “ഇവയെ ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ഭവനം കച്ചവടസ്ഥലമാക്കുന്നത് അവസാനിപ്പിക്കുവിൻ.” യോഹന്നാൻ 2:13b-16
യേശു കോപിച്ചു. പണം മാറ്റിക്കൊടുക്കുന്നവരെ ശാസിച്ചുകൊണ്ട് അവിടുന്ന് ചാട്ടവാറുകൊണ്ട് അവരെ ദേവാലയത്തിൽനിന്ന് പുറത്താക്കുകയും അവരുടെ മേശകൾ മറിച്ചിടുകയും ചെയ്തു. അതു തീർച്ചയായും അസാധാരണമായ ഒരു കാഴ്ചയായിരുന്നിരിക്കണം.
യേശുവിനുണ്ടായിരുന്ന “കോപം” ഏതുവിധത്തിലുള്ളതായിരുന്നുവെന്ന് മനസ്സിലാക്കുക എന്നതാണ് ഇവിടെ പ്രധാനം. സാധാരണയായി കോപത്തെക്കുറിച്ചു പറയുമ്പോൾ, നിയന്ത്രണം വിട്ടുപോകുന്നതും വാസ്തവത്തിൽ നമ്മെത്തന്നെ നിയന്ത്രിക്കുന്നതുമായ ഒരു വികാരത്തെയാണ് നാം ഉദ്ദേശിക്കുന്നത്. അത് ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയാണ്; അത് പാപവുമാണ്. എന്നാൽ യേശുവിനുണ്ടായിരുന്ന കോപം ഇതായിരുന്നില്ല.
യേശു എല്ലാ വിധത്തിലും പൂർണ്ണനായിരുന്നുവെന്നത് വ്യക്തമാണ്. അതിനാൽ, കോപത്തെക്കുറിച്ചുള്ള നമ്മുടെ പതിവ് അനുഭവവുമായി അവിടുത്തെ കോപത്തെ തുല്യമായി കാണാതിരിക്കാൻ നാം വളരെ ശ്രദ്ധിക്കണം. അതെ, അവിടുത്തേക്കും അത് ഒരു വികാരമായിരുന്നു; എന്നാൽ നാം സാധാരണയായി അനുഭവിക്കുന്നതിൽനിന്ന് അത് വ്യത്യസ്തമായിരുന്നു. അവിടുത്തെ പരിപൂർണ്ണ സ്നേഹത്തിൽനിന്ന് ഉരുത്തിരിഞ്ഞ കോപമായിരുന്നു അത്.
യേശുവിന്റെ കാര്യത്തിൽ, പാപിയോടുള്ള സ്നേഹവും അവർ അനുതപിക്കണമെന്ന ആഗ്രഹവുമാണ് അവിടുത്തെ വികാരത്തെ നയിച്ചത്. അവർ മുഴുകിയിരുന്ന പാപത്തിനുനേരെയായിരുന്നു അവിടുത്തെ കോപം. താൻ കണ്ട തിന്മയെ അവിടുന്ന് മനഃപൂർവവും ബോധപൂർവവും എതിർത്തു. അതെ, അതിനു സാക്ഷ്യം വഹിച്ചവർക്ക് ഇത് ഞെട്ടലുണ്ടാക്കിയിരിക്കാം. എന്നാൽ ആ സാഹചര്യത്തിൽ, അവരെ അനുതാപത്തിലേക്കു വിളിക്കാൻ അവിടുത്തേക്കു സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മാർഗമായിരുന്നു അത്.
ചിലപ്പോഴൊക്കെ പാപത്തിനെതിരെ നാമും കോപിക്കേണ്ടതുണ്ടെന്ന് നമുക്കു ബോധ്യമാകും. എന്നാൽ ജാഗ്രത പുലർത്തുക! ആത്മനിയന്ത്രണം നഷ്ടപ്പെടുത്തി കോപമെന്ന പാപത്തിൽ വീഴുന്നതിനെ ന്യായീകരിക്കാൻ യേശുവിന്റെ ഈ മാതൃക ഉപയോഗിക്കുക നമുക്ക് വളരെ എളുപ്പമാണ്. യേശു പ്രകടമാക്കിയതുപോലുള്ള നീതിയുക്തമായ കോപം, ശാസിക്കപ്പെടുന്നവരോടുള്ള സ്നേഹവും ഹൃദയത്തിൽ സമാധാനവും എല്ലായ്പ്പോഴും നിലനിർത്തും. യഥാർഥ മനസ്താപം കാണുമ്പോൾ ഉടൻ ക്ഷമിക്കാനുള്ള സന്നദ്ധതയും ഉണ്ടാകും.
ചിലപ്പോഴൊക്കെ നിങ്ങളുടെ ഹൃദയത്തിൽ ഉണർത്താൻ ദൈവം ആഗ്രഹിച്ചേക്കാവുന്ന നീതിയുക്തമായ കോപത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. വീണ്ടും ഓർമിപ്പിക്കട്ടെ, അതിനെ ശരിയായി വിവേചിച്ചറിയാൻ ശ്രദ്ധിക്കുക. ഈ വികാരത്താൽ വഞ്ചിതരാകാൻ സ്വയം അനുവദിക്കരുത്. പകരം, മറ്റുള്ളവരോടുള്ള ദൈവസ്നേഹം നിങ്ങളെ നയിക്കുന്ന ശക്തിയാകട്ടെ. പാപത്തോടുള്ള വിശുദ്ധമായ വെറുപ്പ്, വിശുദ്ധവും നീതിയുക്തവുമായ വിധത്തിൽ പ്രവർത്തിക്കാൻ നിങ്ങളെ നയിക്കട്ടെ.
കർത്താവേ, എനിക്കുണ്ടാകണമെന്ന് അങ്ങ് ആഗ്രഹിക്കുന്ന വിശുദ്ധവും നീതിയുക്തവുമായ കോപം എന്റെ ഹൃദയത്തിൽ വളർത്താൻ എന്നെ സഹായിക്കണമേ. പാപകരമായതും നീതിയുക്തമായതും തമ്മിൽ വിവേചിച്ചറിയാൻ എന്നെ സഹായിക്കണമേ. ഈ വികാരവും എന്റെ എല്ലാ വികാരങ്ങളും അങ്ങയുടെ തിരുഹിതം നിറവേറ്റുന്നതിലേക്കു സദാ നയിക്കപ്പെടട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആഗമനകാലത്തിനും ക്രിസ്മസിനുമായി പുതിയത്!
ആഗമനകാലത്തെയും ക്രിസ്മസ് കാലത്തെയും വിചിന്തനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ തിരുനാൾ – ലാറ്ററൻ ബസിലിക്കയുടെ പ്രതിഷ്ഠ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





