മലയാളം

സ്നേഹത്തിന്റെ കൂട്ടായ്മയായ കുടുംബം

2022 ഡിസംബർ 30, വെള്ളിയാഴ്ച

യേശുവും മറിയവും യൗസേപ്പും അടങ്ങുന്ന തിരുക്കുടുംബം—തിരുനാൾ
ക്രിസ്മസിന്റെ അഷ്ടദിനാചരണത്തിൽ

ഇന്നത്തെ വായനകൾ

വീഡിയോ

കർത്താവിന്റെ നിയമത്തിലെ എല്ലാ നിർദേശങ്ങളും അനുഷ്ഠിച്ചശേഷം അവർ ഗലീലിയിലെ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങി. ശിശു വളർന്നു ശക്തിപ്രാപിച്ചു, ജ്ഞാനം നിറഞ്ഞവനായി; ദൈവത്തിന്റെ പ്രീതി അവന്റെമേൽ ഉണ്ടായിരുന്നു.  ലൂക്കാ 2:39–40 (സുവിശേഷം: വർഷം B)

ഈശോയുടെയും മറിയത്തിന്റെയും യൗസേപ്പിന്റെയും ഭവനത്തിലെ സവിശേഷവും മനോഹരവുമായ മറഞ്ഞിരിക്കുന്ന ജീവിതത്തെക്കുറിച്ചു ധ്യാനിക്കാൻ സമയം കണ്ടെത്തിക്കൊണ്ട്, ഇന്ന് നാം കുടുംബജീവിതത്തെ പൊതുവായി ആദരിക്കുന്നു. പല വിധത്തിലും, ഒരുമിച്ചുള്ള അവരുടെ ദൈനംദിന ജീവിതം അക്കാലത്തെ മറ്റു കുടുംബങ്ങളുടേതിനു വളരെ സമാനമായിരുന്നിരിക്കണം. എന്നാൽ മറ്റു ചില വിധങ്ങളിൽ, ഒരുമിച്ചുള്ള അവരുടെ ജീവിതം തികച്ചും അതുല്യമാണ്; എല്ലാ കുടുംബങ്ങൾക്കും അത് ഒരു പരിപൂർണ മാതൃക നൽകുന്നു.

ദൈവത്തിന്റെ പരിപാലനയും പദ്ധതിയും അനുസരിച്ച്, ഈശോയുടെയും മറിയത്തിന്റെയും യൗസേപ്പിന്റെയും കുടുംബജീവിതത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിൽ വളരെ കുറച്ചേ പറഞ്ഞിട്ടുള്ളൂ. ഈശോയുടെ ജനനം, ദേവാലയത്തിലെ സമർപ്പണം, ഈജിപ്തിലേക്കുള്ള പലായനം, പന്ത്രണ്ടാം വയസ്സിൽ ഈശോയെ ദേവാലയത്തിൽ കണ്ടെത്തുന്നത് എന്നിവയെക്കുറിച്ച് നാം വായിക്കുന്നു. എന്നാൽ അവർ ഒരുമിച്ചു ജീവിച്ചതിനെക്കുറിച്ചുള്ള ഈ വിവരണങ്ങൾക്കപ്പുറം നമുക്ക് വളരെ കുറച്ചേ അറിയൂ.

എങ്കിലും, മുകളിൽ ഉദ്ധരിച്ച ഇന്നത്തെ സുവിശേഷവാക്യം ധ്യാനിക്കേണ്ട ചില ഉൾക്കാഴ്ചകൾ നമുക്കു നൽകുന്നു. ഒന്നാമതായി, ഈ കുടുംബം “കർത്താവിന്റെ നിയമത്തിലെ എല്ലാ നിർദേശങ്ങളും നിറവേറ്റി…” എന്നു നാം കാണുന്നു. ഈശോയെ ദേവാലയത്തിൽ സമർപ്പിച്ചതിനെയാണ് ഇതു പരാമർശിക്കുന്നതെങ്കിലും, ഒരുമിച്ചുള്ള അവരുടെ ജീവിതത്തിന്റെ എല്ലാ വശങ്ങൾക്കും ഇതു ബാധകമാണെന്നു മനസ്സിലാക്കണം. നമ്മുടെ വ്യക്തിജീവിതംപോലെതന്നെ, കുടുംബജീവിതവും നമ്മുടെ കർത്താവിന്റെ നിയമങ്ങളാൽ ക്രമപ്പെടുത്തപ്പെടണം.

കുടുംബജീവിതത്തെ സംബന്ധിച്ച കർത്താവിന്റെ പ്രഥമ നിയമം, അത് പരിശുദ്ധ ത്രിത്വത്തിന്റെ ജീവിതത്തിൽ കാണുന്ന അതേ ഐക്യത്തിലും “സ്നേഹത്തിന്റെ കൂട്ടായ്മയിലും” പങ്കുചേരണം എന്നതാണ്. പരിശുദ്ധ ത്രിത്വത്തിലെ ഓരോ വ്യക്തിയും മറ്റു വ്യക്തികളോട് പരിപൂർണമായ ആദരവു പുലർത്തുകയും, ഒന്നും മാറ്റിവയ്ക്കാതെ നിസ്വാർഥമായി പരസ്പരം സ്വയം നൽകുകയും, ഓരോ വ്യക്തിയെയും അവരുടെ പൂർണതയിൽ സ്വീകരിക്കുകയും ചെയ്യുന്നു. അവരുടെ സ്നേഹമാണ് അവരെ ഒന്നാക്കുന്നതും ദൈവിക വ്യക്തികളുടെ കൂട്ടായ്മയായി പൂർണമായ ഐക്യത്തോടെ ഒരുമിച്ചു പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കുന്നതും. വിശുദ്ധ യൗസേപ്പ് തന്റെ പ്രകൃതിയിൽ പാപമാലിന്യമില്ലാത്തവനായിരുന്നില്ലെങ്കിലും, സ്നേഹത്തിന്റെ പൂർണത അദ്ദേഹത്തിന്റെ ദൈവികപുത്രനിലും അമലോത്ഭവയായ പത്നിയിലും വസിച്ചിരുന്നു. അവരുടെ പരിപൂർണ സ്നേഹത്തിന്റെ അതിമഹത്തായ ഈ ദാനം അനുദിനം അദ്ദേഹത്തെ അവരുടെ ജീവിതത്തിന്റെ പൂർണതയിലേക്കു നയിച്ചിരുന്നിരിക്കണം.

ഇന്ന് നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധങ്ങളെക്കുറിച്ചു ധ്യാനിക്കുക. സ്നേഹബന്ധത്തിൽ ഇഴുകിച്ചേർന്ന ഒരു കുടുംബം നൽകി ദൈവം നിങ്ങളെ അനുഗ്രഹിച്ചിട്ടുണ്ടെങ്കിൽ, അവരെക്കുറിച്ചു ധ്യാനിക്കുക. അങ്ങനെയല്ലെങ്കിൽ, കുടുംബസ്നേഹത്തോടെ സ്നേഹിക്കാൻ നിങ്ങൾ വിളിക്കപ്പെട്ടവരായി നിങ്ങളുടെ ജീവിതത്തിൽ നൽകപ്പെട്ടിരിക്കുന്ന വ്യക്തികളെക്കുറിച്ചു ധ്യാനിക്കുക. നല്ല കാലത്തും മോശം കാലത്തും നിങ്ങൾ ആർക്കുവേണ്ടിയാണ് കൂടെയുണ്ടാകേണ്ടത്? ഒന്നും മാറ്റിവയ്ക്കാതെ ആർക്കുവേണ്ടിയാണ് നിങ്ങളുടെ ജീവിതം ത്യജിക്കേണ്ടത്? ആർക്കാണ് നിങ്ങൾ ആദരവും അനുകമ്പയും സമയവും ശക്തിയും കരുണയും ഔദാര്യവും മറ്റെല്ലാ സദ്ഗുണങ്ങളും പകർന്നുനൽകേണ്ടത്? സ്നേഹത്തിന്റെ ഈ കടമ നിങ്ങൾ എത്ര നന്നായി നിറവേറ്റുന്നു?

പരിശുദ്ധ ത്രിത്വത്തോടു മാത്രമല്ല, നിങ്ങളുടെ ചുറ്റുമുള്ളവരോടും, പ്രത്യേകിച്ച് നിങ്ങളുടെ കുടുംബത്തോടും, ജീവിതത്തിന്റെ കൂട്ടായ്മയിൽ നിങ്ങൾ പങ്കുചേരണമെന്നു ദൈവം ആഗ്രഹിക്കുന്നു എന്ന സത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഈശോയുടെയും മറിയത്തിന്റെയും യൗസേപ്പിന്റെയും മറഞ്ഞിരിക്കുന്ന ജീവിതത്തെക്കുറിച്ചു ധ്യാനിക്കാൻ ശ്രമിക്കുക; മറ്റുള്ളവരെ നിങ്ങൾ എങ്ങനെ സ്നേഹിക്കുന്നു എന്നതിന് അവരുടെ കുടുംബബന്ധത്തെ മാതൃകയാക്കാൻ പരിശ്രമിക്കുക. സ്നേഹത്തിലുള്ള അവരുടെ പരിപൂർണ കൂട്ടായ്മ നമുക്കെല്ലാവർക്കും മാതൃകയാകട്ടെ.

കർത്താവേ, അങ്ങയുടെ അമലോത്ഭവയായ മാതാവിനോടും വിശുദ്ധ യൗസേപ്പിനോടും ഒപ്പം അങ്ങ് പങ്കിട്ട ജീവിതത്തിലേക്കും സ്നേഹത്തിലേക്കും കൂട്ടായ്മയിലേക്കും എന്നെ ആകർഷിക്കണമേ. എന്നെയും എന്റെ കുടുംബത്തെയും പ്രത്യേകമായ സ്നേഹത്തോടെ സ്നേഹിക്കാൻ ഞാൻ വിളിക്കപ്പെട്ടിരിക്കുന്ന എല്ലാവരെയും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. എന്റെ എല്ലാ ബന്ധങ്ങളിലും അങ്ങയുടെ കുടുംബത്തിലെ സ്നേഹവും ജീവിതവും അനുകരിക്കാൻ എനിക്കു കഴിയുമാറാകട്ടെ. അങ്ങയുടെ കുടുംബജീവിതത്തിൽ കൂടുതൽ പൂർണമായി പങ്കുചേരാൻ കഴിയേണ്ടതിന് എങ്ങനെ മാറുകയും വളരുകയും ചെയ്യണമെന്ന് അറിയാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വർഷാവസാനത്തിൽ ഒരു സംഭാവന നൽകുന്ന കാര്യം പരിഗണിക്കാമോ?

ഞങ്ങളുടെ ക്രിസ്മസ് വിഭവങ്ങൾ കാണുക!

തിരുവചന ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

കൂടുതൽ വായനയ്ക്ക് – യേശുവും മറിയവും യൗസേപ്പും അടങ്ങുന്ന തിരുക്കുടുംബം—തിരുനാൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

പ്രവാസജീവിതം

ഒരു അമ്മയുടെ ഹൃദയവിചാരങ്ങൾ

ക്രിസ്തു, പ്രത്യാശയുടെ ദീപം

ക്രിസ്മസ് പ്രാർഥന

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: ജെറോനിമോ എസ്കെറയുടെ ഈജിപ്തിലേക്കുള്ള പലായനം, വിക്കിമീഡിയ കോമൺസ് വഴി