2022 ഡിസംബർ 31, ശനിയാഴ്ച
ക്രിസ്മസ് അഷ്ടദിനാഘോഷത്തിലെ ഏഴാം ദിവസം
ഇന്നത്തെ വായനകൾ
വിശുദ്ധ സിൽവെസ്റ്റർ ഒന്നാമൻ പാപ്പാ—ഐച്ഛിക അനുസ്മരണം

അവനിലൂടെ ഉളവായത് ജീവനായിരുന്നു; ഈ ജീവൻ മനുഷ്യവംശത്തിന്റെ പ്രകാശമായിരുന്നു. പ്രകാശം അന്ധകാരത്തിൽ പ്രകാശിക്കുന്നു; അന്ധകാരം അതിനെ കീഴടക്കിയിട്ടില്ല. യോഹന്നാൻ 1:3–5
ധ്യാനിക്കാൻ എത്ര മനോഹരമായ ഒരു ദൃശ്യമാണിത്: “…പ്രകാശം അന്ധകാരത്തിൽ പ്രകാശിക്കുന്നു; അന്ധകാരം അതിനെ കീഴടക്കിയിട്ടില്ല.” ആദിമുതലേ ഉണ്ടായിരുന്നവനും സകലവും ആരിലൂടെ ഉളവായോ അവനുമായ നിത്യനായ “വചനം”, യേശുവിനെ അവതരിപ്പിക്കാൻ യോഹന്നാന്റെ സുവിശേഷം സ്വീകരിക്കുന്ന സവിശേഷമായ സമീപനം ഈ വരിയോടെ പൂർണ്ണമാകുന്നു.
യോഹന്നാന്റെ സുവിശേഷത്തിലെ ആദ്യത്തെ അഞ്ചു വരികളിൽ ധ്യാനിക്കാൻ ഏറെയുണ്ടെങ്കിലും, പ്രകാശത്തെയും അന്ധകാരത്തെയും കുറിച്ചുള്ള അവസാനത്തെ ആ വരി നമുക്കു പരിചിന്തിക്കാം. ഭൗതികലോകത്തിലെ പ്രകാശവും അന്ധകാരവും എന്ന പ്രതിഭാസത്തിൽനിന്ന് നമ്മുടെ ദൈവമായ കർത്താവിനെക്കുറിച്ച് നമുക്ക് ഏറെ പഠിക്കാനുണ്ട്. ഭൗതികശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ പ്രകാശത്തെയും അന്ധകാരത്തെയും ഹ്രസ്വമായി പരിഗണിച്ചാൽ, അവ പരസ്പരം പോരാടുന്ന രണ്ടു വിരുദ്ധശക്തികളല്ലെന്നു നമുക്കറിയാം. മറിച്ച്, അന്ധകാരം പ്രകാശത്തിന്റെ അഭാവം മാത്രമാണ്. പ്രകാശമില്ലാത്തിടത്ത് അന്ധകാരമുണ്ട്. ചൂടിന്റെയും തണുപ്പിന്റെയും കാര്യവും ഇതുപോലെതന്നെയാണ്. തണുപ്പ് ചൂടിന്റെ അഭാവമല്ലാതെ മറ്റൊന്നുമല്ല. ചൂടു വരുമ്പോൾ തണുപ്പ് അപ്രത്യക്ഷമാകുന്നു.
ഭൗതികലോകത്തിലെ ഈ അടിസ്ഥാനനിയമങ്ങൾ ആത്മീയലോകത്തെക്കുറിച്ചും നമ്മെ പഠിപ്പിക്കുന്നു. അന്ധകാരം, അഥവാ തിന്മ, ദൈവത്തിനെതിരെ പോരാടുന്ന ഏതോ പ്രബലശക്തിയല്ല; മറിച്ച്, അത് ദൈവത്തിന്റെ അഭാവമാണ്. സാത്താനും അവന്റെ ദുഷ്ടാത്മാക്കളും തിന്മയുടെ ഒരു അന്ധകാരശക്തി നമ്മുടെമേൽ അടിച്ചേൽപ്പിക്കാനല്ല ശ്രമിക്കുന്നത്. മറിച്ച്, നമ്മുടെ തിരഞ്ഞെടുപ്പുകളിലൂടെ ദൈവത്തെ നിരസിക്കാൻ നമ്മെ പ്രേരിപ്പിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിലെ ദൈവസാന്നിധ്യം കെടുത്തിക്കളയാനും അങ്ങനെ നമ്മെ ആത്മീയാന്ധകാരത്തിൽ വിട്ടുകളയാനുമാണ് അവർ ശ്രമിക്കുന്നത്.
നാം മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു ആത്മീയസത്യമാണിത്. കാരണം, ആത്മീയപ്രകാശം, അതായത് ദൈവകൃപയുടെ പ്രകാശം, ഉള്ളിടത്ത് തിന്മയുടെ അന്ധകാരം അകറ്റപ്പെടുന്നു. “അന്ധകാരം അതിനെ കീഴടക്കിയിട്ടില്ല” എന്ന വരിയിൽ ഇത് വ്യക്തമായി കാണാം. ക്രിസ്തുവിന്റെ പ്രകാശത്തെ നമ്മുടെ ജീവിതത്തിലേക്കു ക്ഷണിക്കുകയും ഭയമോ പാപമോ നമ്മെ ആ പ്രകാശത്തിൽനിന്ന് അകറ്റാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതുപോലെ എളുപ്പമാണ് ദുഷ്ടനെ കീഴടക്കുന്നതും.
നിങ്ങളുടെ ആത്മാവിനുള്ളിൽ ഓരോ ദിവസവും നടക്കുന്ന തികച്ചും യാഥാർഥ്യമായ ആത്മീയപോരാട്ടത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. എന്നാൽ, ഈ സുവിശേഷഭാഗം വെളിപ്പെടുത്തുന്ന സത്യത്തിന്റെ വെളിച്ചത്തിൽ അതിനെക്കുറിച്ചു ചിന്തിക്കുക. ഈ പോരാട്ടത്തിൽ എളുപ്പം വിജയിക്കാം. പ്രകാശമായ ക്രിസ്തുവിനെ ക്ഷണിക്കുക; നിങ്ങളുടെ ഉള്ളിലെ ഏതൊരു അന്ധകാരവും അവിടുത്തെ ദിവ്യസാന്നിധ്യത്തിന് വേഗത്തിലും എളുപ്പത്തിലും വഴിമാറും.
കർത്താവായ യേശുവേ, എല്ലാ അന്ധകാരവും അകറ്റുന്ന പ്രകാശം അങ്ങാണ്. ജീവിതത്തിലെ ഓരോ ചോദ്യത്തിനും ഉത്തരം നൽകുന്ന നിത്യവചനം അങ്ങാണ്. അങ്ങയുടെ ദിവ്യസാന്നിധ്യം എന്നെ നിറയ്ക്കുകയും പൂർണമായി കീഴടക്കുകയും നിത്യാനന്ദത്തിലേക്കുള്ള പാതയിലൂടെ എന്നെ നയിക്കുകയും ചെയ്യേണ്ടതിന്, ഇന്ന് ഞാൻ അങ്ങയെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വർഷാവസാനത്തിൽ ഒരു സംഭാവന നൽകുന്ന കാര്യം പരിഗണിക്കാമോ?
ഞങ്ങളുടെ ക്രിസ്മസ് വിഭവങ്ങൾ കാണുക!
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ സിൽവെസ്റ്റർ ഒന്നാമൻ പാപ്പാ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: ജോർജോനെ വരച്ച ഇടയന്മാരുടെ ആരാധന, വിക്കിമീഡിയ കോമൺസ് വഴി




