മലയാളം

ഹൃദയത്തിൽനിന്നുള്ള ആരാധന

ഫെബ്രുവരി 7, 2023
ആണ്ടുവട്ടത്തിലെ അഞ്ചാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

ജറുസലെമിൽനിന്നു വന്ന ചില നിയമജ്ഞരോടൊപ്പം ഫരിസേയർ യേശുവിനു ചുറ്റും കൂടിയപ്പോൾ, അവിടുത്തെ ശിഷ്യരിൽ ചിലർ അശുദ്ധമായ, അതായത് കഴുകാത്ത, കൈകളോടെ ഭക്ഷണം കഴിക്കുന്നത് അവർ ശ്രദ്ധിച്ചു. മർക്കോസ് 7:6–8

യേശു അതിവേഗം പ്രശസ്തനായത് ഈ മതനേതാക്കളിൽ അസൂയയും ഈർഷ്യയും ഉളവാക്കിയെന്നും, അവിടുത്തെ കുറ്റം കണ്ടെത്താൻ അവർ ആഗ്രഹിച്ചിരുന്നുവെന്നും വളരെ വ്യക്തമാണ്. അതിനാൽ അവർ യേശുവിനെയും അവിടുത്തെ ശിഷ്യരെയും സൂക്ഷ്മമായി നിരീക്ഷിച്ചു. യേശുവിന്റെ ശിഷ്യർ പൂർവികരുടെ പാരമ്പര്യങ്ങൾ പാലിക്കുന്നില്ലെന്ന് അവർ ശ്രദ്ധിച്ചു. അതുകൊണ്ട് ഈ നേതാക്കൾ ഇക്കാര്യത്തെക്കുറിച്ച് യേശുവിനെ ചോദ്യം ചെയ്യാൻ തുടങ്ങി. അവരെ കഠിനമായി വിമർശിച്ചുകൊണ്ടാണ് യേശു മറുപടി നൽകിയത്. അവിടുന്ന് ഏശയ്യാ പ്രവാചകന്റെ ഈ വാക്കുകൾ ഉദ്ധരിച്ചു: “ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് അകലെയാണ്. മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് അവർ വ്യർഥമായി എന്നെ ആരാധിക്കുന്നു.”

അവരുടെ ഹൃദയങ്ങളിൽ യഥാർഥ ആരാധന ഇല്ലാതിരുന്നതിനാലാണ് യേശു അവരെ കഠിനമായി വിമർശിച്ചത്. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് ആചാരപ്രകാരം കൈകൾ ശ്രദ്ധാപൂർവം കഴുകുന്നതുപോലുള്ള പൂർവികരുടെ വിവിധ പാരമ്പര്യങ്ങൾ അവയിൽത്തന്നെ മോശമായിരിക്കണമെന്നില്ല. എന്നാൽ ആഴമായ വിശ്വാസവും ദൈവസ്നേഹവും പ്രചോദനമായില്ലെങ്കിൽ ഈ പാരമ്പര്യങ്ങൾ പൊള്ളയായിത്തീരും. മനുഷ്യരുടെ പാരമ്പര്യങ്ങൾ ബാഹ്യമായി പാലിക്കുന്നതുമാത്രം യഥാർഥ ദൈവാരാധനയായിരുന്നില്ല; യഥാർഥ ദൈവാരാധനയാണ് യേശു അവരിൽനിന്ന് ആഗ്രഹിച്ചത്. ദൈവസ്നേഹത്താലും യഥാർഥ ദൈവാരാധനയാലും അവരുടെ ഹൃദയങ്ങൾ ജ്വലിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിച്ചത്.

നമ്മുടെ കർത്താവ് നമ്മിൽ ഓരോരുത്തരിൽനിന്നും ആഗ്രഹിക്കുന്നത് ആരാധനയാണ്. നിർമലവും ഹൃദയത്തിൽനിന്നുള്ളതും ആത്മാർഥവുമായ ആരാധന. ആഴമായ ആന്തരിക ഭക്തിയോടെ നാം ദൈവത്തെ സ്നേഹിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നാം പ്രാർഥിക്കണമെന്നും അവിടുത്തെ ശ്രവിക്കണമെന്നും നമ്മുടെ ആത്മാവിന്റെ സർവശക്തികളോടുംകൂടെ അവിടുത്തെ വിശുദ്ധ തിരുവിഷ്ടം നിറവേറ്റണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. യഥാർഥ ആരാധനയിൽ ഏർപ്പെടുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ.

കത്തോലിക്കരായ നമ്മുടെ പ്രാർഥനാജീവിതവും ആരാധനയും വിശുദ്ധ ആരാധനക്രമത്തിൽ അധിഷ്ഠിതമാണ്. നമ്മുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുകയും ദൈവകൃപയുടെ മാധ്യമമാകുകയും ചെയ്യുന്ന അനേകം പാരമ്പര്യങ്ങളും ആചാരങ്ങളും ആരാധനക്രമത്തിൽ ഉൾക്കൊള്ളുന്നു. യേശു വിമർശിച്ച കേവലമായ “പൂർവികരുടെ പാരമ്പര്യ”ത്തിൽനിന്ന് ആരാധനക്രമം തികച്ചും വ്യത്യസ്തമാണെങ്കിലും, നമ്മുടെ സഭയിലെ വിവിധ ആരാധനക്രമങ്ങൾ ബാഹ്യകർമങ്ങളിൽനിന്ന് ആന്തരിക ആരാധനയിലേക്ക് നമ്മെ നയിക്കേണ്ടതുണ്ടെന്ന് സ്വയം ഓർമിപ്പിക്കുന്നത് പ്രയോജനകരമാണ്. വെറുതെ ബാഹ്യകർമങ്ങൾ ചെയ്തുതീർക്കുന്നതിൽ അർഥമില്ല. കൂദാശകളുടെ ബാഹ്യമായ ആഘോഷത്തിൽ പങ്കുചേരുമ്പോൾ, നമ്മുടെമേലും നമ്മുടെ ഉള്ളിലും പ്രവർത്തിക്കാൻ നാം ദൈവത്തെ അനുവദിക്കണം.

നിങ്ങളെ ആരാധനയിലേക്ക് ആകർഷിക്കാൻ നമ്മുടെ കർത്താവിന്റെ ഹൃദയത്തിലുള്ള ജ്വലിക്കുന്ന ആഗ്രഹത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ഓരോ പ്രാവശ്യവും ഈ ആരാധനയിലേക്ക് ആകർഷിക്കപ്പെടാൻ നിങ്ങൾ എത്രമാത്രം സ്വയം അനുവദിക്കുന്നുവെന്ന് ചിന്തിക്കുക. നിങ്ങളുടെ പങ്കാളിത്തം ബാഹ്യമായ ഒന്നുമാത്രമല്ല, സർവോപരി ആന്തരികമായ ഒന്നുകൂടിയായിരിക്കട്ടെ എന്ന് ആഗ്രഹിച്ച് പരിശ്രമിക്കുക. അങ്ങനെ ചെയ്യുന്നത്, നിയമജ്ഞരെയും ഫരിസേയരെയും കർത്താവ് ശാസിച്ചതുപോലെ നിങ്ങളെയും ശാസിക്കേണ്ടിവരുന്നില്ലെന്ന് ഉറപ്പുവരുത്താൻ സഹായിക്കും.

എന്റെ ദിവ്യനാഥാ, അങ്ങ്, അങ്ങ് മാത്രം, സകല ഉപാസനയ്ക്കും ആരാധനയ്ക്കും സ്തുതിക്കും അർഹനാകുന്നു. എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് ഞാൻ അർപ്പിക്കുന്ന ആരാധനയ്ക്ക് അങ്ങ്, അങ്ങ് മാത്രം, അർഹനാകുന്നു. അങ്ങയുടെ പരിശുദ്ധ നാമത്തിന് അർഹമായ മഹത്വം അങ്ങേയ്ക്കു നൽകുന്നതിനായി, ഞങ്ങളുടെ ബാഹ്യമായ ആരാധനാകൃത്യങ്ങളെ എല്ലായ്പ്പോഴും ആന്തരികമായ ആരാധനയുടെ ആവിഷ്കാരമാക്കാൻ എന്നെയും അങ്ങയുടെ സഭ മുഴുവനെയും സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ജെയിംസ് ടിസോയുടെ ‘പരിസേയന്റെ ഭവനത്തിലെ വിരുന്ന്’, വിക്കിമീഡിയ കോമൺസ് വഴി