ഫെബ്രുവരി 12, 2023
സാധാരണകാലത്തിലെ ആറാം ഞായർ (വർഷം A)
ഇന്നത്തെ വായനകൾ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല.” മത്തായി 5:20–22
നിയമജ്ഞരും ഫരിസേയരും പഴയ നിയമസംഹിതയിൽ പ്രാവീണ്യമുള്ളവരായിരുന്നു. എന്നാൽ മിശിഹാ വന്നുകഴിഞ്ഞിട്ടും, തങ്ങൾ പലപ്പോഴും തെറ്റായി അവതരിപ്പിച്ചിരുന്ന പഴയനിയമ പ്രബോധനങ്ങളുടെ ആഴത്തിലേക്കിറങ്ങാനും അവയ്ക്കപ്പുറത്തേക്കു കടക്കാനും അവർ തയ്യാറായില്ല. നൂറ്റാണ്ടുകളായി തങ്ങൾ പിന്തുടർന്നുപോന്ന, കാര്യങ്ങളെ ശരിയെന്നോ തെറ്റെന്നോ മാത്രം വേർതിരിച്ചുകാണുന്ന ധാർമിക സമീപനമാണ് അവർ ഇഷ്ടപ്പെട്ടത്. യേശുവിന്റെ പുതിയതും കൂടുതൽ ഉന്നതവുമായ വിളി തങ്ങളുടെ മുമ്പിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ മാറ്റത്തിനു തയ്യാറാകാൻ അവർ ആഗ്രഹിച്ചില്ല.
സുവിശേഷഭാഗ്യങ്ങളോടെ ആരംഭിച്ച യേശുവിന്റെ ഗിരിപ്രഭാഷണത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സുവിശേഷം. യേശുവിന്റെ പ്രഭാഷണത്തിലെ ഇന്നത്തെ ഭാഗത്ത് കോപം, വ്യഭിചാരം, ശപഥങ്ങൾ എന്നിവയെക്കുറിച്ചാണ് നമ്മെ പഠിപ്പിക്കുന്നത്. ഓരോ കാര്യത്തിലും, പഴയനിയമത്തിൽ പഠിപ്പിക്കപ്പെട്ടിരുന്ന നിയമത്തെ യേശു പരാമർശിക്കുന്നു; തുടർന്ന് അതിനെ തികച്ചും പുതിയൊരു തലത്തിലേക്ക് ഉയർത്തുന്നു. യേശുവിന്റെ ഈ പുതിയ പ്രബോധനങ്ങൾ സ്വീകരിക്കാനുള്ള ഏക മാർഗം നിയമജ്ഞരുടെയും ഫരിസേയരുടെയും “നീതിയെ” അതിശയിക്കുക എന്നതാണെന്ന് മുകളിൽ ഉദ്ധരിച്ച വാക്യം വ്യക്തമാക്കുന്നു. അവരുടെ നീതിയെ അതിശയിക്കാതിരിക്കുന്നതിന്റെ ഭയാനകമായ പരിണതഫലം സ്വർഗരാജ്യം നഷ്ടപ്പെടുക എന്നതായിരുന്നു.
“നീ കൊല്ലരുത്” എന്ന പഴയനിയമ കൽപന ഓർമിപ്പിച്ചുകൊണ്ടാണ് യേശു ആരംഭിക്കുന്നത്. എന്നാൽ “തന്റെ സഹോദരനോടു കോപിക്കുന്ന ഏവനും ന്യായവിധിക്ക് അർഹനാകും” എന്നു പറഞ്ഞുകൊണ്ട് അവിടുന്ന് ആ കൽപനയെ കൂടുതൽ ആഴത്തിലേക്കു കൊണ്ടുപോകുന്നു. തീർച്ചയായും, കൊല്ലുന്നത് ഗൗരവമുള്ള പാപമായിത്തന്നെ തുടരുന്നു. എന്നാൽ കോപമെന്ന ആന്തരിക മനോഭാവം, പ്രവൃത്തിയിൽ പ്രകടമായില്ലെങ്കിലും, പാപമാണെന്ന് ഇപ്പോൾ യേശു വിശദീകരിക്കുന്നു. തുടർന്ന് വ്യഭിചാരത്തെക്കുറിച്ചും ശപഥം ചെയ്യുന്നതിനെക്കുറിച്ചും സമാനമായൊരു പാഠം അവിടുന്ന് പഠിപ്പിക്കുന്നു.
പഴയനിയമത്തോട് നിയമജ്ഞരും ഫരിസേയരും പുലർത്തിയിരുന്ന സമീപനത്തിന്റെ പശ്ചാത്തലത്തിൽ ഈ പുതിയ പ്രബോധനങ്ങൾ മനസ്സിലാക്കുന്നത് സഹായകരമാണ്. അതിനെക്കുറിച്ച് യേശു പറയുന്നു: “നിയമത്തെയോ പ്രവാചകന്മാരെയോ ഇല്ലാതാക്കാനാണ് ഞാൻ വന്നതെന്നു കരുതരുത്. ഇല്ലാതാക്കാനല്ല, പൂർത്തിയാക്കാനാണ് ഞാൻ വന്നത്.” അതിനാൽ, പഴയനിയമത്തിലെ നിയമസംഹിത ശരിയായി പഠിപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടു എന്നതല്ല നിയമജ്ഞരുടെയും ഫരിസേയരുടെയും പ്രധാന പ്രശ്നം. മിശിഹാ വന്ന് പൂർത്തീകരണത്തിന്റെയും നീതിയുടെയും ഒരു പുതിയ കാലത്തിനു തുടക്കം കുറിച്ചിട്ടും, കൂടുതൽ ആഴത്തിലേക്കിറങ്ങാനും ദൈവനിയമത്തിന്റെ പൂർത്തീകരണം സ്വീകരിക്കാനും അവർ തയ്യാറായില്ല എന്നതാണ് പ്രധാന പ്രശ്നം. വിശുദ്ധിയിൽ വളരാനും അതുവരെ പഠിപ്പിക്കപ്പെട്ടിരുന്ന എല്ലാറ്റിന്റെയും പൂർത്തീകരണം സ്വീകരിക്കാനും അവർ സന്നദ്ധരല്ല.
നമ്മുടെ കർത്താവിന്റെ പുതിയതും മഹത്ത്വപൂർണവുമായ പ്രബോധനങ്ങൾ നിങ്ങൾക്കു നൽകുന്ന വിളിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നമ്മുടെ കർത്താവിന്റെ സുവിശേഷം യഥാർഥമായി സ്വീകരിക്കാനും അവിടുത്തെ കൃപയുടെ പുതിയ നിയമത്തിൽ ജീവിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആഴത്തിലേക്കിറങ്ങാനും വിശ്വാസത്തിൽ അടിമുടി ഉറച്ചുനിൽക്കാനും നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളും രൂപാന്തരപ്പെടുത്താൻ ദൈവത്തെ അനുവദിക്കാനും നിങ്ങൾ തയ്യാറാകണം. സ്നേഹം, കരുണ, സമർപ്പണം, തീക്ഷ്ണത, മാനസാന്തരം, രൂപാന്തരം എന്നിവയുടെ പൂർണതയാണ് പുതിയ നിയമത്തിന്റെ സവിശേഷത. നിയമജ്ഞരുടെയും ഫരിസേയരുടെയും പഴയതും പരിമിതവുമായ നീതിയെ അതിശയിക്കാൻ സ്വയം സമർപ്പിക്കുക; ദൈവം നിങ്ങളുടെ ജീവിതത്തിൽ മഹത്ത്വപൂർണമായ കാര്യങ്ങൾ ചെയ്യും.
സകല കൃപകളുടെയും നാഥാ, അങ്ങ് വന്ന് വിശുദ്ധിയുടെ ഔന്നത്യങ്ങളെക്കുറിച്ച് ഞങ്ങളെ പഠിപ്പിക്കുക മാത്രമല്ല, അത് ജീവിതത്തിൽ ആചരിക്കുകയും അങ്ങയുടെ ഓരോ സദ്ഗുണവും അനുകരിക്കാൻ ഞങ്ങൾക്ക് ആവശ്യമായതെല്ലാം നൽകുകയും ചെയ്തു. സ്നേഹത്തിന്റെ പൂർണതയിലുള്ള ഒരു പുതിയ നീതിയിൽ ജീവിക്കാൻ കഴിയേണ്ടതിന് അങ്ങയുടെ കരുണയും ശക്തിയുംകൊണ്ട് എന്നെ നിറയ്ക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




