മലയാളം

ദൈവഹിതം നിറവേറാൻ പ്രാർഥിക്കുക

മാർച്ച് 2, 2023
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“മകൻ അപ്പം ചോദിക്കുമ്പോൾ അവന് കല്ലു കൊടുക്കുന്നവൻ നിങ്ങളിൽ ആരുണ്ട്? അല്ലെങ്കിൽ, മീൻ ചോദിക്കുമ്പോൾ പാമ്പിനെ കൊടുക്കുന്നവൻ ആരുണ്ട്?” മത്തായി 7:9–10

ഉത്തരം വ്യക്തമായ ഒരു ചോദ്യമാണ് ഇവിടെ ഈശോ ചോദിക്കുന്നത്. ഭക്ഷണം ചോദിക്കുന്ന മകനോ മകൾക്കോ ഒരു മാതാവോ പിതാവോ കല്ലോ പാമ്പിനെയോ കൊടുക്കുകയില്ല. തീർച്ചയായും, അതുതന്നെയാണ് ഈശോ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നതും. ഈശോ തുടർന്ന് പറയുന്നു: “…അങ്ങനെയെങ്കിൽ, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി നന്മകൾ നൽകും.”

ആഴമായ വിശ്വാസത്തോടെ നിങ്ങൾ പ്രാർഥിക്കുമ്പോൾ, നിങ്ങൾ ചോദിക്കുന്നതെന്തും നമ്മുടെ കർത്താവ് നിങ്ങൾക്കു നൽകുമോ? തീർച്ചയായും ഇല്ല. “ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും” എന്ന് യേശു പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വാക്കുകൾ ഇവിടെ യേശു നൽകുന്ന പ്രബോധനത്തിന്റെ സമഗ്രമായ പശ്ചാത്തലത്തിൽ ശ്രദ്ധാപൂർവം വായിക്കണം. നാം വിശ്വാസത്തോടെ ആത്മാർഥമായി “നന്മകൾ” ചോദിക്കുമ്പോൾ, അതായത് നമ്മുടെ നല്ലവനായ ദൈവം നമുക്കു നൽകാൻ ആഗ്രഹിക്കുന്നവ ചോദിക്കുമ്പോൾ, അവിടുന്ന് നമ്മെ നിരാശരാക്കുകയില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ, നാം എന്തുതന്നെ യേശുവിനോടു യാചിച്ചാലും അവിടുന്ന് അതു നമുക്കു നൽകും എന്നല്ല ഇതിനർഥം.

നമ്മുടെ കർത്താവ് നമുക്ക് ഉറപ്പായും നൽകുന്ന ആ “നന്മകൾ” എന്തൊക്കെയാണ്? ഒന്നാമതും പ്രധാനമായും, നമ്മുടെ പാപങ്ങളുടെ മോചനമാണത്. നമ്മുടെ നല്ലവനായ ദൈവത്തിന്റെ സന്നിധിയിൽ, പ്രത്യേകിച്ച് അനുരഞ്ജന കൂദാശയിൽ, നാം സ്വയം എളിമപ്പെടുത്തുകയാണെങ്കിൽ, സൗജന്യമായി നൽകപ്പെടുന്നതും നമ്മെ രൂപാന്തരപ്പെടുത്തുന്നതുമായ പാപമോചനത്തിന്റെ ദാനം നമുക്കു ലഭിക്കുമെന്ന് നമുക്ക് പൂർണമായി ഉറപ്പിക്കാം.

പാപമോചനത്തിനു പുറമേ, ജീവിതത്തിൽ നമുക്ക് ആവശ്യമുള്ള മറ്റു പല കാര്യങ്ങളുമുണ്ട്; നമ്മുടെ നല്ലവനായ ദൈവം നമുക്കു നൽകാൻ ആഗ്രഹിക്കുന്ന മറ്റു പല കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, ജീവിതത്തിലെ പ്രലോഭനങ്ങളെ അതിജീവിക്കാൻ ആവശ്യമായ ശക്തി നമുക്കു നൽകാൻ ദൈവം എപ്പോഴും ആഗ്രഹിക്കുന്നു. നമ്മുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റിത്തരാൻ അവിടുന്ന് എപ്പോഴും ആഗ്രഹിക്കുന്നു. എല്ലാ പുണ്യങ്ങളിലും വളരാൻ നമ്മെ സഹായിക്കുവാൻ അവിടുന്ന് എപ്പോഴും ആഗ്രഹിക്കുന്നു. നമ്മെ സ്വർഗത്തിലേക്കു കൊണ്ടുവരാനും അവിടുന്ന് തീർച്ചയായും ആഗ്രഹിക്കുന്നു. ഈ കാര്യങ്ങൾക്കുവേണ്ടിയാണ് നാം ഓരോ ദിവസവും പ്രത്യേകം പ്രാർഥിക്കേണ്ടത്.

എന്നാൽ പുതിയൊരു ജോലി, കൂടുതൽ പണം, മെച്ചപ്പെട്ട വീട്, ഒരു പ്രത്യേക വിദ്യാലയത്തിൽ പ്രവേശനം, ശാരീരിക സൗഖ്യം തുടങ്ങിയ മറ്റു കാര്യങ്ങളോ? ഇവയ്ക്കും ജീവിതത്തിലെ സമാനമായ മറ്റു കാര്യങ്ങൾക്കുംവേണ്ടി നാം പ്രാർഥിക്കണം; എന്നാൽ ഒരു വ്യവസ്ഥയോടെ. ദൈവത്തിന്റെ ഹിതം നിറവേറട്ടെ എന്നു പ്രാർഥിക്കുക എന്നതാണ് ആ “വ്യവസ്ഥ”. നമ്മുടെ ഹിതമല്ല. ജീവിതത്തെ അതിന്റെ സമഗ്രതയിൽ നാം കാണുന്നില്ലെന്നും, എല്ലാ കാര്യങ്ങളിലും ദൈവത്തിനു ഏറ്റവുമധികം മഹത്ത്വം നൽകുന്നത് എന്താണെന്ന് നമുക്ക് എല്ലായ്പ്പോഴും അറിയില്ലെന്നും നാം വിനയത്തോടെ അംഗീകരിക്കണം. അതിനാൽ, നിങ്ങൾക്ക് ആ പുതിയ ജോലി ലഭിക്കാതിരിക്കുന്നതോ, ആ വിദ്യാലയത്തിൽ പ്രവേശനം ലഭിക്കാതിരിക്കുന്നതോ, ഈ രോഗംപോലും സൗഖ്യത്തിൽ കലാശിക്കാതിരിക്കുന്നതോ കൂടുതൽ നല്ലതായിരിക്കാം. എന്നാൽ, നമുക്ക് ഏറ്റവും നല്ലതും ജീവിതത്തിൽ ദൈവത്തിനു ഏറ്റവുമധികം മഹത്ത്വം നൽകാൻ നമ്മെ പ്രാപ്തരാക്കുന്നതും ദൈവം എപ്പോഴും നമുക്കു നൽകുമെന്ന് നമുക്ക് ഉറപ്പിക്കാം. നമ്മുടെ കർത്താവിന്റെ ക്രൂശീകരണം ഇതിന് ഉത്തമ ഉദാഹരണമാണ്. ആ പാനപാത്രം തന്നിൽനിന്ന് എടുത്തുമാറ്റണമേ എന്ന് അവിടുന്ന് പ്രാർഥിച്ചു; “എങ്കിലും എന്റെ ഹിതമല്ല, അങ്ങയുടെ ഹിതം നിറവേറട്ടെ.” തീർച്ചയായും, തന്റെ പുത്രന്റെ കുരിശുമരണത്തിന്റെ മഹത്തായ നിത്യമായ മൂല്യം പിതാവ് കാണുകയും അതിനനുസരിച്ച് അവിടുത്തെ ആ പ്രാർഥനയ്ക്ക് ഉത്തരം നൽകുകയും ചെയ്തു.

നിങ്ങൾ എങ്ങനെയാണ് പ്രാർഥിക്കുന്നതെന്ന് ഇന്ന് ചിന്തിക്കുക. ഏറ്റവും നല്ലത് എന്താണെന്ന് നമ്മുടെ കർത്താവിന് അറിയാമെന്ന ബോധ്യത്തോടെ, ഫലത്തോടുള്ള പിടിവാശിയില്ലാതെയാണോ നിങ്ങൾ പ്രാർഥിക്കുന്നത്? നിങ്ങൾക്കു യഥാർഥത്തിൽ നല്ലത് എന്താണെന്ന് ദൈവത്തിനു മാത്രമേ അറിയൂ എന്നു നിങ്ങൾ വിനയത്തോടെ സമ്മതിക്കുന്നുണ്ടോ? അത് അങ്ങനെതന്നെയാണെന്ന് വിശ്വസിക്കുക. എല്ലാ കാര്യങ്ങളിലും ദൈവഹിതം നിറവേറട്ടെ എന്ന് പൂർണമായ വിശ്വാസത്തോടെ പ്രാർഥിക്കുക. അവിടുന്ന് ആ പ്രാർഥനയ്ക്ക് ഉത്തരം നൽകുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.

അനന്തമായ ജ്ഞാനവും അറിവുമുള്ള പ്രിയ കർത്താവേ, അങ്ങയുടെ നന്മയിലും എന്നോടുള്ള കരുതലിലും എന്നും ആശ്രയിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ആവശ്യങ്ങളിൽ ഓരോ ദിവസവും അങ്ങയിലേക്കു തിരിയാനും, അങ്ങയുടെ പരിപൂർണ ഹിതമനുസരിച്ച് എന്റെ പ്രാർഥനയ്ക്ക് അങ്ങ് ഉത്തരം നൽകുമെന്ന് വിശ്വസിക്കാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, എന്റെ ജീവിതം ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അങ്ങയുടെ ഇഷ്ടംപോലെ എന്നോടു ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം
വിചിന്തനം ആറ് – ആനന്ദത്തുള്ളലിന്റെ ഓർമ്മ
(നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ വ്യാഴാഴ്ച)

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിലെ പ്രധാന ചിത്രം: Pixabay-യിൽ നിന്നുള്ള kalhh-യുടെ ചിത്രം