2023 മേയ് 4
ഉയിർപ്പുകാലം നാലാം വാരത്തിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയശേഷം യേശു അവരോടു പറഞ്ഞു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അടിമ യജമാനനെക്കാൾ വലിയവനല്ല; അയയ്ക്കപ്പെട്ടവൻ അയച്ചവനെക്കാളും വലിയവനല്ല. ഇതു മനസ്സിലാക്കി നിങ്ങൾ ഇതനുസരിച്ചു പ്രവർത്തിക്കുന്നെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ.” യോഹന്നാൻ 13:16–17
ഉയിർപ്പുകാലത്തിന്റെ ഈ നാലാം ആഴ്ചയിൽ നാം വീണ്ടും അന്ത്യത്താഴത്തിലേക്കു മടങ്ങുന്നു. ആ പെസഹാവ്യാഴാഴ്ച സന്ധ്യയിൽ യേശു തന്റെ ശിഷ്യന്മാർക്കു നൽകിയ പ്രബോധനത്തെക്കുറിച്ച് ഏതാനും ആഴ്ചകൾ നാം ധ്യാനിക്കും. ഇന്ന് നിങ്ങളോടുതന്നെ ചോദിക്കേണ്ട ചോദ്യം ഇതാണ്: “ഞാൻ ഭാഗ്യവാനാണോ?” തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ “മനസ്സിലാക്കുകയും” അതനുസരിച്ച് “പ്രവർത്തിക്കുകയും” ചെയ്യുന്നെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണെന്ന് യേശു പറയുന്നു. അപ്പോൾ, അവിടുന്ന് അവരെ എന്താണ് പഠിപ്പിച്ചത്?
ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ട് ഒരു അടിമയുടെ സ്ഥാനം ഏറ്റെടുത്ത യേശു, പ്രവാചകസ്വഭാവമുള്ള ഈ പ്രവൃത്തി നമുക്കു മുന്നിൽ അവതരിപ്പിക്കുന്നു. പറയാറുള്ളതുപോലെ, അവിടുത്തെ പ്രവൃത്തി വാക്കുകളെക്കാൾ ശക്തമായി സംസാരിച്ചു. ഈ പ്രവൃത്തി ശിഷ്യന്മാരെ എളിമയിലേക്കു നയിച്ചു; പത്രോസാകട്ടെ, ആദ്യം അത് നിരസിച്ചു. ശിഷ്യന്മാരുടെ മുമ്പിൽ തന്നെത്തന്നെ താഴ്ത്തിക്കൊണ്ട് യേശു ചെയ്ത ഈ എളിയ ശുശ്രൂഷ അവരിൽ ആഴമായ സ്വാധീനം ചെലുത്തിയെന്നതിൽ സംശയമില്ല.
മഹത്ത്വത്തെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് യേശു പഠിപ്പിച്ചതിൽനിന്ന് ഏറെ വ്യത്യസ്തമാണ്. മറ്റുള്ളവരുടെ കണ്ണിൽ സ്വയം ഉയർത്തുകയും താൻ എത്ര നല്ലവനാണെന്ന് അവരെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്യുന്നതാണ് ലോകത്തിന്റെ കാഴ്ചപ്പാടിലുള്ള മഹത്ത്വം. മറ്റുള്ളവർ തന്നെക്കുറിച്ച് എന്തു വിചാരിക്കുമെന്ന ഭയവും എല്ലാവരാലും ആദരിക്കപ്പെടണമെന്ന ആഗ്രഹവുമാണ് പലപ്പോഴും ലൗകികമായ മഹത്ത്വത്തിനുവേണ്ടിയുള്ള ശ്രമത്തെ നയിക്കുന്നത്. എന്നാൽ, ശുശ്രൂഷിച്ചാൽ മാത്രമേ നാം വലിയവരാകൂ എന്ന് വ്യക്തമായി പറയാൻ യേശു ആഗ്രഹിക്കുന്നു. മറ്റുള്ളവരെയും അവരുടെ നന്മയെയും ഉയർത്തിക്കാട്ടിയും അവരെ ആദരിച്ചും അവരോട് അഗാധമായ സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചും നാം അവരുടെ മുമ്പിൽ നമ്മെത്തന്നെ താഴ്ത്തണം. അവരുടെ പാദങ്ങൾ കഴുകിയതിലൂടെ യേശു മഹത്ത്വത്തെക്കുറിച്ചുള്ള ലൗകിക കാഴ്ചപ്പാട് പൂർണമായി ഉപേക്ഷിക്കുകയും അങ്ങനെതന്നെ ചെയ്യാൻ തന്റെ ശിഷ്യന്മാരെ വിളിക്കുകയും ചെയ്തു.
എളിമ മനസ്സിലാക്കുക ചിലപ്പോഴൊക്കെ പ്രയാസമാണ്. അതുകൊണ്ടാണ് യേശു, “ഇതു നിങ്ങൾ മനസ്സിലാക്കുന്നെങ്കിൽ…” എന്നു പറഞ്ഞത്. മറ്റുള്ളവരുടെ മുമ്പിൽ നമ്മെത്തന്നെ താഴ്ത്തുന്നതിന്റെയും അവരെ ശുശ്രൂഷിക്കുന്നതിന്റെയും പ്രാധാന്യം മനസ്സിലാക്കാൻ ശിഷ്യന്മാരും നമ്മളെല്ലാവരും പ്രയാസപ്പെടുമെന്ന് അവിടുന്ന് അറിഞ്ഞിരുന്നു. എന്നാൽ എളിമ എന്തെന്ന് നിങ്ങൾ മനസ്സിലാക്കുന്നെങ്കിൽ, അതനുസരിച്ച് ജീവിക്കുമ്പോൾ നിങ്ങൾ “ഭാഗ്യവാന്മാർ” ആയിരിക്കും. ലോകത്തിന്റെ കണ്ണിൽ നിങ്ങൾ ഭാഗ്യവാന്മാർ ആയിരിക്കണമെന്നില്ല; എന്നാൽ ദൈവത്തിന്റെ കണ്ണിൽ നിങ്ങൾ യഥാർഥത്തിൽ ഭാഗ്യവാന്മാരായിരിക്കും.
ആദരവിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള നമ്മുടെ ആഗ്രഹത്തെ ശുദ്ധീകരിക്കുമ്പോഴും, മോശമായി പെരുമാറപ്പെടുമോ എന്ന എല്ലാ ഭയങ്ങളെയും അതിജീവിക്കുമ്പോഴും, ഈ ആഗ്രഹത്തിനും ഭയത്തിനും പകരം നമുക്കു ലഭിക്കുന്നതിനുമുമ്പേ മറ്റുള്ളവർക്ക് സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കുമ്പോഴുമാണ് എളിമ പ്രത്യേകമായി സാക്ഷാത്കരിക്കപ്പെടുന്നത്. സ്നേഹത്തിന്റെ രഹസ്യാത്മകവും അഗാധവുമായ ഈ ആഴത്തിലേക്കുള്ള ഏക വഴി ഈ സ്നേഹവും എളിമയുമാണ്.
ലോകരക്ഷകനായ ദൈവപുത്രൻ തന്റെ ശിഷ്യന്മാരുടെ മുമ്പിൽ തന്നെത്തന്നെ താഴ്ത്തി, ഒരു അടിമയെപ്പോലെ അവരെ ശുശ്രൂഷിച്ച ഈ എളിയ പ്രവൃത്തിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. മറ്റുള്ളവർക്കുവേണ്ടി നിങ്ങൾ ഇങ്ങനെ ചെയ്യുന്നതായി സങ്കല്പിക്കാൻ ശ്രമിക്കുക. നിങ്ങളെക്കാളും നിങ്ങളുടെ ആവശ്യങ്ങളെക്കാളും മറ്റുള്ളവർക്കും അവരുടെ ആവശ്യങ്ങൾക്കും മുൻഗണന നൽകാൻ, കൂടുതൽ സന്നദ്ധതയോടെ അധികശ്രമം നടത്താവുന്ന വിവിധ വഴികളെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ പോരാടിക്കൊണ്ടിരിക്കുന്ന ഓരോ സ്വാർഥമോഹവും ഇല്ലാതാക്കാൻ പരിശ്രമിക്കുകയും എളിമയിൽനിന്ന് നിങ്ങളെ അകറ്റിനിർത്തുന്ന ഏതൊരു ഭയവും തിരിച്ചറിയുകയും ചെയ്യുക. എളിമയെന്ന ഈ ദാനം മനസ്സിലാക്കി അതനുസരിച്ച് ജീവിക്കുക. അപ്പോൾ മാത്രമേ നിങ്ങൾ യഥാർഥത്തിൽ ഭാഗ്യവാന്മാരാകൂ.
എളിമയുള്ള എന്റെ കർത്താവേ, അങ്ങയുടെ ശിഷ്യന്മാരെ വലിയ എളിമയോടെ ശുശ്രൂഷിക്കാൻ തിരഞ്ഞെടുത്തപ്പോൾ സ്നേഹത്തിന്റെ പരിപൂർണ മാതൃക അങ്ങ് ഞങ്ങൾക്കു നൽകി. മനോഹരമായ ഈ പുണ്യം മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും എന്നെ സഹായിക്കണമേ. അങ്ങ് ഞങ്ങളെയെല്ലാം സ്നേഹിച്ചതുപോലെ മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയേണ്ടതിന് എല്ലാ സ്വാർഥതയിൽനിന്നും ഭയത്തിൽനിന്നും എന്നെ മോചിപ്പിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



