2023 നവംബർ 4
ആണ്ടുവട്ടത്തിലെ മുപ്പതാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ചാൾസ് ബൊറോമിയോ, മെത്രാൻ—ഓർമ്മ

“ആരെങ്കിലും നിന്നെ ഒരു വിവാഹവിരുന്നിനു ക്ഷണിക്കുമ്പോൾ പന്തിയിൽ ബഹുമാനപ്പെട്ട സ്ഥാനത്ത് ഇരിക്കരുത്. നിന്നെക്കാൾ വിശിഷ്ടനായ ഒരു അതിഥിയെ അയാൾ ക്ഷണിച്ചിട്ടുണ്ടാകാം. നിങ്ങളിരുവരെയും ക്ഷണിച്ച ആതിഥേയൻ വന്ന് നിന്നോട്, ‘ഇയാൾക്കു നിന്റെ സ്ഥാനം കൊടുക്കുക’ എന്നു പറഞ്ഞേക്കാം. അപ്പോൾ നീ ലജ്ജയോടെ ഏറ്റവും താഴ്ന്ന സ്ഥാനത്തേക്കു പോകേണ്ടിവരും.” ലൂക്കാ 14:8–9
ഇത് ശ്രദ്ധേയമായ ഒരു ഉപമയാണ്. ഒന്നാമതായി, യഥാർഥ വിശുദ്ധിയുള്ള ഒരാൾ ഇത്തരമൊരു അപമാനത്താൽ ലജ്ജിതനാകില്ല എന്നതു ശ്രദ്ധിക്കണം. പകരം, തന്റെ ബഹുമാനപ്പെട്ട ഇരിപ്പിടം സന്തോഷത്തോടെ മറ്റൊരാൾക്കു നൽകും. വാസ്തവത്തിൽ, അത്തരമൊരു വ്യക്തി ആദ്യംതന്നെ “ഏറ്റവും താഴ്ന്ന” സ്ഥാനം സ്വീകരിക്കാനാണ് കൂടുതൽ സാധ്യത. കാരണം, ഇത്തരത്തിലുള്ള ലൗകിക ബഹുമാനത്തിന് ആ വ്യക്തി യാതൊരു വിലയും കൽപ്പിക്കില്ല. എന്നാൽ, ഈ അവസരത്തിൽ യേശു സംസാരിച്ചിരുന്നത് വിശുദ്ധജീവിതം നയിക്കുന്നവരോടായിരുന്നില്ല. ലോകത്തിന്റെ മതിപ്പു നേടാനുള്ള ആഗ്രഹങ്ങളോടു മല്ലിടുന്നവരോടായിരുന്നു അവിടുന്നു സംസാരിച്ചത്. യേശുവിന്റെ ശ്രോതാക്കൾക്ക് അരക്ഷിതബോധമുണ്ടായിരുന്നുവെന്നും ആരോഗ്യകരമായ ആത്മാഭിമാനം കുറവായിരുന്നുവെന്നും ഇതു കാണിക്കുന്നു.
ഈ ആളുകളുടെ അപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി, അവർക്കു സ്വന്തം അനുഭവങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാൻ കഴിയുന്ന ഒരു ഉപമ യേശു പറഞ്ഞുകൊടുക്കുന്നു എന്നതാണ് ഇതിലെ മനോഹരമായ കാര്യം. പ്രമുഖരായ ഫരിസേയരിൽ ഒരാൾ ഒരുക്കിയ വിരുന്നിൽ പങ്കെടുത്തിരുന്ന അതിഥികളായിരുന്നു അവർ; യേശുവിനും ആ വിരുന്നിലേക്കു ക്ഷണമുണ്ടായിരുന്നു. അഹങ്കാരത്തെക്കാൾ എത്രയോ ശ്രേഷ്ഠമാണ് എളിമ എന്ന സത്യം സൗമ്യമായി അവരുമായി പങ്കുവയ്ക്കുകയായിരുന്നു യേശുവിന്റെ ഉദ്ദേശ്യം. സ്വയം താഴ്ത്തുകയും മറ്റുള്ളവരെ ഉയർത്തുകയും ചെയ്തുകൊണ്ട്, വ്യക്തികളെന്ന നിലയിൽ അവർക്കുള്ള അന്തർലീനമായ അന്തസ്സും മൂല്യവും എടുത്തുകാട്ടുന്നതിലാണ് യഥാർഥ ആനന്ദവും ബഹുമാനവും കണ്ടെത്തുന്നത്. പഠിക്കാൻ പ്രയാസമുള്ള ഒരു പാഠമാണിത്.
മറ്റുള്ളവരോടൊപ്പം ഒരു കൂട്ടത്തിലായിരിക്കുമ്പോൾ, ഭൂരിഭാഗം ആളുകളും തങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന പ്രവണതയോടു മല്ലിടാറുണ്ട്. “അവൾ കൂടുതൽ സുന്ദരിയാണ്,” “അവൻ കൂടുതൽ വിജയിച്ചവനാണ്,” “അവർ വളരെ വിദ്യാഭ്യാസമുള്ളവരാണ്” എന്നിങ്ങനെ. ഒരു വ്യക്തിയെന്ന നിലയിൽ താൻ ആരാണെന്നതിനെക്കുറിച്ചുള്ള അരക്ഷിതബോധത്തിൽനിന്നാണ് ഈ സാധാരണ പ്രവണത പലപ്പോഴും ഉണ്ടാകുന്നത്. എന്നാൽ, നിങ്ങൾ ആരാണെന്നതിനെക്കുറിച്ച് പൂർണമായ സമാധാനത്തിലായിരിക്കാനും, ദൈവം നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളെത്തന്നെ സ്നേഹിക്കാനും കഴിഞ്ഞാൽ, മറ്റുള്ളവരെ സ്നേഹിക്കാനും അവരുടെ അന്തസ്സു തിരിച്ചറിയാനും, അവർ വിജയിക്കുകയും ഉന്നതസ്ഥാനങ്ങളിലെത്തുകയും ചെയ്യുന്നതിൽ സന്തോഷിക്കാനും നിങ്ങൾക്കു കൂടുതൽ സ്വാതന്ത്ര്യമുണ്ടാകും.
“എന്തെന്നാൽ, തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും” എന്നു പറഞ്ഞുകൊണ്ട് യേശു തന്റെ ഉപമ അവസാനിപ്പിക്കുന്നു. സാധാരണ ലൗകിക മനസ്സിന് ഇത് ഗ്രഹിക്കാൻ പ്രയാസമുള്ള ഒരു സത്യമായിരിക്കാം. എളിമയുടെ മഹത്തായ മൂല്യം മനസ്സിലാക്കുക ദുഷ്കരമായിരിക്കാം. എന്നാൽ, സത്യത്തിന്റെ വെളിച്ചത്തിൽ, ദൈവം നിങ്ങളെ കാണുന്നതുപോലെ നിങ്ങളെത്തന്നെ കാണുക എന്നതു മാത്രമാണ് എളിമ. എളിമയുള്ള വ്യക്തിക്ക് മറ്റുള്ളവരുടെ പ്രശംസയും മതിപ്പും ആവശ്യമില്ല. ദൈവത്തിന് തന്നോടുള്ള സ്നേഹം ആ വ്യക്തിക്ക് മതിയാകും. അതുകൊണ്ട്, എളിമയുള്ളവർ ദൈവം തങ്ങളെ സ്നേഹിക്കുന്നതുപോലെ തങ്ങളെത്തന്നെ സ്നേഹിക്കുക മാത്രമല്ല, മറ്റുള്ളവരുടെ നന്മയിലേക്ക് തങ്ങളുടെ മുഴുവൻ ശ്രദ്ധയും തിരിക്കാനുള്ള സ്വാതന്ത്ര്യവും നേടുന്നു. ഇതാണ് നിർമ്മലമായ സ്നേഹം. എളിമ പൂർണ്ണമായി ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോൾ മാത്രമേ ഈ സ്നേഹം സാധ്യമാകൂ.
എളിമ തീരെ കുറവായിരുന്നവർക്ക് യേശു നൽകിയ ഈ സൗമ്യമായ ഉപദേശത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവരോടുള്ള യേശുവിന്റെ കരുതലും, അവരെ നാണംകെടുത്താനല്ല, മറിച്ച് അവരുടെ അരക്ഷിതബോധത്തിന്റെ കനത്ത ഭാരത്തിൽനിന്ന് മോചിപ്പിക്കാനാണ് അവിടുന്ന് ആഗ്രഹിക്കുന്നതെന്നും കാണാൻ ശ്രമിക്കുക. നിങ്ങളും ഇക്കാര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരാളാണെങ്കിൽ, എളിമ സ്വീകരിക്കാൻ നമ്മുടെ കർത്താവ് നിങ്ങളെ സൗമ്യമായി ക്ഷണിക്കുന്നതിനെക്കുറിച്ച് ധ്യാനിക്കുക. ഈ പുണ്യത്തിനായി പ്രാർഥിക്കുകയും ആത്മാർഥമായി അത് അഭ്യസിക്കുകയും ചെയ്യുക. ഈ പുണ്യം കൈവരിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ വലിയ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽ തുറക്കുമെന്ന് അറിയുക.
എളിമയുള്ള എന്റെ കർത്താവേ, അങ്ങ് അങ്ങയെത്തന്നെ പരിപൂർണമായി അറിയുകയും, സ്വർഗസ്ഥനായ പിതാവിന് അങ്ങയോടുണ്ടായിരുന്ന അതേ സ്നേഹത്തോടെ അങ്ങയുടെ സ്വന്തം പരിശുദ്ധമായ ആത്മാവിനെ സ്നേഹിക്കുകയും ചെയ്തു. ഞാൻ ആരാണെന്നു കണ്ടെത്താൻ എന്നെ സഹായിക്കണമേ. അങ്ങ് എന്നെ കാണുന്നതുപോലെ എന്നെത്തന്നെ കാണാൻ എന്നെ സഹായിക്കണമേ. ഭൗമിക ബഹുമതികൾക്കും ലോകത്തിന്റെ മതിപ്പിനും വേണ്ടിയുള്ള വികലമായ ആഗ്രഹം ഒരിക്കലും എനിക്കു ഭാരമാകാതിരിക്കട്ടെ. പകരം, എളിമയെന്ന ഈ മഹത്തായ ദാനം എന്റെ ആത്മാവിൽ ആഴത്തിൽ ജീവിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ചാൾസ് ബൊറോമിയോ, മെത്രാൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




