മലയാളം

കരുണ നൽകാനും സ്വീകരിക്കാനുമുള്ളതാണ്

2024 ഫെബ്രുവരി 26
നോമ്പുകാലത്തിലെ രണ്ടാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ. വിധിക്കുന്നത് നിർത്തുവിൻ; നിങ്ങൾ വിധിക്കപ്പെടുകയില്ല. ശിക്ഷ വിധിക്കുന്നത് നിർത്തുവിൻ; നിങ്ങൾക്ക് ശിക്ഷ വിധിക്കപ്പെടുകയില്ല. ക്ഷമിക്കുവിൻ; നിങ്ങളോടും ക്ഷമിക്കപ്പെടും.”  ലൂക്കാ 6:36–37

ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ്, മുപ്പതു ദിവസത്തെ ധ്യാനത്തിനായുള്ള തന്റെ മാർഗദർശനത്തിൽ, ധ്യാനത്തിൽ പങ്കെടുക്കുന്ന വ്യക്തിയോട് ആദ്യ ആഴ്ച പാപം, ന്യായവിധി, മരണം, നരകം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ചെലവഴിക്കാൻ നിർദേശിക്കുന്നു. ആദ്യമൊക്കെ ഇത് ഒട്ടും പ്രചോദനം നൽകാത്തതായി തോന്നാം. എന്നാൽ ഈ സമീപനത്തിന്റെ ജ്ഞാനം ഇതാണ്: ഒരാഴ്ച ഈ വിഷയങ്ങൾ ധ്യാനിച്ചുകഴിയുമ്പോൾ, ദൈവത്തിന്റെ കരുണയും ക്ഷമയും തങ്ങൾക്ക് എത്രമാത്രം ആവശ്യമാണെന്ന ആഴമായ തിരിച്ചറിവിലേക്ക് ധ്യാനത്തിൽ പങ്കെടുക്കുന്നവർ എത്തിച്ചേരുന്നു. തങ്ങളുടെ ആവശ്യം അവർ കൂടുതൽ വ്യക്തമായി കാണുന്നു. സ്വന്തം കുറ്റം തിരിച്ചറിഞ്ഞ് ദൈവത്തിന്റെ കരുണയ്ക്കായി അവിടുത്തെ സമീപിക്കുമ്പോൾ അവരുടെ ആത്മാവിൽ ആഴമായ എളിമ വളരുന്നു.

എന്നാൽ കരുണ നൽകാനും സ്വീകരിക്കാനുമുള്ളതാണ്. കരുണ നൽകുന്നെങ്കിൽ മാത്രമേ അത് സ്വീകരിക്കാൻ കഴിയൂ എന്നത് കരുണയുടെ അടിസ്ഥാന സ്വഭാവത്തിന്റെതന്നെ ഭാഗമാണ്. മുകളിലെ സുവിശേഷഭാഗത്തിൽ, വിധിക്കൽ, ശിക്ഷ വിധിക്കൽ, കരുണ, ക്ഷമ എന്നിവയെക്കുറിച്ച് യേശു നമുക്ക് വളരെ വ്യക്തമായ ഒരു കൽപന നൽകുന്നു. സാരാംശം ഇതാണ്: നമുക്ക് കരുണയും ക്ഷമയും വേണമെങ്കിൽ, നാം കരുണയും ക്ഷമയും നൽകണം. നാം മറ്റുള്ളവരെ വിധിക്കുകയും അവർക്ക് ശിക്ഷ വിധിക്കുകയും ചെയ്യുന്നവരാണെങ്കിൽ, നാമും വിധിക്കപ്പെടുകയും നമുക്കും ശിക്ഷ വിധിക്കപ്പെടുകയും ചെയ്യും. ഈ വാക്കുകൾ വളരെ വ്യക്തമാണ്.

പലരും മറ്റുള്ളവരെ വിധിക്കുകയും അവർക്ക് ശിക്ഷ വിധിക്കുകയും ചെയ്യുന്ന പ്രവണതയുമായി മല്ലിടുന്നതിന്റെ ഒരു കാരണം, ഒരുപക്ഷേ, സ്വന്തം പാപത്തെക്കുറിച്ചും തങ്ങൾക്ക് ക്ഷമ ആവശ്യമാണെന്നതിനെക്കുറിച്ചും യഥാർഥമായ അവബോധം ഇല്ലാത്തതാകാം. പാപത്തെ പലപ്പോഴും ന്യായീകരിക്കുകയും അതിന്റെ ഗൗരവം കുറച്ചുകാണിക്കുകയും ചെയ്യുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടാണ് വിശുദ്ധ ഇഗ്നേഷ്യസിന്റെ പ്രബോധനം ഇന്ന് നമുക്ക് ഇത്ര പ്രധാനമായിരിക്കുന്നത്. നമ്മുടെ പാപത്തിന്റെ ഗൗരവത്തെക്കുറിച്ചുള്ള ബോധം നാം വീണ്ടും ഉണർത്തേണ്ടതുണ്ട്. കുറ്റബോധവും ലജ്ജയും ഉളവാക്കാൻ വേണ്ടി മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. കരുണയ്ക്കും ക്ഷമയ്ക്കുമുള്ള ആഗ്രഹം വളർത്താനാണ് ഇത് ചെയ്യുന്നത്.

ദൈവത്തിന്റെ മുമ്പിൽ നിങ്ങളുടെ സ്വന്തം പാപത്തെക്കുറിച്ചുള്ള കൂടുതൽ ആഴമായ അവബോധത്തിൽ വളരാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, അതിന്റെ ഒരു ഫലമായി മറ്റുള്ളവരെ വിധിക്കുകയും അവർക്ക് ശിക്ഷ വിധിക്കുകയും ചെയ്യുന്ന പ്രവണത കുറയ്ക്കുക കൂടുതൽ എളുപ്പമാകും. സ്വന്തം പാപം കാണുന്ന ഒരാൾ മറ്റു പാപികളോടു കരുണ കാണിക്കാൻ കൂടുതൽ സന്നദ്ധനായിരിക്കും. എന്നാൽ സ്വയം നീതിമാനെന്ന ഭാവവുമായി മല്ലിടുന്ന ഒരാൾ തീർച്ചയായും മറ്റുള്ളവരെ വിധിക്കുകയും അവർക്ക് ശിക്ഷ വിധിക്കുകയും ചെയ്യുന്ന പ്രവണതയുമായും മല്ലിടും.

ഇന്ന് നിങ്ങളുടെ സ്വന്തം പാപത്തെക്കുറിച്ച് ചിന്തിക്കുക. പാപം എത്ര വിരൂപമാണെന്ന് മനസ്സിലാക്കാൻ സമയം ചെലവഴിക്കുക; അതിനോടുള്ള ആരോഗ്യകരമായ വെറുപ്പിൽ വളരാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുകയും നമ്മുടെ കർത്താവിനോട് അവിടുത്തെ കരുണയ്ക്കായി യാചിക്കുകയും ചെയ്യുമ്പോൾ, ദൈവത്തിൽനിന്നു നിങ്ങൾ സ്വീകരിക്കുന്ന അതേ കരുണ മറ്റുള്ളവർക്കു നൽകാൻ കഴിയണമേയെന്നും പ്രാർഥിക്കുക. സ്വർഗത്തിൽനിന്ന് നിങ്ങളുടെ ആത്മാവിലേക്ക് കരുണ ഒഴുകിയെത്തുമ്പോൾ, അത് പങ്കുവയ്ക്കപ്പെടുകയും വേണം. നിങ്ങൾക്കു ചുറ്റുമുള്ള എല്ലാവരുമായും ദൈവത്തിന്റെ കരുണ പങ്കുവയ്ക്കുക. അപ്പോൾ നമ്മുടെ കർത്താവിന്റെ ഈ സുവിശേഷപ്രബോധനത്തിന്റെ യഥാർഥ മൂല്യവും ശക്തിയും നിങ്ങൾ കണ്ടെത്തും.

അത്യന്തം കരുണയുള്ള എന്റെ ഈശോയേ, അങ്ങയുടെ അനന്തമായ കരുണയ്ക്കു ഞാൻ നന്ദി പറയുന്നു. എന്റെ പാപം വ്യക്തമായി കാണാൻ എന്നെ സഹായിക്കണമേ; അങ്ങനെ അങ്ങയുടെ കരുണ എനിക്ക് ആവശ്യമാണെന്ന് തിരിച്ചറിയാൻ എനിക്കു കഴിയട്ടെ. പ്രിയ കർത്താവേ, അങ്ങനെ ചെയ്യുമ്പോൾ, ആ കരുണ സ്വീകരിക്കാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും കഴിയേണ്ടതിന് എന്റെ ഹൃദയം അതിനായി തുറന്നിരിക്കണമേയെന്ന് ഞാൻ പ്രാർഥിക്കുന്നു. അങ്ങയുടെ ദിവ്യകൃപയുടെ യഥാർഥ ഉപകരണമാക്കി എന്നെ മാറ്റണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പതിനൊന്നാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രം: മൈക്കലാഞ്ചലോയുടെ അന്ത്യവിധി, Web Gallery of Art-ൽ നിന്ന്