മലയാളം

ധൈര്യത്തോടും സ്നേഹത്തോടുംകൂടെ കുരിശിനെ നേരിടുക

ഫെബ്രുവരി 28, 2024
നോമ്പുകാലത്തിലെ രണ്ടാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

യേശു ജറുസലെമിലേക്കു പോകുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും തനിച്ച് മാറ്റിനിർത്തി വഴിയിൽവച്ച് അവരോടു പറഞ്ഞു: “ഇതാ, നാം ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രൻ പ്രധാനപുരോഹിതന്മാർക്കും നിയമജ്ഞന്മാർക്കും ഏല്പിക്കപ്പെടും. അവർ അവനെ മരണത്തിനു വിധിക്കുകയും പരിഹസിക്കാനും ചമ്മട്ടികൊണ്ടടിക്കാനും കുരിശിൽ തറയ്ക്കാനുമായി വിജാതീയർക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും. മൂന്നാം ദിവസം അവൻ ഉയിർപ്പിക്കപ്പെടും.” മത്തായി 20:17–19

എത്ര ഗൗരവമേറിയ ഒരു സംഭാഷണമായിരുന്നിരിക്കണം അത്! ആദ്യത്തെ വിശുദ്ധവാരത്തിനു തൊട്ടുമുമ്പ് പന്ത്രണ്ടു ശിഷ്യന്മാരോടൊപ്പം ജറുസലെമിലേക്കു യാത്ര ചെയ്യുമ്പോൾ, അവിടെ തന്നെ കാത്തിരിക്കുന്നത് എന്താണെന്ന് യേശു തുറന്നും വ്യക്തമായും സംസാരിച്ചു. ശിഷ്യന്മാർ എന്തു ചിന്തിച്ചിരിക്കുമെന്ന് സങ്കല്പിച്ചുനോക്കൂ. പലവിധത്തിലും, ആ സമയത്ത് അവർക്കു ഗ്രഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. പലവിധത്തിലും, യേശുവിനു പറയാനുണ്ടായിരുന്നത് കേൾക്കാതിരിക്കാനായിരിക്കാം ശിഷ്യന്മാർ ആഗ്രഹിച്ചത്. എന്നാൽ അവർ ഈ കഠിനസത്യം കേൾക്കേണ്ടതുണ്ടെന്ന് യേശുവിന് അറിയാമായിരുന്നു; പ്രത്യേകിച്ചും കുരിശുമരണത്തിന്റെ നിമിഷം അടുത്തുവരുമ്പോൾ.

പലപ്പോഴും സുവിശേഷസന്ദേശത്തെ അതിന്റെ പൂർണതയിൽ സ്വീകരിക്കുക നമുക്കു പ്രയാസമാണ്. കാരണം, സുവിശേഷത്തിന്റെ സമ്പൂർണസന്ദേശം എല്ലായ്പ്പോഴും അതിന്റെ കേന്ദ്രമായ കുരിശുബലിയിലേക്കാണ് നമ്മുടെ ശ്രദ്ധ തിരിക്കുന്നത്. ത്യാഗപൂർണമായ സ്നേഹത്തെയും കുരിശിനെ പൂർണമായി ആശ്ലേഷിക്കുന്നതിനെയും നാം കാണുകയും മനസ്സിലാക്കുകയും സ്നേഹിക്കുകയും പൂർണമായി സ്വീകരിക്കുകയും ആത്മവിശ്വാസത്തോടെ പ്രഘോഷിക്കുകയും വേണം. എന്നാൽ ഇതെങ്ങനെയാണ് ചെയ്യുക? നമ്മുടെ കർത്താവിൽനിന്നുതന്നെ നമുക്കു തുടങ്ങാം.

യേശു സത്യത്തെ ഭയപ്പെട്ടില്ല. തന്റെ പീഡാനുഭവവും മരണവും ആസന്നമാണെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. യാതൊരു മടിയും കൂടാതെ ഈ സത്യം സ്വീകരിക്കാൻ അവിടുന്ന് സന്നദ്ധനും ഒരുക്കമുള്ളവനുമായിരുന്നു. തന്റെ കുരിശിനെ അവിടുന്ന് നിഷേധാത്മകമായി കണ്ടില്ല. ഒഴിവാക്കേണ്ട ഒരു ദുരന്തമായി അതിനെ നോക്കിക്കണ്ടില്ല. തന്നെ പിന്തിരിപ്പിക്കാൻ ഭയത്തെ അനുവദിച്ചില്ല. പകരം, ആസന്നമായ തന്റെ പീഡകളെ യേശു സത്യത്തിന്റെ വെളിച്ചത്തിൽ നോക്കിക്കണ്ടു. ഉടൻതന്നെ താൻ അർപ്പിക്കാനിരിക്കുന്ന മഹത്വപൂർണമായ ഒരു സ്നേഹപ്രവൃത്തിയായി തന്റെ പീഡാനുഭവത്തെയും മരണത്തെയും അവിടുന്ന് കണ്ടു. അതിനാൽ, ഈ പീഡകൾ ഏറ്റെടുക്കാൻ മാത്രമല്ല, അവയെക്കുറിച്ച് ആത്മവിശ്വാസത്തോടും ധൈര്യത്തോടുംകൂടെ സംസാരിക്കാനും അവിടുന്ന് ഭയപ്പെട്ടില്ല.

നമ്മുടെ ജീവിതത്തിൽ പ്രയാസമേറിയ എന്തിനെയെങ്കിലും നേരിടേണ്ടിവരുമ്പോഴെല്ലാം, യേശുവിന്റെ ധൈര്യവും സ്നേഹവും അനുകരിക്കാനുള്ള ക്ഷണം നമുക്കു ലഭിക്കുന്നു. അത്തരം അവസരങ്ങളിൽ നാം സാധാരണയായി നേരിടുന്ന ചില പ്രലോഭനങ്ങൾ ഇവയാണ്: ആ പ്രയാസത്തെച്ചൊല്ലി കോപിക്കുക, അതിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള വഴികൾ തേടുക, മറ്റുള്ളവരെ കുറ്റപ്പെടുത്തുക, നിരാശയ്ക്കു കീഴടങ്ങുക തുടങ്ങിയവ. ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടാൻ പലവിധ പ്രതികരണരീതികളും നമ്മിൽ പ്രവർത്തനക്ഷമമാകുന്നു; അവയിലൂടെ നമ്മെ കാത്തിരിക്കുന്ന കുരിശുകളെ ഒഴിവാക്കാൻ നാം ശ്രമിക്കാറുണ്ട്.

എന്നാൽ അതിനുപകരം നാം നമ്മുടെ കർത്താവിന്റെ മാതൃക പിന്തുടർന്നാലോ? നമ്മെ കാത്തിരിക്കുന്ന ഓരോ കുരിശിനെയും സ്നേഹത്തോടും ധൈര്യത്തോടും മനസ്സോടെയുള്ള സ്വീകരണത്തോടുംകൂടെ നേരിട്ടാലോ? പുറത്തുകടക്കാനുള്ള വഴി തേടുന്നതിനു പകരം, ഒരർഥത്തിൽ പറഞ്ഞാൽ, അകത്തേക്കു കടക്കാനുള്ള വഴി തേടിയാലോ? അതായത്, യേശു തന്റെ കുരിശിനെ ആശ്ലേഷിച്ചതിനെ അനുകരിച്ച്, മടികൂടാതെ ത്യാഗമനോഭാവത്തോടെ നമ്മുടെ സഹനത്തെ സ്വീകരിക്കാനുള്ള വഴി തേടിയാലോ? ജീവിതത്തിലെ ഓരോ കുരിശിനും നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും സമൃദ്ധമായ കൃപയുടെ ഉപകരണമാകാനുള്ള സാധ്യതയുണ്ട്. അതിനാൽ, കൃപയുടെയും നിത്യതയുടെയും കാഴ്ചപ്പാടിൽ, കുരിശുകളെ നാം ആശ്ലേഷിക്കണം; അവയെ ഒഴിവാക്കുകയോ ശപിക്കുകയോ അല്ല വേണ്ടത്.

നിങ്ങൾ നേരിടുന്ന ഏതെങ്കിലും പ്രയാസത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. യേശു അതിനെ കാണുന്നതുപോലെതന്നെയാണോ നിങ്ങളും കാണുന്നത്? നിങ്ങൾക്കു ലഭിക്കുന്ന ഓരോ കുരിശിനെയും ത്യാഗപൂർണമായ സ്നേഹത്തിനുള്ള അവസരമായി കാണാൻ കഴിയുമോ? അതിൽനിന്ന് നന്മ ഉളവാക്കാൻ ദൈവത്തിനു കഴിയുമെന്ന് അറിഞ്ഞുകൊണ്ട്, പ്രത്യാശയോടും ആത്മവിശ്വാസത്തോടുംകൂടെ അതിനെ ആശ്ലേഷിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? നിങ്ങൾ നേരിടുന്ന പ്രയാസങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് നമ്മുടെ കർത്താവിനെ അനുകരിക്കാൻ ശ്രമിക്കുക. അപ്പോൾ ആ കുരിശുകൾ ഒടുവിൽ നമ്മുടെ കർത്താവിനോടൊപ്പം ഉത്ഥാനത്തിൽ പങ്കുചേരും.

പീഡകൾ സഹിച്ച എന്റെ കർത്താവേ, കുരിശിലെ അനീതി സ്നേഹത്തോടും ധൈര്യത്തോടുംകൂടെ അങ്ങ് സ്വമനസ്സാലെ ഏറ്റെടുത്തു. പ്രത്യക്ഷത്തിൽ ഇടർച്ചയ്ക്കു കാരണമായതിനും സഹനത്തിനും അപ്പുറം അങ്ങ് കാണുകയും, അങ്ങയോടു ചെയ്ത തിന്മയെ ലോകം അറിഞ്ഞിട്ടുള്ളതിൽവച്ച് ഏറ്റവും മഹത്തായ സ്നേഹപ്രവൃത്തിയായി രൂപാന്തരപ്പെടുത്തുകയും ചെയ്തു. അങ്ങയുടെ പൂർണമായ സ്നേഹത്തെ അനുകരിക്കാനും, അങ്ങേക്കുണ്ടായിരുന്ന ശക്തിയോടും ആത്മവിശ്വാസത്തോടുംകൂടെ അങ്ങനെ ചെയ്യാനും എനിക്കു കൃപ നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പതിമൂന്നാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിലെ പ്രധാന ചിത്രം: യേശു തന്റെ ശിഷ്യരുമായി സംവദിക്കുന്നു. രചന: ജെയിംസ് ടിസോട്ട്, വിക്കിമീഡിയ കോമൺസ് വഴി