മലയാളം

ലോകത്തിന്റെ വിദ്വേഷം

2024 മേയ് 4
ഉയിർപ്പുകാലം അഞ്ചാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

യേശു ശിഷ്യന്മാരോടു പറഞ്ഞു: “ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കിൽ, അത് ആദ്യം എന്നെ ദ്വേഷിച്ചുവെന്ന് മനസ്സിലാക്കുക. നിങ്ങൾ ലോകത്തിന്റേതായിരുന്നെങ്കിൽ, ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകത്തിന്റേതല്ലാത്തതിനാലും ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതിനാലും ലോകം നിങ്ങളെ ദ്വേഷിക്കുന്നു.” യോഹന്നാൻ 15:18–19

ഗൗരവത്തോടെ ചിന്തിക്കേണ്ട ഒരു കാര്യമാണിത്: “ലോകം നിങ്ങളെ ദ്വേഷിക്കുന്നു.” അതായത്, ഒരുവേള നമ്മുടെ കർത്താവ് ലോകത്തിൽനിന്ന് വേർതിരിച്ചവരുടെ കൂട്ടത്തിലാണ് നിങ്ങളെങ്കിൽ, ലോകം നിങ്ങളെ ദ്വേഷിക്കുമെന്ന് യേശു പറയുന്നു.

മറ്റുള്ളവരുടെ വിദ്വേഷത്തിന് ഇരയാകാൻ ആരും ആഗ്രഹിക്കുന്നില്ല. മറ്റൊരാളുടെ ക്രോധമോ പീഡനമോ ആക്രമണമോ പരിഹാസമോ അനുഭവിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. വിദ്വേഷം വിരൂപവും വേദനാജനകവും സഹിക്കാൻ പ്രയാസമുള്ളതുമാണ്. എന്നാൽ അത് വിദ്വേഷത്തിന്റെ സ്വഭാവത്തിന്റെതന്നെ ഭാഗമാണ്. അത് ഒരു തരത്തിലുള്ള പീഡനം മാത്രമല്ല, മറ്റൊരാളെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നിയന്ത്രിക്കാനുള്ള മാർഗവുമാണ്. വിദ്വേഷം മറ്റൊരാളുടെ നേരെയുള്ള ആക്രമണമാണ്; അതിലൂടെ വിദ്വേഷിക്കുന്നയാൾ അപരനെ മുറിപ്പെടുത്താനും തന്റെ ഇഷ്ടത്തിനനുസരിച്ച് മാറാനും വഴങ്ങാനും അയാളെ നിർബന്ധിതനാക്കാനും ശ്രമിക്കുന്നു. ഇഹലൗകികവും ക്രൈസ്തവവിരുദ്ധവുമായ “ലോകം” നിങ്ങളെ വശത്താക്കി ദൈവത്തിൽനിന്ന് അകറ്റാൻ ആഗ്രഹിക്കുന്നു. ലോകത്തിന്റെ വിദ്വേഷം അനുഭവിക്കേണ്ടിവരുമ്പോൾ അതു നമ്മെ ബാധിക്കാതിരിക്കാനും അതിന്റെ സമ്മർദത്തിനു വഴങ്ങി നാം തന്നിൽനിന്ന് അകന്നുപോകാതിരിക്കാനും നമ്മെ ഒരുക്കുക എന്നതും യേശു ഈ പ്രബോധനം നൽകുന്നതിന്റെ ഒരു ലക്ഷ്യമാണ്. അതിനാൽ, ഈ പ്രബോധനം നമ്മുടെ കർത്താവിന്റെ സമൃദ്ധമായ കരുണയുടെ വെളിപ്പെടുത്തലാണ്.

നമ്മുടെ ആത്മാവിന്റെ മൂന്നു ശത്രുക്കളെക്കുറിച്ച് യേശു സംസാരിച്ചുവെന്ന് ഓർക്കുക: ജഡം, പിശാച്, ലോകം. ഈ സുവിശേഷഭാഗത്തിൽ “ലോകത്തിന്റേതായിരിക്കുക” എന്നതിന്റെ അർഥം, ലോകത്തിൽ വേരൂന്നിയിരിക്കുന്ന എണ്ണമറ്റ അസത്യങ്ങൾ തന്നെ ദോഷകരമായി സ്വാധീനിക്കാൻ ഒരാൾ അനുവദിക്കുന്നു എന്നതാണ്. ഇഹലൗകിക മാധ്യമങ്ങൾ, ജനപ്രിയ സംസ്കാരം, പക്ഷപാതപരമായ അഭിപ്രായങ്ങൾ, സാമൂഹിക സമ്മർദങ്ങൾ, സന്തോഷത്തെക്കുറിച്ചുള്ള മിഥ്യാചിത്രങ്ങൾ തുടങ്ങിയവ നിരന്തരം നമ്മെ വഴിതെറ്റിക്കാനും അവയിലേക്ക് ആകർഷിക്കാനും ശ്രമിക്കുന്നു. പണത്തിലും നമ്മുടെ ബാഹ്യരൂപത്തിലും നമ്മുടെ നേട്ടങ്ങൾക്കു ലഭിക്കുന്ന അംഗീകാരത്തിലും മറ്റുപലതിലുമാണ് ജീവിതസംതൃപ്തി കണ്ടെത്തുന്നതെന്നു വിശ്വസിക്കാൻ നാം പതിവായി പ്രലോഭിപ്പിക്കപ്പെടുന്നു. നമ്മുടെ അഭിപ്രായങ്ങൾ ഈ കാലഘട്ടത്തിന്റെ ഇഹലൗകിക മൂല്യങ്ങൾക്കനുസൃതമായിരിക്കണമെന്ന് ലോകം നമ്മോടു പറയുന്നു—അല്ലാത്തപക്ഷം, നാം മറ്റുള്ളവരെ വിധിക്കുന്നവരും സങ്കുചിതമനസ്കരായ തീവ്രവാദികളുമാണെന്നും നമ്മെ ഒഴിവാക്കുകയും “പുറന്തള്ളുകയും” അല്ലെങ്കിൽ നിശ്ശബ്ദരാക്കുകയും വേണമെന്നുമാണ് അതിന്റെ നിലപാട്.

ഈ ലൗകിക പ്രലോഭനങ്ങളും സമ്മർദങ്ങളും യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ, യേശുവിന്റെ വാക്കുകൾ നമുക്കു സ്വാതന്ത്ര്യം നൽകുന്നു. എല്ലാവർക്കും കാണാവുന്നവിധം നമ്മുടെ വിശ്വാസം പരസ്യമായി ജീവിക്കുമ്പോൾ നാം നേരിടുന്ന കുതന്ത്രങ്ങളിൽനിന്നും വഞ്ചനകളിൽനിന്നും അവ നമ്മെ സ്വതന്ത്രരാക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ ലോകം നമ്മെ ദ്വേഷിക്കും. എന്നാൽ അതു മുൻകൂട്ടി അറിയുന്നത്, അങ്ങനെ സംഭവിക്കുമ്പോൾ നമുക്കു ഹൃദയസമാധാനം നൽകുന്നു.

ശക്തവും ആശ്വാസദായകവുമായ യേശുവിന്റെ ഈ വാക്കുകളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ലോകത്തിൽനിന്ന് ഒരു തരത്തിലുള്ള വിദ്വേഷവും നിങ്ങൾ അനുഭവിക്കുന്നില്ലെങ്കിൽ, അത് ഗൗരവമായി കാണുകയും വിചിന്തനം ചെയ്യുകയും വേണം. എന്നാൽ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ, നമ്മുടെ കർത്താവ് ഇതിനായി നിങ്ങളെ ഒരുക്കിയിട്ടുണ്ടെന്നും സന്തോഷത്തോടെ അതു സഹിക്കാൻ തന്റെ ശക്തിയും ധൈര്യവും നിങ്ങൾക്കു നൽകുന്നുണ്ടെന്നും അറിയുക. ആത്യന്തികമായി, നമ്മുടെ കർത്താവ് എന്തു ചിന്തിക്കുന്നു എന്നതു മാത്രമാണ് പ്രധാനം—മറ്റൊന്നുമല്ല. ആത്യന്തികമായി, ലോകത്തിൽനിന്ന് ഏതെങ്കിലും രൂപത്തിൽ വിദ്വേഷം നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ, അത് നിങ്ങളെ ക്രിസ്തുവിനോടുതന്നെ കൂടുതൽ സദൃശരാക്കുന്നു എന്നറിയുക.

പീഡനമേറ്റ എന്റെ കർത്താവേ, ലോകത്തിന്റെ വ്യാജമൂല്യങ്ങളിൽ മുഴുകിയിരുന്ന അനേകരുടെ വിദ്വേഷവും പരിഹാസവും അങ്ങ് സഹിച്ചുവല്ലോ. അങ്ങയുടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ജീവിതത്തിൽ മാത്രമല്ല, ലോകത്തിന്റെ വിദ്വേഷം ഞാനും സഹിക്കുന്ന വേളകളിൽ അങ്ങയുടെ ശക്തിയിലും പങ്കുചേരാൻ എനിക്കു കഴിയണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങ് എന്നെ നിരന്തരം ലോകത്തിൽനിന്നു വേർതിരിച്ച് അങ്ങയോടു ചേർത്തുനിർത്തണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: പരിഹസിക്കപ്പെടുകയും മുൾമുടി അണിയിക്കപ്പെടുകയും ചെയ്യുന്ന ക്രിസ്തു — രചന: യാൻ മീൻസെ മൊലനാർ, Wikimedia Commons