മലയാളം

വിശ്വാസവും അത്ഭുതങ്ങളും

ജൂലൈ 7, 2024
സാധാരണകാലത്തിലെ പതിനാലാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

വീഡിയോ

യേശു അവരോടു പറഞ്ഞു: “സ്വദേശത്തും സ്വന്തം ബന്ധുക്കളുടെ ഇടയിലും സ്വന്തം ഭവനത്തിലുമല്ലാതെ ഒരു പ്രവാചകനും ബഹുമാനമില്ലാതിരിക്കുന്നില്ല.” അതിനാൽ, ഏതാനും രോഗികളുടെമേൽ കൈകൾ വച്ച് അവരെ സുഖപ്പെടുത്തിയതല്ലാതെ മറ്റൊരു അത്ഭുതപ്രവൃത്തിയും അവിടെ ചെയ്യാൻ അവനു കഴിഞ്ഞില്ല. അവരുടെ വിശ്വാസമില്ലായ്മയിൽ അവൻ ആശ്ചര്യപ്പെട്ടു. മർക്കോസ് 6:4–6

സ്വദേശമായ നസറത്തിൽ “ഒരു അത്ഭുതപ്രവൃത്തിയും ചെയ്യാൻ” യേശുവിനു കഴിയാതിരുന്നത് എന്തുകൊണ്ടാണ്? ചെറുപ്പംമുതൽ അവനെ അറിയാമായിരുന്ന ആളുകൾക്ക് അവനിൽ വിശ്വാസമില്ലായിരുന്നു എന്നതുകൊണ്ടുതന്നെ. എന്നാൽ, അവരെ തന്റെ പക്ഷത്തേക്കു കൊണ്ടുവരാമെന്ന പ്രതീക്ഷയിൽ വിസ്മയകരമായ അത്ഭുതങ്ങൾ യേശു എന്തുകൊണ്ട് ചെയ്തില്ല? മരിച്ച ഒരാളെ ഉയിർപ്പിച്ചുകൊണ്ടോ, രൂപാന്തരീകരണമലയിൽ തന്റെ മൂന്നു ശിഷ്യന്മാർക്കു വെളിപ്പെടുത്തിയതുപോലെ തന്റെ രൂപാന്തരമഹത്വം ബന്ധുക്കൾക്കു വെളിപ്പെടുത്തിക്കൊണ്ടോ അവരെ ബോധ്യപ്പെടുത്താൻ എന്തുകൊണ്ട് ശ്രമിച്ചില്ല? ഓരോ ആത്മാവിലും വിശ്വാസം പ്രവർത്തിക്കുന്ന വിധത്തിന്റെ അന്തഃസത്തയിലേക്കാണ് ഇതിനുള്ള ഉത്തരം നമ്മെ നയിക്കുന്നത്.

താൻ ദൈവപുത്രനും മിശിഹായുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നില്ല സ്വന്തം നാട്ടിൽ യേശുവിന്റെ ലക്ഷ്യം. ഏറ്റവും അവിശ്വസനീയമായ അത്ഭുതങ്ങളിലൂടെ ഇക്കാര്യം അനായാസം അവരെ ബോധ്യപ്പെടുത്താനും താൻ ആരാണെന്നു തെളിയിക്കാനും അവനു കഴിയുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നത് അവൻ വന്നതിന്റെ ലക്ഷ്യത്തെത്തന്നെ ദുർബലപ്പെടുത്തുമായിരുന്നു. ജനങ്ങളുടെ ഹൃദയങ്ങളിൽ യഥാർഥ വിശ്വാസം ജ്വലിപ്പിക്കാനാണ് അവൻ വന്നത്; സമർഥമായ വാദങ്ങളിലൂടെയോ അത്ഭുതങ്ങളുടെ തെളിവിലൂടെയോ അവരെ ബോധ്യപ്പെടുത്താനല്ല. നേരത്തേതന്നെ വിശ്വാസമുണ്ടായിരുന്നവർക്ക് അവരുടെ വിശ്വാസം വർധിപ്പിക്കാനും അവരോടു കരുണ കാണിക്കാനുമാണ് അത്ഭുതങ്ങൾ നൽകപ്പെട്ടത്. എന്നാൽ ഒരാൾക്കു വിശ്വാസമില്ലാത്തപ്പോൾ, ഇല്ലാത്ത ഒന്നിനെ വർധിപ്പിക്കാൻ ഒരു അത്ഭുതത്തിനു കഴിയുമായിരുന്നില്ല. ബുദ്ധിയുടെ തലത്തിൽ അത് അവരെ ബോധ്യപ്പെടുത്തിയിരിക്കാം, അല്ലെങ്കിൽ കുറഞ്ഞപക്ഷം അവരിൽ വലിയ മതിപ്പുളവാക്കിയിരിക്കാം; എന്നാൽ അത് യഥാർഥ വിശ്വാസമല്ല.

ഒരു ഉപമയായി ഇങ്ങനെ കരുതുക: നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളോട് “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്നു പറയുമ്പോൾ, “അതു തെളിയിക്കൂ” എന്നാണ് നിങ്ങളുടെ മറുപടി. അത് എങ്ങനെ തെളിയിക്കാനാകും? നിങ്ങളെ യഥാർഥമായി സ്നേഹിക്കുന്നുവെന്നു തെളിയിക്കാൻ ആ വ്യക്തിക്ക് എന്തു ചെയ്യാനാകും? ഒരുപക്ഷേ പരസ്നേഹവും ദയയും അനുകമ്പയും മറ്റും പ്രകടിപ്പിക്കാൻ കഴിഞ്ഞേക്കാം. ഈ ഗുണങ്ങൾ തീർച്ചയായും യഥാർഥ സ്നേഹത്തിന്റെ പ്രകടനങ്ങളാണ്. എന്നാൽ, ആഴത്തിൽ നോക്കിയാൽ, താൻ മറ്റൊരാളെ സ്നേഹിക്കുന്നുവെന്ന് ആർക്കും തെളിയിക്കാനാവില്ല. പകരം, സ്നേഹം ആത്മീയമായ രീതിയിൽ നൽകുകയും സ്വീകരിക്കുകയും വേണം. അങ്ങനെ സംഭവിക്കുമ്പോൾ, താൻ സ്നേഹിക്കുന്നുണ്ടെന്നും സ്നേഹിക്കപ്പെടുന്നുണ്ടെന്നും ഓരോ വ്യക്തിയും എങ്ങനെയോ അറിയുന്നു. ഇതാണ് ആത്മീയവും യഥാർഥവുമായ സ്നേഹത്തിന്റെ രഹസ്യം.

വിശ്വാസത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സത്യം. വിശ്വാസം തെളിയിക്കാനാവില്ല. അതിനെ യുക്തിപരമായി വിശകലനം ചെയ്യാനാവില്ല. അതിനെ സ്വീകരിക്കുകയും അതനുസരിച്ചു ജീവിക്കുകയും വേണം. യേശുവിന്റെ നാട്ടുകാർക്ക് അവനിൽ വിശ്വാസമുണ്ടാകണമെങ്കിൽ, വിശ്വാസമെന്ന ഈ ദാനം അവരുടെ സ്വന്തം ആത്മാക്കളുടെ ഉള്ളിൽ ആരംഭിക്കേണ്ടിയിരുന്നു. അവർ അവനെ നോക്കുകയും അവന്റെ വാക്കുകൾ കേൾക്കുകയും ചെയ്യുമായിരുന്നു. അവരുടെ തുറന്ന മനസ്സിലൂടെയും ദൈവത്തിൽനിന്നുള്ള സവിശേഷമായ ഒരു വ്യക്തിപരമായ വെളിപ്പെടുത്തലിലൂടെയും അവൻ ആരാണെന്ന് അവർ അറിയുകയും വിശ്വസിക്കുകയും ചെയ്യുമായിരുന്നു. ദൈവം ഹൃദയത്തോടു സംസാരിക്കുമ്പോൾ, വിശ്വാസം ആദ്യം ഉള്ളിൽനിന്നാണ് ഉദിക്കുന്നത്.

യേശുവിലുള്ള നിങ്ങളുടെ വിശ്വാസം എത്രത്തോളമുണ്ടെന്ന് ഇന്ന് ധ്യാനിക്കുക. സ്വന്തം ആത്മാവിലേക്ക് നോക്കുമ്പോൾ നിങ്ങൾ എന്താണു കാണുന്നത്? ക്രിസ്തുയേശുവിനെ സ്വന്തം കർത്താവായി അറിയുന്ന ഒരു ഹൃദയം നിങ്ങൾ കാണുന്നുണ്ടോ? നിങ്ങളോടു സംസാരിക്കുകയും തന്നെത്തന്നെ നിങ്ങൾക്കു വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്റെ സാന്നിധ്യം നിങ്ങളുടെ ഉള്ളിൽ കണ്ടെത്തിയിട്ടുണ്ടോ? അതോ ദൈവത്തിന്റെ സാന്നിധ്യത്തിന്റെയും സ്നേഹത്തിന്റെയും ബാഹ്യമായ അടയാളങ്ങളും തെളിവുകളുമാണോ നിങ്ങൾ പ്രധാനമായും അന്വേഷിക്കുന്നത്? ഇന്ന് നിങ്ങളുടെ ആത്മാവിലേക്കു നോക്കി, അവിടെ കണ്ടെത്തുന്ന വിശ്വാസത്തിന്റെ ആഴത്തെക്കുറിച്ചു ചിന്തിക്കുക. ഈ ദാനം കണ്ടെത്തുമ്പോൾ, സ്നേഹത്തോടെ അതിനെ ഉറ്റുനോക്കുക; കാരണം, ദൈവം തന്നെത്തന്നെ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് നിങ്ങൾ കാണുന്നത്.

എന്നെത്തന്നെ എനിക്കു വെളിപ്പെടുത്തിത്തരുന്ന എന്റെ കർത്താവേ, അങ്ങയുടെ ദൈവിക സാന്നിധ്യവും സ്നേഹവും എനിക്കു വെളിപ്പെടുത്തിക്കൊണ്ട് അങ്ങ് എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിരന്തരം എന്നോടു സംസാരിക്കുന്നു. എന്റെ വിശ്വാസം വളരാനും അങ്ങയുടെ ദൈവിക സ്നേഹം ഉറപ്പോടെ അറിയാനും കഴിയേണ്ടതിന്, ഏറ്റവും ആഴത്തിൽ അങ്ങയോടു യഥാർഥമായി തുറന്നിരിക്കുന്ന ഒരു ഹൃദയം എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: ഗ്രാമങ്ങളിൽ രോഗികളെ അവന്റെ അടുക്കൽ കൊണ്ടുവന്നു — ജെയിംസ് ടിസ്സോട്ട് വരച്ചത്, ബ്രൂക്ലിൻ മ്യൂസിയം വഴി