2026 മാർച്ച് 9
നോമ്പുകാലം മൂന്നാം വാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ
റോമിലെ വിശുദ്ധ ഫ്രാൻസെസ്, സന്ന്യാസിനി—ഐച്ഛിക അനുസ്മരണം

നസറത്തിലെ സിനഗോഗിലുണ്ടായിരുന്ന ജനങ്ങളോട് യേശു പറഞ്ഞു: “ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തം നാട്ടിൽ സ്വീകരിക്കപ്പെടുന്നില്ല.” ലൂക്കാ 4:24
മറ്റുള്ളവരിൽ ക്രിസ്തുവിന്റെ സാന്നിധ്യം നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? നിങ്ങൾക്കു ചുറ്റും അവിടുത്തെ ദൈവികസാന്നിധ്യം അനുഭവപ്പെടുന്നുണ്ടോ? ഇന്നത്തെ സുവിശേഷത്തിൽ നസറത്തിലെ ജനങ്ങൾ അത് തിരിച്ചറിഞ്ഞില്ല. ദൈവപുത്രനും പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയുമായ യേശു അവരുടെ മധ്യത്തിൽ നിന്നു. എന്നിട്ടും അവിടുന്ന് യഥാർഥത്തിൽ ആരാണെന്ന് തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ല. അവരിൽ പലരും യേശു വളർന്നുവരുന്നത് കണ്ടിരുന്നു; അവിടുത്തെ കുടുംബത്തെ അറിയുകയും ആശാരിയായുള്ള അവിടുത്തെ ജോലി പരിചയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, പുറമേ കാണുന്നതിനപ്പുറത്തേക്കു നോക്കി തങ്ങളുടെ മധ്യത്തിലുള്ള ദൈവികയാഥാർഥ്യം ദർശിക്കാൻ അവർക്കു കഴിഞ്ഞില്ല.
നസറത്തിലെ ജനങ്ങളുടെ ഇടയിൽ സന്നിഹിതനായിരുന്ന അതേ രീതിയിൽ നമ്മുടെ കർത്താവ് ഇന്ന് നമ്മുടെ ഇടയിൽ സന്നിഹിതനല്ലെങ്കിലും, എണ്ണമറ്റ മറ്റു വഴികളിലൂടെ അവിടുന്ന് ഇപ്പോഴും നമ്മോടൊപ്പമുണ്ട്—കൃപയിലൂടെയും കൂദാശകളിലും വിശുദ്ധ ലിഖിതങ്ങളിലും നമുക്കു ചുറ്റുമുള്ളവരുടെ ജീവിതങ്ങളിലും. എന്നിട്ടും, പരിചിതമായ ഈ ഇടങ്ങളിൽ അവിടുത്തെ സാന്നിധ്യം ശ്രദ്ധിക്കാതെ നാം എത്രയോ തവണ കടന്നുപോകുന്നു!
സ്വന്തം നാട്ടിലെ പലരുടെയും ഹൃദയകാഠിന്യം ഇന്നത്തെ സുവിശേഷത്തിൽ യേശു തിരിച്ചറിയുന്നു. ഏലിയായെയും എലീഷായെയും കുറിച്ചുള്ള രണ്ടു സംഭവങ്ങൾ ഓർമിപ്പിച്ചുകൊണ്ടാണ് അവിടുന്ന് അതിനോടു പ്രതികരിക്കുന്നത്. ഇസ്രായേൽക്കാർക്കു വിശ്വാസമില്ലാതിരുന്നതിനാൽ, അവർക്കുവേണ്ടിയല്ല, വിജാതീയർക്കുവേണ്ടിയാണ് ഈ പ്രവാചകന്മാർ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. യേശുവിന്റെ സന്ദേശം വ്യക്തമായിരുന്നു: നസറത്തിലെ ജനങ്ങൾക്കും വിശ്വാസമില്ലായിരുന്നു; അതിനാൽ അവിടുന്ന് അവർക്കുവേണ്ടി അത്ഭുതങ്ങളൊന്നും പ്രവർത്തിക്കുകയില്ല. ഈ സന്ദേശം ജനങ്ങളെ അത്രയധികം രോഷാകുലരാക്കി; അവർ അവിടുത്തെ ഒരു മലഞ്ചെരിവിൽനിന്ന് താഴേക്കു തള്ളിയിടാൻ ശ്രമിച്ചു. എന്നാൽ യേശു “അവരുടെ ഇടയിലൂടെ കടന്ന് അവിടെനിന്നു പോയി.” ആ രംഗം എത്ര നാടകീയമായിരുന്നിരിക്കുമെന്ന് സങ്കൽപ്പിച്ചുനോക്കൂ!
ചിലപ്പോഴൊക്കെ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ, “ഉലച്ചുണർത്തുന്ന വിശുദ്ധ നാടകം” എന്നു വിളിക്കാവുന്ന ചില അനുഭവങ്ങൾ ആവശ്യമാണ്. നസറത്തിലെ ജനങ്ങളുടെ ആത്മീയാന്ധതയെ യേശു ചോദ്യം ചെയ്തതുപോലെ, നമ്മുടെ ആത്മസംതൃപ്തിയിൽനിന്ന് നാമും ഉലച്ചുണർത്തപ്പെടേണ്ടതുണ്ട്. വിശുദ്ധ ലിഖിതങ്ങളിലോ കൂദാശകളിലോ നമുക്കു ചുറ്റുമുള്ള മനുഷ്യരിലോ ഉള്ള തന്റെ സാന്നിധ്യം തിരിച്ചറിയാൻ നമ്മെ ഉണർത്തുന്നതിനായി ദൈവം ഇത്തരം നിമിഷങ്ങൾ ഉപയോഗിക്കുന്നു. ഈ “വിശുദ്ധ നാടകങ്ങൾ” നമ്മെ കുറ്റം വിധിക്കാനല്ല, മറിച്ച് അവിടുത്തെ സ്നേഹത്തെയും സാന്നിധ്യത്തെയും കുറിച്ചുള്ള കൂടുതൽ ആഴമായ അവബോധത്തിലേക്കു നമ്മെ ക്ഷണിക്കാനാണ്.
യേശുവിന്റെ നാട്ടിലെ ഒരാളായി നിങ്ങളെത്തന്നെ സങ്കൽപ്പിക്കാൻ ശ്രമിക്കുക. കത്തോലിക്കാ വിശ്വാസത്തിൽ വളർന്ന്, പതിവായി വിശുദ്ധ കുർബാനയിൽ പങ്കെടുത്ത്, വിശ്വസ്തരായ കത്തോലിക്കരായി ജീവിക്കാൻ പരിശ്രമിക്കുന്ന നമുക്കും ചിലപ്പോൾ ആത്മീയജീവിതം വെറുമൊരു പതിവായി മാറാം. ദൈവത്തിന്റെ സഭയുമായി നാം എത്രയധികം പരിചിതരാകുന്നുവോ, അത്രയധികം സാധാരണമായ ഇടങ്ങളിലെ അവിടുത്തെ സാന്നിധ്യം നാം ശ്രദ്ധിക്കാതെ പോകാൻ ഇടയുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ, നമ്മുടെ ആത്മീയനിദ്രയിൽനിന്നു നമ്മെ ഉണർത്താൻ ദൈവം “വിശുദ്ധ നാടകത്തിന്റെ” നിമിഷങ്ങൾ ഉപയോഗിച്ചേക്കാം. അവിടുത്തെ സാന്നിധ്യം നാം നിസ്സാരമായി എടുത്തിരുന്ന ഇടങ്ങളിൽ അത് തിരിച്ചറിയാനുള്ള ക്ഷണങ്ങളാണ് ഈ നിമിഷങ്ങൾ.
നസറത്തിലെ ആ ജനക്കൂട്ടത്തിൽ ഉണ്ടായിരിക്കുക എന്നത് എന്തായിരിക്കുമെന്ന് ഇന്ന് ചിന്തിക്കുക. വിനയത്തോടും ആത്മാർഥതയോടുംകൂടെ ഈ വിചിന്തനത്തെ സമീപിക്കുക. സ്വന്തം നാട്ടിലെ ജനങ്ങളോടുള്ള യേശുവിന്റെ സ്നേഹപൂർവമായ വെല്ലുവിളി നിങ്ങളുടെ ഹൃദയത്തിലും പ്രതിധ്വനിക്കട്ടെ. സ്വയം ന്യായീകരിക്കുന്നതിനുപകരം, അവിടുത്തെ സൗമ്യമായ ശാസനയെ സ്വാഗതം ചെയ്യുക; പരിചിതമായ കാര്യങ്ങളിലെ അവിടുത്തെ സാന്നിധ്യം തിരിച്ചറിയാൻ അത് നിങ്ങളെ ഉണർത്തട്ടെ. പുതുക്കപ്പെട്ട ശ്രദ്ധയോടെ അവിടുത്തെ അന്വേഷിക്കുക; അവിടുത്തെ സ്നേഹത്തിലേക്കു നിങ്ങളെ കൂടുതൽ ആഴത്തിൽ നയിക്കാൻ അവിടുത്തെ അനുവദിക്കുക.
എന്നെ ഉലച്ചുണർത്തുന്ന കർത്താവേ, അങ്ങയുടെ നാട്ടിലെ ജനങ്ങളോടുള്ള സ്നേഹമാണ് അവരുടെ വിശ്വാസമില്ലായ്മയെ ചോദ്യം ചെയ്യാൻ അങ്ങയെ പ്രേരിപ്പിച്ചത്. ഞാൻ ആത്മീയാന്ധതയിൽ വീഴുകയും അങ്ങയുടെ സാന്നിധ്യം തിരിച്ചറിയാതിരിക്കുകയും ചെയ്യുമ്പോൾ, ദയവായി എന്നെ ഉണർത്തണമേ. ഞാൻ വിശ്വാസത്തിൽ വളരാനും, പ്രത്യേകിച്ച് പരിചിതവും സാധാരണവുമായ കാര്യങ്ങളിൽ അങ്ങയെ കൂടുതൽ ശ്രദ്ധിക്കാനും ഇടയാകേണ്ടതിന്, അങ്ങയുടെ സ്നേഹത്താൽ എല്ലാ ആത്മസംതൃപ്തിയിൽനിന്നും എന്നെ ഉലച്ചുണർത്തണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പതിനേഴാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
ഇന്നത്തെ വിശുദ്ധ – റോമിലെ വിശുദ്ധ ഫ്രാൻസെസ്, സന്ന്യാസിനി—ഐച്ഛിക അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





