2024 ഓഗസ്റ്റ് 6, ചൊവ്വാഴ്ച
കർത്താവിന്റെ രൂപാന്തരീകരണ തിരുനാൾ

അപ്പോൾ പത്രോസ് യേശുവിനോടു പറഞ്ഞു: “റബ്ബീ, നാം ഇവിടെ ആയിരിക്കുന്നത് എത്ര നല്ലതാണ്! നമുക്ക് മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാം: ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും ഒന്ന് ഏലിയായ്ക്കും.” എന്തു പറയണമെന്ന് അവന് അറിഞ്ഞുകൂടായിരുന്നു; അത്രയേറെ ഭയന്നിരുന്നു അവർ. അപ്പോൾ ഒരു മേഘം വന്ന് അവരുടെമേൽ നിഴൽ വീഴ്ത്തി; മേഘത്തിൽനിന്ന് ഒരു സ്വരം ഉണ്ടായി: “ഇവൻ എന്റെ പ്രിയപുത്രനാണ്. ഇവനെ ശ്രവിക്കുവിൻ.” മർക്കോസ് 9:5–7
രൂപാന്തരീകരണത്തിനു തൊട്ടുമുമ്പ്, താൻ വളരെയധികം പീഡകൾ സഹിക്കുകയും ജനപ്രമാണികളാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും തുടർന്ന് മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്ന് യേശു ശിഷ്യന്മാർക്കു വെളിപ്പെടുത്താൻ തുടങ്ങി. അസ്വസ്ഥജനകമായ ഈ വെളിപ്പെടുത്തൽ ഉൾക്കൊള്ളാൻ ശ്രമിച്ച ശിഷ്യന്മാർക്ക് അത് വലിയ ഭയമുളവാക്കി. യേശു അവരോടു വിട്ടുവീഴ്ചയില്ലാതെ സംസാരിക്കുകയും പത്രോസിന്റെ ഭയത്തെപ്രതി അവനെ ശാസിക്കുകപോലും ചെയ്തെങ്കിലും, തന്റെ ശിഷ്യന്മാരിൽ മൂന്നുപേർക്ക് അത്യന്തം വിലയേറിയ ഒരു ദാനവും നൽകി.
ഏറെ യാത്രകൾക്കും പ്രസംഗങ്ങൾക്കും അത്ഭുതപ്രവൃത്തികൾക്കും, തന്റെ പീഡാനുഭവത്തെക്കുറിച്ച് പന്ത്രണ്ടുപേരുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങൾക്കും ശേഷം, പ്രാർഥിക്കാനായി തന്നോടൊപ്പം ഒരു ഉയർന്ന മലയിലേക്കു വരാൻ യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും ക്ഷണിച്ചു. തങ്ങൾ ഉടൻ സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്തിനാണെന്ന് ഈ ശിഷ്യന്മാർക്ക് ഒരുപക്ഷേ യാതൊരു ധാരണയുമുണ്ടായിരുന്നില്ല. പ്രയാസകരവും ക്ലേശപൂർണവുമായ ആ യാത്രയിൽ, കഴിഞ്ഞ മാസങ്ങളിൽ യേശു ചെയ്ത മഹത്തായ പ്രവൃത്തികളെക്കുറിച്ചു മാത്രമല്ല, വരാനിരിക്കുന്ന പീഡകളെക്കുറിച്ച് അവിടുന്ന് പറഞ്ഞ വാക്കുകളെക്കുറിച്ചും അവർ ചിന്തിച്ചിരിക്കണം. ഇതെല്ലാം ഉൾക്കൊള്ളാൻ അവർ പാടുപെടുന്നതിനിടയിൽ, അവരെ അത്യന്തം വിസ്മയിപ്പിച്ചുകൊണ്ട് യേശു “അവരുടെ മുമ്പിൽ രൂപാന്തരപ്പെട്ടു; അവിടുത്തെ വസ്ത്രങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന വെണ്മയുള്ളവയായി.” പെട്ടെന്ന്, നിയമത്തെയും പ്രവാചകന്മാരെയും പ്രതിനിധീകരിച്ചുകൊണ്ട് മോശയും ഏലിയായും അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. യേശു അവരോടു പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം, അവിടുത്തെക്കുറിച്ച് പുരാതനകാലംമുതൽ പ്രവചിക്കപ്പെട്ടവയെല്ലാം പൂർത്തിയാകുന്നതിനായി സംഭവിക്കേണ്ടവയാണെന്ന് ആ ശിഷ്യന്മാരോടു പറയുന്നതുപോലെയായിരുന്നു പഴയനിയമത്തിലെ ഈ രണ്ടുപേരുടെ പ്രത്യക്ഷപ്പെടൽ. തന്റെ ശിഷ്യന്മാർ തന്നെ പൂർണമായി ശ്രവിക്കുന്നില്ലെങ്കിൽ, മോശയെയും ഏലിയായെയും കാണുന്നത് അവരെ സഹായിക്കുമെന്ന് ഒരുപക്ഷേ യേശു കരുതിയിരിക്കാം. എന്നാൽ യേശു അതിലും അപ്പുറം പോയി. പിതാവിന്റെതന്നെ സ്വരം ഇടിമുഴക്കംപോലെ മുഴങ്ങി: “ഇവൻ എന്റെ പ്രിയപുത്രനാണ്. ഇവനെ ശ്രവിക്കുവിൻ.” അങ്ങനെ, യേശുവിന്റെ വാക്കുകൾകൊണ്ടുമാത്രം ഈ ശിഷ്യന്മാർ ഒടുവിലും അവിടുത്തെ ശ്രവിക്കാതിരിക്കുകയോ, മോശയ്ക്കും ഏലിയായ്ക്കുംപോലും അവരെ ബോധ്യപ്പെടുത്താൻ കഴിയാതിരിക്കുകയോ ചെയ്താൽ, അവസാന പ്രത്യാശ പിതാവുതന്നെയായിരുന്നു. അങ്ങനെയൊരു കൃപ യേശു അവർക്കു നൽകി.
രൂപാന്തരീകരണം യഥാർഥമായ ഒരു കരുണാപ്രവൃത്തിയായിരുന്നു. ഇതുപോലൊന്ന് ഈ ശിഷ്യന്മാർ മുമ്പൊരിക്കലും കണ്ടിരുന്നില്ല. എന്നാൽ, വരാനിരിക്കുന്ന തന്റെ പീഡാനുഭവത്തെയും മരണത്തെയുംകുറിച്ച് യേശു അവരെ പഠിപ്പിക്കാൻ ശ്രമിച്ച കഠിനമായ സത്യം ഒടുവിൽ അംഗീകരിക്കാൻ അവരെ സഹായിച്ചത് മിക്കവാറും ഈ കരുണാപ്രവൃത്തിയായിരിക്കണം. സ്വർഗസ്ഥനായ പിതാവുതന്നെ യേശുവിനു സാക്ഷ്യം നൽകിയെങ്കിൽ, യേശു പറഞ്ഞതെല്ലാം വിശ്വസനീയമായിരുന്നു.
സുവിശേഷങ്ങളും സഭയിലൂടെ ദൈവം നമുക്കു നൽകിയ അനേകം പ്രബോധനങ്ങളും വായിക്കുമ്പോൾ, അംഗീകരിക്കാൻ നിങ്ങൾക്കു പ്രയാസമുള്ള ചില പ്രബോധനങ്ങളുണ്ടോ എന്നു ചിന്തിക്കുക. അല്ലെങ്കിൽ, നിങ്ങളുടെ സ്വന്തം ജീവിതത്തിൽ, വ്യക്തിപരമായി, ദൈവം നിങ്ങളിൽനിന്ന് ആഗ്രഹിക്കുന്നുവെന്ന് അറിയാമെങ്കിലും അംഗീകരിക്കാൻ പ്രയാസപ്പെടുന്ന ചില കാര്യങ്ങളുണ്ടോ? ആശയക്കുഴപ്പം ഉണ്ടാകുമ്പോൾ, അതിനർഥം നാം ശ്രവിക്കുന്നില്ലെന്നോ, ദൈവം നമ്മോടു പറയുന്നത് പൂർണമായി കേൾക്കുന്നില്ലെന്നോ, മനസ്സിലാക്കുന്നില്ലെന്നോ ആണ്. ഈ മൂന്നു ശിഷ്യന്മാരെപ്പോലെ രൂപാന്തരപ്പെട്ട കർത്താവിനെ നമ്മുടെ കണ്ണുകളാൽ കാണുകയോ പിതാവിന്റെ സ്വരം നമ്മുടെ ചെവികളാൽ കേൾക്കുകയോ ചെയ്യില്ലെങ്കിലും, ദൈവം പറഞ്ഞതെല്ലാം വിശ്വസിക്കാൻ നാം തീരുമാനിക്കണം. രൂപാന്തരപ്പെട്ട കർത്താവും, മോശയും ഏലിയായും, പിതാവുതന്നെയും വ്യക്തമായും നേരിട്ടും നമ്മോടു സംസാരിക്കുന്നതുപോലെ നാം വിശ്വസിക്കണം. “ഇവൻ എന്റെ പ്രിയപുത്രനാണ്. ഇവനെ ശ്രവിക്കുവിൻ.” ഈ വാക്കുകൾ ശിഷ്യന്മാരുടെ നന്മയ്ക്കുവേണ്ടി മാത്രമല്ല പറയപ്പെട്ടത്; അവ നമ്മോടും പറയപ്പെടുന്നു.
നമ്മുടെ കർത്താവ് ഈ ശിഷ്യന്മാർക്കു നൽകിയ ശക്തമായ ഈ അനുഭവത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. മോശയുടെയും ഏലിയായുടെയും സാന്നിധ്യത്തിലും, ഇടിമുഴക്കംപോലെയുള്ള പിതാവിന്റെ സ്വരത്തോടുകൂടിയും, അത്യന്തം മഹത്വപൂർണമായി രൂപാന്തരപ്പെട്ട യേശുവിനു സാക്ഷ്യം വഹിക്കുന്നതിനായി ആ രംഗത്ത് നിങ്ങളും ഉണ്ടെന്ന് സങ്കൽപ്പിക്കാൻ ശ്രമിക്കുക. വിശുദ്ധഗ്രന്ഥത്തിലൂടെയും സഭയിലൂടെയും നിങ്ങളുടെ സ്വന്തം മനസ്സാക്ഷിക്കുള്ളിലും അവിടുന്ന് പറഞ്ഞതെല്ലാം സത്യമാണെന്ന് നിങ്ങളോടും പറയാൻ പിതാവിനെ അനുവദിക്കുക. യേശുവിന്റെ ദൈവത്വം അംഗീകരിക്കാൻ മാത്രമല്ല, എല്ലാ വിധത്തിലും “അവിടുത്തെ ശ്രവിക്കാനും” ഈ വെളിപ്പെടുത്തൽ നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ ബോധ്യം പകരട്ടെ.
രൂപാന്തരപ്പെട്ട എന്റെ കർത്താവേ, അങ്ങയുടെ മഹത്വം സങ്കൽപ്പിക്കാവുന്നതിലും അതീതമാണ്. അങ്ങയിൽ കൂടുതൽ പൂർണമായി വിശ്വസിക്കാൻ ശിഷ്യന്മാരെ സഹായിക്കുന്നതിനായി ഈ മഹത്വത്തിന്റെ ഒരു ചെറിയ ദർശനം അങ്ങ് അവർക്കു നൽകി. അങ്ങ് എന്നോടു പറഞ്ഞതെല്ലാം സത്യമാണെന്നറിഞ്ഞ്, ഞാനും അങ്ങയിൽ കൂടുതൽ പൂർണമായി വിശ്വസിക്കട്ടെ. അങ്ങയുടെ വിശുദ്ധ ഇഷ്ടം സ്വീകരിക്കുന്നതിൽനിന്ന് ഒന്നും എന്നെ തടയാതിരിക്കേണ്ടതിന്, എന്റെ ജീവിതത്തിലെ എല്ലാ സംശയങ്ങളും ഭയവും നീക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ തിരുനാൾ – കർത്താവിന്റെ രൂപാന്തരീകരണം
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



