2024 ഓഗസ്റ്റ് 16
ആണ്ടുവട്ടക്കാലം പത്തൊൻപതാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
ഹംഗറിയിലെ വിശുദ്ധ സ്റ്റീഫൻ—ഐച്ഛിക അനുസ്മരണം

അവൻ മറുപടി പറഞ്ഞു: “എല്ലാവർക്കും ഈ വചനം സ്വീകരിക്കാൻ കഴിയുകയില്ല; അതിനുള്ള വരം ലഭിച്ചവർക്കു മാത്രമേ കഴിയൂ.” മത്തായി 19:11
വിവാഹബന്ധത്തിന്റെ അവിഭാജ്യതയെക്കുറിച്ചുള്ള ദീർഘമായ ഒരു ചർച്ചയ്ക്ക് യേശു നൽകിയ മറുപടിയായിരുന്നു ഇത്. “എല്ലാവർക്കും ഈ വചനം സ്വീകരിക്കാൻ കഴിയുകയില്ല…” എന്നതിന്റെ ഒരു കാരണം, വിവാഹവും മറ്റെല്ലാ ദൈവവിളികളും പൂർണഹൃദയത്തോടെയുള്ള ത്യാഗവും നിസ്വാർത്ഥതയും ആവശ്യപ്പെടുന്നു എന്നതാണ്. ഇവ ഇല്ലാതാകുമ്പോഴും, നമ്മിൽനിന്ന് ആവശ്യപ്പെടുന്ന നിസ്വാർത്ഥജീവിതം സ്വാർത്ഥതയിലേക്കു വഴിമാറുമ്പോഴും, ഓരോ സംഘർഷവും ഭാരമേറിയ ഒരു ചുമടായി മാറുന്നു. കൃപയില്ലാതെ താങ്ങാനാവാത്ത ഒരു ചുമട്.
എന്താണ് സ്നേഹം? വിവാഹത്തിലും മറ്റെല്ലാ ദൈവവിളികളിലും ഏതു തരത്തിലുള്ള സ്നേഹമാണ് ആവശ്യം? മാതാപിതാക്കളിലും മുത്തശ്ശീമുത്തശ്ശന്മാരിലുംനിന്ന് ആവശ്യപ്പെടുന്ന സ്നേഹം എങ്ങനെയുള്ളതാണ്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഒന്നുതന്നെയാണ്. പൂർണമായ നിസ്വാർത്ഥതയോടെയും ത്യാഗമനോഭാവത്തോടെയും നാം സ്നേഹിക്കണം. സ്നേഹം അതിന്റെ ഏറ്റവും യഥാർത്ഥമായ രൂപത്തിൽ എപ്പോഴും അപരന്റെ നന്മയാണ് തേടുന്നത്; ഒരിക്കലും തന്നിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല.
യഥാർത്ഥ സ്നേഹത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കാൻ കൃപയ്ക്കു മാത്രമേ നമ്മെ പ്രാപ്തരാക്കാൻ കഴിയൂ. പാപപതനത്തിനു വിധേയമായ നമ്മുടെ മനുഷ്യസ്വഭാവം നമ്മിൽത്തന്നെ മുഴുകിക്കഴിയാൻ ചായ്വുള്ളതാണ്. അതായത്, നമ്മെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ട് ജീവിതം നയിക്കാൻ നാം പ്രവണത കാണിക്കുന്നു—“എന്താണ് എന്റെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുക? ഇത് എന്നെ എങ്ങനെ ബാധിക്കും? ഈ വ്യക്തി എന്നെ വേദനിപ്പിച്ചു. ഇതോ അതോ ചെയ്യാൻ എനിക്ക് ഇഷ്ടമില്ല, തുടങ്ങിയവ.” ജീവിതത്തിൽ നമ്മിൽനിന്ന് നമ്മുടെ ദൃഷ്ടി മാറ്റി മറ്റുള്ളവരെ സ്നേഹിക്കുന്നതിലേക്കു തിരിക്കുക വളരെ പ്രയാസമാണ്. അതുകൊണ്ടാണ് ഈ രീതിയിലുള്ള സ്നേഹം “അതിനുള്ള വരം ലഭിച്ചവർക്കു” മാത്രമേ സ്വീകരിക്കാൻ കഴിയൂ എന്ന് യേശു പറഞ്ഞത്. സ്നേഹത്തിന്റെ ഈ ആഴം വരമായി ലഭിക്കുന്നവരാകട്ടെ, തങ്ങളുടെ ജീവിതത്തിൽ പരിവർത്തനം വരുത്തുന്ന ദൈവകൃപയ്ക്കായി ഹൃദയം തുറക്കുന്നവരാണ്.
തികച്ചും നിസ്വാർത്ഥമായി സ്നേഹിക്കുക വളരെ പ്രയാസമായിരിക്കുന്നതിന്റെ ഒരു കാരണം, അതിനായി നാം കൃപയാൽ ജീവിക്കേണ്ടതുണ്ട് എന്നതാണ്. ദുർബലമായ നമ്മുടെ മനുഷ്യമനസ്സിന് സ്വന്തം കഴിവുകൊണ്ടുമാത്രം ഉപവിയുടെ ഉന്നതമായ വിളിയിലേക്ക് എത്തിച്ചേരാൻ കഴിയില്ല. നിസ്വാർത്ഥജീവിതം, നാം സ്നേഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവർക്ക് ഏറ്റവും നല്ലതാണെന്നു മാത്രമല്ല, നമുക്കും ഏറ്റവും നല്ലതാണെന്ന് കൃപയാൽ മാത്രമേ നമുക്ക് മനസ്സിലാക്കാനാകൂ. ദാമ്പത്യജീവിതത്തിലും മക്കളെ വളർത്തുന്നതിലും മറ്റു ദൈവവിളികളിലും ജീവിതത്തിലെ മറ്റെല്ലാ സാഹചര്യങ്ങളിലും നമ്മുടെ സ്നേഹം എപ്പോഴും അപരന്റെ നന്മയിൽ കേന്ദ്രീകരിച്ചിരിക്കുകയും നമ്മുടെ ജീവിതം ക്രിസ്തുവിന്റെ സമ്പൂർണ ത്യാഗത്തെ അനുകരിക്കുകയും ചെയ്യുന്നുവെങ്കിൽ, ദൈവം നമ്മിലൂടെ വലിയ കാര്യങ്ങൾ ചെയ്യുന്നത് നാം കാണും. അവിടുന്ന് അങ്ങനെ പ്രവർത്തിക്കുമ്പോൾ, നമ്മിലും ദൈവം വലിയ കാര്യങ്ങൾ ചെയ്യുന്നത് നാം കാണും. സാരമിതാണ്: ക്രിസ്തുവിനെപ്പോലെ ജീവിക്കുമ്പോൾ മാത്രമേ, നാം ആരായിത്തീരാനാണോ സൃഷ്ടിക്കപ്പെട്ടത്, അവരായിത്തീരുകയുള്ളൂ. അവിടുന്നാകട്ടെ, ഉപാധികളില്ലാത്ത ത്യാഗവും നിസ്വാർത്ഥതയും നിറഞ്ഞ ജീവിതമാണ് നയിച്ചത്.
നിങ്ങൾക്കു ലഭിച്ചിരിക്കുന്ന സ്നേഹത്തിന്റെ ഉന്നതമായ വിളിയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നമ്മുടെ കർത്താവിന്റെ ഈ പ്രബോധനം സ്വീകരിക്കാൻ നിങ്ങൾക്കു കഴിയുമോ? യഥാർത്ഥ സ്നേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ധാരണ കൃപയാൽ നിങ്ങൾക്കു ലഭിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ, യേശുക്രിസ്തുവുമായുള്ള ഐക്യത്തിൽ നിസ്വാർത്ഥവും ത്യാഗപൂർണവുമായ സ്നേഹത്തിന്റെ ജീവിതം നയിക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം നിങ്ങൾ ചെയ്യുന്നുണ്ടോ? നിങ്ങളുടെ ജീവിതവും ബന്ധങ്ങളും, പ്രത്യേകിച്ച് നിങ്ങളോട് ഏറ്റവും അടുത്തവരുമായുള്ള ബന്ധങ്ങൾ, പരിശോധിക്കുമ്പോൾ അവരോട് എത്രത്തോളം ക്രിസ്തുവിനെപ്പോലെ പെരുമാറുന്നുവെന്ന് ചിന്തിക്കുക. നിങ്ങൾ ക്ഷമിക്കുന്നുണ്ടോ, മറുചെകിട് കാണിച്ചുകൊടുക്കുന്നുണ്ടോ, കരുണയും അനുകമ്പയും മനസ്സിലാക്കാനുള്ള മനോഭാവവും സൗമ്യതയും മറ്റെല്ലാ പുണ്യങ്ങളും പരിശുദ്ധാത്മാവിന്റെ ഫലങ്ങളും തേടുന്നുണ്ടോ എന്നു ചിന്തിക്കുക. എവിടെയൊക്കെയാണ് നിങ്ങൾക്കു കുറവുള്ളതെന്നും സ്വാർത്ഥത കാണുന്നതെന്നും തിരിച്ചറിയുമ്പോൾ, സ്നേഹത്തിന്റെ ഉന്നതമായ വിളി മനസ്സിലാക്കാൻ മാത്രമല്ല, നിങ്ങളുടെ പ്രവൃത്തികളിൽ അതിനെ പൂർണമായി സ്വീകരിക്കാനും വേണ്ട കൃപ നൽകണമേ എന്ന് നമ്മുടെ കർത്താവിനോട് യാചിക്കാൻ മടിക്കരുത്. അപ്പോൾ, അപ്പോൾ മാത്രമേ, നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന ദൈവവിളിക്കനുസരിച്ചു ജീവിക്കാൻ നിങ്ങൾക്കു കഴിയൂ.
എന്റെ സ്നേഹനാഥാ, അങ്ങയുടെ സ്നേഹം എല്ലാ ഗ്രഹണശക്തിക്കും അതീതമാണ്. അങ്ങയുടെ കൃപാദാനത്താൽ മാത്രം മനസ്സിലാക്കാൻ കഴിയുന്ന സ്നേഹമാണത്. എന്റെ ജീവിതത്തിൽ അങ്ങയുടെ സ്നേഹം മനസ്സിലാക്കാനും സ്വീകരിക്കാനും മാത്രമല്ല, ആ സ്നേഹം എല്ലാവർക്കും പകർന്നുനൽകാനും ആവശ്യമായ കൃപ എനിക്കു നൽകണമേ. അങ്ങ് ജീവിച്ചുകാണിച്ച സ്നേഹത്തിന്റെ പൂർണതയുടെ നിരന്തരമായ ഒരു ഉപകരണമായി എന്റെ ജീവിതം മാറട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
തിരഞ്ഞെടുപ്പിനും രാഷ്ട്രത്തിനും വേണ്ടിയുള്ള പ്രാർഥനകൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – ഹംഗറിയിലെ വിശുദ്ധ സ്റ്റീഫൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




