മലയാളം

പാപസാഹചര്യങ്ങൾ ഒഴിവാക്കുക

2024 സെപ്റ്റംബർ 29
ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിയാറാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

വീഡിയോ

“നിന്റെ കൈ നിന്നെ പാപത്തിലേക്കു നയിക്കുന്നുവെങ്കിൽ, അതു വെട്ടിക്കളയുക. ഇരുകൈകളോടുംകൂടെ ഗെഹെന്നായിലെ കെടാത്ത അഗ്നിയിലേക്കു പോകുന്നതിനെക്കാൾ, അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ് നിനക്കു നല്ലത്. നിന്റെ കാൽ നിന്നെ പാപത്തിലേക്കു നയിക്കുന്നുവെങ്കിൽ, അതു വെട്ടിക്കളയുക. ഇരുകാലുകളോടുംകൂടെ ഗെഹെന്നായിലേക്ക് എറിയപ്പെടുന്നതിനെക്കാൾ, മുടന്തനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ് നിനക്കു നല്ലത്. നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നുവെങ്കിൽ, അതു ചൂഴ്ന്നുകളയുക…” മർക്കോസ് 9:43–47

പാപത്തിന്റെ ഭീകരതയെക്കുറിച്ച് ചിലപ്പോഴെങ്കിലും നാം ഉണർന്നു ചിന്തിക്കേണ്ടതുണ്ട്. പാപത്തിനു മാത്രമേ നിങ്ങളെ നരകത്തിലേക്ക് അയയ്ക്കാൻ കഴിയൂ. നരകം യാഥാർഥ്യമാണ്; നിത്യകാലത്തേക്കായി അവിടെ എത്തിപ്പെടുക എന്നത് ഒരു യഥാർഥ സാധ്യതയുമാണ്. അതിനാൽ, ഭയാനകമായ ആ സാധ്യത ഒഴിവാക്കാൻ വേണ്ടതെല്ലാം നാം ചെയ്യണം. യേശുവിന്റെ ഈ പ്രബോധനം ഏറ്റവും പ്രചോദനമേകുന്ന അവിടുത്തെ പ്രബോധനങ്ങളിൽ ഒന്നായി ആദ്യം നമുക്കു തോന്നിയേക്കില്ല. എന്നാൽ അങ്ങനെ തോന്നേണ്ടതാണ്. അതിലെ ദൃശ്യങ്ങൾ അത്ര തീവ്രമായതിനാൽ, ആ അർഥത്തിൽ അത് പ്രചോദനകരമല്ല. എന്നാൽ പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കാൻ അതിനു കഴിയുന്നു എന്ന അർഥത്തിൽ അത് ഏറെ പ്രചോദനകരമാണ്.

പാപം ഒഴിവാക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാനുള്ള പ്രേരണ നിങ്ങൾക്കുണ്ടോ? പാപം ഒഴിവാക്കുന്നതിനായി സ്വന്തം കൈയോ കാലോ വെട്ടിക്കളയാനും കണ്ണ് ചൂഴ്ന്നുകളയാനുംവരെ നിങ്ങൾ തയ്യാറാകുമോ? ഒന്നാമതായി, സ്വയം അംഗഭംഗം വരുത്താൻ യേശു നമ്മോടു പറയുന്ന അക്ഷരാർഥത്തിലുള്ള ഒരു കല്പനയായി ഇതിനെ കാണരുത്. എന്നാൽ ഇത്രയും തീവ്രമായ ദൃശ്യങ്ങൾ മനസ്സിൽ തെളിയിക്കുന്ന ഭാഷ തിരഞ്ഞെടുത്തത് അവിടുന്നുതന്നെയാണ്. അതിനാൽ, നമ്മെ പാപത്തിലേക്കു നയിക്കുന്ന കാര്യങ്ങൾ കൂടുതൽ വ്യക്തമായി തിരിച്ചറിയാൻ ഈ ദൃശ്യങ്ങളെക്കുറിച്ച് പ്രാർഥനാപൂർവം ധ്യാനിക്കുന്നതിൽനിന്ന് നാം പിന്മാറരുത്. അവ തിരിച്ചറിയുമ്പോൾ, നമ്മുടെ ജീവിതത്തിൽനിന്ന് അവയെ പൂർണമായി നീക്കിക്കളയുന്ന സമൂലമായ നടപടി നാം സ്വീകരിക്കണം.

ഈ പ്രബോധനത്തിലെ കൈയും കാലും കണ്ണും നമ്മുടെ സുഹൃത്തുക്കളെയാണ് സൂചിപ്പിക്കുന്നതെന്ന് പല സഭാപിതാക്കന്മാരും പറയുന്നു. കൈയും കാലും കണ്ണും അവയിൽത്തന്നെ നല്ലതായിരിക്കുന്നതുപോലെ, സുഹൃത്തുക്കളും നല്ലതാണ്. ദൈവവുമായും മറ്റുള്ളവരുമായും സൗഹൃദത്തിൽ ജീവിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ എല്ലാ സൗഹൃദങ്ങളും ദൈവത്തോടു കൂടുതൽ അടുക്കാൻ നമ്മെ സഹായിക്കുന്നില്ല. അതിനാൽ, ഈ ലോകത്തിലെ ഒരു സുഹൃത്ത് പാപത്തിനു കാരണമാകുമ്പോൾ, ആ സൗഹൃദം നാം ഉപേക്ഷിക്കണം.

സൗഹൃദവും ഉപവിയും വ്യത്യസ്തമാണ്. എല്ലാ മനുഷ്യരോടും, ഏറ്റവും പാപികളായവരോടുപോലും, ഉപവി കാണിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. എന്നാൽ മറ്റുള്ളവരോട് ഉപവിയോടെ പെരുമാറുന്നതും അവരുമായി സൗഹൃദത്തിലായിരിക്കുന്നതും വ്യത്യസ്തമാണ്. സുഹൃത്തായിരിക്കുക എന്നതിൽ പരസ്പരം നൽകലും സ്വീകരിക്കലും ഉൾപ്പെടുന്നു. നാം എപ്പോഴും മറ്റുള്ളവർക്കായി നമ്മെത്തന്നെ നൽകേണ്ടതുണ്ടെങ്കിലും, അവർ നൽകുന്നത് പാപത്തിലേക്കുള്ള ക്ഷണമാണെങ്കിൽ, അവരിൽനിന്ന് എല്ലായ്പോഴും സ്വീകരിക്കേണ്ടതില്ല. ഇങ്ങനെയാണ് നാം അത് “വെട്ടിക്കളയുന്നതും” “ചൂഴ്ന്നുകളയുന്നതും.” മറ്റൊരാൾ നമ്മെ പാപത്തിലേക്കു നയിക്കുന്ന വിധത്തിൽ നമ്മോടു ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ, ആ പ്രലോഭനത്തെ നാം വളരെ ഗൗരവമായി കാണുകയും ദൃഢമായി നിരസിക്കുകയും വേണം.

ഈ പ്രബോധനത്തിലെ കൈയും കാലും കണ്ണും, പാപം ചെയ്യാൻ നമ്മെ പ്രലോഭിപ്പിക്കുന്ന ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണത്തിന്, ഭൗതികസമ്പത്തുകളെക്കുറിച്ചു ചിന്തിക്കുക. വളരെ വിലകൂടിയ ഒരു കാറോ വീടോ ഇലക്ട്രോണിക് ഉപകരണമോ വാങ്ങുന്നത് ഭൗതികകാര്യങ്ങളിൽ കൂടുതൽ ആസക്തരാകാൻ നിങ്ങളെ പ്രലോഭിപ്പിക്കുന്നുവെങ്കിൽ, അതു വാങ്ങുന്നത് ഒഴിവാക്കണം. മനോഹരമായ വസ്തുക്കളോട് ആളുകൾക്ക് ആകർഷണം തോന്നുന്നു. എന്നാൽ അത്തരം വസ്തുക്കൾ സ്വന്തമാക്കുന്നത് നിങ്ങളുടെ ആത്മാവിനെ വിശുദ്ധിയിലേക്കു വളരാൻ സഹായിക്കുന്നുണ്ടോ? നല്ല വസ്തുക്കൾ സ്വന്തമാക്കുകയും അതേസമയം അവയോട് ആത്മീയമായി അനാസക്തരായിരിക്കുകയും ചെയ്യാൻ കഴിയുമെന്ന് ഒരാൾ വാദിച്ചേക്കാം. എന്നാൽ അതനുസരിച്ചു ജീവിക്കുക പ്രയാസമാണ്. നമ്മുടെ ഭൗതികസമ്പത്തുകൾ എത്രയധികം ആഡംബരപൂർണമാകുന്നുവോ, അത്രയധികം നമ്മുടെ സന്തോഷത്തിനായി അവയെ ആശ്രയിക്കാൻ നാം പ്രലോഭിതരാകും. അതിനാൽ, ആഡംബരത്തിൽ ജീവിക്കാൻ തിരഞ്ഞെടുക്കുന്നതിനെക്കാൾ ലളിതമായി ജീവിക്കാൻ തിരഞ്ഞെടുക്കുന്നതാണ് മിക്കവാറും എല്ലായ്പോഴും നിങ്ങളുടെ ആത്മാവിനു നല്ലത്. പ്രലോഭനത്തിനു കാരണമായേക്കാവുന്ന മറ്റെന്തിനും ഈ പ്രബോധനം ബാധകമാണ്.

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്കു പാപസാഹചര്യമായി മാറിയിട്ടുള്ള കാര്യങ്ങളെയോ വ്യക്തികളെയോ കുറിച്ച് ഇന്നു വിചിന്തനം ചെയ്യുക. പ്രലോഭനത്തെ കൈകാര്യം ചെയ്യാൻ നിങ്ങൾക്കു കഴിയുമെന്നു വിശ്വസിച്ച് സ്വയം വഞ്ചിക്കരുത്. നിങ്ങളുടെ ജീവിതത്തിൽ നിരന്തരം പ്രലോഭനത്തിനു കാരണമാകുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ, നിങ്ങൾ അത് നീക്കിക്കളയേണ്ടതുണ്ട്. തീവ്രമായ ദൃശ്യങ്ങളിലൂടെ യേശു നൽകുന്ന ഈ പ്രബോധനത്തെക്കുറിച്ചു ധ്യാനിക്കുകയും അതു നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുക. നിങ്ങളെ പാപത്തിലേക്കു നയിക്കുന്നവ തിരിച്ചറിഞ്ഞ്, വളരെ ദൃഢനിശ്ചയത്തോടെ അവ നീക്കിക്കളയുക.

വിട്ടുവീഴ്ചയില്ലാത്ത എന്റെ കർത്താവേ, അങ്ങയുടെ എല്ലാ മക്കളെയും വിശുദ്ധിയും പൂർണതയുമുള്ള ഒരു ജീവിതത്തിലേക്ക് അങ്ങ് വിളിക്കുന്നു. എന്റെ ജീവിതത്തിലെ എല്ലാ പാപസാഹചര്യങ്ങളും ഒഴിവാക്കാൻ കഴിയത്തക്കവിധം അങ്ങയുടെ പ്രബോധനങ്ങളെ ഗൗരവമായി സ്വീകരിക്കാൻ എന്നെ സഹായിക്കണമേ. ഈ പ്രലോഭനങ്ങളെ തിരിച്ചറിയാനുള്ള കണ്ണുകളും എന്റെ സർവശക്തിയോടുംകൂടെ അവയെ നിരസിക്കാനുള്ള ധൈര്യവും എനിക്കുണ്ടാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പ്രധാനദൂതന്മാരുടെ തിരുനാളായ സെപ്റ്റംബർ 29-ന് ലഭ്യമാകും!

ഇന്നത്തെ വിശുദ്ധർ – പ്രധാനദൂതന്മാരായ വിശുദ്ധ മിഖായേൽ, ഗബ്രിയേൽ, റഫായേൽ
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനക്രമത്തിലെ അനുസ്മരണമായി ആഘോഷിക്കുന്നില്ല

ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നൊവേന – ചെറുപുഷ്പം
എട്ടാം ദിവസം- സെപ്റ്റംബർ 29

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ – പ്രധാനദൂതന്മാരായ വിശുദ്ധ മിഖായേൽ, ഗബ്രിയേൽ, റഫായേൽ
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനക്രമത്തിലെ അനുസ്മരണമായി ആഘോഷിക്കുന്നില്ല

തിരഞ്ഞെടുപ്പിനും രാജ്യത്തിനും വേണ്ടിയുള്ള പ്രാർഥനകൾ
സെപ്റ്റംബർ 3 – നവംബർ 4 വരെ ഒൻപത് ആഴ്ച നീളുന്ന നൊവേന

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ഗലീലി കടലിൽ ഒരു വള്ളത്തിലിരുന്ന് പ്രസംഗിക്കുന്ന യേശുക്രിസ്തു ചിത്രം: Fulcanelli, Adobe വഴി