മലയാളം

അടയാളങ്ങളുടെ പുസ്തകം

2025 ജനുവരി 19
ആണ്ടുവട്ടക്കാലത്തിലെ രണ്ടാം ഞായർ, സി വർഷം
ഇന്നത്തെ വായനകൾ

ചിത്രം: ദിമിത്രിസ് വെത്സികാസ് ഉറവിടം: Pixabay

വീഡിയോ

യേശു തന്റെ അടയാളങ്ങളുടെ ആരംഭമായി ഗലീലിയിലെ കാനായിൽ ഇത് പ്രവർത്തിച്ച് തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിക്കാൻ തുടങ്ങി. യോഹന്നാൻ 2:11

യോഹന്നാന്റെ സുവിശേഷത്തെ പൊതുവെ നാല് ഭാഗങ്ങളായി തിരിക്കാറുണ്ട്: ആമുഖം, അടയാളങ്ങളുടെ പുസ്തകം, മഹത്വത്തിന്റെ പുസ്തകം, ഉപസംഹാരം (ഇതിൽ ഉത്ഥിതനായ യേശു ഗലീലിയിൽ പ്രത്യക്ഷപ്പെടുന്നത് വിവരിക്കുന്നു). ഇന്നത്തെ സുവിശേഷം അടയാളങ്ങളുടെ പുസ്തകത്തിന്റെ ആരംഭഭാഗത്തുനിന്നുള്ളതാണ്. ഈ ഭാഗം 1:19-ൽ ആരംഭിച്ച് 12-ാം അധ്യായംവരെ നീളുന്നു. ഇതിൽ യേശു പ്രവർത്തിച്ച ഏഴ് അത്ഭുതങ്ങളായ ഏഴ് “അടയാളങ്ങൾ” യോഹന്നാൻ അപ്പസ്തോലൻ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. ഓരോ അടയാളത്തിനും യേശുവിന്റെ ദൈവത്വവും ദൗത്യവും വെളിപ്പെടുത്തുന്ന ആഴമേറിയ ആത്മീയ അർഥമുണ്ട്. പലവിധത്തിൽ, അടയാളങ്ങളുടെ പുസ്തകം മുഴുവനും മഹത്വത്തിന്റെ പുസ്തകത്തിനായി നമ്മെ ഒരുക്കുന്നു. അതിൽ യേശുവിന്റെ മഹത്വത്തിന്റെ “മണിക്കൂർ” എന്നത് അവിടുന്ന് കുരിശാകുന്ന തന്റെ മഹത്വപൂർണമായ സിംഹാസനം സ്വീകരിക്കുന്നതുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അങ്ങനെ, എല്ലാവരുടെയും രക്ഷയ്ക്കായി സ്വന്തം ജീവൻ അർപ്പിക്കുന്ന “ദൈവത്തിന്റെ കുഞ്ഞാട്” എന്ന നിലയിലുള്ള തന്റെ ദൗത്യം അവിടുന്ന് പൂർത്തിയാക്കുകയും മുറിവേറ്റ തന്റെ പാർശ്വത്തിൽനിന്ന് കൃപയും കരുണയും ഒഴുക്കുകയും ചെയ്യുന്നു.

യോഹന്നാന്റെ സുവിശേഷത്തിൽ യേശു പ്രവർത്തിക്കുന്ന ഏഴ് അടയാളങ്ങളിൽ ആദ്യത്തേത് കാനായിലെ വിവാഹവിരുന്നിൽ വെള്ളം വീഞ്ഞാക്കി മാറ്റുന്നതാണ്. അതാകട്ടെ, അതിസമൃദ്ധമായ അളവിലായിരുന്നു! വക്കുവരെ വെള്ളം നിറച്ചിരുന്ന ആറ് കൽഭരണികളിലെ വെള്ളം 180 ഗാലനോളം ഏറ്റവും വിശിഷ്ടമായ വീഞ്ഞായി മാറി. യേശു പറയുന്നതെല്ലാം ചെയ്യാൻ പരിചാരകരോടു പറഞ്ഞ അവിടുത്തെ അമ്മയുടെ അഭ്യർഥനപ്രകാരമാണ് വെള്ളം വീഞ്ഞാക്കി മാറ്റിയത്.

വിസ്മയകരമായ ഈ അത്ഭുതത്തിൽ തീർച്ചയായും ധ്യാനിക്കാൻ ഏറെയുണ്ട്. ഈ അടയാളങ്ങളിൽ ആദ്യത്തേത് വായിക്കാൻ തുടങ്ങുമ്പോൾ നാം പ്രത്യേകം പരിഗണിക്കേണ്ട ഒരു കാര്യമുണ്ട്: വരാനിരിക്കുന്ന കൃപയുടെയും മഹത്വത്തിന്റെയും “മണിക്കൂറിനായി” തന്റെ ശിഷ്യന്മാരെ ഒരുക്കാനാണ് യേശു തന്റെ അത്ഭുതങ്ങൾ ഉപയോഗിക്കുന്നത്. യേശുവിന്റെ ആ മണിക്കൂർ ചരിത്രത്തിൽ ഇതിനകം സംഭവിച്ചുകഴിഞ്ഞെങ്കിലും, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ആ മണിക്കൂറിനായി ഒരുങ്ങുന്ന പ്രക്രിയയിലൂടെ നാം കടന്നുപോകേണ്ടതുണ്ടെന്ന് മനസ്സിലാക്കണം. ക്രിസ്തുവിനെയും കുരിശിൽ അവിടുന്ന് നമുക്കായി നേടിത്തന്ന സകല കൃപകളും സ്വീകരിക്കാൻ ഇടയാക്കുന്ന മഹത്വത്തിന്റെ ആ മണിക്കൂറിനായി നമ്മെ നിരന്തരം ഒരുക്കാൻ നാം അവിടുത്തെ അനുവദിക്കണം. യോഹന്നാന്റെ സുവിശേഷത്തിൽ അവതരിപ്പിച്ചിരിക്കുന്നതുപോലെതന്നെ ഈ ഒരുക്കം നമ്മുടെ ജീവിതത്തിലും നടക്കും. കുരിശിൽ അവിടുന്ന് നൽകിയതെല്ലാം സ്വീകരിക്കാൻ ശിഷ്യന്മാരെ ഒരുക്കുന്നതിനായാണ് യേശുവിന്റെ ഏഴ് അടയാളങ്ങൾ, അവിടുത്തെ അത്ഭുതപ്രവൃത്തികൾ, നടന്നത്. യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്ന ഈ അടയാളങ്ങളെക്കുറിച്ച് വർഷം മുഴുവൻ പ്രാർഥനാപൂർവം വിചിന്തനം ചെയ്യുക മാത്രമല്ല, നമ്മുടെ കർത്താവ് നമ്മിൽ ഓരോരുത്തർക്കും വ്യക്തിപരമായി നൽകുന്ന അനേകം അടയാളങ്ങൾക്കായി നാം ശ്രദ്ധിക്കുകയും വേണം.

കാനായിലെ വിവാഹവിരുന്നിൽ പങ്കെടുത്തവർ യേശുവിന്റെ അത്ഭുതം കണ്ട് വിസ്മയഭരിതരായതുപോലെ, നമ്മുടെ ജീവിതത്തിലെ അവിടുത്തെ പ്രവർത്തനത്തിൽ നിരന്തരം വിസ്മയഭരിതരാകാൻ നാമും നമ്മെത്തന്നെ അനുവദിക്കണം. വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏഴ് അടയാളങ്ങളും അവയെക്കുറിച്ചുള്ള നമ്മുടെ ആത്മീയ ധ്യാനത്തിന്റെ ഫലവും വഴികാട്ടുന്ന പ്രകാശദീപങ്ങളാകണം. നമ്മുടെ കർത്താവിനെ കൂടുതൽ പൂർണമായി അറിയാനും മഹത്വപൂർണമായ അവിടുത്തെ കുരിശിലൂടെ നേടിത്തന്ന കൃപ സ്വീകരിക്കാനും അവ നമ്മെ ഒരുക്കണം.

യേശുവിന്റെ അടയാളങ്ങളിൽ ആദ്യത്തേതായ ഇതിനെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ ജീവിതത്തിൽ അവിടുത്തെ കൃപ കൂടുതൽ പൂർണമായി സ്വീകരിക്കാൻ നിങ്ങളെത്തന്നെ ഒരുക്കുന്നതിനുള്ള ഒരു മാർഗമായി ഈ സംഭവത്തെക്കുറിച്ച് ധ്യാനിക്കാൻ ശ്രമിക്കുക. ഈ അത്ഭുതത്തിന്റെ അതിസമൃദ്ധിയെക്കുറിച്ച് ചിന്തിക്കുക. ദൈവം നിങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്ന കൃപയുടെ അതിസമൃദ്ധിയിലേക്കാണ് അത് വിരൽചൂണ്ടുന്നതെന്ന വസ്തുത ധ്യാനിക്കുക. യേശുവിന്റെ പ്രിയപ്പെട്ട അമ്മയുടെ മാധ്യസ്ഥത്തിലൂടെയാണ് അത് സംഭവിച്ചതെന്ന വസ്തുതയെക്കുറിച്ചും വിചിന്തനം ചെയ്യുക. അവൾ നിങ്ങളുടെ ആവശ്യങ്ങളും മുൻകൂട്ടി മനസ്സിലാക്കുകയും മാതൃഹൃദയത്തോടെ നിങ്ങൾക്കായി പ്രാർഥിക്കുകയും ചെയ്യും. ദൈവത്തിന്റെ സമൃദ്ധമായ മഹത്വത്തിൽ കൂടുതൽ പൂർണമായി പങ്കുചേരാൻ കഴിയേണ്ടതിന് ഈ ഭാഗത്തിലെ മനോഹരമായ അർഥവും പ്രതീകാത്മകതയും ധ്യാനിക്കുക.

മഹത്വപൂർണനായ എന്റെ കർത്താവേ, പാപമോചനത്തിനായി അങ്ങ് കുരിശിൽ സ്വന്തം ജീവൻ ബലിയർപ്പിച്ച മണിക്കൂറിനുള്ള ഒരുക്കമായിരുന്നു അങ്ങയുടെ ഭൗമികജീവിതം മുഴുവനും. അങ്ങയെ കൂടുതൽ പൂർണമായി സ്വീകരിക്കാനും, അങ്ങേക്കും സ്നേഹത്തിന്റെ പൂർണമായ ബലിയിലൂടെ അങ്ങ് എനിക്കു നൽകിയ സകലത്തിനുമായി എന്റെ ഹൃദയം തുറക്കാനും എന്നെ നിരന്തരം ഒരുക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജീവനുവേണ്ടിയുള്ള ഒൻപതു ദിവസത്തെ നൊവേന

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയ്ക്കുള്ള വായനകളുടെ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.