മലയാളം

സംഘർഷങ്ങൾ പരിഹരിക്കൽ

2025 ഫെബ്രുവരി 28
ആണ്ടുവട്ടത്തിലെ ഏഴാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

ജേക്കബ് ജോർഡൻസ്, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

യേശു യൂദയാ പ്രദേശത്തേക്കും ജോർദാന്റെ മറുകരയിലേക്കും വന്നു. ജനക്കൂട്ടങ്ങൾ വീണ്ടും അവന്റെ ചുറ്റും ഒരുമിച്ചുകൂടി; പതിവുപോലെ അവൻ വീണ്ടും അവരെ പഠിപ്പിച്ചു. ഫരിസേയർ അവനെ സമീപിച്ചു ചോദിച്ചു: “ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?” അവർ അവനെ പരീക്ഷിക്കുകയായിരുന്നു. മർക്കോസ് 10:1–2

മുകളിൽ കാണുന്ന വൈരുധ്യം ശ്രദ്ധിക്കുക. യേശുവിന്റെ വാക്കുകൾ കേൾക്കാനാണ് ജനക്കൂട്ടങ്ങൾ അവനു ചുറ്റും കൂടിയത്. വ്യക്തമായും, അവർ വിശ്വാസത്തിലേക്കു വരികയായിരുന്നു. എന്നാൽ ഫരിസേയർ യേശുവിന്റെ അടുക്കൽ വന്നത് അവനെ പരീക്ഷിക്കാനായിരുന്നു. അവർ വിശ്വാസത്തോടെയല്ല വന്നത്; അസൂയയും ഈർഷ്യയും നിറഞ്ഞ മനസ്സോടെയാണ് വന്നത്. അവനെ കെണിയിൽപ്പെടുത്താൻ അവർ അപ്പോഴേക്കും ശ്രമിച്ചുതുടങ്ങിയിരുന്നു. അവർ ഉന്നയിച്ചത് കുതന്ത്രം നിറഞ്ഞ ഒരു ചോദ്യമായിരുന്നു; നമ്മുടെ കർത്താവുമായി ആത്മാർഥമായി സംവദിക്കാനുള്ള ശ്രമമായിരുന്നില്ല അത്. യേശു ആ ചോദ്യത്തിന് എങ്ങനെ ഉത്തരം നൽകിയാലും ചിലർക്ക് അതിൽ നീരസം തോന്നുമെന്ന് അവർ കരുതി. അനേകർ യേശുവിന്റെ അടുക്കലേക്ക് ഒഴുകിയെത്തിയിരുന്നതിനാൽ, പ്രശ്നങ്ങൾ ഇളക്കിവിടാൻ ഫരിസേയർ ഒരുങ്ങിനിന്നു. കൂടാതെ, യേശു മോശയുടെ നിയമത്തെ എതിർക്കുന്നുവെന്ന് തെളിയിക്കാനായി അവന്റെ ഉത്തരത്തിൽ കുറ്റം കണ്ടെത്താനും അവർ ആഗ്രഹിച്ചു. എന്നാൽ യേശുവിന്റെ ഉത്തരം തികച്ചും ഉചിതമായിരുന്നു.

യേശുവിന്റെ ഉത്തരത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഏറെ പറയാനുണ്ട്. വിവാഹബന്ധത്തിന്റെ അവിച്ഛേദ്യതയെ അവൻ വ്യക്തമായി പിന്തുണയ്ക്കുന്നു. “ദൈവം യോജിപ്പിച്ചതിനെ ഒരു മനുഷ്യനും വേർപെടുത്തരുത്” എന്ന് അവൻ പറയുന്നു. അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ അവൾക്കെതിരേ വ്യഭിചാരം ചെയ്യുന്നു; ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരുവനെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു.” വിവാഹമോചനത്തിന്റെ വേദന അനുഭവിച്ചവർ നമ്മുടെ കർത്താവിന്റെ ഈ പ്രബോധനം പ്രാർഥനാപൂർവം വിചിന്തനം ചെയ്യേണ്ടത് പ്രധാനമാണ്. വിവാഹബന്ധം സാധുവാണോ അസാധുവാണോ എന്ന് നിർണയിക്കാൻ കഴിയേണ്ടതിന്, സത്യത്തിന്റെ വെളിച്ചത്തിൽ വിവാഹത്തെ പരിശോധിക്കാനായി സഭാ കോടതിയുമായി സഹകരിക്കേണ്ടതും പ്രധാനമാണ്. അതോടൊപ്പം, ജനക്കൂട്ടങ്ങളും ഫരിസേയരും യേശുവിനെ സമീപിച്ച രീതികൾ, ദൈവവുമായുള്ള ആശയവിനിമയത്തെക്കുറിച്ചു മാത്രമല്ല, പരസ്പരമുള്ള ആശയവിനിമയത്തെക്കുറിച്ചും പ്രധാനപ്പെട്ട ഒരു പാഠം നമ്മെ പഠിപ്പിക്കുന്നു. ദമ്പതികൾ പഠിക്കേണ്ട ഒരു സുപ്രധാന പാഠമാണിത്.

ആശയവിനിമയത്തിൽ നിങ്ങൾ സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച് ചിന്തിക്കുക. മറ്റൊരാളുമായുള്ള ഭിന്നത നിങ്ങളെ വിഷമിപ്പിക്കുമ്പോൾ, അത് എങ്ങനെയാണ് നിങ്ങൾ പരിഹരിക്കുന്നത്? നിങ്ങളുടെ ചോദ്യങ്ങളും ആശങ്കകളും ജീവിതപങ്കാളിയുടെ മുമ്പിൽ എങ്ങനെയാണ് അവതരിപ്പിക്കുന്നത്? കേൾക്കാനും മനസ്സിലാക്കാനുമാണ് ജനക്കൂട്ടങ്ങൾ യേശുവിന്റെ അടുക്കൽ വന്നത്. യേശു ആരാണെന്നതിനെക്കുറിച്ച് കൂടുതൽ ആഴമായ അറിവ് അവർക്ക് ലഭിച്ചു; ഇങ്ങനെ വിശ്വാസമെന്ന ദാനമായിരുന്നു അവരുടെ പ്രതിഫലം. എന്നാൽ ഫരിസേയർ യേശുവിന്റെ അടുക്കൽ വന്നത് അവനിൽ കുറ്റം കണ്ടെത്താനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു. നമ്മുടെ കർത്താവിനോട് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത് വിഡ്ഢിത്തമാണെന്ന് വ്യക്തമാണെങ്കിലും, മറ്റൊരാളോട്, പ്രത്യേകിച്ച് ജീവിതപങ്കാളിയോട്, അങ്ങനെ പെരുമാറുന്നതും വിഡ്ഢിത്തമാണ്.

നിങ്ങളുടെ ചോദ്യങ്ങളും ആശങ്കകളുമായി മറ്റുള്ളവരെ എങ്ങനെ സമീപിക്കുന്നു എന്ന് ചിന്തിക്കാൻ, മുകളിൽ വിവരിച്ച ജനക്കൂട്ടങ്ങളുടെയും ഫരിസേയരുടെയും സമീപനങ്ങൾ സഹായകമാക്കുക. എന്തെങ്കിലും ഭിന്നതയോ തെറ്റിദ്ധാരണയോ ഉണ്ടാകുമ്പോൾ, വിഷയം മനസ്സിലാക്കാനും പരിഹരിക്കാനും ആഗ്രഹിച്ചുകൊണ്ട് തുറന്ന മനസ്സോടും ഹൃദയത്തോടുമാണോ നിങ്ങൾ സമീപിക്കുന്നത്? അതോ, മറ്റേയാളെ കെണിയിൽപ്പെടുത്താനും കുറ്റം കണ്ടെത്താനുമായി കുതന്ത്രം ഒളിഞ്ഞിരിക്കുന്ന ഒരു ചോദ്യവുമായാണോ നിങ്ങൾ വരുന്നത്? ഏതൊരു സംഭാഷണത്തിന്റെയും ലക്ഷ്യം മറ്റേയാളെ കെണിയിൽപ്പെടുത്തുകയോ കുറ്റം കണ്ടെത്തുകയോ ചെയ്യാതെ, അയാളെ മനസ്സിലാക്കുക എന്നതു മാത്രമായിരുന്നെങ്കിൽ, ജീവിതത്തിൽ മറ്റുള്ളവരുമായുള്ള, പ്രത്യേകിച്ച് ദമ്പതികൾ തമ്മിലുള്ള, അനേകം ഭിന്നതകൾ പരിഹരിക്കാനാകുമായിരുന്നു. പലർക്കും ഇത് ചെയ്യാൻ പ്രയാസമാണ്; ഏറെ എളിമയും തുറന്ന മനസ്സും ഇതിന് ആവശ്യമാണ്.

ഇപ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഏതെങ്കിലും ബന്ധത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. പ്രത്യേകിച്ച്, ആ വ്യക്തിയുമായുള്ള ആശയവിനിമയത്തിൽ നിങ്ങളുടെ സമീപനം ജനക്കൂട്ടങ്ങളുടേതിനോടാണോ അതോ ഫരിസേയരുടേതിനോടാണോ കൂടുതൽ സാമ്യമുള്ളതെന്ന് ചിന്തിക്കുക. തുറന്നതും സത്യസന്ധവുമായ ആശയവിനിമയം തേടുന്ന സമീപനത്തിന് നിങ്ങളെത്തന്നെ സമർപ്പിക്കുക. ഈ പ്രതിബദ്ധത യഥാർഥ പരിഹാരവും സമാധാനവും ഐക്യവും കൊണ്ടുവരുന്നതായി നിങ്ങൾ കണ്ടെത്തും.

സകല സത്യത്തിന്റെയും നാഥനായ കർത്താവേ, എന്റെ ഉള്ളിലെ ഓരോ ചോദ്യത്തിനും സംഘർഷത്തിനും പരിഹാരം തേടി, ആത്മാർഥതയോടും സത്യസന്ധതയോടും വിനയത്തോടുംകൂടെ ഞാൻ എപ്പോഴും അങ്ങയുടെ അടുക്കൽ വരണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. ഇതേ ആഴത്തിലുള്ള ആശയവിനിമയത്തോടെ മറ്റുള്ളവരെ സമീപിക്കാൻ അങ്ങ് എന്നെ വിളിക്കുന്നു. മനസ്സിനും ഹൃദയത്തിനും സമാധാനം നൽകുന്ന ഐക്യവും സത്യവും എപ്പോഴും തേടാനുള്ള കൃപ എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

വിശുദ്ധ കുർബാനയ്ക്കായി തിരഞ്ഞെടുക്കാവുന്ന വായനകൾ


  Subscribe to our YouTube channel  
  to be notified about new content.