ഏപ്രിൽ 7, 2025
നോമ്പുകാലം അഞ്ചാം വാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ഡി ലാ സാൽ, വൈദികൻ—ഐച്ഛിക അനുസ്മരണം
ജെയിംസ് ടിസോ, പൊതുസഞ്ചയം, Wikimedia Commons വഴി
എന്നാൽ ആരും അവനെ പിടികൂടിയില്ല; കാരണം, അവന്റെ സമയം ഇനിയും വന്നിരുന്നില്ല. യോഹന്നാൻ 8:20
യേശു ഒരിക്കൽക്കൂടി ഫരിസേയരെ നേരിട്ട് അഭിമുഖീകരിച്ചതിനുശേഷം, ഇന്നത്തെ സുവിശേഷത്തിന്റെ അവസാനത്തിലാണ് ഈ ചെറിയ വാക്യം വരുന്നത്. പിതാവുമായുള്ള തന്റെ ഐക്യത്തെക്കുറിച്ചും ഈ ഐക്യം നിമിത്തം തനിക്കുള്ള ശക്തിയെയും അധികാരത്തെയും കുറിച്ചുമുള്ള സത്യം പറഞ്ഞുകൊണ്ടാണ് ഈ സാഹചര്യത്തിൽ അവിടുന്ന് അവരെ നേരിടുന്നത്. ഫരിസേയർ അവിടുത്തെ എതിർക്കാനും വെല്ലുവിളിക്കാനും ശ്രമിക്കുന്നു. എന്നാൽ അവിടുന്ന് വ്യക്തമായ ഭാഷയിൽ അവരോട് തിരിച്ച് സത്യം പറയുന്നു. യേശുവിന്റെ വാക്കുകളോടുള്ള അവരുടെ പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും, എന്തു പറയണമെന്ന് അവർക്ക് അറിയില്ലെന്നും അവർ സംശയത്തോടെ തുടരുകയും യേശുവിനെ കുടുക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നും വ്യക്തമാണ്.
യേശുവിന്റെ “സമയം ഇനിയും വന്നിരുന്നില്ല” എന്നതിനാൽ, ഫരിസേയരുടെയോ മറ്റാരുടെയെങ്കിലുമോ ദുഷ്ടതയ്ക്ക് ആത്യന്തികമായി വിജയിക്കാനാവില്ലെന്ന അഗാധമായ സത്യം മുകളിൽ ഉദ്ധരിച്ച വാക്യം നമുക്ക് വെളിപ്പെടുത്തുന്നു. എന്താണ് ഇതിന്റെ അർത്ഥം? ഈ വാക്യത്തിൽനിന്ന് നാം ഉൾക്കൊള്ളേണ്ട രണ്ടു സത്യങ്ങൾ ഇതാ.
ഒന്നാമതായി, ദൈവത്തിന്റെ തിരുഹിതത്തെ കീഴടക്കാൻ ദുഷ്ടതയ്ക്കു കഴിയില്ല. ആ സമയത്ത് യേശുവിനെ പിടികൂടാൻ പിതാവായ ദൈവം അനുവദിച്ചില്ലാത്തതിനാൽ, ദുഷ്ടലക്ഷ്യങ്ങളുണ്ടായിരുന്നവർക്ക് അതു ചെയ്യാൻ കഴിഞ്ഞില്ല. സത്യത്താൽ ഫരിസേയരെ വെല്ലുവിളിച്ചുകൊണ്ട് വ്യക്തമായും പരസ്യമായും സംസാരിക്കാൻ യേശുവിനു കഴിഞ്ഞു; അതു തടയാൻ അവർക്ക് ഒന്നും ചെയ്യാനായില്ല. അവിടുത്തെ വാക്കുകൾ അവരുടെ ഹൃദയത്തിൽ തറച്ചുകയറിയെങ്കിലും, അവ കേൾക്കുകയും നമ്മുടെ കർത്താവിനോടുള്ള കോപത്തിലും പിടിവാശിയിലും വളരുകയും ചെയ്യുന്നതിലപ്പുറം അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ അവിടുത്തെ ഉപദ്രവിക്കാൻ അവർക്ക് കഴിഞ്ഞില്ല. മറ്റുള്ളവരുടെ ദുഷ്ടതപോലും ആത്യന്തികമായി ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്നും, അത്തരമൊരു കാര്യം സംഭവിക്കാൻ അനുവദിക്കുന്നതിൽ കൂടുതൽ മഹത്തായ ഒരു ലക്ഷ്യം അവിടുന്ന് കാണുമ്പോൾ മാത്രമേ ദുഷ്ടത വിജയിക്കുന്നതുപോലെ കാണപ്പെടാൻ അവിടുന്ന് അനുവദിക്കൂ എന്നും ഇത് കാണിക്കുന്നു.
രണ്ടാമതായി, യേശു പാപികളായ മനുഷ്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടുന്ന ഒരു “സമയം” വരാനിരിക്കുന്നുവെന്ന് ഇത് വെളിപ്പെടുത്തുന്നു. എന്നാൽ യോഹന്നാന്റെ സുവിശേഷത്തിൽ, ഈ സമയം യേശുവിന് ലജ്ജയുടെയും അപമാനത്തിന്റെയും സമയമല്ല; മറിച്ച്, പാപത്തിന്മേലും മരണത്തിന്മേലുമുള്ള സമ്പൂർണ്ണ വിജയത്തിന്റെ സമയമാണ്. ലൗകികമായ കാഴ്ചപ്പാടിൽ, അവിടുന്ന് പിടിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കുരിശിലേറ്റപ്പെടുകയും ചെയ്യുന്ന സമയം പൊതുജനങ്ങളുടെ മുമ്പിൽ യേശുവിന് ഭീകരതയുടെയും അപമാനത്തിന്റെയും സമയമായി കാണപ്പെടുന്നുവെന്ന് നമുക്കറിയാം. അവിടുന്ന് തോൽക്കുകയും ഫരിസേയർ ജയിക്കുകയും ചെയ്തതുപോലെ തോന്നുന്നു. എന്നാൽ ഏക സത്യമായ കാഴ്ചപ്പാടായ ദൈവത്തിന്റെ കാഴ്ചപ്പാടിൽ, യേശു മഹത്വപൂർണ്ണമായി വിജയിക്കുന്നു. വാസ്തവത്തിൽ, ഈ സമയത്ത് യേശു സഹിച്ച പീഡകളിലൂടെ അവിടുത്തെ മഹത്വീകരണത്തിനുള്ള ഉപകരണമായി ഫരിസേയരുടെ ദുഷ്ടത മാറാൻ പിതാവ് ആത്യന്തികമായി അനുവദിക്കുന്നു. ദൈവിക കാഴ്ചപ്പാടിൽ, അവിടുത്തെ സമയം പരാജയത്തിന്റെ സമയമായിത്തീരുന്നില്ല; മറിച്ച്, അന്തിമവിജയത്തിന്റെ സമയമായിത്തീരുന്നു.
വരാനിരിക്കുന്ന യേശുവിന്റെ സമയത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നാം ഉടൻതന്നെ വിശുദ്ധവാരത്തിന്റെ മഹിമകളിലേക്ക് പ്രവേശിക്കും. സങ്കൽപ്പിക്കാവുന്നതിൽവച്ച് ഏറ്റവും ക്രൂരമായ പീഡനവും മരണവും അനുഭവിക്കാൻ യേശുവിനെ പിതാവ് അനുവദിച്ചുവെന്ന സത്യം നാം ഒരിക്കൽക്കൂടി ധ്യാനിക്കും. അവിടുന്ന് പിടിക്കപ്പെട്ടത് പ്രത്യക്ഷത്തിൽ ഉളവാക്കുന്ന ഇടർച്ചയെയും അക്കാലത്തെ ദുഷ്ടരായ നേതാക്കളുടെ വിജയം എന്ന മിഥ്യാഭാസത്തെയും നമുക്ക് അഭിമുഖീകരിക്കേണ്ടിവരും. എന്നാൽ അവരുടെ വിജയം ഒരു മിഥ്യാഭാസം മാത്രമാണ്; കാരണം, അത് അനുവദിച്ച പിതാവിന്റെ തിരുഹിതത്തിന് മറ്റു ലക്ഷ്യങ്ങളുണ്ടായിരുന്നു. യേശുവിന്റെ സമയത്തിന്റെ ഈ വാർഷികാചരണത്തിനായി ഒരുക്കം തുടങ്ങുക; തികഞ്ഞ ആത്മവിശ്വാസത്തോടും വിശ്വാസത്തോടുംകൂടെ അതിലേക്കു പ്രവേശിക്കുക.
മഹത്വപൂർണ്ണനായ എന്റെ കർത്താവേ, അങ്ങയുടെ ജ്ഞാനത്തെയും ശക്തിയെയും പ്രതി ഞാൻ അങ്ങയെ മഹത്വപ്പെടുത്തുകയും സ്വർഗ്ഗസ്ഥനായ പിതാവിന്റെ പരിപൂർണ്ണമായ തിരുഹിതത്തിൽ ആനന്ദിക്കുകയും ചെയ്യുന്നു. വീണ്ടെടുപ്പിന്റെയും രക്ഷയുടെയും ദൗത്യവുമായി പിതാവ് അങ്ങയെ അയയ്ക്കുകയും ഒടുവിൽ പീഡകൾ സഹിച്ച് മരിക്കാൻ അങ്ങയെ അനുവദിക്കുകയും ചെയ്തു. എന്നാൽ ഈ സഹനത്തിലൂടെ അവിടുന്ന് മരണത്തിന്മേലും സകല തിന്മകളിന്മേലും അന്തിമവിജയം കൈവരിച്ചു. ഈ സത്യം പൂർണ്ണഹൃദയത്തോടെ അറിയാനും വിശ്വസിക്കാനും എനിക്ക് വിശ്വാസം നൽകണമേ. പ്രിയ കർത്താവേ, വരാനിരിക്കുന്ന ഈ വിശുദ്ധവാരത്തെ അനുഗ്രഹിക്കുകയും അങ്ങയുടെ മഹത്വപൂർണ്ണമായ വിജയത്തിൽ ആനന്ദിക്കാൻ എന്നെ അനുവദിക്കുകയും ചെയ്യണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇരുപത്തൊൻപതാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ഡി ലാ സാൽ, വൈദികൻ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





