മലയാളം

സ്നേഹത്തോടെ കുരിശിനരികിൽ നിൽക്കുക

ഏപ്രിൽ 18, 2025

കർത്താവിന്റെ പീഡാനുഭവത്തിന്റെ ദുഃഖവെള്ളി (വർഷം C)

ഇന്നത്തെ വായനകൾ

വിശുദ്ധവാരത്തിനായി കൂടുതൽ

ചിത്രം Adobe Stock വഴി

വീഡിയോ

യേശുവിന്റെ കുരിശിനരികിൽ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേന മറിയവും നിന്നിരുന്നു. തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അവിടെ നിൽക്കുന്നതു കണ്ടപ്പോൾ യേശു അമ്മയോടു പറഞ്ഞു: “സ്ത്രീയേ, ഇതാ, നിന്റെ മകൻ.” പിന്നെ അവൻ ശിഷ്യനോടു പറഞ്ഞു: “ഇതാ, നിന്റെ അമ്മ.” ആ സമയം മുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ സ്വീകരിച്ചു. യോഹന്നാൻ 19:25–27

ഈ നോമ്പുകാലത്ത്, കുരിശിന്റെ ചുവട്ടിൽ നിൽക്കുന്ന യേശുവിന്റെ അമ്മയുടെ മനോഹരമായ ചിത്രം ധ്യാനിക്കാൻ നിങ്ങൾ സമയം ചെലവഴിച്ചിട്ടുണ്ടെങ്കിൽ, ദുഃഖവെള്ളിയാഴ്ച അവൾക്കുണ്ടായ മാതൃസ്നേഹത്തെയും അനുഭവത്തെയും കുറിച്ച് നിങ്ങൾക്ക് അൽപമെങ്കിലും ഉൾക്കാഴ്ച ലഭിച്ചിട്ടുണ്ടാകും. അവസാനംവരെ അവൾ വിശ്വസ്തയായിരുന്നു. ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി തന്റെ ദൈവപുത്രൻ അർപ്പിച്ച ബലിമരണത്തിലേക്കു നോക്കിക്കൊണ്ട് കുരിശിന്റെ ചുവട്ടിലല്ലാതെ മറ്റൊരിടത്തും അവൾ നിൽക്കുമായിരുന്നില്ല.

കുരിശിലേക്കു നോക്കാൻ നമുക്കു സ്വീകരിക്കാവുന്ന എല്ലാ കാഴ്ചപ്പാടുകളിലും ഏറ്റവും ഉത്തമമായത് യേശുവിന്റെ സ്വന്തം അമ്മയുടെ കാഴ്ചപ്പാടാണ്. പടയാളികൾ നമ്മുടെ കർത്താവിനെ പരിഹസിച്ചുകൊണ്ട് അവിടെ നിന്നു; ഒരുപക്ഷേ ചിലർ ആശയക്കുഴപ്പത്തിലായിരുന്നു, മറ്റു ചിലർക്ക് യേശുവിനോടു സഹതാപംപോലും തോന്നിയിരിക്കാം. നിയമജ്ഞരും ഫരിസേയരും തങ്ങൾ നീതിമാന്മാരാണെന്ന ഭാവത്തോടെ അവജ്ഞയോടെ നോക്കിനിന്നു; അവരുടെ വെറുപ്പും അസൂയയും കൂടുതൽ രൂക്ഷമായി. അപ്പസ്തോലന്മാരിൽ ഭൂരിഭാഗവും ഓടിപ്പോയിരുന്നു; അവരിൽ ഒരാൾ യേശുവിനെ ഒറ്റിക്കൊടുക്കുകയും മറ്റൊരാൾ നമ്മുടെ കർത്താവിനെ അറിയുകപോലുമില്ലെന്ന് നിഷേധിക്കുകയും ചെയ്തു. എന്നാൽ യേശുവിന്റെ സ്വന്തം അമ്മ, മറ്റു ചില വിശുദ്ധ സ്ത്രീകളോടും പ്രിയശിഷ്യനായ യോഹന്നാനോടുമൊപ്പം, യേശുവിന്റെ ഹൃദയത്തിന് ആശ്വാസം പകർന്നുകൊണ്ട് സ്നേഹത്തോടെ അവിടെ നിന്നു.

കുരിശിന്റെ ചുവട്ടിൽ അമ്മയും പുത്രനും തമ്മിൽ പങ്കുവെച്ച സ്നേഹത്തിന് മറിയത്തിന്റെ ഹൃദയത്തിൽ രണ്ടു ഭാവങ്ങളുണ്ടായിരുന്നു. പുത്രനോടുള്ള അവളുടെ സ്നേഹം അവനോടുള്ള അചഞ്ചലമായ വിശ്വസ്തതയുടെ പ്രകടനമായിരുന്നു. അത് എല്ലാ ഭയവും അകറ്റി. അതിന്റെ ശ്രദ്ധ മുഴുവനും അവനിൽ മാത്രമായിരുന്നു. അത് അവളുടെ സർവസ്വത്തെയും ആവേശിച്ചിരുന്നു. പുത്രനോടുള്ള ഈ സ്നേഹം പങ്കുവെച്ചുകൊണ്ട് അവൾ യഥാർഥമായും അവനെ ആശ്വസിപ്പിച്ചു. ധ്യാനിക്കേണ്ട സുപ്രധാനമായ ഒരു വസ്തുതയാണിത്. യേശു ദൈവപുത്രനായിരുന്നതിനാൽ, ആ നിമിഷത്തിൽ അമ്മയുടെ സ്നേഹം നൽകുന്ന മാനുഷികമായ ആശ്വാസം അവന് ആവശ്യമായിരുന്നില്ല. എന്നാൽ മനുഷ്യനായിത്തീർന്നതിലൂടെ അവളുടെ സ്നേഹം സ്വീകരിക്കാൻ യേശു തിരഞ്ഞെടുത്തു. അങ്ങനെ സ്വീകരിച്ചുകൊണ്ട്, തന്റെ മാനുഷികഹൃദയത്തെ ആശ്വസിപ്പിക്കാൻ അവളുടെ മാനുഷികസ്നേഹത്തെ അവൻ അനുവദിച്ചു. ആശ്വാസദായകവും അചഞ്ചലവുമായ ഈ സ്നേഹം മാനുഷികസ്നേഹത്തിന്റെ പൂർണത വെളിപ്പെടുത്തി.

കുരിശിന്റെ ചുവട്ടിൽ അമ്മയും പുത്രനും തമ്മിൽ പങ്കുവെച്ച സ്നേഹത്തിന്റെ രണ്ടാമത്തെ ഭാവം യേശു തന്റെ അമ്മയ്ക്കു നൽകിയ സ്നേഹമായിരുന്നു. അതിന്റെ അന്തഃസത്ത രക്ഷ എന്ന ദാനമായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം, അവന്റെ കുരിശിന്റെ കൃപ കാലത്തെ അതിലംഘിച്ച് അവൾ ഉത്ഭവിച്ച നിമിഷത്തിലേക്കെത്തുകയും അവളെ ഉത്ഭവപാപത്തിൽനിന്ന് സ്വതന്ത്രയാക്കുകയും ചെയ്തു. കുരിശിലെ യേശുവിന്റെ സ്നേഹം, കഴിഞ്ഞകാലത്തിലേക്കു പ്രവർത്തിച്ചുകൊണ്ട്, അവളെ അമലോത്ഭവയാക്കി മാറ്റുകയും യേശുവിനെ തന്റെ പുത്രനായി മാത്രമല്ല, തന്റെ രക്ഷകനായും അറിയാൻ അവളെ പ്രാപ്തയാക്കുകയും ചെയ്തു. മാനുഷികമായ അവസ്ഥയിൽ കഴിയുന്ന അവളെ പരിപാലിക്കാനുള്ള അവന്റെ അചഞ്ചലമായ പ്രതിബദ്ധതയിലും, കുരിശിലെ ആ നിമിഷത്തിൽ യേശുവിനുണ്ടായിരുന്ന സ്നേഹം പ്രകടമാകുന്നു. സ്വന്തം അമ്മയെപ്പോലെ അവളെ പരിപാലിക്കാൻ അവൻ അവളെ യോഹന്നാനെ ഏൽപിച്ചു. അങ്ങനെ ചെയ്തുകൊണ്ട്, അവളോടൊപ്പം കുരിശിന്റെ ചുവട്ടിൽ നിൽക്കുന്ന നമുക്കെല്ലാവർക്കും അവൻ അവളെ നമ്മുടെ സ്വന്തം ആത്മീയമാതാവായി നൽകി.

ദൈവത്തിന്റെ സ്നേഹം മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കുരിശിന്റെ ചുവട്ടിൽ അമ്മയും പുത്രനും തമ്മിൽ പങ്കുവെച്ച ഈ നിഷ്കളങ്കവും പൂർണവുമായ സ്നേഹത്തിനപ്പുറം മറ്റൊന്നും അന്വേഷിക്കേണ്ടതില്ല. പ്രത്യേകിച്ച് ഇന്ന്, അപ്പസ്തോലനായ യോഹന്നാനോടൊപ്പം നിന്ന്, അമ്മയും പുത്രനും പങ്കുവെക്കുന്ന ഈ സ്നേഹത്തിലേക്കു നോക്കാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നു. അവരോടൊപ്പം നിൽക്കാനും സ്നേഹത്തിന്റെ ഈ വിശുദ്ധമായ പരസ്പരദാനത്തിൽ പങ്കുചേരാനും നിങ്ങൾക്കുള്ള ഒരു ക്ഷണമായാണ് യോഹന്നാൻ അവിടെ നിൽക്കുന്നത്.

ഈ സ്നേഹത്തിനു സാക്ഷ്യം വഹിക്കുമ്പോൾ, നിങ്ങളുടെ സ്വന്തം ജീവിതത്തെക്കുറിച്ചും ഇത്തരമൊരു സ്നേഹത്തിൽ പങ്കുചേരാൻ നിങ്ങൾക്ക് എന്തൊക്കെ ആവശ്യമാണെന്നതിനെക്കുറിച്ചും ചിന്തിക്കുക. നിങ്ങൾക്കാവശ്യമായ ധൈര്യവും ശക്തിയും പരിഗണിക്കുക. നിങ്ങളെ ഉപദ്രവിച്ച എല്ലാവരോടും ക്ഷമിക്കാനുള്ള കഴിവ്. എല്ലാ കയ്പിൽനിന്നുമുള്ള സ്വാതന്ത്ര്യം. അചഞ്ചലമായ പ്രതിബദ്ധത. പൂർണമായ വാത്സല്യം. കുരിശിനരികിൽ അമ്മയുടെയും പുത്രന്റെയും ഹൃദയങ്ങളിൽ ഉണ്ടായിരുന്ന ഇവയും മറ്റു നിരവധി ഗുണങ്ങളും നിങ്ങൾക്കു നൽകാൻ ദൈവം ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ എല്ലാ ബന്ധങ്ങളിലും ഈ ഗുണങ്ങൾ നിങ്ങൾ കൊണ്ടുവരണമെന്ന് അവൻ ആഗ്രഹിക്കുന്നു. ഈ സ്നേഹത്തിന്റെ പൂർണത നിങ്ങളിലേക്കു വരണമെന്നും ഈ സ്നേഹം നിങ്ങൾ എപ്പോഴും പ്രകടിപ്പിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു.

ഇന്ന്, ഈ ദുഃഖവെള്ളിയാഴ്ചയിൽ, ഈ അമ്മയും ഈ പുത്രനും തമ്മിലുള്ള സ്നേഹത്തിന്റെ അതിപരിശുദ്ധമായ ഈ ദൃശ്യത്തെക്കുറിച്ച് ധ്യാനിക്കുക. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ സ്വന്തം ജീവിതത്തെ പരിശോധിക്കാൻ ശ്രമിക്കുക. ഈ അമ്മയുടെയും പുത്രന്റെയും അനേകം സദ്ഗുണങ്ങളെ നോക്കിക്കാണുമ്പോൾ, സദ്ഗുണങ്ങളിൽ നിങ്ങൾ എങ്ങനെയെല്ലാം വളരേണ്ടതുണ്ടെന്ന് ആ നോട്ടം നിങ്ങൾക്കു വെളിപ്പെടുത്തിത്തരട്ടെ. ദൈവമാതാവ് ഇപ്പോൾ നിങ്ങളുടെ അമ്മയാണ്; ദൈവപുത്രൻ ഇപ്പോൾ നിങ്ങളുടെ രക്ഷകനുമാണ്. അവരോടു സംസാരിക്കുക, അവരെ ശ്രവിക്കുക, അവരെ സ്നേഹിക്കുക. അവരുടെ സ്നേഹം സ്വീകരിക്കാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും കഴിയേണ്ടതിന്, അവരുടെ ഹൃദയങ്ങളിൽനിന്ന് ഒഴുകുന്ന സ്നേഹം നിങ്ങളുടെ ഹൃദയത്തിലേക്കും ആഴ്ന്നിറങ്ങാൻ അനുവദിക്കുക.

മരണാസന്നനായ എന്റെ കർത്താവേ, ലോകത്തിന്റെ രക്ഷയ്ക്കായി അങ്ങ് മനുഷ്യമരണത്തെ സ്വമനസ്സാ ആശ്ലേഷിച്ചു. ലോകം അറിഞ്ഞിട്ടുള്ളതിൽവച്ച് ഏറ്റവും മഹത്തായ സ്നേഹപ്രവൃത്തിയായിരുന്നു അത്. അങ്ങ് കുരിശിൽ അതിവേദനയോടെ തൂങ്ങിക്കിടന്നപ്പോൾ, അമലോത്ഭവയായ അങ്ങയുടെ പ്രിയമാതാവ് അങ്ങയുടെ സ്നേഹം അതിന്റെ പൂർണ്ണതയിൽ സ്വീകരിച്ചുകൊണ്ടും വേദനിക്കുന്ന അങ്ങയുടെ ആത്മാവിനെ ആശ്വസിപ്പിക്കാൻ തന്റെ സ്നേഹം അർപ്പിച്ചുകൊണ്ടും അങ്ങയുടെ അരികിൽ നിന്നു. എന്നെ ആ സ്നേഹത്തിലേക്ക് അടുപ്പിക്കണമേ. അത് സ്വീകരിക്കാൻ മാത്രമല്ല, ആവശ്യമുള്ള എല്ലാവർക്കും പകർന്നുനൽകാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മുപ്പത്തൊൻപതാം ദിവസം ധ്യാനചിന്തകൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശരികിൽ 40 ദിനങ്ങൾ

ഒന്നാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ദൈവകരുണയുടെ നൊവേനയുടെ ആദ്യദിവസമാണ് ദുഃഖവെള്ളി

വിശുദ്ധവാരത്തിനായി കൂടുതൽ

കർത്താവിന്റെ പീഡാനുഭവത്തിന്റെ ദുഃഖവെള്ളി

ദുഃഖവെള്ളിക്കായുള്ള പ്രാർത്ഥനാധ്യാനം

കുരിശിന്റെ വഴി

ജപമാല – ദുഃഖത്തിന്റെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥ വചനങ്ങളോടെ)

ദുഃഖവെള്ളിക്കായുള്ള വായന

ഇന്നു നീ എന്നോടുകൂടെ ആയിരിക്കും
വിശുദ്ധവാര കവിത

എഫേസോസിലെ കർഷകന്റെ പ്രാർത്ഥന
വിശുദ്ധവാര കവിത

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

ക്രൂശിതരൂപത്തിനു മുമ്പിലുള്ള പ്രാർത്ഥന

സമർപ്പണപ്രാർത്ഥന

പൂർണ സമർപ്പണത്തിന്റെ പ്രാർത്ഥന

ശുദ്ധീകരണസ്ഥലത്തിലുള്ളവർക്കുവേണ്ടിയുള്ള പ്രാർത്ഥന

ദൈവത്തോടുള്ള കൂടുതൽ ആഴമായ സ്നേഹം

മനഃസാക്ഷി പരിശോധന

മറ്റൊരാളോടു ക്ഷമിക്കാനുള്ള കരുണയ്ക്കായി ഒരു ചെറിയ ജപമാല

എളിമയുടെ ലുത്തിനിയ

ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ

വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ ലുത്തിനിയ

ദൈവകരുണയിൽ ആശ്രയിക്കുക

കരുണയുടെ വർഷത്തിനായുള്ള പ്രാർഥന

ദൈവകരുണയുടെ ജപമാല

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.