ഏപ്രിൽ 19, 2025
ഗ്വെർചീനോ, പൊതുസഞ്ചയത്തിൽ, Wikimedia Commons വഴി
ലോകരക്ഷകൻ കുരിശിൽ ക്രൂരമായ മരണം വരിച്ചു. അവിടുത്തെ തകർന്ന ശരീരം കല്ലറയിൽ അടക്കം ചെയ്യപ്പെട്ടു. അവിടുത്തെ ശിഷ്യന്മാർ ചിതറിപ്പോയി; അടുത്തത് തങ്ങളായിരിക്കുമെന്ന ഭയം അവരെ പിടികൂടി. എന്നാൽ തന്റെ പുത്രൻ ഉടൻ ഉയിർത്തെഴുന്നേൽക്കുമെന്ന പൂർണമായ പ്രത്യാശയോടെ നമ്മുടെ പരിശുദ്ധ അമ്മ ജാഗരണമനുഷ്ഠിച്ചു.
പാരമ്പര്യമനുസരിച്ച്, സഭാവർഷത്തിലെ ശനിയാഴ്ചകൾ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവർ ഭയവും ആശയക്കുഴപ്പവും നിറഞ്ഞവരായിരുന്നപ്പോൾ, പരിശുദ്ധ മറിയം ദുഃഖശനിയാഴ്ച യേശുവിന്റെ ഉത്ഥാനം പ്രാർഥനാപൂർവം പ്രതീക്ഷിച്ചുകൊണ്ട് ജാഗരണമനുഷ്ഠിച്ചു എന്ന വിശ്വാസമാണ് ഈ പുരാതന പാരമ്പര്യം വളർന്നുവരാനുള്ള കാരണങ്ങളിലൊന്ന്. തന്റെ പുത്രൻ ഉയിർത്തെഴുന്നേൽക്കുമെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. എല്ലാ പ്രത്യാശകൾക്കും അതീതമായ പ്രത്യാശ അമ്മയ്ക്കുണ്ടായിരുന്നു. അമ്മയുടെ വിശ്വാസം ഉറച്ചതായിരുന്നു. പുത്രന്റെ മടങ്ങിവരവിനായി കാത്തിരുന്ന അമ്മയെ സ്നേഹം ജാഗരൂകയാക്കി നിലനിർത്തി.
ഉത്ഥാനത്തിനുശേഷം യേശു ആദ്യം പ്രത്യക്ഷപ്പെട്ടത് സ്വന്തം അമ്മയ്ക്കാണെന്ന അഭിപ്രായം അനേകം നൂറ്റാണ്ടുകളായി നിലനിൽക്കുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇത് വിശ്വസിച്ചിരുന്നു. ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസും ഇത് വിശ്വസിച്ചിരുന്നു. നൂറ്റാണ്ടുകളിലുടനീളം മറ്റു പലരും ഈ വിശ്വാസം പങ്കുവെച്ചിരുന്നു.
ഈ കാരണങ്ങളാൽ, നമ്മുടെ പരിശുദ്ധ അമ്മയുടെ ധ്യാനനിരതമായ ഹൃദയത്തെക്കുറിച്ച് ധ്യാനിക്കാൻ ഏറ്റവും അനുയോജ്യമായ ദിവസമാണ് ദുഃഖശനി. പരിശുദ്ധ മറിയം തന്റെ പുത്രന്റെ ജീവിതത്തിലെ രഹസ്യങ്ങൾ ഹൃദയത്തിൽ ധ്യാനിച്ചിരുന്നതായി വിശുദ്ധ ലിഖിതത്തിൽ പല സന്ദർഭങ്ങളിലും നാം വായിക്കുന്നു. അവിടുത്തെ പീഡാനുഭവത്തിലും മരണത്തിലും അവിടുത്തോടൊപ്പം നിന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു അമ്മ. കുരിശിനു മുമ്പിൽ നിന്നുകൊണ്ട് അവിടുത്തെ പരിപൂർണ ബലിയെക്കുറിച്ച് അമ്മ പ്രാർഥനാപൂർവം ധ്യാനിച്ചു. അവിടുത്തെ മൃതശരീരം കരങ്ങളിൽ വഹിച്ചുകൊണ്ട്, അവിടുത്തെ ആത്മാവ് എവിടേക്കാണ് പോയതെന്ന് പരിശുദ്ധ അമ്മ ചിന്തിച്ചു. ഇന്ന്, അവിടുന്ന് ഉടൻ തന്റെ അടുക്കലേക്കു മടങ്ങിവരുന്നതിനെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് അമ്മ ജാഗരണമനുഷ്ഠിക്കുന്നു.
അമ്മയുടെ ധ്യാനനിരതമായ ഹൃദയത്തെക്കുറിച്ച് ധ്യാനിക്കുക. നിങ്ങളുടെ ഹൃദയത്തെ അമ്മയുടെ ഹൃദയത്തോട് ഒന്നിപ്പിക്കാൻ ശ്രമിക്കുക. അമ്മ എന്താണ് ചിന്തിച്ചിരുന്നതെന്നും എന്താണ് പ്രത്യാശിച്ചിരുന്നതെന്നും മനസ്സിലാക്കാൻ ശ്രമിക്കുക. ദുഃഖഭരിതമായ ഈ ദിവസം അമ്മ അനുഭവിച്ച വികാരങ്ങൾ അനുഭവിക്കാൻ ശ്രമിക്കുക. അമ്മയുടെ വിശ്വാസവും ആശ്രയബോധവും ആനന്ദപൂർണമായ പ്രതീക്ഷയും അനുഭവിക്കാൻ ശ്രമിക്കുക.
ഈ ലോകത്തിൽ അനേകർ നിരാശയിലും ആശയക്കുഴപ്പത്തിലും കഴിയുന്നു. തങ്ങളെ കാത്തിരിക്കുന്ന പുതുജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ അനേകർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. തന്റെ ഉത്ഥാനത്തിലേക്ക് തങ്ങളെ നയിക്കാൻ ദൈവത്തെ അനുവദിക്കാതെ, അനേകർ തങ്ങളുടേതായ രീതിയിലുള്ള ആന്തരിക മരണത്തിൽ കഴിയുന്നു. ആ ആദ്യ ദുഃഖശനിയാഴ്ച നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ അത്രമേൽ സജീവമായിരുന്ന പ്രത്യാശ ഇന്ന് അനേകർക്കും ആവശ്യമാണ്.
ഈ ദിവസം നിശ്ശബ്ദതയിൽ ദുഃഖശനിയുടെ യാഥാർഥ്യത്തെക്കുറിച്ച് ധ്യാനിക്കുക. നമ്മുടെ പരിശുദ്ധ അമ്മയുടെ മഹിമാപൂർണമായ ഹൃദയം നിങ്ങൾക്കു പ്രചോദനമാകാനും, വിശ്വാസവും പ്രത്യാശയും സ്നേഹവും നിറഞ്ഞ അമ്മയുടെ ജീവിതത്തിലേക്ക് നിങ്ങളെ കൂടുതൽ ആഴത്തിൽ നയിക്കാനും അനുവദിക്കുക.
ഏറ്റവും പ്രിയപ്പെട്ട പരിശുദ്ധ മറിയമേ, ആ ആദ്യ ദുഃഖശനിയാഴ്ച അങ്ങ് അങ്ങയുടെ പുത്രനുവേണ്ടി ജാഗരണമനുഷ്ഠിച്ചു. പ്രത്യാശയെന്ന ദൈവികദാനം അങ്ങയിൽ വളരാൻ അങ്ങ് അനുവദിച്ചു; കുരിശിന്റെ ഭീകരതയ്ക്കിടയിൽ ആ പ്രത്യാശ അങ്ങയുടെ ശക്തിയാകാനും അങ്ങ് അനുവദിച്ചു. ഈ ഭൗമികജീവിതത്തിലെ വെല്ലുവിളികൾ സഹിക്കുമ്പോൾ ഞാനും പ്രത്യാശയാൽ നിറയേണ്ടതിന്, ഇന്ന് അങ്ങയുടെ മനോഹരമായ ഹൃദയത്തെക്കുറിച്ച് ധ്യാനിക്കാൻ എനിക്കുവേണ്ടി പ്രാർഥിക്കണമേ. നമ്മുടെ കർത്താവ് എനിക്കു നൽകാൻ അതിയായി ആഗ്രഹിക്കുന്ന പുതുജീവിതത്തിന്റെ കൃപയ്ക്കായി ഞാൻ കാത്തിരിക്കുമ്പോൾ, ആനന്ദപൂർണമായ പ്രതീക്ഷയുള്ള ഒരു ഹൃദയം എനിക്കു നൽകണമേ. പരിശുദ്ധ മറിയമേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നാൽപ്പതാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
രണ്ടാം ദിനം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കമായി നൊവേന
ദുഃഖശനിക്കായുള്ള പ്രാർഥനാധ്യാനം
ജപമാല – ദുഃഖത്തിന്റെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥ വചനങ്ങളോടെ)
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





