ഏപ്രിൽ 20, 2025
ചിത്രം Adobe Stock വഴി
സാബത്തിനുശേഷം, ആഴ്ചയുടെ ഒന്നാം ദിവസം പുലരുമ്പോൾ, മഗ്ദലേന മറിയവും മറ്റേ മറിയവും കല്ലറ കാണാൻ വന്നു. അപ്പോൾ ഇതാ, വലിയൊരു ഭൂകമ്പമുണ്ടായി; കർത്താവിന്റെ ഒരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന്, അടുത്തുചെന്ന് കല്ല് ഉരുട്ടിമാറ്റി അതിന്മേൽ ഇരുന്നു. അവന്റെ രൂപം മിന്നൽപോലെയും വസ്ത്രം മഞ്ഞുപോലെ വെളുത്തതുമായിരുന്നു. അവനെക്കുറിച്ചുള്ള ഭയംകൊണ്ട് കാവൽക്കാർ വിറയ്ക്കുകയും മരിച്ചവരെപ്പോലെയാകുകയും ചെയ്തു. മത്തായി 28:1–4
മനുഷ്യചരിത്രത്തിലെ ഏറ്റവും നിർണായകമായ നിമിഷങ്ങളിൽ ദൈവദൂതന്മാർ സന്നിഹിതരായിരുന്നു. പഴയനിയമത്തിൽ ദൈവദൂതന്മാരെക്കുറിച്ച് അനേകം പരാമർശങ്ങളുണ്ട്. പുതിയനിയമത്തിൽ, ലോകരക്ഷകന്റെ മനുഷ്യാവതാരം അറിയിച്ചത് ഒരു പ്രധാനദൂതനായിരുന്നു. അവിടുത്തെ ജനനസമയത്ത് അസംഖ്യം ദൈവദൂതന്മാർ സന്നിഹിതരായിരുന്നു. വ്യത്യസ്തമായ നാല് അവസരങ്ങളിൽ ഒരു ദൂതൻ വിശുദ്ധ യൗസേപ്പിനോട് സംസാരിച്ചു. യേശു തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുകയും മരുഭൂമിയിൽ പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുകയും ചെയ്തപ്പോൾ, സ്വർഗത്തിൽനിന്നുള്ള ദൂതന്മാർ അവിടുത്തെ ശുശ്രൂഷിക്കാൻ വന്നു. യേശു ഏകാന്തതയിൽ പ്രാർഥിച്ചപ്പോൾ, പ്രത്യേകിച്ച് തോട്ടത്തിലെ പ്രാണവേദനയുടെ സമയത്ത്, ദൈവദൂതന്മാർ അവിടുത്തെ ആശ്വസിപ്പിച്ചു. ശൂന്യമായ കല്ലറയിൽ, നമ്മുടെ കർത്താവ് ഉയിർത്തെഴുന്നേറ്റു എന്ന സദ്വാർത്ത ആദ്യം അറിയിച്ചത് ഒരു ദൂതനായിരുന്നു. കാലത്തിന്റെ അവസാനത്തിൽ ദൈവത്തിന്റെ നീതി നടപ്പാക്കുന്നതും ദൈവദൂതന്മാരായിരിക്കും.
ശൂന്യമായ കല്ലറയിൽ മഗ്ദലേന മറിയത്തിനും മറ്റേ മറിയത്തിനും ദൈവദൂതൻ നൽകിയതായി ഇന്നു നാം കേൾക്കുന്ന അഭിവാദനം നമ്മെ ഒരു കാര്യം പഠിപ്പിക്കണം: ഉയിർപ്പിന്റെ സന്ദേശം നമുക്ക് പഠിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങളിൽ ഒന്നാണ്. മാത്രമല്ല, ഈ വിശുദ്ധ സ്ത്രീകൾക്ക് നൽകിയ ദൂതന്റെ സന്ദേശം അവർക്കുവേണ്ടി മാത്രമായിരുന്നില്ല; അത് ഇന്ന് നമ്മോടും പറയപ്പെടുന്നു.
സമ്പൂർണമായ ശക്തിയും വിശുദ്ധിയും വെളിപ്പെടുത്തുന്ന രൂപത്തിലാണ് ദൂതൻ പ്രത്യക്ഷപ്പെട്ടത്. മിന്നലിന്റെ വേഗത്തിൽ അവൻ എത്തി. സ്വർഗീയപ്രകാശത്താൽ അവന്റെ മുഖം തിളങ്ങിയിരുന്നു. അവൻ ആ വലിയ കല്ല് തൽക്ഷണം മാറ്റി അതിന്മേൽ ഇരുന്നുകൊണ്ട്, ഈ വിശുദ്ധ സ്ത്രീകൾക്ക് ശൂന്യമായ കല്ലറ കാണിച്ചുകൊടുത്തു. ഇന്ന്, നമുക്ക് വിശ്വാസത്തിന്റെ കണ്ണുകളുണ്ടെങ്കിൽ, ഈ സ്ത്രീകൾക്കു ലഭിച്ചതുപോലെ സ്വർഗത്തിൽനിന്നുള്ള ഒരു ആന്തരിക വെളിപ്പെടുത്തൽ നമുക്കും ലഭിക്കും. അവർ കണ്ടത് നമ്മുടെ കണ്ണുകൾകൊണ്ട് കാണുകയില്ലെങ്കിലും, അവരോടു പറഞ്ഞതെല്ലാം വിശ്വാസത്തിലൂടെ നാം കാണുകയും കേൾക്കുകയും ചെയ്യും.
ക്രിസ്തുവിന്റെ ഉയിർപ്പിന്റെ സന്ദേശം ഇന്ന് നിങ്ങളോട് പറയപ്പെടുന്നു. നിങ്ങൾ അത് കേൾക്കുന്നുണ്ടോ? സ്വർഗത്തിൽനിന്നുള്ള ഈ ദൂതന്റെ സ്വരം നിങ്ങൾ ഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾ ആദ്യം കേൾക്കുന്നത് “ഭയപ്പെടേണ്ടാ!” എന്ന വാക്കുകളായിരിക്കും. നമ്മുടെ ജീവിതത്തിൽ ദൈവവചനം സ്വീകരിക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സങ്ങളിൽ ഒന്നാണ് ഭയം. ദുഷ്ടൻ ഭയം വിതയ്ക്കുന്നു; ദൈവദൂതന്മാർ അത് അകറ്റുന്നു. അതിനാൽ, ദൈവവചനം സ്വീകരിക്കാനുള്ള നിങ്ങളുടെ കഴിവിനെ ഭയം മങ്ങലേൽപ്പിക്കുന്നുണ്ടോ എന്നു പരിശോധിച്ചുകൊണ്ട് ആരംഭിക്കുക.
തുടർന്ന് ദൂതൻ പറഞ്ഞു: “ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ സ്ത്രീകൾ ഉയിർപ്പിനെക്കുറിച്ച് ഇനിയും മനസ്സിലാക്കിയിരുന്നില്ല. അവർ അപ്പോഴും നമ്മുടെ കർത്താവിന്റെ മൃതശരീരമാണ് അന്വേഷിച്ചുകൊണ്ടിരുന്നത്. അതുപോലെ, നാമും പലപ്പോഴും നമ്മുടെ നഷ്ടങ്ങളിലും സഹനങ്ങളിലും പരീക്ഷണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തത്ഫലമായി, നമ്മുടെ ജീവിതത്തിലെ കുരിശുകളെ രൂപാന്തരപ്പെടുത്തി അവയിൽനിന്ന് ഉയിർപ്പിന്റെ മഹിമ ഉളവാക്കാൻ നമ്മുടെ കർത്താവ് ആഗ്രഹിക്കുന്ന വഴികൾ തിരിച്ചറിയാൻ നമുക്ക് ബുദ്ധിമുട്ടുണ്ടായേക്കാം. തുടർന്ന് ദൂതൻ പറഞ്ഞു: “അവൻ ഇവിടെയില്ല; താൻ പറഞ്ഞതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു.” നമ്മുടെ ജീവിതത്തിലെ ഓരോ കുരിശിനെയും രൂപാന്തരപ്പെടുത്താൻ നാം ദൈവത്തെ അനുവദിക്കുമ്പോൾ, അവയിൽനിന്ന് ദൈവം ഉളവാക്കുന്ന പുതുജീവന് വഴിമാറിക്കൊടുത്തുകൊണ്ട് ആ കുരിശുകളും സഹനങ്ങളും അപ്രത്യക്ഷമാകുന്നു.
ഒടുവിൽ ദൂതൻ സ്ത്രീകളോടു പറയുന്നു: “അവൻ കിടന്ന സ്ഥലം വന്നുകാണുക. പിന്നെ വേഗം ചെന്ന് അവന്റെ ശിഷ്യന്മാരോട്, ‘അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു…’ എന്ന് പറയുക.” ക്രിസ്തുവിന്റെ മരണത്തിലും ഉയിർപ്പിലും നാം വിശ്വസിക്കാൻ തുടങ്ങുമ്പോൾ, ആ വിശ്വാസം നമ്മിൽത്തന്നെ ഒതുക്കിവയ്ക്കാൻ കഴിയില്ല. നാം പുറപ്പെട്ടുചെന്ന് ക്രിസ്തുവിന്റെ ഉയിർപ്പ് മറ്റുള്ളവരോട് പ്രഘോഷിക്കണം. അത് ഒതുക്കിവയ്ക്കാനാവില്ല.
അത്യന്തം മഹിമാപൂർണവും വിസ്മയഭരിതവുമാക്കുന്ന, ജീവിതത്തെ മാറ്റിമറിക്കുന്ന ക്രിസ്തുവിന്റെ ഉയിർപ്പിന്റെ സന്ദേശത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഈ സന്ദേശം നിങ്ങൾക്കു മനസ്സിലാകുന്നില്ലെന്നു തോന്നുന്നെങ്കിൽ, ഈ ഉയിർപ്പുകാലം നിങ്ങൾക്ക് പ്രധാനപ്പെട്ട ഒരു സമയമാണ്. നിങ്ങളുടെ ചിന്തയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഏതൊരു ഭയവും അകറ്റാനുള്ള സമയമായിരിക്കണം ഇത്. വിശ്വാസത്തോടെ അതീവ ശ്രദ്ധയോടെ കേൾക്കുന്ന സമയമായിരിക്കണം ഇത്. പാപത്തിന്റെയും മരണത്തിന്റെയും മേലുള്ള തന്റെ മഹിമാപൂർണമായ വിജയത്തെക്കുറിച്ച് ദൈവം നിങ്ങളോടു സംസാരിക്കുന്നതു കേൾക്കുന്ന സമയമായിരിക്കണം ഇത്. ഉയിർപ്പിന്റെ രഹസ്യത്തിലേക്ക് നിങ്ങൾ കൂടുതൽ ആഴത്തിൽ പ്രവേശിക്കുന്ന സമയമായിരിക്കണം ഇത്. പുറപ്പെട്ടുചെന്ന് ആ സന്ദേശം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങൾ സ്വയം വീണ്ടും സമർപ്പിക്കുന്ന സമയവുമായിരിക്കണം ഇത്. ദൈവദൂതന്മാരെ ശ്രവിക്കുക. അവരുടെ സന്ദേശം സ്വീകരിക്കുകയും ക്രിസ്തുവിന്റെ ഉയിർപ്പ് നിങ്ങളുടെ ജീവിതത്തെ എന്നേക്കുമായി മാറ്റിമറിക്കാൻ അനുവദിക്കുകയും ചെയ്യുക.
ദൈവത്തിന്റെ അതിവിശുദ്ധരായ മാലാഖമാരേ, എന്റെ അടുക്കൽ വരണമേ, എന്നോടു സംസാരിക്കണമേ, ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ അതിമഹത്തായ സന്ദേശം എനിക്കു വെളിപ്പെടുത്തിത്തരണമേ. കർത്താവേ, എന്റെ ഹൃദയം എല്ലാ ഭയങ്ങളിൽനിന്നും വിമുക്തമാകാനും, അങ്ങ് എനിക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാൻ എന്റെ മനസ്സ് തുറക്കപ്പെടാനും ഞാൻ പ്രാർഥിക്കുന്നു. അങ്ങയുടെ ഉത്ഥാനത്തിന്റെ മഹിമയിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു; പൂർണഹൃദയത്തോടെ വിശ്വസിക്കാനും ആ സത്യം മറ്റുള്ളവരോടു പ്രഘോഷിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മൂന്നാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ഉയിർപ്പുതിരുനാളിനുള്ള പ്രാർഥനാധ്യാനം
ജപമാല – മഹിമയുടെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥഭാഗങ്ങളോടുകൂടെ)
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ
വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ ലുത്തിനിയ
കരുണയുടെ വർഷത്തിനായുള്ള പ്രാർഥന
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





