2026 ഏപ്രിൽ 5
ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ, ഇരുട്ടു മാറുംമുമ്പേ, മഗ്ദലനക്കാരി മറിയം കല്ലറയിലേക്കു വന്നു. കല്ലറയിൽനിന്ന് കല്ല് നീക്കിയിരിക്കുന്നതായി അവൾ കണ്ടു. അതിനാൽ അവൾ ഓടി ശിമയോൻ പത്രോസിന്റെയും യേശു സ്നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി അവരോടു പറഞ്ഞു: “അവർ കർത്താവിനെ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി; അവനെ എവിടെയാണ് വച്ചിരിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല.” യോഹന്നാൻ 20:1–2
നല്ല ഉദ്ദേശ്യങ്ങളുണ്ടായിരുന്നിട്ടും നിങ്ങൾ എപ്പോഴെങ്കിലും എന്തെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടോ? സ്നേഹത്തോടെ പ്രവർത്തിച്ചിട്ടും കാര്യങ്ങൾ തെറ്റിപ്പോകുന്ന നിമിഷങ്ങൾ നമുക്കെല്ലാവർക്കുമുണ്ട്. നമ്മുടെ നല്ല പ്രവൃത്തികൾപോലും അപൂർവമായേ പൂർണതയുള്ളവയാകാറുള്ളൂ.
ആദ്യത്തെ ആ ഉയിർപ്പുഞായറിന്റെ പ്രഭാതത്തിൽ, സൂര്യൻ ഉദിക്കുന്നതിനുമുമ്പ്, മഗ്ദലന മറിയം ഇതിന് ഒരു ഉദാഹരണം നൽകുന്നു. ചില കാര്യങ്ങളിൽ അവൾ ശരിയായ നിലപാടിലായിരുന്നു—യേശുവിനോടുള്ള അവളുടെ സ്നേഹവും ഭക്തിയും ആത്മാർഥമായിരുന്നു—എന്നാൽ താൻ കണ്ടതിന്റെ പൂർണമായ യാഥാർഥ്യം അവൾ അപ്പോഴും മനസ്സിലാക്കിയിരുന്നില്ല. മറ്റു സുവിശേഷങ്ങൾ കല്ലറയിങ്കലുണ്ടായിരുന്ന മറ്റു സ്ത്രീകളെക്കുറിച്ചു പറയുന്നുണ്ടെങ്കിലും യോഹന്നാൻ മറിയത്തിന് പ്രാധാന്യം നൽകുന്നു. ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ അവൾ “നിസ്സംശയമായും ഏറ്റവും തീക്ഷ്ണതയുള്ളവളായിരുന്നു” എന്നതാകാം ഇതിനു കാരണമെന്ന് വിശുദ്ധ അഗസ്തീനോസ് അഭിപ്രായപ്പെടുന്നു.
കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതു കണ്ടപ്പോൾ, ഉടൻ പ്രവർത്തിക്കാൻ മഗ്ദലന മറിയത്തെ അവളുടെ സ്നേഹം പ്രേരിപ്പിച്ചു. അവൾ “സ്നേഹത്തിന്റെ സർവവേഗത്തോടെയും ശിഷ്യന്മാരുടെ അടുത്തേക്ക് ഓടി” എന്ന് വിശുദ്ധ യോഹന്നാൻ ക്രിസോസ്തോം പറയുന്നു. താൻ കണ്ടത് ശിമയോൻ പത്രോസിനെയും യോഹന്നാനെയും അറിയിക്കാൻ അവളുടെ തീക്ഷ്ണത അവളെ പ്രേരിപ്പിച്ചു. കാലതാമസം കൂടാതെ ദൈവത്തെ അന്വേഷിക്കാൻ സ്നേഹം നമ്മെ എങ്ങനെ ഉണർത്തുന്നുവെന്ന് ഇതു കാണിച്ചുതരുന്നു.
ആഴമായ സ്നേഹമുണ്ടായിരുന്നിട്ടും, ശൂന്യമായ കല്ലറയുടെ അർഥം മറിയം തെറ്റിദ്ധരിച്ചു. “അവർ കർത്താവിനെ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി; അവനെ എവിടെയാണ് വച്ചിരിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല” എന്ന അവളുടെ വികാരഭരിതമായ പ്രതികരണം, തനിക്കുമുന്നിൽ അനാവൃതമായിക്കൊണ്ടിരുന്ന രഹസ്യം ഗ്രഹിക്കാൻ അവൾ പാടുപെടുന്നതു വെളിപ്പെടുത്തുന്നു. നമ്മിൽ പലരെയുംപോലെ, ദൈവത്തിലുള്ള ആഴമേറിയ ആശ്രയത്തെക്കാൾ വികാരങ്ങളാണ് അവളെ നയിച്ചിരുന്നത്.
അവളുടെ തെറ്റിദ്ധാരണയിൽ യേശുവിന് തീർച്ചയായും അപ്രീതി തോന്നിയിരുന്നില്ല. എന്തെന്നാൽ, യേശു ആദ്യം പ്രത്യക്ഷപ്പെട്ടത് അവൾക്കാണെന്ന് വിശുദ്ധ ലിഖിതം യോഹന്നാൻ 20:11–17-ൽ വ്യക്തമാക്കുന്നു. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടിയപ്പോൾ, ആദ്യം അവൾ അവനെ തോട്ടക്കാരനായി തെറ്റിദ്ധരിച്ചു. ഉത്ഥാനത്തെക്കുറിച്ചുള്ള അവളുടെ ധാരണ അപ്പോഴും രൂപപ്പെട്ടുവരികയായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, അവളുടെ അപ്പോഴത്തെ അവസ്ഥയിൽ യേശു അവളെ കണ്ടുമുട്ടുകയും കൂടുതൽ ആഴമുള്ള വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തു. നമ്മുടെ വികാരങ്ങൾ നല്ലതാണെങ്കിലും അവ വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെടേണ്ടതുണ്ടെന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു. അങ്ങനെ സ്നേഹം കൂടുതൽ ആഴമുള്ള ആശ്രയത്തിലേക്കും ധാരണയിലേക്കും പക്വത പ്രാപിക്കും.
ഉയിർപ്പുഞായറിന്റെ പ്രഭാതത്തിൽ മഗ്ദലന മറിയത്തിനുണ്ടായ അനുഭവത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നമ്മുടെ ധാരണ അപൂർണമാണെങ്കിലും, അവളെപ്പോലെ തീക്ഷ്ണതയോടെ നമ്മുടെ കർത്താവിനെ അന്വേഷിക്കാൻ നാമും വിളിക്കപ്പെട്ടിരിക്കുന്നു. അവളെപ്പോലെ നമുക്കും വിശ്വസിക്കാം: നാം ആയിരിക്കുന്ന അവസ്ഥയിൽ യേശു നമ്മെ കണ്ടുമുട്ടുകയും സൗമ്യമായി കൂടുതൽ ആഴമുള്ള വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യും. ഉത്ഥാനം ആഘോഷിക്കുന്ന ഈ വേളയിൽ, നിങ്ങളുടെ സ്നേഹം അതിലെ എല്ലാ വികാരങ്ങളോടുംകൂടെ കൃപയാൽ കൂടുതൽ പൂർണമായി ശുദ്ധീകരിക്കപ്പെടാൻ പ്രാർഥിക്കുക. അങ്ങനെ നവമായ ധാരണയോടും സന്തോഷത്തോടുംകൂടെ നിങ്ങൾക്കും ക്രിസ്തുവിനെ കണ്ടുമുട്ടാനാകും.
ഉത്ഥിതനായ എന്റെ കർത്താവേ, ഞാൻ അങ്ങയെ ആഴമായി സ്നേഹിക്കുന്നു. എങ്കിലും അങ്ങയെയും അങ്ങയുടെ തിരുവിഷ്ടത്തെയും കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ എന്റെ സ്നേഹം വിശ്വാസത്താൽ ഇനിയും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ടെന്ന് ഞാൻ ഏറ്റുപറയുന്നു. അങ്ങ് എനിക്കു വെളിപ്പെടുത്തുന്ന അനേകം ദൈവികരഹസ്യങ്ങളെക്കുറിച്ചുള്ള അറിവിൽ ഞാൻ വളരുമ്പോൾ, എന്റെ സ്നേഹവും വളരാൻ സഹായിക്കണമേ. അങ്ങനെ അങ്ങ് എന്നിൽനിന്ന് ആഗ്രഹിക്കുന്ന നിർമലമായ സ്നേഹം കൂടുതൽ പൂർണമായി അനുകരിക്കാൻ എനിക്കു കഴിയട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മൂന്നാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ഉയിർപ്പുതിരുനാളിനുള്ള പ്രാർഥനാധ്യാനം
ജപമാല – മഹിമയുടെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥഭാഗങ്ങളോടുകൂടെ)
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ
വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ ലുത്തിനിയ
കരുണയുടെ വർഷത്തിനായുള്ള പ്രാർഥന
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
വിശുദ്ധ വിൻസെന്റ് ഫെറർ, പുരോഹിതൻ
(ഈ വർഷം ഉയിർപ്പുതിരുനാൾ ദിനത്തിൽ വരുന്നതിനാൽ ആരാധനക്രമത്തിലെ അനുസ്മരണമായി ആഘോഷിക്കുന്നില്ല)






