2025 ഏപ്രിൽ 26
ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാഘോഷത്തിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ
റെംബ്രാന്റ്, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി
ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഉയിർത്തെഴുന്നേറ്റ യേശു ആദ്യം പ്രത്യക്ഷപ്പെട്ടത്, താൻ ഏഴു പിശാചുക്കളെ പുറത്താക്കിയിരുന്ന മഗ്ദലേന മറിയത്തിനാണ്. മർക്കോസ് 16:9
യേശു ആദ്യം പ്രത്യക്ഷപ്പെട്ടതായി വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തി മഗ്ദലേന മറിയമാണ്. യേശു ഏഴു പിശാചുക്കളെ പുറത്താക്കിയത് അവളിൽനിന്നായിരുന്നു എന്നതു ശ്രദ്ധേയമാണ്. ഏഴു പിശാചുക്കൾ ബാധിച്ചിരുന്നു എന്നത് അവൾ പൂർണമായും പിശാചുബാധിതയായിരുന്നു എന്നാണ് പരമ്പരാഗതമായി മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. യേശു അവളെ സ്വതന്ത്രയാക്കുന്നതിനുമുമ്പ്, അവൾ സ്വമേധയാ തിന്മയ്ക്കു കീഴടങ്ങിയതിലൂടെ സാത്താനും അവന്റെ പിശാചുക്കളും അവളുടെ ഇച്ഛാശക്തിയെ പൂർണമായും അധീനപ്പെടുത്തിയിരുന്നു. എന്നിട്ടും, ഇത്ര ഭയാനകമായ ഒരു ഭൂതകാലമുണ്ടായിരുന്ന ആ സ്ത്രീക്കാണ് തന്റെ ആദ്യ പ്രത്യക്ഷീകരണത്തിന്റെ ബഹുമതി നൽകാൻ യേശു തിരഞ്ഞെടുത്തത്. എത്ര വിസ്മയകരമായ കാര്യം!
എല്ലാവർക്കും ഒരു ഭൂതകാലമുണ്ട്. ചിലർ ഗുരുതരമായ പാപങ്ങൾ ചെയ്തവരായിരുന്നു. ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായെപ്പോലുള്ള മറ്റുചിലർ ഒരിക്കലും മാരകപാപം ചെയ്തിട്ടില്ല. വിശുദ്ധ കൊച്ചുത്രേസ്യായുടേതുപോലുള്ള ഒരു ആത്മാവിന്റെ സൗന്ദര്യം തീർച്ചയായും ഏറെ ആദരണീയമാണ്; അത്തരമൊരു ആത്മാവിന് സ്വർഗത്തിൽ വലിയ പ്രതിഫലം ലഭിക്കുകയും ചെയ്യും. എന്നാൽ ഗുരുതരമായ പാപങ്ങൾ ചെയ്ത വ്യക്തിയുടെ കാര്യമോ? മഗ്ദലേന മറിയത്തെപ്പോലെ അത്യന്തം പാപപങ്കിലമായ ജീവിതം നയിച്ചവരുടെ കാര്യമോ? നമ്മുടെ കർത്താവ് അവരെക്കുറിച്ച് എന്താണു ചിന്തിക്കുന്നത്?
ഉത്ഥിതനായ കർത്താവിനെ കണ്ടതായി വിശുദ്ധഗ്രന്ഥത്തിൽ ആദ്യം രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തി മഗ്ദലേന മറിയമാണ് എന്ന വസ്തുത നമ്മോടു പലതും പറയുന്നുണ്ട്: ഗൗരവമേറിയ പാപവുമായി ഏറെ പോരാടിയെങ്കിലും പിന്നീട് ആ പാപത്തെ അതിജീവിച്ച് പൂർണഹൃദയത്തോടെ നമ്മുടെ കർത്താവിലേക്കു തിരിഞ്ഞ ഒരു വ്യക്തിയെ യേശു എങ്ങനെയാണു കാണുന്നത് എന്ന് അതു വെളിപ്പെടുത്തുന്നു. പാപം മനോബലം തകർക്കുന്നു. അതിനെക്കുറിച്ച് പശ്ചാത്തപിക്കാതിരിക്കുമ്പോൾ, അതു വ്യക്തിയുടെ അന്തസ്സും ജീവിതത്തിലെ സമഗ്രതയും നഷ്ടപ്പെടുത്തുന്നു. എന്നാൽ പശ്ചാത്തപിച്ചതിനുശേഷവും ചിലർ അനാരോഗ്യകരമായ കുറ്റബോധവും ലജ്ജയും മൂലം ക്ലേശിച്ചുകൊണ്ടിരിക്കും. ചിലരുടെ കാര്യത്തിൽ, തീക്ഷ്ണതയോടും ഉത്സാഹത്തോടുംകൂടെ നമ്മുടെ കർത്താവിനെ സേവിക്കാൻ തങ്ങൾ യോഗ്യരാണെന്ന ബോധം ഇല്ലാതാക്കി അവരെ നിരുത്സാഹപ്പെടുത്താൻ ദുഷ്ടൻ ഉപയോഗിക്കുന്ന ആയുധമായി ഈ ക്ലേശങ്ങൾ മാറിയേക്കാം.
എന്നാൽ ദൈവത്തിന്റെ മനസ്സിലുള്ള സത്യം ഇതാണ്: പശ്ചാത്തപിക്കുന്ന പാപികൾ നമ്മുടെ കർത്താവിന്റെ ദൃഷ്ടിയിൽ യഥാർഥ രത്നങ്ങളും സൗന്ദര്യമുള്ളവരുമാണ്. ഏറ്റവും വലിയ ബഹുമതികൾക്ക് അവർ അർഹരാണ്. നമ്മുടെ കഴിഞ്ഞകാല പാപങ്ങളിൽ ദൈവം ശ്രദ്ധയൂന്നിയിരിക്കുന്നില്ല. മറിച്ച്, നാം പശ്ചാത്തപിക്കുകയും ക്ഷമിക്കപ്പെടുകയും ചെയ്ത കഴിഞ്ഞകാല പാപങ്ങൾ ദൈവത്തിന്റെ സ്നേഹത്തിന്റെയും കരുണയുടെയും നിത്യമായ അടയാളമായിരിക്കും.
നിങ്ങളുടെ കഴിഞ്ഞകാല പാപത്തെ നിങ്ങൾ എങ്ങനെയാണ് നേരിടുന്നത്? ഒന്നാമതായി, നിങ്ങൾ അത് പൂർണമായി ഏറ്റുപറയുകയും അതിനെക്കുറിച്ച് പശ്ചാത്തപിക്കുകയും നമ്മുടെ കർത്താവിനോടു ക്ഷമ തേടുകയും ചെയ്തിട്ടുണ്ടോ? അങ്ങനെയെങ്കിൽ, അത് ഇപ്പോഴും നിങ്ങളെ വേട്ടയാടുന്നുണ്ടോ? നിങ്ങളുടെ ഭൂതകാലം ഓർമിപ്പിച്ച് ദൈവത്തിന്റെ കരുണയിലുള്ള നിങ്ങളുടെ പ്രത്യാശ ഇല്ലാതാക്കാൻ ദുഷ്ടൻ ഇപ്പോഴും ശ്രമിക്കുന്നുണ്ടോ?
നിങ്ങളുടെ കഴിഞ്ഞകാല പാപങ്ങളിൽ ഏറ്റവും ഗൗരവമേറിയവയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾ അവ ഇതുവരെ കുമ്പസാരിച്ചിട്ടില്ലെങ്കിൽ, കഴിയുന്നത്ര വേഗം അതു ചെയ്യുക. കുമ്പസാരിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ആത്മാവിനെ ദൈവത്തിന്റെ കണ്ണുകളിലൂടെ കാണാൻ ശ്രമിക്കുക. ദൈവം നിങ്ങളുടെ കഴിഞ്ഞകാല പാപങ്ങളെ കോപത്തോടും വെറുപ്പോടുംകൂടിയല്ല കാണുന്നത്. മറിച്ച്, നിങ്ങളുടെ മാനസാന്തരത്തിന്റെയും ദുഃഖത്തിന്റെയും പശ്ചാത്താപത്തിന്റെയും ആഴം മാത്രമാണ് അവിടുന്നു കാണുന്നത്. അവിടുത്തെ ദൃഷ്ടിയിൽ ഇതു വിശുദ്ധവും സുന്ദരവുമാണ്. പശ്ചാത്തപിക്കുന്ന നിങ്ങളുടെ ഹൃദയത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് ധ്യാനിക്കുക. അങ്ങനെ ചെയ്യുമ്പോൾ, ദൈവത്തിന്റെ കണ്ണുകളിലൂടെതന്നെയാണു നിങ്ങൾ സ്വന്തം ഹൃദയത്തെ കാണുന്നതെന്ന് അറിയുക.
എന്റെ പരമകാരുണികനായ ദൈവമേ, അങ്ങ് പാപിയെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്യുന്നു. എന്റെ ഗ്രഹണശക്തിക്കപ്പുറമുള്ള വിധങ്ങളിലാണ് അങ്ങ് എന്നെ സ്നേഹിക്കുന്നത്. ഞാൻ പൂർണമായി പശ്ചാത്തപിക്കുമ്പോൾ അങ്ങ് എന്റെ ഹൃദയത്തെ എത്ര ആഴമായി സ്നേഹിക്കുന്നുവെന്നു മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ കണ്ണുകളിലൂടെ മാത്രം എന്റെ ഹൃദയത്തെ കാണാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, അങ്ങയുടെ സ്നേഹത്തിനും കരുണയ്ക്കും ഞാൻ നന്ദി പറയുന്നു. അങ്ങയെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മാർപാപ്പയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന
ഒൻപതാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്ക നൊവേന
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയുടെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





