മലയാളം

ഭയത്തിനും നിരാശയ്ക്കുമെതിരെ വിശ്വാസവും പ്രത്യാശയും

ഏപ്രിൽ 11, 2026
ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാഘോഷത്തിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

ഉത്ഥാനത്തിന്റെ ആദ്യ പ്രഘോഷക

വീഡിയോ

ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഉയിർത്തെഴുന്നേറ്റ യേശു ആദ്യം പ്രത്യക്ഷപ്പെട്ടത് മഗ്ദലനമറിയത്തിനാണ്. അവളിൽനിന്ന് അവിടുന്ന് ഏഴു പിശാചുക്കളെ പുറത്താക്കിയിരുന്നു. അവൾ ചെന്ന്, വിലപിക്കുകയും കരയുകയും ചെയ്തുകൊണ്ടിരുന്ന അവന്റെ സഹചാരികളോട് ഇക്കാര്യം അറിയിച്ചു. അവൻ ജീവിച്ചിരിക്കുന്നുവെന്നും അവൾ അവനെ കണ്ടുവെന്നും കേട്ടപ്പോൾ അവർ വിശ്വസിച്ചില്ല. മർക്കോസ് 16:9–11

വിശുദ്ധ മർക്കോസിൽനിന്നുള്ള ഇന്നത്തെ സുവിശേഷം, ഉത്ഥാനത്തിനുശേഷം യേശു പ്രത്യക്ഷപ്പെട്ട മൂന്നു സംഭവങ്ങളുടെ സംക്ഷിപ്ത വിവരണം നൽകുന്നു. ഈ പ്രത്യക്ഷീകരണങ്ങളെ വിശദമായോ വേറിട്ട കൂടിക്കാഴ്ചകളായോ അവതരിപ്പിക്കുന്നതിനുപകരം, വ്യക്തമായ ഒരു സന്ദേശം നൽകുന്നതിനായി മർക്കോസ് അവയെ കോർത്തിണക്കുന്നു: സഹനത്തിൽനിന്ന് ഉളവാകുന്ന ഭയവും നിരാശയും ഉത്ഥാനം നിമിത്തം വിശ്വാസത്തിനും പ്രത്യാശയ്ക്കും വഴിമാറണം.

യേശു മഗ്ദലനമറിയത്തിനു പ്രത്യക്ഷപ്പെട്ടുവെന്ന് ലളിതമായി പറഞ്ഞുകൊണ്ടാണ് മർക്കോസിന്റെ സുവിശേഷം ആരംഭിക്കുന്നത്. ഉടൻതന്നെ, പതിനൊന്നു പേരും മറ്റു ചില അനുയായികളും ഉൾപ്പെടുന്ന യേശുവിന്റെ സഹചാരികളെ ഇക്കാര്യം അറിയിക്കാൻ മറിയം പോയെന്ന് മർക്കോസ് വിവരിക്കുന്നു. യേശു തനിക്കു പ്രത്യക്ഷപ്പെട്ടുവെന്ന് അവരോടു പറയാൻ മറിയം ചെന്നപ്പോൾ, അവർ “വിലപിക്കുകയും കരയുകയും” ചെയ്യുന്നതാണ് അവൾ കണ്ടത്. യേശു ഉയിർത്തെഴുന്നേറ്റുവെന്ന് അവൾ അവരോടു പറഞ്ഞിട്ടും “അവർ വിശ്വസിച്ചില്ല.”

“വിലാപവും കരച്ചിലും” ഭയത്തിന്റെയും സംശയത്തിന്റെയും നിരാശയുടെയും ഫലങ്ങളാണ്. സുവിശേഷഭാഗ്യങ്ങളിൽ പഠിപ്പിക്കുന്നതുപോലെ, വിശുദ്ധമായ ദുഃഖത്തിന്റെ രൂപത്തിലുള്ള വിലാപം യഥാർഥ സ്നേഹത്തിൽനിന്ന് ഉളവാകാം. എന്നാൽ സങ്കടരൂപത്തിലുള്ള വിലാപം ഭയമോ ഉത്കണ്ഠയോ സംശയമോ കീഴടക്കിയ ഹൃദയത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. ഇവയിൽ ഓരോന്നും നിരാശയിലേക്കു നയിക്കാം. മർക്കോസ് ഇവിടെ വെളിപ്പെടുത്തുന്നതുപോലെ, നിരാശയുടെ ഫലം അവിശ്വാസമാണ്.

ഈ വിവരണത്തിനുശേഷം, എമ്മാവൂസിലേക്കുള്ള വഴിയിൽ രണ്ടു ശിഷ്യന്മാർക്കു യേശു പ്രത്യക്ഷപ്പെട്ടതിന്റെ സംക്ഷിപ്തരൂപം മർക്കോസ് വിവരിക്കുന്നു. യേശു ഉയിർത്തെഴുന്നേറ്റ് മഗ്ദലനമറിയത്തിനു പ്രത്യക്ഷപ്പെട്ട അതേ ഉയിർപ്പുതിരുനാൾ ദിവസംതന്നെ, അവിടുന്ന് ഈ രണ്ടു ശിഷ്യന്മാർക്കും പ്രത്യക്ഷപ്പെട്ടു. മഗ്ദലനമറിയത്തിന്റെ സാക്ഷ്യം ഇതിനകം വിശ്വസിക്കാതിരുന്ന പതിനൊന്നു പേരോടും മറ്റു ശിഷ്യന്മാരോടും തങ്ങളുടെ അനുഭവം പങ്കുവയ്ക്കാൻ അവർ വേഗം ജറുസലെമിലേക്കു മടങ്ങി. വീണ്ടും, “അവരെയും അവർ വിശ്വസിച്ചില്ല.”

ഒടുവിൽ, അതേ ദിവസം പിന്നീടു നടന്നതിനെക്കുറിച്ച് മർക്കോസ് പറയുന്നു: “പതിനൊന്നു പേർ ഭക്ഷണത്തിനിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷപ്പെട്ടു. ഉയിർത്തെഴുന്നേറ്റതിനുശേഷം തന്നെ കണ്ടവരെ അവർ വിശ്വസിക്കാതിരുന്നതിനാൽ, അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും അവൻ ശാസിച്ചു” (മർക്കോസ് 16:14). ശേഷിച്ച പതിനൊന്നു ശ്ലീഹന്മാർപോലും മറ്റു ശിഷ്യന്മാരോടൊപ്പം ഉത്ഥാനത്തിൽ ഉടനെ വിശ്വസിച്ചില്ലെന്ന് നാം അറിയണമെന്നാണ് സുവിശേഷകനായ വിശുദ്ധ മർക്കോസ് ആഗ്രഹിക്കുന്നത്. യേശു അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നതുവരെ അവർ വിശ്വസിച്ചില്ല. അവിടുത്തെ വചനത്തിലുള്ള യഥാർഥ വിശ്വാസത്തിന് തടസ്സമായിരുന്ന അവരുടെ ഹൃദയകാഠിന്യം ഇതിലൂടെ വെളിപ്പെട്ടു. ഈ അവിശ്വാസത്തിന്റെ പേരിൽ യേശു അവരെ ശാസിച്ചു. വിശ്വാസത്തിനു നേരെ അടഞ്ഞിരിക്കുന്ന ഹൃദയത്തിന് അവിടുന്നു നൽകുന്ന പ്രത്യാശ സ്വീകരിക്കാനാവില്ലെന്ന് ഇതു കാണിക്കുന്നു.

യേശുവിന്റെ ഏറ്റവും അടുത്ത സഹചാരികൾക്കുപോലും ഉത്ഥാനത്തിലുള്ള വിശ്വാസവും ആ വിശ്വാസം നൽകുന്ന പ്രത്യാശയും ഉൾക്കൊള്ളാൻ പ്രയാസമുണ്ടായെങ്കിൽ, ഉത്ഥാനത്തിൽ നമുക്കുള്ള വിശ്വാസത്തിന്റെ ആഴത്തെക്കുറിച്ച്—അല്ലെങ്കിൽ അതിന്റെ അഭാവത്തെക്കുറിച്ച്—നാം ഓരോരുത്തരും പ്രാർഥനാപൂർവം ചിന്തിക്കണം.

പ്രായോഗികമായി പറഞ്ഞാൽ, ഉത്ഥാനത്തിൽ വിശ്വസിക്കുക എന്നതിന്റെ അർഥമെന്താണ്? ജീവിതത്തിലെ കുരിശുകളെ നാം സ്വയംസഹതാപത്തോടെയോ സങ്കടത്തോടെയോ അധൈര്യത്തോടെയോ നിരാശയോടെയോ നേരിടുകയില്ല എന്നാണ് അതിന്റെ അർഥം. ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ മഹത്വവും രൂപാന്തരപ്പെടുത്തുന്ന ശക്തിയും നാം മനസ്സിലാക്കിയാൽ, നാം സഹിക്കുന്ന ഓരോ സഹനത്തെയും പരാജയമായിട്ടല്ല, കൃപയ്ക്കും വിജയത്തിനുമുള്ള അവസരമായി ഉടൻതന്നെ തിരിച്ചറിയും.

ശിഷ്യന്മാർ ഉത്ഥാനം ഇനിയും മനസ്സിലാക്കിയിരുന്നില്ലാത്തതിനാൽ, പ്രത്യാശയില്ലാതെയാണ് അവർ വിലപിച്ചിരുന്നത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് തങ്ങൾ സാക്ഷ്യംവഹിച്ച മരണം ഇപ്പോൾ മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്വപൂർണമായ സംഭവമായി രൂപാന്തരപ്പെട്ടിരിക്കുന്നുവെന്ന് അവരുടെ മനസ്സുകൾക്കു ഗ്രഹിക്കാനായില്ല. അവർ ഒരുമിച്ചിരിക്കുമ്പോൾ യേശു അവർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ, അവിടുത്തെ ശാസന സ്നേഹത്തിന്റെ ഒരു പ്രവൃത്തിയായിരുന്നു. അവിടുത്തെ മരണത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണ മാറ്റണമെന്നും അവിടുത്തെ ഉത്ഥാനത്തിന്റെ വെളിച്ചത്തിൽ അതിനെ കാണണമെന്നും അവരെ പഠിപ്പിക്കാനായിരുന്നു അത്. നമ്മുടെ ജീവിതത്തിലും നാം അങ്ങനെതന്നെ ചെയ്യണം.

നിങ്ങൾ വഹിക്കുന്ന ഏതെങ്കിലും കുരിശിനെക്കുറിച്ചോ നിങ്ങൾ അനുഭവിക്കുന്ന സഹനത്തെക്കുറിച്ചോ ഇന്ന് ചിന്തിക്കുക. ശിഷ്യന്മാരെ അവിശ്വാസത്തിലേക്കു നയിച്ച സങ്കടത്തിൽനിന്നും നിരാശയിൽനിന്നും പാഠം പഠിക്കുക. നിങ്ങളെ സ്നേഹപൂർവം ശാസിക്കുകയും അവിടുത്തെ കുരിശിനോടു നിങ്ങൾ ചേർത്തുവയ്ക്കുന്ന ഓരോ സഹനത്തിന്റെയും മഹത്തായ മൂല്യം കാണാൻ നിങ്ങളെ ക്ഷണിക്കുകയും ചെയ്യുന്ന ഉത്ഥിതനായ നമ്മുടെ കർത്താവിനെ ശ്രവിക്കുക. നമ്മുടെ ജീവിതത്തിൽ പ്രത്യാശ പകരുന്ന വ്യക്തത അവിടുത്തെ ഉത്ഥാനം നൽകണം. യേശുവിന്റെ ഉത്ഥാനം എല്ലാറ്റിനെയും ജയിക്കുന്നുവെന്നതിൽ ആനന്ദിച്ചുകൊണ്ട്, അവിടുന്ന് ശാസിച്ചതിനുശേഷം ശിഷ്യന്മാർ ജീവിച്ചതുപോലെ ജീവിക്കാൻ പ്രതിജ്ഞയെടുക്കുക.

മഹത്വപൂർണനായ കർത്താവേ, അങ്ങയിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യരക്ഷയ്ക്കുള്ള മാർഗമായി അങ്ങയുടെ സഹനത്തെയും മരണത്തെയും അങ്ങയുടെ ഉത്ഥാനം രൂപാന്തരപ്പെടുത്തി. രൂപാന്തരപ്പെടുത്തുന്ന ആ കൃപയ്ക്കായി ഹൃദയം തുറക്കാനും എന്റെ സഹനങ്ങളെ അങ്ങയുടെ സഹനങ്ങളോടു ചേർത്തുവയ്ക്കാനും എന്നെ സഹായിക്കണമേ. അങ്ങനെ ഞാൻ സഹിക്കുന്നതെല്ലാം രൂപാന്തരപ്പെടുകയും അങ്ങയുടെ ഉത്ഥാനത്തിന്റെ മഹത്വത്തിൽ എനിക്കു പങ്കുചേരാൻ കഴിയുകയും ചെയ്യട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഒൻപതാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്ക നൊവേന

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ സ്റ്റാനിസ്ലാവോസ്
(ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാഘോഷത്തിൽ വരുന്നതിനാൽ ഈ വർഷം ആരാധനക്രമത്തിലെ അനുസ്മരണമായി ആഘോഷിക്കുന്നില്ല)

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയുടെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.