മലയാളം

വഞ്ചിക്കപ്പെടുമ്പോൾ

ഓഗസ്റ്റ് 3, 2025
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ (വർഷം C)
ഇന്നത്തെ വായനകൾ

കാസ്തെൽനോ-ദെസ്ത്രെതെഫോം വിശുദ്ധ മാർട്ടിൻ ദേവാലയം, CC BY-SA 4.0, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

ജനക്കൂട്ടത്തിൽനിന്ന് ഒരാൾ യേശുവിനോടു പറഞ്ഞു: “ഗുരോ, പിതൃസ്വത്ത് എന്നോടു പങ്കുവയ്ക്കാൻ എന്റെ സഹോദരനോടു പറയണമേ.” അവൻ അയാളോടു മറുപടി പറഞ്ഞു: “സ്നേഹിതാ, എന്നെ നിങ്ങളുടെ ന്യായാധിപനായും മധ്യസ്ഥനായും നിയമിച്ചത് ആരാണ്?” ലൂക്കാ 12:13–14

ജീവിതത്തിലെ പല കാര്യങ്ങളും നീതിപൂർവകമല്ല. സ്വന്തം സഹോദരനോ സഹോദരിയോ തങ്ങളെ വഞ്ചിച്ചുവെന്നു തോന്നുമ്പോഴെല്ലാം കുട്ടികൾക്ക് ഇത് വളരെ വ്യക്തമായി അനുഭവപ്പെടുന്നു. മുകളിൽ ഉദ്ധരിച്ച വചനഭാഗത്തിൽ ജനക്കൂട്ടത്തിലെ ആ വ്യക്തി തന്റെ സഹോദരനെക്കുറിച്ച് യേശുവിനോടു പരാതിപ്പെട്ടതുപോലെ, അവർ മാതാപിതാക്കളോടു പരാതിപ്പെടുന്നു. നാം നീതി ആഗ്രഹിക്കുന്നു; നമ്മോടു അനീതി കാണിച്ചുവെന്നു തോന്നുമ്പോൾ നാം ഏറെ അസ്വസ്ഥരായേക്കാം.

മുകളിലെ വചനഭാഗം ശ്രദ്ധേയമാണ്. കാരണം, ഈ മനുഷ്യനുവേണ്ടി നീതി നിർണയിക്കുന്ന മധ്യസ്ഥനാകാൻ യേശു സൗമ്യമായും എന്നാൽ വ്യക്തമായും വിസമ്മതിക്കുന്നു. അയാളുടെ സഹോദരൻ അയാളെ വഞ്ചിച്ച് പിതൃസ്വത്ത് കൈക്കലാക്കിയിരിക്കാം. എന്നാൽ ശ്രദ്ധേയമായ കാര്യം ഇതാണ്: തർക്കം പരിഹരിക്കാൻ വിസമ്മതിക്കുക മാത്രമല്ല യേശു ചെയ്യുന്നത്; തുടർന്ന് അത്യാഗ്രഹത്തെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്യുന്നു. വഞ്ചിക്കപ്പെട്ട ആ മനുഷ്യൻ അത്യാഗ്രഹത്താൽ പ്രേരിതനായാണ് പ്രവർത്തിക്കുന്നതെന്ന് ഇതിലൂടെ യേശു സൂചിപ്പിക്കുന്നു.

നിങ്ങളുടെ സഹോദരനോ സഹോദരിയോ നിങ്ങളെ വഞ്ചിച്ച് നിങ്ങളുടെ പിതൃസ്വത്ത് കൈക്കലാക്കിയാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? ഒരു സഹോദരനോ സഹോദരിയോ ഇങ്ങനെ ചെയ്യുന്നത് വ്യക്തമായും പാപവും അനീതിയുമായിരിക്കും. എന്നാൽ ഇവിടെ പരിഗണിക്കേണ്ട ചോദ്യം, വഞ്ചിക്കപ്പെടുമ്പോഴുള്ള നിങ്ങളുടെ പ്രതികരണം എന്തായിരിക്കും എന്നതാണ്. മറ്റൊരാൾ നമ്മെ വഞ്ചിക്കുമ്പോൾ രണ്ടു വിധത്തിൽ നാം പ്രതികരിച്ചേക്കാം. ഉടനടി നീതി തേടുക, തിരിച്ചുപോരാടുക എന്നതാണ് ഏറ്റവും സാധാരണമായ പ്രതികരണം. എന്നാൽ ദൈവം നമ്മെ പ്രചോദിപ്പിക്കുന്നത് എല്ലായ്പ്പോഴും ഇങ്ങനെ ചെയ്യാനായിരിക്കണമെന്നില്ല. മറിച്ച്, അനീതി അനുഭവിക്കുമ്പോൾ വളരെ ആഴത്തിൽ സ്നേഹിക്കാനുള്ള ഒരവസരം നമുക്കു ലഭിക്കുന്നു. ഇതായിരിക്കണം നമ്മുടെ പ്രതികരണം. അതുകൊണ്ടാണ് ശത്രുക്കളെ സ്നേഹിക്കണമെന്നും നമ്മെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കണമെന്നും യേശു പറഞ്ഞത്. നിത്യതയുടെ വിശാലമായ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, ഭൗമികമായ അനീതികൾ എല്ലായ്പ്പോഴും കൃപയ്ക്കുള്ള അവസരങ്ങളാണ്. ദൈവപുത്രന്റെ പീഡാസഹനവും മരണവും എന്ന അതിഘോരമായ അനീതിയിലേക്കു നോക്കിയാൽത്തന്നെ ഇത് വ്യക്തമാകും. തന്നോട് ഇത്ര ക്രൂരമായി പെരുമാറിയതിനെക്കുറിച്ച് യേശു പരാതിപ്പെട്ടില്ല. തന്നെ ആക്രമിച്ച ഫരിസേയരെയും റോമാക്കാരെയും നശിപ്പിക്കാൻ അവൻ സ്വർഗത്തിലെ മാലാഖമാരെ വിളിച്ചില്ല. പകരം, തന്റെമേൽ അടിച്ചേൽപ്പിക്കപ്പെട്ട അനീതിയെ യേശു തന്റെ രക്ഷാദാനത്തിന്റെ അടിത്തറയാക്കി.

ഈ ജീവിതത്തിലൂടെ യാത്ര ചെയ്യുമ്പോൾ, നാം ഈ ജീവിതത്തിനുവേണ്ടിയാണോ നിത്യതയ്ക്കുവേണ്ടിയാണോ ജീവിക്കാൻ പോകുന്നതെന്ന് തീരുമാനിക്കേണ്ടതുണ്ട്. രണ്ടും ഒരുമിച്ചു സാധ്യമല്ല. എന്നാൽ നിത്യതയ്ക്കുവേണ്ടി ജീവിക്കാൻ തിരഞ്ഞെടുക്കുന്നതിലൂടെ, ഈ ലോകത്തിലെ യാതൊന്നിനും നൽകാനാവാത്ത വിധത്തിൽ ഭൂമിയിലെ നമ്മുടെ ജീവിതവും നാം സമ്പന്നമാക്കുന്നു. ഉദാഹരണത്തിന്, കടുത്ത ദാരിദ്ര്യത്തിന്റെ ദൗർഭാഗ്യകരമായ അവസ്ഥ നിങ്ങൾക്ക് അനുഭവിക്കേണ്ടിവന്നുവെന്നു കരുതുക. വഞ്ചനയിലൂടെ നിങ്ങളുടെ വീടും സ്വത്തുക്കളും അപഹരിക്കപ്പെട്ട്, ഒന്നുമില്ലാത്ത അവസ്ഥയിൽ നിങ്ങൾ ആയിപ്പോയെന്നു കരുതുക. ഇത് നിങ്ങളെ ദുഃഖിതരാക്കുമോ? ആയേക്കാം; എന്നാൽ അങ്ങനെ ആകണമെന്നില്ല. മറിച്ച്, അത്തരമൊരു ദൗർഭാഗ്യകരമായ സാഹചര്യത്തിലും ദൈവത്തിന്റെ പരിപാലനത്തിൽ ആശ്രയിച്ച് ഓരോ ദിവസവും ജീവിക്കാനും അനീതിയുടെ മുമ്പിൽ കരുണ കാണിക്കാനും നിങ്ങൾക്കു സാധിക്കും. അത് നല്ലതാണ്. നിങ്ങളുടെ നിത്യാത്മാവിന് അത് നല്ലതാണ്. വളരെ ആഴത്തിൽ ദൈവത്തിൽ ആശ്രയിക്കാനും ദൈവകരുണയുടെ പ്രകാശഗോപുരമായിത്തീരാനും അതു നിങ്ങളെ പ്രേരിപ്പിക്കും എന്നതിനാലാണ് അത് നല്ലതാകുന്നത്. നേരെമറിച്ച്, ഈ ലോകത്തിൽ നിങ്ങൾക്ക് ആഗ്രഹിക്കാവുന്നതെല്ലാം ഉണ്ടായിരുന്നെങ്കിൽ, ദൈവത്തിൽ കുറച്ചും ഈ ലോകത്തിൽ നിങ്ങൾക്കുള്ള വസ്തുവകകളിൽ കൂടുതലും ആശ്രയിക്കാനുള്ള ശക്തമായ പ്രലോഭനം ഉണ്ടാകുമായിരുന്നു. എന്നാൽ ഈ ലോകത്തിലെ വസ്തുക്കൾക്ക് നിങ്ങളുടെ നിത്യാത്മാവിനെ രക്ഷിക്കാനാവില്ല. വാസ്തവത്തിൽ, ദൈവത്തിൽ മാത്രം ആശ്രയിക്കാനുള്ള നിങ്ങളുടെ കഴിവിന് അവ വലിയൊരു തടസ്സമാണ്. അതിനാൽ, സത്യം പറഞ്ഞാൽ, ഭൗതികസമ്പത്തിനെക്കാൾ വളരെയധികം കൃപ നമ്മുടെ ജീവിതത്തിൽ ലഭിക്കാനുള്ള അവസരമാണ് ദാരിദ്ര്യവും അനീതിയും തുറന്നുതരുന്നത്. എന്നിട്ടും, ഈ ലോകത്തിലെ വസ്തുക്കൾ കൂടുതൽ കൂടുതൽ സ്വന്തമാക്കാൻ നാം എത്രയോ തവണ ആഗ്രഹിക്കുന്നു.

ഭൗതികസമ്പത്തിൽ ആശ്രയിക്കാതെ ദൈവത്തിൽ മാത്രം ആശ്രയിക്കുന്നതിലൂടെ ലഭിക്കുന്ന ആത്മീയവും നിത്യവുമായ അനുഗ്രഹങ്ങളെക്കുറിച്ച് ഇന്ന് ചിന്തിക്കുക. മിക്കവർക്കും പഠിക്കാൻ പ്രയാസമുള്ള ഒരു പാഠമാണിത്. ഇതിലാണ് നിങ്ങൾ പ്രയാസപ്പെടുന്നതെങ്കിൽ, നിത്യതയുടെ കാഴ്ചപ്പാട് സ്വീകരിക്കാൻ ശ്രമിക്കുക. ഭൗമികസമ്പത്ത് സമാഹരിക്കുന്നതിലൂടെ ലഭിക്കുന്ന താൽക്കാലിക സുരക്ഷിതത്വത്തിനും സുഖങ്ങൾക്കും അപ്പുറത്തേക്കു നോക്കാൻ ശ്രമിക്കുക. അപ്പോൾ ദൈവത്തെ മാത്രം അന്വേഷിക്കുന്നതിലൂടെ ലഭിക്കുന്ന നിത്യസമ്പത്ത് നിങ്ങൾക്കു കാണാനാകും. ഈ ലോകത്തിലുള്ളതെല്ലാം ഒരുനാൾ കടന്നുപോകും. ആ യാഥാർഥ്യത്തിന്റെ വെളിച്ചത്തിൽ, ജീവിതത്തിൽ നിങ്ങൾ നേരിടുന്ന ഓരോ അനീതിയിലും മറ്റുള്ളവരെ സ്നേഹിച്ചുകൊണ്ട് ദൈവത്തിന്റെ സമ്പത്ത് സ്വീകരിക്കാൻ നിങ്ങളെത്തന്നെ വീണ്ടും സമർപ്പിക്കുക.

പരമകാരുണികനായ കർത്താവേ, ലോകം ഇന്നുവരെ അറിഞ്ഞിട്ടുള്ളതിൽ ഏറ്റവും വലിയ അനീതി അങ്ങ് സഹിച്ചു. എന്നാൽ ആ അനീതിയുടെ മുമ്പിലും അങ്ങ് കരുണയും രക്ഷയുടെ ദാനവും നൽകി, ആ അനീതിയെ ഇന്നുവരെ അർപ്പിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മഹത്തായ സ്നേഹപ്രവൃത്തിയാക്കി മാറ്റി. അങ്ങയുടെ കരുണാർദ്രമായ ഹൃദയത്തെ അനുകരിക്കാനും, ഞാൻ നേരിടുന്ന അനീതിയും ദാരിദ്ര്യവും എല്ലാ ബുദ്ധിമുട്ടുകളും കൂടുതൽ പൂർണ്ണമായി അങ്ങയിലേക്കു തിരിയാനുള്ള അവസരമായി കാണാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയ്ക്കായി തിരഞ്ഞെടുക്കാവുന്ന വായനകൾ


  Subscribe to our YouTube channel  
  to be notified about new content.