മലയാളം

സംരക്ഷണവും സൗഖ്യവും രക്ഷയും

2025 ഒക്ടോബർ 30
ആണ്ടുവട്ടത്തിലെ മുപ്പതാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

Adobe Stock മുഖേന ലഭിച്ച ചിത്രങ്ങൾ: പ്രധാന ചിത്രം; മുഖചിത്രം

വീഡിയോ

“ജറുസലെമേ, ജറുസലെമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തണയ്ക്കുന്നതുപോലെ നിന്റെ മക്കളെ ഒന്നിച്ചുചേർക്കാൻ എത്രയോ പ്രാവശ്യം ഞാൻ ആഗ്രഹിച്ചു! എന്നാൽ നീ സമ്മതിച്ചില്ല!” ലൂക്കാ 13:34

ഈശോയുടെ തിരുഹൃദയത്തെക്കുറിച്ച് ധ്യാനിക്കുന്നത് ഉപകാരപ്രദമാണ്. അവിടുത്തെ ഹൃദയം ശക്തവും സൗമ്യവും, അനുകമ്പയും നീതിയും നിറഞ്ഞതും, കരുണയും സത്യവും തുളുമ്പുന്നതുമാണ്. ഈ സുവിശേഷഭാഗത്തിൽ, ജറുസലെമിലെ ജനങ്ങളോടുള്ള ഈശോയുടെ സ്നേഹത്തിന്റെ ഒരു നേർക്കാഴ്ച നമുക്കു ലഭിക്കുന്നു. നഗരത്തോടല്ല, നഗരത്തിലെ ജനങ്ങളോടുള്ള സ്നേഹമാണ് അവിടുന്ന് പ്രകടിപ്പിച്ചത്. എല്ലാ തിന്മകളിൽനിന്നും അവരെ സംരക്ഷിക്കാനായി തന്റെ അടുക്കലേക്കു ചേർത്തണയ്ക്കാൻ അവർ തന്നെ അനുവദിക്കണമെന്നതായിരുന്നു അവിടുത്തെ ഏറ്റവും ആഴമായ ആഗ്രഹവും തീവ്രമായ അഭിലാഷവും എന്നതു വ്യക്തമാണ്.

“ജറുസലെം” എന്ന് രണ്ടുപ്രാവശ്യം വിളിച്ചുകൊണ്ടാണ് ഈശോ ആരംഭിക്കുന്നത്. ആ നഗരത്തിലെ ജനങ്ങളോടുള്ള അഗാധമായ അനുകമ്പയാണ് ഇതു പ്രകടിപ്പിക്കുന്നത്. മാറ്റത്തിനു മനസ്സില്ലാതെ അവർ അവിടുത്തെ അടുക്കലേക്കു തിരിയാതിരുന്നതിനെക്കുറിച്ചുള്ള വിലാപവും ഇതിലുണ്ട്. മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു മടങ്ങിവരാനുള്ള പ്രവാചകന്മാരുടെ ആഹ്വാനം അവരുടെ പൂർവികർ നിരസിച്ചപ്പോൾ, ഈശോ ഭൂമിയിൽ ജീവിക്കുന്നതിനും വളരെ മുമ്പുതന്നെ, ഈ തിരസ്കാരം ആരംഭിച്ചിരുന്നു. പിതാക്കന്മാരുടെ ദുശ്ശാഠ്യം ഈശോയുടെ കാലത്തെ ജനങ്ങളിലും തുടർന്നു; അവരുടെ തിരസ്കാരം അവിടുന്ന് അനുഭവിക്കുകയും ചെയ്തു. ഈ തിരസ്കാരം ഈശോയിൽ കോപമോ ശിക്ഷാവിധിയോ ഉണർത്തിയതിലുപരി അവിടുത്തെ വിശുദ്ധമായ ദുഃഖത്തിലേക്കാണ് നയിച്ചത്.

തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തണയ്ക്കുന്ന തള്ളക്കോഴിയുടെ ദൃശ്യം ധ്യാനിക്കാൻ മനോഹരമായ ഒരു ചിത്രമാണ്. സ്വന്തം സുരക്ഷയെക്കുറിച്ച് ആകുലപ്പെടാതെ വലിയ ധൈര്യത്തോടെ തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. അപകടം അടുക്കുമ്പോൾ, നിസ്സഹായരായ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അവൾ ചിറകുകൾ വിരിച്ച് അവയെ മൂടുന്നു. ജറുസലെമിലെ ജനങ്ങളെ മാത്രമല്ല, നമ്മെ എല്ലാവരെയും സംരക്ഷിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കാനാണ് ഈ മാതൃഭാവമുള്ള ചിത്രം ഈശോ ഉപയോഗിക്കുന്നത്.

ജനങ്ങളെ സംരക്ഷിക്കാനായി തന്റെ “ചിറകുകൾക്കു” കീഴിൽ ഒന്നിച്ചുചേർക്കാൻ ഈശോ ആഗ്രഹിച്ചെങ്കിൽ, നമ്മുടെ കർത്താവിന്റെ സംരക്ഷണം നമുക്ക് ആവശ്യമാണെന്ന് ഉറപ്പോടെ നാം അറിഞ്ഞിരിക്കണം. ആവശ്യമില്ലാത്ത ഒന്നിനായി അവിടുന്ന് ആഗ്രഹിക്കുകയില്ല. സ്വന്തം മക്കളെക്കുറിച്ച് കാരണമില്ലാതെ ആകുലപ്പെട്ട് അതിരുകടന്ന സംരക്ഷണം നൽകുന്ന ദൈവമല്ല അവിടുന്ന്. അവിടുത്തെ കരുതൽ യഥാർഥവും ആവശ്യവുമാണ്; അവിടുത്തെ സംരക്ഷണം നമുക്ക് ആവശ്യമാണെന്ന് നാം അറിഞ്ഞിരിക്കണം.

ദൈനംദിന ജീവിതത്തിൽ മുന്നോട്ടുപോകുമ്പോൾ, ജീവിതത്തെ തനിയെ നേരിടാൻ കഴിയുമെന്ന് നിങ്ങൾക്കു തോന്നാറുണ്ടോ? മാതാപിതാക്കൾ നൽകുന്ന സുരക്ഷിതത്വത്തിൽനിന്ന് അകന്നുനിൽക്കാൻ ആഗ്രഹിക്കുന്ന, ആരെയും ആശ്രയിക്കാത്ത ഒരു കുട്ടിയെപ്പോലെയാണോ നിങ്ങൾ പെരുമാറുന്നത്? ജീവിതത്തിൽ ഉത്തരവാദിത്വമുള്ളവരായിത്തീരാൻ നാമെല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെങ്കിലും, നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ സംരക്ഷണം ഇനി ആവശ്യമില്ലാത്ത ഒരു ഘട്ടത്തിൽ നാം ഒരിക്കലും എത്തുകയില്ല. നാം ജീവിക്കുന്ന ലോകം അപകടങ്ങൾ നിറഞ്ഞതാണ്; അവയിൽനിന്നു നമ്മെ സംരക്ഷിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ.

ഇന്നത്തെ സുവിശേഷത്തിന്റെ ആരംഭത്തിൽ, ഈശോ ഹേറോദേസിനെ ഒരു “കുറുക്കൻ” എന്നു വിശേഷിപ്പിച്ചു. തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഒരു തള്ളക്കോഴിയെപ്പോലെ പ്രവർത്തിക്കാൻ ഈശോ ആഗ്രഹിക്കുന്ന പശ്ചാത്തലത്തിൽ വേണം ആ ചിത്രം മനസ്സിലാക്കാൻ. ഹേറോദേസ് തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് ഈശോയോടു പറയപ്പെട്ടു. എന്നാൽ അവിടുന്ന് ഹേറോദേസിനെ ഭയപ്പെട്ടിരുന്നില്ലെന്നതു വ്യക്തമാണ്. തന്നെ കൊല്ലാനുള്ള ഹേറോദേസിന്റെ ആഗ്രഹത്തെക്കുറിച്ച് ഈശോ പറഞ്ഞു: “നിങ്ങൾ പോയി ആ കുറുക്കനോടു പറയുക: ‘ഇതാ, ഇന്നും നാളെയും ഞാൻ പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തികൾ നൽകുകയും ചെയ്യുന്നു; മൂന്നാം ദിവസം ഞാൻ എന്റെ ലക്ഷ്യം പൂർത്തിയാക്കുന്നു.’” സംരക്ഷകനെന്ന നിലയിൽ ഈശോ പിശാചുക്കളുടെമേൽ അധികാരം പ്രയോഗിക്കുകയും രോഗശാന്തികൾ നൽകുകയും മൂന്നാം ദിവസം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ് സ്വർഗത്തിന്റെ കവാടങ്ങൾ തുറക്കുകയും ചെയ്തു. ജീവിതത്തിലൂടെ മുന്നോട്ടുപോകുമ്പോൾ, നമ്മെ ആക്രമിക്കാൻ ശ്രമിക്കുന്ന അനേകം പിശാചുക്കൾ ഉണ്ടാകും. പലവിധത്തിലുള്ള സൗഖ്യം നമുക്ക് ആവശ്യമായിവരും. മരണത്തിന്മേൽത്തന്നെയുള്ള ഈശോയുടെ വിജയമെന്ന ദാനം കൂടാതെ, സ്വർഗത്തിന്റെ മഹിമകളിലേക്കു നാം നയിക്കപ്പെടുകയില്ല. പിശാചുക്കൾ യഥാർഥമാണ്. മുറിവുകൾ യഥാർഥമാണ്. ഒരു രക്ഷകന്റെ ആവശ്യവും യഥാർഥമാണ്.

ഈ ലോകത്തിൽ നിങ്ങൾ നേരിടുന്ന അനേകം പ്രലോഭനങ്ങളിൽനിന്നും പൈശാചിക ആക്രമണങ്ങളിൽനിന്നും നിങ്ങളെ സംരക്ഷിക്കാനായി, ഒരു തള്ളക്കോഴിയെപ്പോലെ നിങ്ങളുടെമേൽ ചിറകുകൾ വിരിക്കുന്ന ഈശോയുടെ ചിത്രം ഇന്ന് ധ്യാനിക്കുക. അവിടുത്തെ സംരക്ഷണം നിങ്ങൾക്ക് അനുദിനം ആവശ്യമാണെന്ന വസ്തുതയെക്കുറിച്ചു ചിന്തിക്കുക. പിശാചുക്കൾ തങ്ങളുടെ ആക്രമണങ്ങൾ ഒരിക്കലും നിർത്തുകയില്ല. മാനസികവും വൈകാരികവും ആത്മീയവുമായ മുറിവുകൾക്ക് അവിടുത്തെ സൗഖ്യം ആവശ്യമാണ്. നിങ്ങളെ സംരക്ഷിക്കാനും സൗഖ്യപ്പെടുത്താനും, തുടർന്ന് നിത്യജീവന്റെ ദാനം നിങ്ങളുടെമേൽ ചൊരിയാനും ഈശോയ്ക്കു മാത്രമേ കഴിയൂ. അവിടുത്തെ സംരക്ഷണത്തിൻകീഴിൽ നിലകൊള്ളുക; അവിടുത്തെ തിരുഹൃദയത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റാൻ അവിടുത്തെ അനുവദിക്കുക.

അനുകമ്പയുള്ള എന്റെ കർത്താവേ, ഈ ലോകത്തിലെ അനേകം തിന്മകളിൽനിന്ന് എന്നെ സംരക്ഷിക്കാൻ അങ്ങ് ആഗ്രഹിക്കുന്നു. എന്റെ പാപങ്ങൾ വരുത്തിയ മുറിവുകൾ സൗഖ്യപ്പെടുത്താൻ അങ്ങ് ആഗ്രഹിക്കുന്നു. നിത്യജീവന്റെ ദാനം എനിക്കു നൽകാനും അങ്ങ് ആഗ്രഹിക്കുന്നു. പ്രിയ കർത്താവേ, അങ്ങയുടെ സംരക്ഷണം ഞാൻ സ്വീകരിക്കുന്നു; എനിക്കാവശ്യമായ സൗഖ്യത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു. എന്നെ എപ്പോഴും അങ്ങയുടെ ചിറകിൻകീഴിൽ പൊതിയുകയും നിത്യജീവന്റെ ദാനം എനിക്കു നൽകുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.