2025 നവംബർ 10, തിങ്കളാഴ്ച
മാർപാപ്പയും വേദപാരംഗതനുമായ മഹാനായ വിശുദ്ധ ലിയോയുടെ ഓർമ്മ
ഇന്നത്തെ വായനകൾ
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ആഴ്ചയിലെ തിങ്കളാഴ്ചത്തെ വായനകൾ
ജെയിംസ് ടിസോ, പൊതുസഞ്ചയം, Wikimedia Commons വഴി
യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “പാപത്തിനു കാരണമാകുന്ന കാര്യങ്ങൾ അനിവാര്യമായും ഉണ്ടാകും. എന്നാൽ അവ ആരിലൂടെ ഉണ്ടാകുന്നുവോ, അവന് ദുരിതം! ഈ ചെറിയവരിൽ ഒരുവനെ പാപത്തിലേക്ക് നയിക്കുന്നതിനെക്കാൾ അവന്റെ കഴുത്തിൽ ഒരു തിരികല്ല് കെട്ടി അവനെ കടലിൽ എറിയുന്നതാണ് അവനു നല്ലത്.” ലൂക്കാ 17:1–2
കഴുത്തിൽ ഒരു തിരികല്ല് കെട്ടി കടലിൽ എറിയപ്പെടുക എന്നത് വളരെ വ്യക്തമായ ഒരു ചിത്രം മനസ്സിൽ തെളിയിക്കുന്നു. മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന ഭാഷയാണ് യേശു ഉപയോഗിക്കുന്നത്. നടുവിൽ ഒരു ദ്വാരമുള്ള, വലുതും വൃത്താകൃതിയിലുള്ളതുമായ കല്ലായിരുന്നു തിരികല്ല്. അത് ഒരാളുടെ കഴുത്തിൽ കെട്ടി അയാളെ കടലിൽ എറിഞ്ഞാൽ, അയാൾ അടിത്തട്ടിലേക്ക് മുങ്ങി മരിക്കുമെന്നത് വ്യക്തമാണ്. അതുകൊണ്ട്, “ഈ ചെറിയവരിൽ ഒരുവനെ പാപത്തിലേക്ക് നയിക്കുന്നവരുടെ” ഗതിയെക്കാൾ യഥാർഥത്തിൽ നല്ലതാണ് ഈ ഭയാനകമായ ഗതി എന്ന് യേശു വ്യക്തമായി പ്രസ്താവിക്കുന്നു.
ഒന്നാമതായി, യഥാർഥത്തിൽ നമ്മെക്കൊണ്ട് പാപം ചെയ്യിക്കാൻ ആർക്കും കഴിയില്ലെന്ന് വ്യക്തമാക്കണം. പാപം നമ്മുടെ സ്വന്തം സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ്. നമ്മുടെ പാപത്തിന് നാംതന്നെ, നാം മാത്രം, കണക്കു ബോധിപ്പിക്കേണ്ടിവരും. ഓരോ വ്യക്തിയും സ്വന്തം പ്രവൃത്തികളുടെയും പാപങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ടെങ്കിലും, മറ്റുള്ളവരെ പ്രലോഭിപ്പിക്കുന്നവരായി നാം പ്രവർത്തിക്കുന്ന രീതികൾക്കും നാം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നതാണ് യേശു ഇവിടെ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം. നാമെല്ലാവരും പാപികളാണ്. അതിനാൽ, നമ്മുടെ പാപത്തിലൂടെ നാമെല്ലാവരും മറ്റുള്ളവരെയും പാപം ചെയ്യാൻ പ്രലോഭിപ്പിക്കും. ചിലപ്പോൾ മറ്റുള്ളവരിൽ കോപം ഉണർത്തിക്കൊണ്ട് നാം അവരെ പാപം ചെയ്യാൻ പ്രലോഭിപ്പിക്കും. മറ്റു ചിലപ്പോൾ മോശമായ മാതൃക നൽകിക്കൊണ്ട് നാം മറ്റുള്ളവരെ പാപം ചെയ്യാൻ പ്രലോഭിപ്പിക്കും. അതിനു വിപരീതമായി, പുണ്യത്തിലേക്ക് ആളുകളെ “പ്രലോഭിപ്പിക്കാനും” നമുക്കു കഴിയും. കൂടുതൽ കൃത്യമായി പറഞ്ഞാൽ, അവർക്കു പ്രചോദനവും പ്രോത്സാഹനവും നൽകാൻ നമുക്കു കഴിയും.
ഇതോടൊപ്പം, മറ്റുള്ളവരെ, പ്രത്യേകിച്ച് “ചെറിയവരെ,” പ്രലോഭിപ്പിക്കുന്നവരായി പ്രവർത്തിക്കുന്നവർ അകാലമരണത്തെക്കാൾ ഗൗരവമേറിയ പരിണതഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് യേശു വിശദീകരിക്കുന്നു. വിശ്വാസത്തിൽ ദുർബലരും, അമിതമായി സംവേദനക്ഷമതയുള്ളവരും, ജീവിതത്തിന്റെ ആ ഘട്ടത്തിൽ പ്രത്യേകിച്ച് എളുപ്പം മുറിവേൽക്കാവുന്നവരും, ബാഹ്യസ്വാധീനങ്ങൾക്കു വഴങ്ങാൻ സാധ്യതയുള്ളവരുമായ ആളുകളെയാണ് യേശു പറയുന്ന ചെറിയവരായി മനസ്സിലാക്കേണ്ടത്. അത് ഒരു കുട്ടിയായിരിക്കാം; അല്ലെങ്കിൽ ഇപ്പോൾ നിരാശയുടെയോ ആശയക്കുഴപ്പത്തിന്റെയോ കോപത്തിന്റെയോ ഏതെങ്കിലും ഗൗരവമേറിയ പാപത്തിന്റെയോ വക്കിൽ ആടിയുലയുന്ന ഒരാളായിരിക്കാം. ഇങ്ങനെയുള്ളവരെ കണ്ടുമുട്ടുമ്പോൾ നിങ്ങൾ അവരോട് എങ്ങനെയാണ് പെരുമാറുന്നത്? ഈ ആളുകളോട് യേശുവിന് ആഴമായ അനുകമ്പയുണ്ട്; അതേ ആഴത്തിലുള്ള അനുകമ്പ നമുക്കും ഉണ്ടാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. എന്നാൽ ചിലപ്പോൾ നാം അതിൽ പരാജയപ്പെടുന്നു. അവരുടെ സഹായത്തിനെത്താനുള്ള നമ്മുടെ കടമയിൽ നാം അലംഭാവം കാണിച്ചേക്കാം. ഈ അലംഭാവംപോലും “ഈ ചെറിയവരിൽ ഒരുവനെ പാപത്തിലേക്ക് നയിക്കുന്നതിന്റെ” ഒരു രൂപമായിരിക്കാം. തീർച്ചയായും, നാം മനഃപൂർവം അവരെ അസ്വസ്ഥരാക്കുകയോ, കഠിനമായി വിധിക്കുകയോ, അവരുടെ കോപം ഉണർത്തുകയോ, നമ്മുടെ പ്രലോഭനത്തിലൂടെ ദൗർബല്യവും വ്യാജാശ്വാസവും മൂലമുള്ള ഏതെങ്കിലും പാപത്തിലേക്ക് അവരെ വലിച്ചിഴയ്ക്കുകയോ മറ്റോ ചെയ്താൽ അത് അതിലും വളരെ മോശമാണ്. ദുർബലരും എളുപ്പം മുറിവേൽക്കാവുന്നവരും പാപികളുമായ ആളുകളെ യേശു സ്നേഹിക്കുന്നുവെന്നും, അവിടുത്തെ ഹൃദയത്തോടെ നാമും അവരെ സ്നേഹിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുവെന്നുമുള്ളതാണ് ലളിതമായ സത്യം. അങ്ങനെ ചെയ്യുന്നതിൽ നാം പരാജയപ്പെടുമ്പോൾ, അവർ കൃപയിൽനിന്ന് കൂടുതൽ അകന്നുപോകുന്നതിന് യേശു നമ്മെ ഉത്തരവാദികളാക്കും.
നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ പ്രത്യേകിച്ച് എളുപ്പം മുറിവേൽക്കാവുന്നവരും പാപത്തിൽ കഴിയുന്നവരും ആശയക്കുഴപ്പത്തിലായവരും വഴിതെറ്റിയവരുമായി കാണപ്പെടുന്ന വ്യക്തിയെയോ വ്യക്തികളെയോ കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. കോപത്തോടോ ഏതെങ്കിലും ആസക്തിയോടോ പാപകരമായ ഒരു ജീവിതരീതിയോടോ മല്ലിടുന്നത് ആരാണ്? അവരോടുള്ള നിങ്ങളുടെ മനോഭാവത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ അവരെ വിധിക്കുകയും കുറ്റപ്പെടുത്തുകയും ചെറുതാക്കുകയും മറ്റും ചെയ്യുന്നുണ്ടോ? ദുർബലമായ അവസ്ഥയിൽ അവർ ചെയ്യുന്ന ദൗർബല്യം മൂലമുള്ള പാപങ്ങളിലേക്ക് കൂടുതൽ വീഴാൻ നിങ്ങൾ അവരെ പ്രലോഭിപ്പിക്കുകയും അങ്ങനെ കൂടുതൽ പാപത്തിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ടോ? അതോ, വലിയ പോരാട്ടത്തിലൂടെ കടന്നുപോകുന്ന ഒരാളെ കണ്ടുമുട്ടുമ്പോൾ, അയാൾ നിങ്ങൾക്കെതിരെ ചെയ്യുന്ന ഏതൊരു പാപവും ക്ഷമിച്ചുകൊണ്ട്, ഏറ്റവും ആഴമായ അനുകമ്പയോടും കരുണയോടുംകൂടെ അയാളുടെ അടുക്കലേക്ക് തിരിയുന്നുണ്ടോ? നിങ്ങൾക്ക് എത്ര ബുദ്ധിമുട്ടുണ്ടായാലും, അയാളുടെ ആവശ്യനേരത്ത് അയാൾക്കു തുണയായിരിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ നിങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ടോ? ദൈവത്തിന്റെ എല്ലാ “ചെറിയവരെയും” ആഴമായി സ്നേഹിക്കാൻ സ്വയം സമർപ്പിക്കുക. ഒരുനാൾ അവർ നിങ്ങളോടൊപ്പം സ്വർഗത്തിൽ നിത്യമായി ആനന്ദിക്കേണ്ടതിന്, ക്രിസ്തുവിന്റെ ഹൃദയത്തോടെ അവരെ സേവിക്കാൻ പരിശ്രമിക്കുക.
ഏറ്റവും അനുകമ്പയുള്ള എന്റെ കർത്താവേ, അങ്ങ് പാപിയെ സ്നേഹിക്കുകയും അവരുടെ ആവശ്യനേരത്ത് അവർ അങ്ങയിലേക്കു തിരിയണമെന്ന് ആഴമായി ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങ് അവരെ സ്നേഹിക്കുന്നതുപോലെ സ്വതന്ത്രമായി അവരെ സ്നേഹിക്കാൻ കഴിയേണ്ടതിന്, അങ്ങയുടെ അനുകമ്പയുള്ള ഹൃദയം എനിക്കു നൽകണമേ. അവർ അങ്ങയിൽനിന്ന് കൂടുതൽ അകന്നുപോകാൻ ഇടയാക്കുന്ന പ്രലോഭനത്തിന്റെ ഉപകരണമായി ഞാൻ ഒരിക്കലും മാറാതിരിക്കട്ടെ. പകരം, അങ്ങയുടെ ഒരിക്കലും നിലയ്ക്കാത്ത കരുണയുടെ ഉപകരണമായി ഞാൻ മാറട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇന്നത്തെ വിശുദ്ധൻ – മഹാനായ വിശുദ്ധ ലിയോ, മാർപാപ്പയും വേദപാരംഗതനും
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





