ഒക്ടോബർ 5, 2025
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ (വർഷം C)
ഇന്നത്തെ വായനകൾ
രചയിതാവിനെ അറിയാൻ താൾ കാണുക, പൊതുസഞ്ചയം, Wikimedia Commons വഴി
അപ്പസ്തോലന്മാർ കർത്താവിനോടു പറഞ്ഞു: “ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ.” കർത്താവ് മറുപടി പറഞ്ഞു: “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മൾബറിമരത്തോട്, ‘വേരോടെ പിഴുതുമാറി കടലിൽ നടപ്പെടുക’ എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും.” ലൂക്കാ 17:5–6
ഒരു മരം പൂർണമായി വേരോടെ പിഴുതെടുത്ത് കടലിൽ നടാൻ കഴിയുമോ? അത് എങ്ങനെ സാധിക്കുമെന്ന് സങ്കല്പിക്കാൻപോലും തീർച്ചയായും പ്രയാസമാണ്. വിശ്വാസത്തോടെയുള്ള ഒരു ലളിതമായ ആജ്ഞയിലൂടെ അതു ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കാൻ അതിലും പ്രയാസമാണ്. ഒരു മരം വേരോടെ പിഴുതെടുക്കുന്നതു സങ്കല്പിക്കാൻതന്നെ പ്രയാസമായിരിക്കെ, അതു കടലിൽ നടപ്പെടുന്നതു സങ്കല്പിക്കാൻ അതിലും ബുദ്ധിമുട്ടാണ്. വെള്ളം ആവശ്യമാണെങ്കിലും, ഒരു മരം കടലിൽ നട്ടിട്ട് അതു വളരുമെന്നു പ്രതീക്ഷിക്കാനാവില്ല. എന്നാൽ, ഈ ഉദാഹരണം സൂചിപ്പിക്കുന്നതിന്റെ ഒരു ഭാഗം അതുതന്നെയാണ്. യഥാർഥ വിശ്വാസത്തിന്റെ ശക്തിയെ നാം പലപ്പോഴും കുറച്ചുകാണുന്നു. വിശ്വാസത്തിനു മലകളെ നീക്കാൻ കഴിയുമെന്നു വിശുദ്ധ മത്തായിയുടെ സുവിശേഷം പറയുന്നു. ഒരു മരം വേരോടെ പിഴുതെടുത്ത് കടലിൽ വീണ്ടും നടാൻ വിശ്വാസത്തിനു കഴിയുമെന്നു വിശുദ്ധ ലൂക്കായുടെ സുവിശേഷം പറയുന്നു. അതിനു വേണ്ടതെല്ലാം കടുകുമണിയോളം വിശ്വാസം മാത്രമാണ്.
കടുകുമണിയോളം വിശ്വാസം എന്നുപറയുമ്പോൾ എത്രത്തോളം വിശ്വാസമാണ് ഉദ്ദേശിക്കുന്നത്? കടുകുമണി ചെറുതാണ്, വളരെ ചെറുത്. അതിന് ഏകദേശം ഒരു മില്ലീമീറ്റർ നീളം മാത്രമേയുള്ളൂ. അക്കാലത്തു കൃഷിചെയ്തിരുന്നവർക്ക്, തങ്ങൾ വിതച്ചിരുന്ന വിത്തുകളിൽ ഏറ്റവും ചെറിയവയിൽ ഒന്നാണ് അതെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ്, വിശ്വാസം—അല്പം വിശ്വാസംപോലും—ശക്തമാണെന്ന് അപ്പസ്തോലന്മാരെ പഠിപ്പിക്കാൻ യേശു അവർക്കു പരിചിതമായ ഈ ഉപമ ഉപയോഗിക്കുന്നത്.
അപ്പസ്തോലന്മാരുടെ ഒരു പ്രാർഥനയ്ക്കുള്ള മറുപടിയായാണ് യേശു ഈ പ്രബോധനം നൽകുന്നത്. “ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ” എന്ന് അവർ പറഞ്ഞു. അല്പം വിശ്വാസം മാത്രം ഉണ്ടായാൽ മതിയെന്ന് അവരെ ക്ഷണിക്കുന്ന യേശുവിന്റെ മറുപടി, അവരുടെ വിശ്വാസം ഏറെ ദുർബലമായിരുന്നു എന്നു സൂചിപ്പിക്കുന്നു. അവരുടെ വിശ്വാസം കടുകുമണിയോളമെങ്കിലും വർധിക്കേണ്ടിയിരുന്നു എന്നത്, അവർക്ക് അപ്പോഴും അല്പംപോലും വിശ്വാസമുണ്ടായിരുന്നില്ലെന്ന സൂചന നൽകുന്നു. മിക്കവാറും അവർക്ക് ആ വസ്തുതയെക്കുറിച്ച് ബോധ്യമുണ്ടായിരുന്നിരിക്കണം; അതുകൊണ്ടായിരിക്കണം തങ്ങളുടെ വിശ്വാസം വർധിപ്പിക്കണമെന്ന് അവർ യേശുവിനോട് അപേക്ഷിച്ചത്. തങ്ങളുടെ കുറവ് തിരിച്ചറിഞ്ഞ അവർ, തങ്ങളെ സഹായിക്കാൻ കഴിയുന്ന അവിടുത്തെ പക്കലേക്കു തിരിഞ്ഞു.
വിശ്വാസത്തിൽ വളരുന്നതിനുള്ള ആദ്യപടികളിലൊന്ന്, നമ്മുടെ വിശ്വാസക്കുറവ് വിനയത്തോടെ ഏറ്റുപറയുക എന്നതാണ്. നാം വിശ്വാസത്താൽ നിറഞ്ഞവരാണെന്ന് നമ്മെത്തന്നെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താൻ നമ്മുടെ അഹങ്കാരത്താൽ നാം പലപ്പോഴും ആഗ്രഹിക്കുന്നു. എന്നാൽ, വാസ്തവത്തിൽ അങ്ങനെയായിരുന്നെങ്കിൽ, ദൈവം നമ്മിലൂടെ വിസ്മയകരമായ കാര്യങ്ങൾ ചെയ്യുമായിരുന്നു. അല്ലാത്തപക്ഷം മാനുഷികമായി അസാധ്യമായതു ദൈവം ചെയ്യുമായിരുന്നു.
ഒരു മരം സ്വയം വേരോടെ പിഴുതുമാറി കടലിൽ നടപ്പെടണമെന്ന് അക്ഷരാർഥത്തിൽ ആജ്ഞാപിക്കാൻ കഴിയുന്ന മാന്ത്രികശക്തികൾ വിശ്വാസം നമുക്കു നൽകുന്നില്ല എന്നതു വ്യക്തമാണ്. വിശ്വാസം വിശ്വാസത്തിന്റെ അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്നും, അവ നിർബന്ധമായും ഭൗതികമായ അത്ഭുതങ്ങളായിരിക്കണമെന്നില്ലെന്നും നമ്മെ അറിയിക്കാനാണ് ഈ ഉപമ ഉപയോഗിച്ചിരിക്കുന്നത്. വാസ്തവത്തിൽ, ഭൗതികമായ ഒരു അത്ഭുതം പ്രവർത്തിക്കാൻ ദൈവം എപ്പോഴെങ്കിലും നമ്മെയും നമ്മുടെ വിശ്വാസത്തെയും ഉപയോഗിക്കുകയാണെങ്കിൽ, അതിലും എത്രയോ പ്രധാനപ്പെട്ട ദാനമായ വിശ്വാസവർധനയ്ക്കു പ്രചോദനമാകുന്നതുകൊണ്ടു മാത്രമായിരിക്കും അതു സംഭവിക്കുക.
അങ്ങനെയെങ്കിൽ, അല്പം വിശ്വാസത്തിന് എന്തു ചെയ്യാൻ കഴിയും? നിങ്ങളുടെ ഹൃദയത്തിൽനിന്നും നിങ്ങളുടെ ചുറ്റുമുള്ളവരുടെ ഹൃദയങ്ങളിൽനിന്നും പാപത്തെ വേരോടെ പിഴുതുനീക്കാൻ അതിനു കഴിയും. അസാധ്യമെന്നു തോന്നുന്ന വിധങ്ങളിൽ നിങ്ങളെയും മറ്റുള്ളവരെയും പരിപോഷിപ്പിക്കാൻ അതിനു കഴിയും. സാധാരണഗതിയിൽ ഒരു മരത്തിനു കടലിൽ നടപ്പെട്ട് അതിജീവിക്കാൻ കഴിയാത്തതുപോലെ, മറ്റുവിധത്തിൽ അസാധ്യമെന്നു തോന്നുന്ന രീതികളിൽ പരിപോഷണവും ശക്തിയും പ്രാപിക്കാൻ വിശ്വാസമെന്ന ദാനം—അല്പം വിശ്വാസംപോലും—ആത്മാവിനെ പ്രാപ്തമാക്കും. ഒരു രക്തസാക്ഷി ഈ വസ്തുത പൂർണമായി വ്യക്തമാക്കുന്നു. സാധാരണഗതിയിൽ, പീഡനവും മരണവും ഒരു വ്യക്തിയെ പരിപോഷിപ്പിക്കുന്നവയായി കണക്കാക്കപ്പെടുന്നില്ല. എന്നാൽ, ഒരു വ്യക്തി വിശ്വാസത്തോടെ ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിക്കുമ്പോൾ, ആ പീഡനംതന്നെ ആ വ്യക്തിയുടെ ആത്മാവിനു പോഷണമായിത്തീരും. സാധ്യമായ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നാണത്. സഹനം, പീഡനം, രോഗം, ദാരിദ്ര്യം, സങ്കല്പിക്കാവുന്ന മറ്റെല്ലാ പ്രയാസങ്ങളും യഥാർഥ വിശ്വാസത്തോടെ നാം സഹിക്കുമ്പോൾ, ദൈവം അവയെ പരിപോഷണത്തിന്റെ ഉറവിടമാക്കി മാറ്റുന്നു.
“ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ” എന്ന അപ്പസ്തോലന്മാരുടെ പ്രാർഥനയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ഏറ്റവും ശ്രേഷ്ഠരായ ചില ദൈവാനുഭവികൾ, വിശ്വാസം ബുദ്ധിയെ അന്ധകാരത്തിലാക്കുന്നു എന്നു പഠിപ്പിച്ചിട്ടുണ്ട്. ഈ അന്ധകാരത്തിലാക്കൽ എന്നതുകൊണ്ട് അവർ അർഥമാക്കുന്നത്, വിശ്വാസത്തിലൂടെ ദൈവം നമുക്ക് അജ്ഞാതമായതിലേക്കും, അവിടുത്തേക്കു മാത്രം അറിയാവുന്ന ഒരു പാതയിലൂടെയും നമ്മെ നയിക്കുമെന്നാണ്. നമ്മുടെ സ്വാഭാവിക കഴിവുകൾക്ക് തികച്ചും അതീതമായ രീതികളിൽ, രൂപാന്തരപ്പെടുത്തുന്ന അവിടുത്തെ കൃപയുടെ ഉപകരണങ്ങളായി നാം മാറും. വിശ്വാസം വർധിച്ചുകിട്ടാൻ പ്രാർഥിക്കുക. നിങ്ങളുടെ വിശ്വാസക്കുറവുകൂടി ഏറ്റുപറയുന്ന ആ എളിയ പ്രാർഥന നമ്മുടെ കർത്താവു കേൾക്കുമ്പോൾ, അവിടുന്ന് ആ വിശ്വാസം വർധിപ്പിക്കുകയും പാപവും തിന്മയും വേരോടെ പിഴുതുനീക്കുകയും, നിങ്ങൾക്ക് ഒരിക്കലും സാധ്യമെന്നു സങ്കല്പിക്കാൻപോലും കഴിയാതിരുന്ന വിധങ്ങളിൽ പരിപോഷണം ലഭിക്കുന്ന ഇടങ്ങളിൽ നിങ്ങളുടെ ആത്മാവിനെ നട്ടുവളർത്തുകയും ചെയ്യും.
പരമമഹത്വപൂർണ്ണനായ കർത്താവേ, എന്റെ വിശ്വാസം വർധിപ്പിക്കണമേ. എനിക്ക് നിർമ്മലമായ വിശ്വാസം നൽകണമേ—അങ്ങയുടെ മഹത്വത്തിലേക്കുള്ള അജ്ഞാതമായ പാതയിലൂടെ എന്നെ നയിക്കാൻ അങ്ങേക്ക് സാധ്യമാക്കുന്ന വിശ്വാസം. വിശ്വാസമെന്ന ഈ ദാനത്താൽ, പാപം വേരോടെ പിഴുതെറിയപ്പെടുകയും ആത്മാക്കൾ അങ്ങയാൽ മാത്രം പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന അങ്ങയുടെ അത്ഭുതശക്തി പ്രകടമാക്കാൻ എന്നെ ഉപയോഗിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധ – വിശുദ്ധ ഫൗസ്റ്റീന കൊവാൽസ്ക, കന്യക
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനക്രമത്തിൽ അനുസ്മരണമായി ആഘോഷിക്കുന്നില്ല
വിശുദ്ധ കുർബാനയ്ക്കായി തിരഞ്ഞെടുക്കാവുന്ന വായനകൾ




