മലയാളം

ഈ നോമ്പുകാലത്ത് കുരിശ് ഏറ്റെടുക്കുക

ഫെബ്രുവരി 19, 2026
വിഭൂതി ബുധനു ശേഷമുള്ള വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

തെയോഫിൽ മാരി ഫ്രാൻസ്വാ ലൈബാർട്ടിന്റെ ‘യേശുവിന് കുരിശ് നൽകപ്പെടുന്നു’

വീഡിയോ

“ആരെങ്കിലും എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നെങ്കിൽ, അവൻ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കണം. എന്തെന്നാൽ, സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; എന്നാൽ എനിക്കുവേണ്ടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു രക്ഷിക്കും. ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ അവന് എന്തു പ്രയോജനം?” ലൂക്കാ 9:23–25

നമ്മുടെ വിശ്വാസത്തിലെ വലിയ വിരോധാഭാസങ്ങളിലൊന്ന് ഇന്നത്തെ സുവിശേഷം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു: ഒരുവന്റെ ജീവൻ രക്ഷിക്കാനുള്ള ഏകമാർഗം ക്രിസ്തുവിന്റെ കുരിശെടുത്ത് അവിടുത്തെ അനുഗമിച്ചുകൊണ്ട് അതു നഷ്ടപ്പെടുത്തുക എന്നതാണ്. ഈ സത്യം മനുഷ്യയുക്തിക്ക് വഴങ്ങുന്നതല്ല; ദൈവിക വെളിപാടിലൂടെ മാത്രമേ നമുക്ക് അത് പൂർണമായി ഗ്രഹിക്കാൻ കഴിയൂ. കുരിശിന്റെ ജ്ഞാനം നിഗൂഢവും നമ്മെ രൂപാന്തരപ്പെടുത്തുന്നതുമാണ്. നമ്മുടെ സ്വാഭാവിക പ്രവണതകൾ തിരിച്ചറിയാതെ പോകാവുന്ന കൂടുതൽ ആഴമുള്ള ഒരു യാഥാർഥ്യം അത് വെളിപ്പെടുത്തുന്നു.

ലോകം മുഴുവൻ നേടുന്നതായി സങ്കൽപ്പിക്കുക. അത് എങ്ങനെയായിരിക്കും? ലൗകികമായ കാഴ്ചപ്പാടിൽ, അതിനർഥം അപാരമായ സമ്പത്ത് സ്വന്തമാക്കുക, പൂർണസ്വാതന്ത്ര്യം ആസ്വദിക്കുക, പ്രശസ്തി നേടുക, ലോകത്തിൽ അധികാരം കൈയാളുക എന്നിവയൊക്കെയാകാം. ലോകം വാഗ്ദാനം ചെയ്യുന്നതെല്ലാം നേടിയിട്ടും നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാൻ കഴിയുമോ? നിങ്ങൾ ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്ത് പത്തു ശതമാനം ദരിദ്രർക്കു നൽകിയാലോ? ആഡംബരത്തോട് ആസക്തിയില്ലാതെ ആഡംബരത്തിൽ ജീവിച്ചാലോ? അത് യഥാർഥത്തിൽ സാധ്യമാണോ?

അത് സാധ്യമാണെന്ന് ചിലർ സ്വയം ബോധ്യപ്പെടുത്തിയേക്കാമെങ്കിലും, യേശുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് മറിച്ചാണ്. ലോകത്തിന്റെ മാനദണ്ഡമനുസരിച്ച് അവിടുന്ന് സമ്പന്നനായിരുന്നില്ല. സാധാരണ അർഥത്തിലുള്ള ലൗകികാധികാരം അവിടുത്തേക്കുണ്ടായിരുന്നില്ല. അവിടുന്ന് സുഖസൗകര്യങ്ങളോ ആഡംബരമോ തേടിയില്ല. ആത്മാക്കളുടെ രക്ഷ മാത്രമായിരുന്നു അവിടുത്തെ ഏക ലക്ഷ്യം; ആ ദൗത്യം അവിടുന്ന് പൂർണമായി ജീവിച്ചു.

ഇത് മറ്റൊരു ചോദ്യമുയർത്തുന്നു: ഈ ജീവിതത്തിൽ യേശു സന്തുഷ്ടനായിരുന്നോ? അവിടുത്തെ ഭൗമികജീവിതം കഷ്ടതകൾ നിറഞ്ഞതായിരുന്നു. ഒരു ഗുഹയിലാണ് അവിടുന്ന് ജനിച്ചത്. ശിശുവായിരിക്കുമ്പോൾ തന്നെ വധിക്കാനുള്ള ഹേറോദേസിന്റെ ശ്രമത്തിൽനിന്ന് അവിടുന്ന് രക്ഷപ്പെട്ടു. ചെറുപ്പത്തിൽത്തന്നെ അവിടുത്തേക്ക് വിശുദ്ധ യൗസേപ്പിനെ നഷ്ടമായിരിക്കാം. സാത്താനിൽനിന്നുള്ള കഠിനമായ പ്രലോഭനങ്ങൾ അവിടുന്ന് 40 ദിവസം സഹിച്ചു. നസറത്തിലെ സ്വന്തം ജനങ്ങൾ അവിടുത്തെ തിരസ്കരിച്ചു. പലരും അവിടുത്തെ സ്നേഹിച്ചിരുന്നെങ്കിലും മറ്റുചിലർ അവിടുത്തെ വെറുത്തു. ഒടുവിൽ അവിടുന്ന് ഒറ്റിക്കൊടുക്കപ്പെടുകയും അന്യായമായി ശിക്ഷിക്കപ്പെടുകയും മർദിക്കപ്പെടുകയും കുരിശിലേറ്റപ്പെടുകയും ചെയ്തു.

അതാണോ സന്തോഷം? ലൗകികമായ അർഥത്തിൽ അല്ല. എന്നാൽ തന്റെ പിതാവിന്റെ തിരുഹിതം നിറവേറ്റുന്നതിലായിരുന്നു യേശുവിന്റെ സന്തോഷം. ഈ അനുസരണം, തന്റെ ദൈവിക ദൗത്യത്തിന്റെ ഈ പൂർണമായ നിർവഹണം, നമ്മുടെ മാനുഷിക ഗ്രഹണശേഷിക്കതീതമായ സന്തോഷം നൽകി—പരിപൂർണമായ സ്നേഹത്തിലും ദൈവപദ്ധതിയോടുള്ള സമർപ്പണത്തിലും വേരൂന്നിയ, ആഴമേറിയതും നിലനിൽക്കുന്നതുമായ ആനന്ദം.

നോമ്പുകാലം ആരംഭിക്കുമ്പോൾ നാം നമ്മോടുതന്നെ ചോദിക്കേണ്ട നല്ലൊരു ചോദ്യമിതാണ്: “ഞാൻ സന്തുഷ്ടനാണോ?” ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അനേകർ പാടുപെടുന്നു. നമ്മുടെ കർത്താവിനെപ്പോലെ നാമും പരീക്ഷണങ്ങളും സഹനങ്ങളും നിരാശകളും അനുഭവിക്കുന്നു. യേശുവും ഇവയിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നില്ല; മനുഷ്യാനുഭവങ്ങളുടെ മുഴുവൻ വ്യാപ്തിയും അവിടുന്ന് അഭിമുഖീകരിച്ചു. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനായിരുന്നതിനാൽ ബാല്യത്തിൽ അവിടുന്ന് തിരസ്കരണം നേരിട്ടിരിക്കാം. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്റെ ദുഃഖം അവിടുന്ന് അറിഞ്ഞു; കുടുംബത്തിന്റെ ഉപജീവനത്തിൽ പങ്കുചേരാനായി അനുദിനം അധ്വാനിക്കേണ്ടതിന്റെ ഭാരവും അവിടുന്ന് ഏറ്റെടുത്തു.

മനുഷ്യാവതാരത്തിന്റെ—ദൈവം മനുഷ്യനാകുന്നതിന്റെ—രഹസ്യത്തിൽ, ദൈവപുത്രൻ മനുഷ്യന്റെ എല്ലാ സഹനങ്ങളിലും ഉറ്റവിധത്തിൽ പങ്കുചേരുന്നു. നമ്മുടെ പോരാട്ടങ്ങളും ദുഃഖങ്ങളും അവിടുന്ന് സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് യേശുവിന് നമ്മെ അനുകമ്പയോടെ നോക്കി, “എനിക്കു മനസ്സിലാകുന്നു” എന്നു പറയാൻ കഴിയുന്നത്. അവിടുന്ന് ദൈവവും എല്ലാറ്റിനും അതീതനുമായിരിക്കുക മാത്രമല്ല, നാം നേരിടുന്ന അതേ പരീക്ഷണങ്ങളിലൂടെ കടന്നുപോയതിനാൽ നമ്മോട് ഏറെ അടുത്തിരിക്കുന്നവനുമാണ്.

ഈ യാഥാർഥ്യമാണ് ഇന്നത്തെ സുവിശേഷത്തിലെ അവിടുത്തെ വാക്കുകൾക്ക് ഇത്ര ശക്തി നൽകുന്നത്: “അനുദിനം നിന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കുക.” യഥാർഥ സന്തോഷത്തിലേക്കുള്ള വഴി കുരിശ് കാട്ടിത്തരുന്നു. നമ്മുടെ മനുഷ്യസ്വഭാവം സഹനം ഒഴിവാക്കാൻ ശ്രമിച്ചേക്കാം. എന്നാൽ, അതിനെ അവിടുത്തെ സ്വന്തം സഹനത്തോട് ചേർത്തുകൊണ്ട് കൃപയാൽ സ്വീകരിക്കാൻ യേശു നമ്മെ ക്ഷണിക്കുന്നു. നമ്മുടെ സ്വാഭാവിക യുക്തിക്ക് ഒരിക്കലും ഗ്രഹിക്കാൻ കഴിയാത്ത വിധങ്ങളിൽ, കുരിശിലൂടെ നാം വിജയവും പൂർണതയും കണ്ടെത്തുന്നു.

കുരിശിന്റെ ജ്ഞാനത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. മനുഷ്യയുക്തിക്കു മാത്രമായി അതിനെ ഒരിക്കലും പൂർണമായി ഗ്രഹിക്കാനോ സന്തോഷത്തിലേക്കുള്ള വഴിയായി സ്വീകരിക്കാനോ കഴിയില്ല. ലോകത്തിന്റെ വ്യാജവാഗ്ദാനങ്ങൾക്കപ്പുറം കാണാൻ ദൈവത്തിന്റെ സത്യം നിങ്ങളുടെ മനസ്സിനെ ഉയർത്തട്ടെ. യഥാർഥ ആനന്ദത്തിലേക്കും സമാധാനത്തിലേക്കും നിത്യജീവനിലേക്കുമുള്ള കവാടമാണ് കുരിശ് എന്നറിഞ്ഞ്, വിശ്വാസത്തോടെ അതിനെ ആശ്ലേഷിക്കുക.

ജ്ഞാനിയായ എന്റെ കർത്താവേ, ലൗകികമാർഗങ്ങളിലൂടെ സന്തോഷം കണ്ടെത്താൻ ശ്രമിച്ചുകൊണ്ട്, പരിമിതമായ എന്റെ ധാരണയിൽ ഞാൻ പലപ്പോഴും ആശ്രയിക്കുന്നു. കുരിശിന്റെ മഹത്വവും അങ്ങ് എന്നെ വിളിക്കുന്ന ത്യാഗങ്ങളും കാണാൻ എനിക്ക് അങ്ങയുടെ ജ്ഞാനമെന്ന ദാനം നൽകണമേ. ഞാൻ തേടുന്ന പൂർണതയിലേക്കുള്ള യഥാർഥ വഴി ഇതാണെന്ന വിശ്വാസത്തോടെ അനുദിനം എന്റെ കുരിശുമെടുത്ത് അങ്ങയെ അനുഗമിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

രണ്ടാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസം & കുരിശിൻ ചുവട്ടിൽ 40 ദിവസം

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.