2026 ഫെബ്രുവരി 27
നോമ്പുകാലം ഒന്നാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
ആശ്രമാധിപനും വേദപാരംഗതനുമായ നാരെക്കിലെ വിശുദ്ധ ഗ്രിഗറി—ഐച്ഛിക അനുസ്മരണം
ചിത്രത്തിന്റെ ഉറവിടം: Adobe Stock
യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെക്കാൾ ശ്രേഷ്ഠമാകുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല.” മത്തായി 5:20
ഒരു ഭാര്യ ഭർത്താവിനോട് സൂപ്പർമാർക്കറ്റിൽ പോയി ഒരു പൗണ്ട് ഉരുളക്കിഴങ്ങ് എടുക്കാൻ ആവശ്യപ്പെട്ടുവെന്നു സങ്കൽപ്പിക്കുക. വാക്കുകളുടെ അക്ഷരാർഥം മാത്രം കണക്കിലെടുത്ത അദ്ദേഹം കടയിൽ പോയി, ഒരു പൗണ്ട് ഉരുളക്കിഴങ്ങ് കണ്ടെത്തി, അത് എടുത്തുയർത്തിയശേഷം തിരികെവെച്ച് വീട്ടിലേക്കു മടങ്ങി. ഉരുളക്കിഴങ്ങ് എവിടെയെന്നു ഭാര്യ ചോദിക്കുമ്പോൾ, അത് ഇപ്പോഴും കടയിലുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ആശയക്കുഴപ്പത്തോടെ, എന്തുകൊണ്ടാണ് അത് വീട്ടിലേക്കു കൊണ്ടുവരാതിരുന്നതെന്ന് അവൾ ചോദിക്കുന്നു. അദ്ദേഹം മറുപടി പറയുന്നു: “അത് ‘എടുക്കാൻ’ മാത്രമല്ലേ നീ എന്നോട് പറഞ്ഞുള്ളൂ.”
ഈ ഉദാഹരണം രസകരമായി തോന്നാമെങ്കിലും, നിർദേശങ്ങൾ പാലിക്കുന്നതിനെക്കുറിച്ചുള്ള സുപ്രധാനമായ ഒരു സത്യം ഇത് വ്യക്തമാക്കുന്നു. വാക്കുകളുടെ അക്ഷരാർഥത്തിൽ ഭർത്താവ് ആ അഭ്യർഥന നിറവേറ്റിയിരിക്കാം; എന്നാൽ അതിന്റെ ആഴമായ അർഥം അദ്ദേഹം മനസ്സിലാക്കിയില്ല. ഏതാണ്ട് ഇതേ രീതിയിൽ, യേശുവിന്റെ കാലത്തെ നിയമജ്ഞരും ഫരിസേയരും ദൈവത്തിന്റെ നിയമം അക്ഷരംപ്രതി സൂക്ഷ്മമായി പാലിച്ചിരുന്നെങ്കിലും, അതിന്റെ അന്തഃസത്ത മനസ്സിലാക്കുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു.
ഇന്നത്തെ സുവിശേഷത്തിൽ യേശു ഈ വിഷയം നേരിട്ടു കൈകാര്യം ചെയ്യുന്നു. മോശയിലൂടെ ദൈവം നൽകിയ നിയമം പത്തു കൽപനകളിൽ സംഗ്രഹിക്കപ്പെട്ടിരുന്നു. എന്നാൽ ആ കൽപനകളുടെ ആഴമായ അർഥം വെളിപ്പെടുത്താനാണ് യേശു വന്നത്. ഉദാഹരണത്തിന്, “നീ കൊല്ലരുത്” എന്ന കൽപനയുടെ യഥാർഥ അർഥം അവിടുന്ന് വിശദീകരിക്കുന്നു.
ഒറ്റനോട്ടത്തിൽ, ഒരാളെ ശാരീരികമായി കൊലപ്പെടുത്താത്തിടത്തോളം താൻ കുറ്റമുക്തനാണെന്ന് ഒരാൾ ചിന്തിച്ചേക്കാം. എന്നാൽ ഈ കൽപന കൊലപാതകം എന്ന പ്രവൃത്തിക്കപ്പുറത്തേക്ക് ഏറെ വ്യാപിക്കുന്നുവെന്ന് യേശു കാണിച്ചുതരുന്നു. ഗൗരവം കുറഞ്ഞ ആന്തരികവും ബാഹ്യവുമായ പാപങ്ങളും ഈ കൽപന വിലക്കുന്നുവെന്ന് അവിടുന്ന് വെളിപ്പെടുത്തുന്നു.
ഈ കൽപനയുമായി ബന്ധപ്പെട്ട പാപത്തിന്റെ മൂന്നു തലങ്ങൾ യേശു ചൂണ്ടിക്കാണിക്കുന്നു. ആദ്യത്തേത് കോപമാണ്. കോപം ഒരു ആന്തരിക മനോഭാവമാണ്; ഈ മൂന്നു പാപങ്ങളിൽ ഗൗരവം ഏറ്റവും കുറഞ്ഞത് അതാണ്. മറ്റൊരാളെ വിധിക്കുന്ന ഒരു ചിന്തയിലോ കുറ്റംവിധിക്കലിലോ ആണ് അതിന്റെ തുടക്കം; പലപ്പോഴും അത് കോപവികാരങ്ങളിലേക്കു നയിക്കുന്നു. വികാരങ്ങൾ പാപമല്ലെങ്കിലും, തിടുക്കത്തിലുള്ള വിധിയെഴുത്തോ അവജ്ഞയോ മൂലം കോപം വേരുറയ്ക്കാൻ അനുവദിക്കുന്നത് പാപമാണ്; തുടർന്ന് ഒരു പ്രവൃത്തിയും ചെയ്തില്ലെങ്കിലും അതു പാപംതന്നെയാണ്. കോപം മനസ്സിൽ സൂക്ഷിക്കുന്ന ഒരാൾ “വിധിക്കു വിധേയനാകുമെന്ന്” യേശു മുന്നറിയിപ്പു നൽകുന്നു.
രണ്ടാമത്തെ തലത്തിലുള്ള പാപം വാക്കുകളിലൂടെയുള്ളതാണ്; പ്രത്യേകിച്ച് ഒരാളെ റാക്കാ എന്നു വിളിക്കുന്നത്. ഒരാൾ ബുദ്ധിശൂന്യനോ വിലകെട്ടവനോ ആണെന്ന് അർഥമാക്കുന്ന, അവഹേളനപരമായ ഒരു ശകാരവാക്കാണ് ഈ അരമായ പദം. ഇത്തരം അവഹേളനം കോപത്തെ പുറത്തു പ്രകടിപ്പിക്കുകയും ആ വ്യക്തിയോടുള്ള കൂടുതൽ ആഴമായ പുച്ഛവും ദൈവദൃഷ്ടിയിൽ ആ വ്യക്തിക്കുള്ള മൂല്യം തിരിച്ചറിയുന്നതിലെ പരാജയവും വെളിപ്പെടുത്തുകയും ചെയ്യുന്നു. ഒരാളോട് ഇങ്ങനെ സംസാരിക്കുന്നത്, ദൈവത്തിന്റെ മകനോ മകളോ എന്ന നിലയിലുള്ള അയാളുടെ മഹത്ത്വത്തെ മാനിക്കുന്നില്ലെന്നു കാണിക്കുന്നു. ഈ പാപം ചെയ്യുന്നവർ “സൻഹെദ്രിന്റെ മുമ്പിൽ ഉത്തരം പറയേണ്ടിവരും” എന്ന് യേശു മുന്നറിയിപ്പു നൽകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവം അവരോട് കണക്കു ചോദിക്കുമെന്നു മാത്രമല്ല, അവർ അനുതപിക്കുന്നില്ലെങ്കിൽ കുടുംബത്തിൽനിന്നോ സുഹൃത്തുക്കളിൽനിന്നോ സഭയിൽനിന്നോ അവർക്ക് സഹോദരനിർദേശവും ആവശ്യമായി വന്നേക്കാം.
യേശു പരാമർശിക്കുന്ന ഏറ്റവും ഗൗരവമേറിയ തെറ്റ് ഒരാളെ “ഭോഷാ!” എന്നു വിളിക്കുന്നതാണ്. ബൈബിളിലെ അർഥത്തിൽ, ഒരാളെ ഭോഷൻ എന്നു വിളിക്കുന്നത് വെറുമൊരു അവഹേളനത്തെക്കാൾ കൂടുതലാണ്; അത് ആ വ്യക്തിയുടെ സ്വഭാവത്തെ കുറ്റംവിധിക്കലാണ്. വിശുദ്ധ ഗ്രന്ഥത്തിൽ ഭോഷൻ എന്നത് ദൈവത്തെ തള്ളിക്കളയുകയും ധാർമിക അധഃപതനത്തിൽ ജീവിക്കുകയും ചെയ്യുന്ന ഒരാളാണ്. സങ്കീർത്തനം 14:1-ൽ പറയുന്നതുപോലെ: “ഭോഷൻ തന്റെ ഹൃദയത്തിൽ പറയുന്നു: ‘ദൈവമില്ല.’” അതിനാൽ, ഒരാളെ ഭോഷൻ എന്നു വിളിക്കുന്നത് അയാളുടെ ആത്മാവിനെക്കുറിച്ചു വിധിപറയുകയും ദൈവകൃപയിൽനിന്ന് അകറ്റപ്പെട്ട ഒരാളായി അയാളെ കാണുകയും ചെയ്യുന്നതാണ്. യേശുവിന്റെ മുന്നറിയിപ്പ് കർക്കശമാണ്: ഇപ്രകാരം മറ്റുള്ളവരെ കുറ്റംവിധിക്കുന്നവർ “അഗ്നിമയമായ ഗെഹെന്നയ്ക്ക് വിധേയരാകും.”
ഈ കൽപനയുടെയും മറ്റു കൽപനകളുടെയും ആഴമായ അർഥത്തെക്കുറിച്ചുള്ള യേശുവിന്റെ പഠനം ഇന്ന് ധ്യാനിക്കുക. പാപത്തിൽനിന്നു പിന്തിരിഞ്ഞ് ദൈവത്തിലേക്കു മടങ്ങിവരാനുള്ള സമയമാണ് നോമ്പുകാലം. നിങ്ങൾ കോപവുമായി മല്ലിടുന്നുണ്ടെങ്കിൽ, അതിന്റെ വേരുകൾ പരിശോധിക്കുക. തിടുക്കത്തിലുള്ള വിധിയെഴുത്താണ് അതിന്റെ കാതലിലുള്ളതെങ്കിൽ, സമാധാനം കണ്ടെത്താൻ ദൈവകരുണ തേടുകയും അനുതപിക്കുകയും ചെയ്യുക. വിമർശനാത്മകമോ കുറ്റംവിധിക്കുന്നതോ ആയ വാക്കുകളാൽ നിങ്ങൾ മറ്റുള്ളവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, പ്രത്യേകിച്ച് അവരുടെ ധാർമിക സ്വഭാവത്തെക്കുറിച്ചു വിധിപറഞ്ഞിട്ടുണ്ടെങ്കിൽ, ഗുരുതരമായ ഈ പാപം കുമ്പസാരിക്കുകയും ദൈവം മാത്രമാണ് ന്യായാധിപൻ എന്ന് ഓർക്കുകയും ചെയ്യുക. ദൈവത്തിന്റെ നിയമം അക്ഷരംപ്രതി മാത്രമല്ല, അതിന്റെ അന്തഃസത്തയിലും നിറവേറ്റാൻ പരിശ്രമിക്കുക; അപ്പോൾ നിങ്ങളുടെ ജീവിതം സമൃദ്ധമായി ഫലം പുറപ്പെടുവിക്കും.
സൗമ്യനും വിനീതനുമായ എന്റെ കർത്താവേ, അങ്ങ് കരുണയുള്ളവനെങ്കിലും നീതിമാനുമാണ്. കോപമെന്ന പാപത്തെയും അതിനോടൊപ്പം വരുന്ന എല്ലാറ്റിനെയും അതിജീവിക്കാൻ വേണ്ട ക്ഷമയും കൃപയും തേടി ഞാൻ ഇന്ന് അങ്ങയുടെ കരുണയിലേക്കു തിരിയുന്നു. മറ്റുള്ളവരെ വിധിക്കുന്ന ചിന്തകളിൽനിന്ന് എന്നെ മോചിപ്പിക്കുകയും അങ്ങയുടെ കരുണാർദ്രമായ ഹൃദയത്തോടെ മറ്റുള്ളവരെ സ്നേഹിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഒൻപതാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – ആശ്രമാധിപനും വേദപാരംഗതനുമായ നാരെക്കിലെ വിശുദ്ധ ഗ്രിഗറി
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





