മലയാളം

മനുഷ്യജീവിതത്തിലെ പരീക്ഷണങ്ങളും ദൈവകൃപയും

മാർച്ച് 31, 2026
വിശുദ്ധവാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

മെട്രോപൊളിറ്റൻ കലാ മ്യൂസിയം, CC0, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

ശിഷ്യന്മാരോടൊപ്പം ഭക്ഷണമേശയിൽ ചാരിയിരിക്കുമ്പോൾ യേശു ആഴത്തിൽ അസ്വസ്ഥനായി ഇപ്രകാരം സാക്ഷ്യപ്പെടുത്തി: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.” യോഹന്നാൻ 13:21

സ്നേഹം, വഞ്ചന, ദൈവിക മഹത്വം, മനുഷ്യദൗർബല്യം എന്നിവ ഇന്നത്തെ സുവിശേഷത്തിൽ നിറഞ്ഞുനിൽക്കുന്നു. ധ്യാനിക്കാനായി വ്യത്യസ്ത വികാരങ്ങളുടെയും അനുഭവങ്ങളുടെയും ഒരു വൈരുധ്യം അത് നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. എല്ലാത്തരം സന്തോഷങ്ങളും പരീക്ഷണങ്ങളും നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. പഴമൊഴി പറയുന്നതുപോലെ, ജീവിതം “പൂമെത്ത”യല്ല. സന്തോഷത്തിനും സ്നേഹത്തിനും ആവേശത്തിനുമൊപ്പം മനോവേദനയും കോപവും ഭയവും ഉത്കണ്ഠയും നമ്മെ സ്പർശിക്കുന്നു. ശിഷ്യന്മാരോടും തന്നെ കണ്ടുമുട്ടിയ എല്ലാവരോടുമൊപ്പമുള്ള യേശുവിന്റെ മാനുഷിക അനുഭവവും ഇപ്രകാരം തന്നെയായിരുന്നു. യേശുവിന്റെ ഭാഗത്ത് യാതൊരു തെറ്റും ഇല്ലാതിരുന്നിട്ടും, അവിടുത്തെക്കുറിച്ച് ആളുകൾ വിരുദ്ധ ചേരികളിലായി. അവിടുത്തെ പരിശുദ്ധ അമ്മ, യോഹന്നാൻ, ബഥാനിയായിലെ മറിയം, മഗ്ദലനമറിയം തുടങ്ങിയവർ അവിടുത്തെ ആഴമായി സ്നേഹിച്ചു; എന്നാൽ നിയമജ്ഞരും ഫരിസേയരും പോലുള്ളവർ അവിടുത്തെ നിന്ദിച്ചു. സുവിശേഷകഥയിലെ സംഭവങ്ങൾക്ക് വലിയ നാടകീയത പകർന്ന മറ്റൊരാളെയും ഇന്നത്തെ സുവിശേഷം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. അയാൾ യേശുവിനെ തീവ്രമായി സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്തതുകൊണ്ടല്ല, മറിച്ച് അയാൾ അത്യാഗ്രഹിയും ആത്മീയമായി വഴിതെറ്റിയവനുമായിരുന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

അന്ത്യത്താഴത്തെക്കുറിച്ചുള്ള വിശുദ്ധ യോഹന്നാന്റെ വിവരണമാണ് നാം ഇന്ന് വായിക്കുന്നത്. പെസഹാഭക്ഷണം ആഘോഷിക്കാൻ യേശുവും ശിഷ്യന്മാരും മാളികമുറിയിൽ ഒരുമിച്ചുകൂടിയിരുന്നു. എളിയ ശുശ്രൂഷയുടെ അഗാധമായ ഒരു പ്രവൃത്തിയായ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ടാണ് അവിടുന്ന് ആരംഭിച്ചത്. ഇതിനുശേഷം, പന്ത്രണ്ടുപേരിൽ ഒരുവൻ തന്നെ ഒറ്റിക്കൊടുക്കുമെന്ന് യേശു പ്രവചിച്ചു. ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്ന് പ്രിയശിഷ്യനായ യോഹന്നാൻ ചോദിച്ചപ്പോൾ, യേശു യൂദാസിന് ഒരു കഷണം ഭക്ഷണം നൽകിക്കൊണ്ട് അവനെ ചൂണ്ടിക്കാട്ടി. ഉറ്റ സൗഹൃദവും വിശ്വാസവും പ്രകടിപ്പിക്കുന്ന ഒരു പ്രവൃത്തിയായിരുന്നു അത്. ആ നിമിഷം, “സാത്താൻ അവനിൽ പ്രവേശിച്ചു.” സൗമ്യതയോടും അധികാരത്തോടുംകൂടെ യേശു യൂദാസിനോടു പറഞ്ഞു: “നീ ചെയ്യാൻ പോകുന്നത് വേഗം ചെയ്യുക.” ഉടനെ, “യൂദാസ് ആ ഭക്ഷണകഷണം സ്വീകരിച്ച് തൽക്ഷണം പുറത്തേക്കുപോയി. അപ്പോൾ രാത്രിയായിരുന്നു” (യോഹന്നാൻ 13:27, 30). ആ രാത്രിയിലെ നാടകീയ സംഭവങ്ങൾ യൂദാസിന്റെ ഒറ്റിക്കൊടുക്കലോടെ അവസാനിച്ചില്ല. യേശു പത്രോസിനോടും വെളിപ്പെടുത്തി: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു, നീ എന്നെ മൂന്നുപ്രാവശ്യം നിഷേധിക്കുന്നതിനുമുമ്പ് കോഴി കൂവുകയില്ല” (യോഹന്നാൻ 13:38).

യേശു ദൈവമായിരുന്നെങ്കിലും, അവിടുന്ന് പൂർണ മനുഷ്യനുമായിരുന്നു. അവിടുത്തെ മനുഷ്യസ്വഭാവത്തിന്റെ പൂർണത നിമിത്തം, ഓരോ മാനുഷിക വികാരവും നമ്മെക്കാൾ വളരെ തീവ്രമായി അനുഭവിക്കാൻ അവിടുത്തേക്കു കഴിയുമായിരുന്നു. അതിനാൽ, മനുഷ്യാനുഭവങ്ങളുടെ മുഴുവൻ വ്യാപ്തിയിലുമുള്ള വികാരങ്ങളുടെ ആഴമേറിയ വൈരുധ്യം യേശുവിന്റെ മാനുഷിക ആത്മാവിൽ നാം കണ്ടെത്തുന്നു. പന്ത്രണ്ടുപേരിൽ ഒരുവൻ അന്ന് വൈകുന്നേരം അവിടുത്തെ മരണത്തിന് ഏൽപ്പിച്ചുകൊടുക്കും. മറ്റൊരുവനാകട്ടെ, തന്റെ സഭയുടെ നേതൃത്വം അവിടുന്ന് ഏൽപ്പിക്കാനിരുന്നവൻ, യേശുവിനെ അറിയുകപോലുമില്ലെന്ന് നിഷേധിക്കും. അതിനുപുറമേ, അന്നു രാത്രി തന്നെ താൻ അറസ്റ്റുചെയ്യപ്പെടുമെന്നും പീഡിപ്പിക്കപ്പെടുമെന്നും തനിക്കെതിരെ വ്യാജാരോപണങ്ങൾ ഉന്നയിക്കപ്പെടുമെന്നും താൻ തടവിലാക്കപ്പെടുമെന്നും പ്രഭാതത്തിൽ മരണശിക്ഷാവിധിക്കായി കാത്തിരിക്കേണ്ടിവരുമെന്നും യേശുവിന് പൂർണമായി അറിയാമായിരുന്നു. ഈ സംഭവങ്ങളുടെ പ്രത്യാഘാതങ്ങൾ സ്വന്തം മനുഷ്യസ്വഭാവത്തിൽ അനുഭവിക്കുക മാത്രമല്ല, പന്ത്രണ്ടുപേരുടെയും തന്റെ അമ്മയുടെയും തന്നെ വെറുത്ത എല്ലാവരുടെയും അനുഭവങ്ങൾ ഗ്രഹിക്കാനും അവിടുത്തെ സഹാനുഭൂതി അവിടുത്തെ പ്രാപ്തനാക്കി. അവർ അനുഭവിക്കുന്നതിന് വളരെ മുമ്പുതന്നെ അവരുടെ വേദനയും ആശയക്കുഴപ്പവും കോപവും അവിടുന്ന് അനുഭവിച്ചു; അവർക്ക് ഒരിക്കലും അനുഭവിക്കാനാവുന്നതിനെക്കാൾ വളരെ ആഴത്തിൽ ആ വികാരങ്ങൾ അവിടുന്ന് അനുഭവിച്ചു. കുരിശിൻചുവട്ടിൽ വിശ്വസ്തതയോടെ അവിടുത്തോടൊപ്പം നിൽക്കാനിരുന്ന അവിടുത്തെ അമ്മ മാത്രമേ, യേശു തന്റെ ആത്മാവിൽ അനുഭവിച്ച മാനുഷിക സഹനത്തിന്റെ ആഴം അനുഭവിക്കുമായിരുന്നുള്ളൂ.

ദൈവം എന്തിനാണ് മനുഷ്യസ്വഭാവം സ്വീകരിച്ചതും ഇത്രയധികം വേദന അനുഭവിക്കാൻ സ്വയം അനുവദിച്ചതും? കാരണം, എല്ലാ മാനുഷിക വികാരങ്ങളും—വേദനപോലും—ദൈവിക സ്നേഹത്തോടു ചേർന്നുചേരേണ്ടതുണ്ടായിരുന്നു. ക്രിസ്തുവിന്റെ ഏക വ്യക്തിത്വത്തിൽ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും ഐക്യപ്പെട്ടിരിക്കുന്നതിനാൽ, സന്തോഷകരമോ ദുഃഖകരമോ ആയ അവിടുത്തെ എല്ലാ മാനുഷിക അനുഭവങ്ങളും ദൈവിക സ്നേഹത്തോട് പൂർണമായി ഐക്യപ്പെടുകയും അവിടുന്ന് സ്നേഹിക്കുന്നവർക്കായി കൃപയുടെ ഉറവിടങ്ങളായി രൂപാന്തരപ്പെടുകയും ചെയ്തു. തന്റെ പീഡാനുഭവത്തിലേക്കുള്ള അവിടുത്തെ ധീരമായ പ്രവേശനം, അവിടുത്തെ ശക്തിയോടും പ്രത്യാശയോടും സമാധാനത്തോടുംകൂടെ നമ്മുടെ സ്വന്തം മാനുഷിക പരീക്ഷണങ്ങൾ സഹിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു.

നിങ്ങളുടെ ജീവിതത്തെക്കുറിച്ചും നിങ്ങൾ സഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന അനുഭവങ്ങളെക്കുറിച്ചും ഇന്ന് വിചിന്തനം ചെയ്യുക. ചില അനുഭവങ്ങൾ താങ്ങാനാവാത്തവയായി തോന്നുന്നെങ്കിൽ, യേശു അവയെ പൂർണമായി മനസ്സിലാക്കുന്നുവെന്നും നിങ്ങളോട് ആഴത്തിൽ സഹതപിക്കുന്നുവെന്നും ഒരു പ്രതിവിധി നൽകുന്നുവെന്നും അറിയുക. ആശയക്കുഴപ്പം അകറ്റാനും നിങ്ങളെ സമാധാനത്താൽ നിറയ്ക്കാനും തന്റെ ദൈവിക ശക്തി വാഗ്ദാനം ചെയ്തുകൊണ്ട്, സ്വന്തം പരീക്ഷണങ്ങളിലേക്കു നിങ്ങളെയും അവിടുന്ന് ക്ഷണിക്കുന്നു. നിങ്ങൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങളെയും യേശുവിന്റെ പീഡാനുഭവത്തോട് ചേർത്തുവയ്ക്കുക. അവിടുത്തെ അമ്മ അവിടുത്തേക്കു സമൃദ്ധമായി നൽകിയ സ്നേഹം, പ്രത്യേകിച്ച് കുരിശിൻചുവട്ടിൽ വിശ്വസ്തതയോടെ നിന്നുകൊണ്ടു നൽകിയ സ്നേഹം, യേശുവിന്റെ ഏറ്റവും വലിയ ഭൗമിക സന്തോഷങ്ങളിൽ ഒന്നായിരുന്നു. നമ്മുടെ കർത്താവിനോടൊപ്പം നിങ്ങളുടെ അനുഗ്രഹങ്ങളെ നന്ദിയോടെ സ്വീകരിക്കുകയും അവ നിങ്ങളെ ശക്തിപ്പെടുത്താൻ അനുവദിക്കുകയും ചെയ്യുക. അങ്ങനെ, അവിടുത്തെ സൗമ്യതയും അധികാരവും നിങ്ങളെ നയിക്കുമ്പോൾ, നിങ്ങളുടെ സ്വന്തം ദൈനംദിന പരീക്ഷണങ്ങൾ സഹിക്കാനും അവിടുത്തെ ഉത്ഥാനത്തിൽ പങ്കുചേരുന്നതിലേക്ക് നയിക്കപ്പെടാനും നിങ്ങൾക്കു കഴിയും.

സഹാനുഭൂതിയോടെ എന്നെ മനസ്സിലാക്കുന്ന എന്റെ കർത്താവേ, ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിച്ചതിലൂടെ, ഞങ്ങൾ അനുഭവിക്കുന്നതെല്ലാം അനുഭവിക്കാൻ അങ്ങ് സ്വയം അനുവദിച്ചു. പാപരഹിതനായിരുന്നിട്ടും, സഹനത്തോടും സ്നേഹത്തോടുംകൂടെ അങ്ങ് പാപത്തിന്റെ ഫലങ്ങൾ സഹിച്ചു. അങ്ങയുടെ മാനുഷികമായ സന്തോഷങ്ങളിലും പരീക്ഷണങ്ങളിലും എന്നെയും പങ്കുചേർക്കണമേ. അങ്ങനെ, അങ്ങയുടെ മനുഷ്യത്വത്തിലൂടെ കൃപ സ്വീകരിച്ച്, അങ്ങയുടെ മഹത്ത്വത്തിലും ദൈവത്വത്തിലും പങ്കുചേരാനായി, അങ്ങിൽ, അങ്ങയാൽ, അങ്ങയിലൂടെ എന്റെ ജീവിതം നയിക്കാൻ എനിക്കു കഴിയട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മുപ്പത്തിയാറാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.