2026 ഏപ്രിൽ 1
വിശുദ്ധവാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ
ബെർനാർഡ് വാൻ ഓർലി, CC0, Wikimedia Commons വഴി
വീഡിയോ
“ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.” ഇതുകേട്ട് അത്യന്തം ദുഃഖിതരായ അവർ ഓരോരുത്തരായി അവനോട് ചോദിക്കാൻ തുടങ്ങി: “കർത്താവേ, അത് ഞാനല്ലല്ലോ?” അവൻ മറുപടി പറഞ്ഞു: “എന്നോടുകൂടെ പാത്രത്തിൽ കൈ മുക്കിയവനാണ് എന്നെ ഒറ്റിക്കൊടുക്കുക.” മത്തായി 26:21–23
അന്ത്യത്താഴം കൃപയുടെ മഹത്തായ ഒരു നിമിഷവും ഒറ്റിക്കൊടുക്കലിന്റെ വേദനാജനകമായ ഒരു നിമിഷവുമായിരുന്നു. ആ വിരുന്നിലാണ് യേശു വിശുദ്ധ കുർബാന സ്ഥാപിച്ചത്. തന്റെ ശരീരവും രക്തവും ആത്മാവും ദൈവത്വവും ദാനമായി നൽകുന്ന വിശുദ്ധ കുർബാന, കാലാന്ത്യംവരെ അവിടുത്തെ രക്ഷാകരബലി തുടരുന്നു. ആ വിശുദ്ധ വിരുന്നിൽത്തന്നെയാണ് യേശുവിന്റെ ഏറ്റവും അടുത്ത കൂട്ടാളികളിലൊരുവൻ അവിടുത്തെ മുഖത്തുനോക്കി നുണ പറയുകയും മുപ്പതു വെള്ളിനാണയങ്ങൾക്ക് അവിടുത്തെ ഒറ്റിക്കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തത്.
തോറാ പ്രകാരം, ഒരു കാള ഒരു അടിമയെ കൊന്നാൽ, കാളയുടെ ഉടമ ആ അടിമയുടെ യജമാനന് മുപ്പതു വെള്ളിനാണയങ്ങൾ നൽകണമായിരുന്നു. എല്ലാ മനുഷ്യരെയും പാപത്തിന്റെ അടിമത്തത്തിൽനിന്ന് മോചിപ്പിക്കാൻ വന്ന യേശുവിനെ ഒരു അടിമയുടെ വിലയ്ക്ക് യൂദാസ് ഒറ്റിക്കൊടുത്തു എന്നതാണ് ഇതിലെ വിശുദ്ധമായ വിരോധാഭാസം.
പന്ത്രണ്ടുപേരിൽ ഒരുവൻ തന്നെ ഒറ്റിക്കൊടുക്കുമെന്ന് യേശു അവരെ അറിയിക്കുന്നത് കോപമോ ആത്മാനുകമ്പയോ ഇല്ലാതെയാണ്. സമർപ്പണമനോഭാവവും വ്യക്തതയും സൗമ്യതയും നിറഞ്ഞ അവിടുത്തെ വാക്കുകളിൽ വിശുദ്ധമായ ദുഃഖം പ്രതിഫലിക്കുന്നു. അത് ആസന്നമായ തന്റെ പീഡകളെക്കുറിച്ചുള്ള സങ്കടം മാത്രമല്ല, തന്നെ ഒറ്റിക്കൊടുക്കുന്നവന്റെ നഷ്ടപ്പെട്ട ആത്മാവിനെ ഓർത്തുള്ള സ്നേഹനിർഭരമായ ദുഃഖമാണ്. അത്യന്തം ദുഃഖിതരായ ശിഷ്യന്മാർ ഓരോരുത്തരായി ചോദിക്കുന്നു: “കർത്താവേ, അത് ഞാനല്ലല്ലോ?”
“കർത്താവ്” എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന കിരിയോസ് എന്ന ഗ്രീക്ക് പദം അധികാരത്തെയും ആധിപത്യത്തെയും ദൈവിക കർതൃത്വത്തെയും സൂചിപ്പിക്കുന്നു. പുതിയ നിയമത്തിൽ ഈ പദം ഇടയ്ക്കിടെ കാണാം; പ്രധാനമായും യേശുവിനെ പരാമർശിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഗ്രീക്ക് പഴയ നിയമത്തിൽ (സെപ്ത്വജിന്റ്), ദൈവത്തിന്റെ വിശുദ്ധവും ഉച്ചരിക്കപ്പെടാത്തതുമായ നാമമായ YHWH-നു പകരം ഏകദേശം 7,000 തവണ കിരിയോസ് ഉപയോഗിച്ചിരിക്കുന്നു. യേശുവിനെ കിരിയോസ് എന്നു വിളിക്കുന്നതിലൂടെ, പതിനൊന്നു ശിഷ്യന്മാരും അവിടുത്തെ തങ്ങളുടെ ഗുരുവായി മാത്രമല്ല, മിശിഹായും ദൈവപുത്രനുമായി അംഗീകരിക്കുന്നു. യേശുവിന്റെ ദൈവിക അധികാരം അംഗീകരിച്ചുകൊണ്ട്, വിശ്വാസവും ഭക്ത്യാദരവും നിറഞ്ഞ ഒരു ബന്ധമാണ് ഈ വിശേഷണം പ്രകടിപ്പിക്കുന്നത്.
യൂദാസ് സംസാരിക്കുമ്പോൾ കിരിയോസിനു പകരം റബ്ബി എന്ന പദമാണ് ഉപയോഗിക്കുന്നത്—“റബ്ബീ, അത് ഞാനല്ലല്ലോ?” “ഗുരു” എന്ന് അർഥമുള്ള ഹീബ്രു, അരമായ പദത്തിന്റെ ലിപ്യന്തരണമാണിത്. ആദരവോടെയുള്ള സംബോധനമാണെങ്കിലും, യേശുവിനെ കിരിയോസ് ആയി അംഗീകരിക്കാൻ അത് പോരാ. കർത്താവും മിശിഹായും ദൈവവുമായി കാണുന്നതിനുപകരം, ഒരു മനുഷ്യഗുരുവായാണ് അത് അവിടുത്തെ കാണുന്നത്. ഈ വ്യത്യാസം സൂക്ഷ്മമെങ്കിലും പ്രധാനപ്പെട്ടതാണ്. വിശുദ്ധ കുർബാനയിൽ നാം യേശുവിനെ എങ്ങനെയാണ് സമീപിക്കുന്നതെന്ന് ചിന്തിക്കാൻ ഇത് നമ്മെ ക്ഷണിക്കുന്നു; കാരണം, ഈ സംഭാഷണം നടന്നത് ആദ്യത്തെ കുർബാനയായ അന്ത്യത്താഴത്തിലാണ്. യേശുവിനെ കേവലം ഭൗമികമായ അർഥത്തിൽ മാത്രം അംഗീകരിച്ച് യൂദാസിന്റെ ഹൃദയത്തോടെയാണോ നാം അവിടുത്തെ സമീപിക്കുന്നത്? അതോ മറ്റു ശിഷ്യന്മാരുടെ വിശ്വാസത്തോടെ അവിടുത്തെ കർത്താവായി കണ്ടുകൊണ്ടാണോ?
യൂദാസ് യേശുവിനെ വെറുത്തിരുന്നില്ല. അവിടുത്തെ കൊല്ലാൻ ശ്രമിച്ച ഫരിസേയരിൽനിന്നു വ്യത്യസ്തമായി, യൂദാസ് തന്റെ ഒറ്റിക്കൊടുക്കലിനെക്കുറിച്ച് ഖേദിക്കുകയും മുപ്പതു വെള്ളിനാണയങ്ങൾ തിരികെ നൽകാൻ ശ്രമിക്കുകയും ചെയ്തു. ദാരുണമായി, അവൻ “പോയി തൂങ്ങിമരിച്ചു” (മത്തായി 27:3–5). യേശുവിന്റെ മനുഷ്യത്വത്തിനപ്പുറം അവിടുത്തെ ദൈവത്വം തിരിച്ചറിയാൻ കഴിയാതെപോയതാണ് അവന്റെ ഏറ്റവും വലിയ പരാജയം. അവന്റെ കണ്ണുകൾ തന്നിൽത്തന്നെ—പ്രത്യേകിച്ച് തന്റെ അത്യാഗ്രഹത്തിലും സ്വാർഥമോഹങ്ങളിലും—പതിഞ്ഞിരുന്നു. സമാനമായി, വിശ്വാസവും സമർപ്പണവും ആരാധനയും കൂടാതെ വിശുദ്ധ കുർബാനയെ സമീപിക്കുമ്പോൾ, യൂദാസിന്റെ തെറ്റിൽ വീഴാനുള്ള അപകടം നമുക്കുമുണ്ട്: ക്രിസ്തുവിനെക്കാൾ നമ്മിൽത്തന്നെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
വിശുദ്ധ കുർബാനയിൽ നാം പറയുന്നത് “കർത്താവേ, കരുണയുണ്ടാകണമേ” എന്നാണ്; “റബ്ബീ, കരുണയുണ്ടാകണമേ” എന്നല്ല. നമുക്ക് കരുണ ആവശ്യമാണെന്നും അതിന്റെ ഉറവിടം ദൈവമാണെന്നും തിരിച്ചറിഞ്ഞുകൊണ്ട്, നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിൽനിന്നായിരിക്കണം ഈ പ്രാർഥന ഉയരേണ്ടത്. കുർബാനയിലെ തിരുവസ്തുക്കളുടെ വിശുദ്ധീകരണവേളയിൽ നാം മുട്ടുകുത്തുമ്പോൾ, നമ്മുടെ ഹൃദയങ്ങൾ “എന്റെ കർത്താവേ, എന്റെ ദൈവമേ!” എന്നു വിളിച്ചുപറയണം. എന്നിട്ടും, കുർബാനയ്ക്കുശേഷമുള്ള നമ്മുടെ പരിപാടികളെക്കുറിച്ചു ചിന്തിച്ച് എത്രയോ തവണ നാം അശ്രദ്ധരാകുന്നു! വിശ്വാസത്തോടും ഭക്ത്യാദരത്തോടുംകൂടെ യേശുവിനെ സമീപിക്കാൻ നാം ശ്രദ്ധിക്കാതിരിക്കുമ്പോൾ, അവിടുന്ന് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ—നമ്മുടെ കർത്താവും നമ്മുടെ ദൈവവുമായി—അവിടുത്തെ കണ്ടുമുട്ടാനുള്ള അവസരം നമുക്ക് നഷ്ടമാകുന്നു.
വിശുദ്ധ കുർബാനയിൽ നിങ്ങൾ എങ്ങനെയാണ് പങ്കെടുക്കുന്നതെന്ന് ഇന്ന് ധ്യാനിക്കുക. നിങ്ങൾ പങ്കെടുക്കുന്ന ഓരോ കുർബാനയോടും അന്ത്യത്താഴത്തിന്റെ ആ നിമിഷത്തെ ചേർത്തുകൊണ്ട്, നിങ്ങളെത്തന്നെ അവിടെ കാണുക. അപ്പത്തിന്റെയും വീഞ്ഞിന്റെയും ബാഹ്യരൂപത്തിനപ്പുറം നിങ്ങളുടെ കർത്താവിനെ കണ്ടുമുട്ടാനും, സ്നേഹത്തോടും ഭക്തിയോടും ആദരവോടുംകൂടെ യേശുവിനെ സ്വീകരിക്കാനും കഴിയുന്നതിനായി പ്രാർഥിക്കുക.
എന്റെ കർത്താവേ, എന്റെ ദൈവമേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു, അങ്ങയെ ആരാധിക്കുന്നു, അങ്ങയുടെ കരുണയിൽ പ്രത്യാശവയ്ക്കുന്നു, പൂർണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയുടെ സാന്നിധ്യത്തിലുള്ള ആഴമായ വിശ്വാസത്താൽ എന്നെ നിറയ്ക്കണമേ, പ്രത്യേകിച്ച് ഓരോ തവണയും ഞാൻ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ. എനിക്ക് അങ്ങയെ ആവശ്യമാണെന്നു തിരിച്ചറിഞ്ഞ്, അങ്ങയുടെ കരുണയ്ക്കും സ്നേഹത്തിനും എന്നെത്തന്നെ പൂർണമായി സമർപ്പിക്കാൻ എനിക്കിടയാകട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മുപ്പത്തിയേഴാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ




