മലയാളം

ദൈവിക രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക്

ഏപ്രിൽ 14, 2026
ഉയിർപ്പുകാലത്തിലെ രണ്ടാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

യേശുവും നിക്കോദേമോസും

വീഡിയോ

“നീ ഇസ്രായേലിന്റെ ഗുരുവായിരുന്നിട്ടും ഇതു മനസ്സിലാക്കുന്നില്ലേ? സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞങ്ങൾ അറിയുന്നതിനെക്കുറിച്ചു സംസാരിക്കുകയും കണ്ടതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു; എന്നാൽ നിങ്ങൾ ഞങ്ങളുടെ സാക്ഷ്യം സ്വീകരിക്കുന്നില്ല. ഭൗമിക കാര്യങ്ങളെക്കുറിച്ചു ഞാൻ പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, സ്വർഗീയ കാര്യങ്ങളെക്കുറിച്ചു പറഞ്ഞാൽ നിങ്ങൾ എങ്ങനെ വിശ്വസിക്കും?” യോഹന്നാൻ 3:10–12

രാത്രിയിൽ യേശുവിനെ കാണാനെത്തിയ ബഹുമാന്യനായ ഫരിസേയൻ നിക്കോദേമോസുമായി യേശു നടത്തിയ സംഭാഷണം ഇന്നത്തെ സുവിശേഷത്തിലും തുടരുന്നു. യേശുവിലുള്ള തന്റെ ചെറിയ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടാണ് നിക്കോദേമോസ് സംഭാഷണം ആരംഭിച്ചത്: “റബ്ബീ, അങ്ങ് ദൈവത്തിൽനിന്നു വന്ന ഗുരുവാണെന്നു ഞങ്ങൾ അറിയുന്നു. കാരണം, ദൈവം കൂടെയില്ലെങ്കിൽ അങ്ങ് ചെയ്യുന്ന ഈ അടയാളങ്ങൾ ചെയ്യാൻ ആർക്കും കഴിയുകയില്ല” (യോഹന്നാൻ 3:2). ഈ അംഗീകാരം യേശുവിനെ സന്തോഷിപ്പിക്കുമെന്ന് ഒരുപക്ഷേ അദ്ദേഹം പ്രതീക്ഷിച്ചിരിക്കാം. എന്നാൽ നിക്കോദേമോസിന്റെ ആത്മാവിന്റെ സമ്പൂർണ മാനസാന്തരം ആഗ്രഹിച്ച യേശു കൂടുതൽ ആഴത്തിലേക്കു കടന്നു.

“നിങ്ങൾ ഉന്നതത്തിൽനിന്നു ജനിക്കണം” എന്ന യേശുവിന്റെ പ്രസ്താവനയായിരുന്നു അവരുടെ സംഭാഷണത്തിന്റെ കേന്ദ്രവിഷയം. സംഭാഷണത്തിലുടനീളം ആവർത്തിക്കുന്ന ഈ ആശയമാണ് ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം. വിസ്മയത്തിൽ ഒതുങ്ങിനിൽക്കാതെ, പരിശുദ്ധാത്മാവിനോടുള്ള തുറവിയിലൂടെ മാത്രം സാധ്യമാകുന്ന വിശ്വാസത്തിലേക്കു മുന്നേറാൻ യേശു നിക്കോദേമോസിനെ സൗമ്യമായി പ്രോത്സാഹിപ്പിച്ചു.

നിക്കോദേമോസിനെപ്പോലെ നമ്മിൽ പലരും പ്രാരംഭഘട്ടത്തിലുള്ളതോ ഉപരിപ്ലവമോ ആയ വിശ്വാസത്തോടെയാണ് പ്രാർഥനയിൽ ദൈവത്തെ സമീപിക്കുന്നത്. യേശുവിന്റെ ദൈവത്വം നാം അംഗീകരിക്കുന്നു; എന്നാൽ അത് ആരംഭം മാത്രമാണ്. ആ ആദ്യ ചുവടു വച്ചുകഴിഞ്ഞാൽ, കൃപയ്ക്കായി ഹൃദയം തുറന്ന് ദൈവിക രഹസ്യങ്ങളുടെ ആഴങ്ങളിലേക്കിറങ്ങാനുള്ള വെല്ലുവിളിയോടെ യേശു നമ്മെ കൂടുതൽ മുന്നോട്ടു ക്ഷണിക്കുന്നു.

“നീ ഇസ്രായേലിന്റെ ഗുരുവായിരുന്നിട്ടും ഇതു മനസ്സിലാക്കുന്നില്ലേ?” എന്ന യേശുവിന്റെ ചോദ്യം ഒരു വെല്ലുവിളിയും ക്ഷണവുമാണ്. സംശയത്തോടും അവജ്ഞയോടുംകൂടി തന്നെ സമീപിച്ചവരെ കഠിനമായി ശാസിച്ചതിൽനിന്നു വ്യത്യസ്തമായി, നിക്കോദേമോസിനോടുള്ള യേശുവിന്റെ സ്വരം ഉറച്ചതും അതേസമയം അനുകമ്പ നിറഞ്ഞതുമായിരുന്നു. നിക്കോദേമോസിനെ കുറ്റം വിധിക്കാതെതന്നെ, അദ്ദേഹത്തിന്റെ ധാരണയുടെ പരിമിതി യേശു വെളിപ്പെടുത്തി. താൻ ആരാണെന്ന സത്യത്തോടും തന്റെ ദൈവിക ദൗത്യത്തോടും കൂടുതൽ തുറവിയുള്ളവനാകാൻ അവിടുന്ന് അദ്ദേഹത്തെ വിളിച്ചു.

കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള ഈ വിളി നമ്മുടെ ഉള്ളിലും പ്രതിധ്വനിക്കണം. ഉപരിതലത്തിനപ്പുറം, നമ്മുടെ കണ്ണുകൾക്കു കാണാനാകുന്നതിനപ്പുറം, താൻ വെളിപ്പെടുത്തുന്ന ദൈവിക രഹസ്യങ്ങളിലേക്കു നോക്കാൻ യേശു നമ്മെ ക്ഷണിക്കുന്നു. “മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ, തന്നിൽ വിശ്വസിക്കുന്ന ഏവർക്കും നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടണം” (യോഹന്നാൻ 3:14–15) എന്നു പറയുമ്പോൾ, തന്റെ കുരിശുമരണത്തെയും താൻ മിശിഹായാണെന്ന സത്യത്തെയും അവിടുന്ന് സൂചിപ്പിക്കുന്നു. മറഞ്ഞിരിക്കുന്നതും അഗാധവുമായ ഈ വെളിപാട് രക്ഷയുടെ രഹസ്യത്തെക്കുറിച്ചാണു സംസാരിക്കുന്നത്—ദൈവവും മനുഷ്യനുമായ യേശു, തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ പ്രാപിക്കാനായി കുരിശിൽ ഉയർത്തപ്പെടുകയും തന്റെ രക്തം ചിന്തുകയും ചെയ്യുന്നതിനെക്കുറിച്ച്.

എന്തുകൊണ്ടാണ് യേശു രഹസ്യങ്ങളിലൂടെ സംസാരിക്കുന്നത്? കാരണം, നമ്മുടെ ആത്മാക്കളെ നയിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന, നമ്മുടെ ഉള്ളിലുള്ള പരിശുദ്ധാത്മാവിനു ചെവികൊടുക്കുമ്പോൾ മാത്രമേ അവിടുന്ന് പങ്കുവയ്ക്കുന്ന സത്യങ്ങൾ പൂർണമായി ഗ്രഹിക്കാൻ നമുക്കു കഴിയൂ. കാണാനാകാത്ത കാറ്റിനെ അനുഭവിച്ചറിയാൻ കഴിയുന്നതുപോലെ, പരിശുദ്ധാത്മാവും നമ്മുടെ ജീവിതത്തിൽ അദൃശ്യനായി, എന്നാൽ ശക്തിയോടെയും രൂപാന്തരപ്പെടുത്തുന്ന വിധത്തിലും പ്രവർത്തിക്കുന്നു.

ഏതെല്ലാം വിധത്തിലാണ് നിങ്ങൾ നിക്കോദേമോസിനെപ്പോലെയായിരിക്കുന്നതെന്ന് ഇന്ന് ധ്യാനിക്കുക. ഒരിക്കൽ മടിച്ചുനിൽക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്ന ഈ ഫരിസേയൻ ഒടുവിൽ വിശ്വാസത്തിൽ വളർന്നു എന്നതാണ് സന്തോഷവാർത്ത. റോമൻ രക്തസാക്ഷിപ്പട്ടികയിൽ ഓഗസ്റ്റ് 31-ന് അദ്ദേഹത്തെ ഒരു വിശുദ്ധനായി അനുസ്മരിക്കുന്നു. അദ്ദേഹത്തെപ്പോലെ, ഉപരിതലത്തിനപ്പുറത്തേക്കു കടന്ന് പരിശുദ്ധാത്മാവിനോടുള്ള നമ്മുടെ തുറവി ആഴപ്പെടുത്താൻ നാമും വിളിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ എവിടെയാണ് കൂടുതൽ ആഴമായ ധാരണയും ദൈവത്തിന്റെ നിഗൂഢമായ പ്രവർത്തനത്തോടുള്ള കൂടുതൽ പൂർണമായ സമർപ്പണവും തേടാൻ കഴിയുക? ദൈവിക രഹസ്യങ്ങൾ ഗ്രഹിക്കാനും കൂടുതൽ ദൃഢതയോടെ വിശ്വസിക്കാനും കഴിയേണ്ടതിന്, കൂടുതൽ ശ്രദ്ധയോടെ കേൾക്കാനും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാനും തീരുമാനിക്കുക.

സകല രഹസ്യങ്ങളുടെയും നാഥാ, അങ്ങിലുള്ള എന്റെ വിശ്വാസം ഞാൻ ഏറ്റുപറയുന്നു. അങ്ങാണ് എന്റെ ദൈവവും എന്റെ രക്ഷകനും. അങ്ങയിലൂടെ മാത്രം—അങ്ങയുടെ ജീവിതം, മരണം, ഉത്ഥാനം എന്നിവയിലൂടെ മാത്രം—എനിക്കു രക്ഷ പ്രാപിക്കാൻ കഴിയും. നിത്യജീവനിൽ പങ്കുചേരാൻ ഞാൻ പരിശുദ്ധാത്മാവിനാൽ ഉന്നതത്തിൽനിന്നു ജനിക്കേണ്ടതുണ്ടെന്ന് ഞാൻ ഏറ്റുപറയുന്നു. അങ്ങ് എനിക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതെല്ലാം കൂടുതൽ പൂർണമായി ഗ്രഹിക്കാനും വിശ്വസിക്കാനും കഴിയേണ്ടതിന് എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ. ഈശോയെ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഉയിർപ്പുകാല പ്രാർഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.