മലയാളം

വിശ്വാസവും യുക്തിയും

2026 ഏപ്രിൽ 13
ഉയിർപ്പുകാലം രണ്ടാം വാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ മാർട്ടിൻ ഒന്നാമൻ, മാർപാപ്പയും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം

നിക്കോദേമോസിന്റെ ക്രിസ്തുസന്ദർശനം — ജോൺ ലാ ഫാർജ് വരച്ച ചിത്രം

വീഡിയോ

“‘നിങ്ങൾ ഉന്നതത്തിൽനിന്നു ജനിക്കണം’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞതിൽ വിസ്മയിക്കേണ്ടാ. കാറ്റ് അതിന് ഇഷ്ടമുള്ളിടത്തു വീശുന്നു; അതിന്റെ ശബ്ദം നിങ്ങൾ കേൾക്കുന്നു. എന്നാൽ അത് എവിടെനിന്നു വരുന്നു എന്നോ എവിടേക്കു പോകുന്നു എന്നോ നിങ്ങൾ അറിയുന്നില്ല. ആത്മാവിൽനിന്നു ജനിച്ച ഏവന്റെയും സ്ഥിതി ഇതുതന്നെയാണ്.” യോഹന്നാൻ 3:6–8

വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ധ്യാനിക്കാൻ ഇന്നത്തെ സുവിശേഷം നമുക്ക് അവസരം നൽകുന്നു. മാനുഷിക യുക്തിക്കനുസരിച്ച് നമ്മുടെ ജീവിതം നയിക്കുന്നത് നല്ലതാണോ? തീർച്ചയായും! ഏതൊരു സാഹചര്യത്തിലും നന്മ കൈവരിക്കാനും ദോഷം ഒഴിവാക്കാനും ഏറ്റവും യുക്തമായത് തിരഞ്ഞെടുത്തുകൊണ്ട്, ശരിയായ പ്രവർത്തനമാർഗം തിരിച്ചറിയാൻ നമ്മുടെ മാനുഷിക യുക്തിബോധം ഉപയോഗിക്കാനുള്ള കഴിവാണ് വിവേകം എന്ന സ്വാഭാവിക സദ്ഗുണം. നിർഭാഗ്യവശാൽ, നാം പലപ്പോഴും തിരഞ്ഞെടുപ്പുകൾ നടത്തുന്നത് വിവേകത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് അനിയന്ത്രിതമായ വികാരാവേശങ്ങളെയും ക്രമരഹിതമായ ആഗ്രഹങ്ങളെയും അടിസ്ഥാനമാക്കിയാണ്. ആശയക്കുഴപ്പം നീക്കി ഏറ്റവും യുക്തമായ പ്രവർത്തനമാർഗം തിരഞ്ഞെടുക്കാൻ വിവേകം നമ്മെ സഹായിക്കുന്നു.

എന്നാൽ എല്ലാ സാഹചര്യങ്ങളിലും ദൈവഹിതം തിരഞ്ഞെടുക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, സ്വാഭാവിക വിവേകം മാത്രം മതിയാകില്ല. ദൈവഹിതം യുക്തിക്കും സ്വാഭാവിക വിവേകത്തിനും വിരുദ്ധമല്ല; നമ്മുടെ സ്വാഭാവിക ബുദ്ധികൊണ്ടു മാത്രം തിരിച്ചറിയാൻ കഴിയുന്നതിനും അതീതമാണ് അത്. ഇന്നത്തെ സുവിശേഷത്തിൽ നിക്കോദേമോസ് നേരിട്ട പ്രയാസം ഇതായിരുന്നു.

ഏറെ ആദരിക്കപ്പെട്ടിരുന്ന ഒരു ഫരിസേയനായ നിക്കോദേമോസ്, യേശുവുമായി സംസാരിക്കാൻ “രാത്രിയിൽ അവിടുത്തെ സമീപിച്ചു.” യേശു അദ്ദേഹത്തെ സ്നേഹപൂർവം സ്വീകരിച്ചു; തുടർന്ന് അവർ സംഭാഷണത്തിൽ ഏർപ്പെട്ടു. രാത്രിയിലായിരുന്നു ഈ കൂടിക്കാഴ്ച എന്ന വിശദാംശത്തെ ചില സഭാപിതാക്കന്മാർ നിക്കോദേമോസിന്റെ വിശ്വാസത്തിന്റെ പ്രതീകമായി വ്യാഖ്യാനിച്ചിട്ടുണ്ട്: ദൈവം വെളിപ്പെടുത്തിയ സത്യം അദ്ദേഹത്തിന്റെ വിശ്വാസത്തെ അപ്പോഴും പ്രകാശിപ്പിച്ചിരുന്നില്ല. യേശുവിൽ എന്തോ സവിശേഷതയുണ്ടെന്ന് അറിഞ്ഞിരുന്ന അദ്ദേഹം, തുറന്ന മനസ്സോടും ജിജ്ഞാസയോടും കൂടെയാണ് വന്നതെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ പ്രാരംഭ അഭിവാദ്യം അതിന് തെളിവാണ്: “റബ്ബീ, അങ്ങ് ദൈവത്തിൽനിന്നു വന്ന ഒരു ഗുരുവാണെന്ന് ഞങ്ങൾ അറിയുന്നു; കാരണം, ദൈവം കൂടെയില്ലെങ്കിൽ അങ്ങ് ചെയ്യുന്ന ഈ അടയാളങ്ങൾ ചെയ്യാൻ ആർക്കും കഴിയുകയില്ല” (യോഹന്നാൻ 3:2). യേശുവിന്റെ അത്ഭുതങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്ന നിക്കോദേമോസ്, ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഒരുവനെ ശക്തനാക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്നു മനസ്സിലാക്കി. ഇത് അദ്ദേഹത്തിന്റെ ജിജ്ഞാസയെ ഉണർത്തുകയും, സംസാരിക്കാനായി യേശുവിനെ തേടിച്ചെല്ലാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു.

വിശ്വാസത്തിന് എത്ര മനോഹരമായ ഒരു തുടക്കം! നിക്കോദേമോസിനെപ്പോലെ, നാമും ഏതെങ്കിലും വിധത്തിൽ ദൈവത്തിന്റെ സർവശക്തി അനുഭവിച്ചറിയുമ്പോൾ—പ്രാർഥനാവേളയിലോ, മറ്റൊരാളുടെ വിശുദ്ധമായ സദ്ഗുണങ്ങളിലൂടെയോ, വിശുദ്ധലിഖിതവായനയിലൂടെയോ ആകാം അത്—നമ്മുടെ ഹൃദയത്തിൽ ഒരു പ്രത്യേക ആകർഷണം അനുഭവപ്പെടും. അത്തരമൊരു അനുഭവം നമുക്കു പൂർണമായി മനസ്സിലായെന്നു വരില്ല; എങ്കിലും അതിനനുസരിച്ചു നാം പ്രവർത്തിക്കണം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, പരിശുദ്ധാത്മാവിന്റെ സൗമ്യമായ പ്രചോദനങ്ങളെ നാം നിശ്ശബ്ദമാക്കുകയാണ് ചെയ്യുന്നത്.

നിക്കോദേമോസ് കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിച്ചു; യേശു അദ്ദേഹത്തിനു നൽകിയ മറുപടി അദ്ദേഹത്തിന് ആവശ്യമായിരുന്നതുതന്നെയായിരുന്നു. നിക്കോദേമോസിന്റെ പ്രശംസയ്ക്കല്ല യേശു മറുപടി നൽകിയത്; പകരം, നിക്കോദേമോസ് എന്ന വ്യക്തിയെ അഭിസംബോധന ചെയ്തുകൊണ്ട്, അദ്ദേഹം കേൾക്കേണ്ടിയിരുന്ന കാര്യം അവിടുന്ന് പറഞ്ഞു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഉന്നതത്തിൽനിന്നു ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദൈവരാജ്യം കാണാൻ കഴിയുകയില്ല” (യോഹന്നാൻ 3:3).

ഒരു ദൈവിക രഹസ്യത്തെ അഭിമുഖീകരിക്കുമ്പോൾ നാമെല്ലാവരും ചെയ്യാൻ പ്രലോഭിതരാകുന്ന രീതിയിലാണ് നിക്കോദേമോസ് പ്രതികരിച്ചത്—തന്റെ സ്വാഭാവിക യുക്തിബോധം മാത്രം ഉപയോഗിച്ച് അത് മനസ്സിലാക്കാൻ അദ്ദേഹം ശ്രമിച്ചു: “പ്രായമായ ഒരാൾക്ക് എങ്ങനെ വീണ്ടും ജനിക്കാൻ കഴിയും? അമ്മയുടെ ഉദരത്തിൽ വീണ്ടും പ്രവേശിച്ച് ജനിക്കാൻ അയാൾക്കു കഴിയില്ലല്ലോ?” (യോഹന്നാൻ 3:4). ഇതൊരു സാധാരണ പ്രവണതയാണ്. കാര്യങ്ങൾ നമുക്കു ബോധ്യമാകുന്ന വിധത്തിൽ അവയെ മനസ്സിലാക്കാനാണ് നാം ആഗ്രഹിക്കുന്നത്. എന്നാൽ ജീവിതത്തിന്റെ അർഥം ഗ്രഹിക്കാനുള്ള ഏക മാർഗം, പരിശുദ്ധാത്മാവിന്റെ കൃപയാൽ നമ്മുടെ മാനുഷിക യുക്തിബോധം പ്രകാശിതമാകാനും ഉയർത്തപ്പെടാനും അനുവദിക്കുക എന്നതാണ്. അതുകൊണ്ടാണ്, സ്വാഭാവിക വിവേകത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾക്കപ്പുറം അതിസ്വാഭാവികമായ ഗ്രാഹ്യത്തിലേക്ക് നിക്കോദേമോസിനെ നയിക്കാൻ, യേശു രഹസ്യാത്മകമായി സംസാരിക്കുന്നതിൽ ഉറച്ചുനിന്നത്.

പരിശുദ്ധാത്മാവ് നിങ്ങളോടു സംസാരിക്കുന്ന നിഗൂഢമായ വഴികളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. കാറ്റിനെപ്പോലെ, പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്നു; അദൃശ്യനായിരുന്നാലും നമ്മെ രൂപാന്തരപ്പെടുത്തുകയും, തന്റെ സൗമ്യമായ വഴിനടത്തലിലൂടെ നമ്മുടെ ആത്മാക്കളെ നവോന്മേഷമുള്ളവയാക്കുകയും ചെയ്യുന്നു. അവിടുത്തെ ചലനങ്ങളെ നമുക്കു നിയന്ത്രിക്കാനാവില്ല; എന്നാൽ കൃപയുടെ പ്രേരണകളിലും നമ്മുടെ ജീവിതത്തിലെ നന്മയുടെ ഫലങ്ങളിലും അവിടുത്തെ സാന്നിധ്യം തിരിച്ചറിയാൻ നമുക്കു കഴിയും. ആത്മാവിനാൽ നയിക്കപ്പെടാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുമ്പോൾ, നാം സ്വന്തമായി ഒരിക്കലും തിരഞ്ഞെടുത്തേക്കാത്ത വഴികളിലൂടെ നയിക്കപ്പെടുന്നതായി നാം കണ്ടെത്തും. എന്നാൽ ആ വഴികൾ എപ്പോഴും ദൈവഹിതത്തിലേക്കും അവിടുത്തെ രാജ്യത്തിലേക്കും നമ്മെ കൂടുതൽ അടുപ്പിക്കുന്നു.

യഥാർഥ ജ്ഞാനത്തിന്റെ നാഥാ, അങ്ങയുടെ ചിന്തകൾ ഞങ്ങളുടെ ചിന്തകളെക്കാൾ എത്രയോ ഉന്നതമാണ്; അങ്ങയുടെ വഴികൾ ഞങ്ങളുടെ വഴികളെക്കാൾ എത്രയോ ഉന്നതമാണ്. അങ്ങയുടെ പരിശുദ്ധ ഹിതം എപ്പോഴും തിരിച്ചറിയാനും തിരഞ്ഞെടുക്കാനും കഴിയേണ്ടതിന് എനിക്കും അങ്ങയുടെ എല്ലാ മക്കൾക്കും അങ്ങയുടെ പരിശുദ്ധാത്മാവിനെ നൽകണമേ. പൂർണഹൃദയത്തോടെ അങ്ങയെ അറിയാനും സ്നേഹിക്കാനും കഴിയേണ്ടതിന്, അങ്ങയുടെ കൃപ എന്റെ സ്വാഭാവിക യുക്തിബോധത്തെ പ്രകാശിപ്പിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ മാർട്ടിൻ ഒന്നാമൻ പാപ്പാ, രക്തസാക്ഷി

ഉയിർപ്പുകാല പ്രാർഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.