മലയാളം

നീതിയുടെ ഒരു പുതിയ രൂപം

ജൂൺ 15, 2026
ആണ്ടുവട്ടത്തിലെ പതിനൊന്നാം വാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ


ബേണിനു സമീപമുള്ള ഹെർസോഗൻബുഖ്സേ റിഫോംഡ് പള്ളിയിലെ ഗിരിപ്രഭാഷണം ചിത്രീകരിക്കുന്ന ജനൽച്ചില്ലുകൾ. ചിത്രം: യൂജീൻ ബുർനാൻഡ്, 1910; ചില്ലുപണി: ബാസലിലെ എമിൽ ഗെർസ്റ്റർ, 1911

വീഡിയോ

യേശു ശിഷ്യന്മാരോടു പറഞ്ഞു: “കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിർക്കരുത്… ആരെങ്കിലും ഒരു മൈൽ ദൂരം സേവനം ചെയ്യാൻ നിന്നെ നിർബന്ധിച്ചാൽ, അവനോടൊപ്പം രണ്ടു മൈൽ പോകുക.” മത്തായി 5:38–39, 41

“കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്” എന്ന പ്രയോഗം മോശയുടെ പ്രതികാരനിയമത്തെയാണ് സൂചിപ്പിക്കുന്നത് (കാണുക പുറപ്പാട് 21:23–25). മോശ ഈ നിയമം ഏർപ്പെടുത്തിയ കാലത്ത്, ഒരാൾക്കുണ്ടായ ഉപദ്രവത്തിനുള്ള പ്രതികാരം പലപ്പോഴും അതിരുകടക്കുകയും അക്രമം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു ചക്രത്തിലേക്കു നയിക്കുകയും ചെയ്തിരുന്നു. ശിക്ഷ കുറ്റത്തിന് ആനുപാതികമാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, ഈ നിയമം സ്വാഭാവിക നീതിയുടെ ഒരു രൂപമായി പ്രവർത്തിച്ചു. അങ്ങനെ സംഘർഷങ്ങൾ നിയന്ത്രണാതീതമാകുന്നത് അത് തടഞ്ഞു.

അതിരുകടന്ന പ്രതികാരത്തെ നിയന്ത്രിക്കുകയും ക്രമം പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രതികാരനിയമത്തിന്റെ ലക്ഷ്യമെങ്കിലും, അടിമുടി മാറ്റുന്ന കരുണയിലൂടെ മാത്രമേ യഥാർഥ അനുരഞ്ജനം കൈവരിക്കാനാകൂ എന്ന് യേശു വെളിപ്പെടുത്തി. അതിരുകളില്ലാത്ത കരുണയാണ് ഭിന്നതയ്ക്കുള്ള ഏറെ മെച്ചപ്പെട്ട പരിഹാരമെന്നും അത് പ്രതികാരത്തിന്റെ ചക്രത്തെ അതിന്റെ വേരിൽത്തന്നെ തകർക്കുന്നുവെന്നും അവിടുന്ന് പഠിപ്പിച്ചു. അവിടുത്തെ ആഗമനത്തിനും പരിശുദ്ധാത്മാവിന്റെ വർഷണത്തിനും മുമ്പ്, ഈ ഉന്നതമായ വിളി ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ആവശ്യമായ കൃപ മനുഷ്യവർഗത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ ക്രിസ്തുവിൽ, അവിടുത്തെ അനുയായികൾക്ക് ദൈവകൃപയാൽ പ്രതികാരത്തിന്റെ ചക്രങ്ങളെ മറികടക്കാനുള്ള ശക്തി ലഭിച്ചു—തിരിച്ചടിയിലൂടെയല്ല, കരുണയിലൂടെ.

അനുരഞ്ജനത്തിന്റെ ഈ ഉന്നതമായ രൂപം വിശദീകരിക്കാൻ, തങ്ങളുടെ സൈനികോപകരണങ്ങൾ ഒരു റോമൻ മൈൽ ദൂരം ചുമക്കാൻ യഹൂദരെ നിർബന്ധിക്കുന്നതിന് പടയാളികളെ അനുവദിച്ചിരുന്ന ഒരു റോമൻ നിയമം യേശു പരാമർശിക്കുന്നു. ഒരു റോമൻ മൈൽ ഏകദേശം 4,855 അടി ആയിരുന്നു; ഇന്നത്തെ മൈലിനെക്കാൾ അല്പം കുറവ്. യഹൂദർക്ക് ഈ നിയമം അപമാനകരമായിരുന്നു. തങ്ങൾ ചെയ്തുകൊണ്ടിരുന്ന ജോലി ഉപേക്ഷിച്ച് തങ്ങളെ അടിച്ചമർത്തുന്നവരെ സേവിക്കാൻ അവർ പലപ്പോഴും നിർബന്ധിതരായിരുന്നു. ഈ അനീതിക്കെതിരെ പരിഹാരം തേടാൻ അവർക്ക് കാര്യമായ മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ, തങ്ങൾ അടിമപ്പെട്ടിരിക്കുന്നതിന്റെ വേദനാജനകമായ ഓർമപ്പെടുത്തലായിരുന്നു അത്.

യേശു ഈ അനീതിയെ ന്യായീകരിക്കുന്നില്ല; മറിച്ച്, നിയമം ആവശ്യപ്പെടുന്നതിലുമപ്പുറം സ്വമനസ്സാലെ ചെയ്യാൻ തന്റെ അനുയായികളെ വിളിച്ചുകൊണ്ട് അവിടുന്ന് അതിനെ പരിവർത്തനം ചെയ്യുന്നു. അടിച്ചേൽപ്പിക്കപ്പെട്ട ഭാരം മനസ്സില്ലാമനസ്സോടെ വഹിക്കുന്നതിനുപകരം, അവർ അത് മനസ്സോടെ ഇരട്ടിയാക്കണമായിരുന്നു—ഒരു മൈലിനു പകരം രണ്ടു മൈൽ നടന്നുകൊണ്ട്. പതിവിനു തികച്ചും വിരുദ്ധമായ ഈ പ്രതികരണം റോമൻ പടയാളികളെ അത്ഭുതപ്പെടുത്തുമായിരുന്നു; നിർബന്ധിത സേവനത്തെ അത് അപ്രതീക്ഷിതമായ ഔദാര്യപ്രകടനമാക്കി മാറ്റുമായിരുന്നു.

ഈ കല്പനയിലെ ജ്ഞാനം അതു നൽകുന്ന സ്വാതന്ത്ര്യത്തിലാണ് അടങ്ങിയിരിക്കുന്നത്. മറ്റൊരാളുടെ ഭാരം ചുമക്കുന്നത് സ്വതവേ തിന്മയായിരുന്നില്ല; വേദന ഉണ്ടായത് അനീതിയിൽ നിന്നല്ല, അപമാനത്തിൽ നിന്നാണ്. സ്വമനസ്സാലെ ആ ഭാരം ഏറ്റെടുത്തുകൊണ്ട്—രണ്ടാമത്തെ മൈൽ മനസ്സോടെ നടന്നുകൊണ്ട്—യേശുവിന്റെ അനുയായികൾക്ക് അഹന്തയും അമർഷവും ഏൽപ്പിക്കുന്ന മുറിവിനെ അതിജീവിക്കാൻ കഴിയുമായിരുന്നു. ഇരകളായിരിക്കുന്നതിനുപകരം, അവർ ദൈവം അർഹത നോക്കാതെ നൽകുന്ന കരുണയുടെ സാക്ഷികളായി മാറി. യഥാർഥ ശക്തി പ്രതികാരത്തിലല്ല, ഔദാര്യത്തിലാണെന്ന് അവർ കാണിച്ചുകൊടുത്തു.

നീതിയെക്കുറിച്ചുള്ള ഈ ഉന്നതമായ പ്രബോധനത്തിന്റെ പിന്നിലുള്ള തത്ത്വം നമ്മുടെ ജീവിതത്തിൽ എണ്ണമറ്റ സാഹചര്യങ്ങളിൽ പ്രയോഗിക്കാനാകും. അനീതിയോ അന്യായമായ പെരുമാറ്റമോ അനുഭവിക്കുമ്പോഴെല്ലാം നമുക്ക് ഒരു തിരഞ്ഞെടുപ്പുണ്ട്: കർശനമായ സ്വാഭാവിക നീതിക്കായി വാശിപിടിക്കാം, അല്ലെങ്കിൽ അതിസ്വാഭാവികമായ ഉപവി തിരഞ്ഞെടുക്കാം. കേവലമായ നീതിയിൽ മാത്രം മുറുകെപ്പിടിക്കുന്നവർ പലപ്പോഴും രോഷത്തിന്റെയും കുറ്റംവിധിക്കലിന്റെയും അമർഷത്തിന്റെയും ചക്രങ്ങളിൽ കുടുങ്ങിപ്പോകുന്നു. എന്നാൽ മറ്റുള്ളവർ അർഹിക്കാത്തപ്പോഴും അവർക്കു സമൃദ്ധമായി ഉപവി പകരാൻ തിരഞ്ഞെടുക്കുന്നവർ—തെറ്റുകൾ സ്വമനസ്സാലെ ക്ഷമിച്ചും ആവശ്യപ്പെടുന്നതിലുമപ്പുറം ചെയ്തും—അഗാധമായ ആന്തരിക സ്വാതന്ത്ര്യം കണ്ടെത്തുന്നു.

ഉപവി സ്വാഭാവിക യുക്തിക്കു വിരുദ്ധമല്ല; മറിച്ച്, അത് യുക്തിയെ അതിവർത്തിക്കുകയും ഉന്നതമാക്കുകയും ചെയ്യുന്നു. അങ്ങനെ കേവലമായ മാനുഷിക നീതിയെ അത് ദൈവികമായ ഒന്നാക്കി മാറ്റുന്നു. ഈ സത്യം മനസ്സിലാക്കാനും അതനുസരിച്ചു ജീവിക്കാനും നമുക്ക് ജ്ഞാനദാനം ആവശ്യമാണ്. നമ്മുടെ പരിമിതമായ കാഴ്ചപ്പാടിനു പകരം ദൈവത്തിന്റെ കാഴ്ചപ്പാടിൽ ജീവിതത്തെ കാണാൻ അത് നമ്മെ പ്രാപ്തരാക്കുന്നു. ലോകം പ്രതീക്ഷിക്കുന്നതുപോലെയല്ല, ക്രിസ്തു കല്പിക്കുന്നതുപോലെ പ്രതികരിക്കാൻ ഈ ദൈവിക ജ്ഞാനം നമ്മെ സഹായിക്കുന്നു—പരിവർത്തനം വരുത്തുന്ന കരുണയുടെ ശക്തിയാൽ പ്രതികാരത്തിന്റെ ചക്രം തകർത്തുകൊണ്ട്.

നിങ്ങൾക്ക് അനീതി നേരിട്ട സന്ദർഭങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ചിലപ്പോൾ അനീതിയുടെ വേദന യാഥാർഥ്യമാണ്; നമുക്കെതിരെ ചെയ്ത തെറ്റ് നിഷേധിക്കാനാവാത്തതുമാണ്. എങ്കിലും യഥാർഥ ചോദ്യം, നമ്മോട് മോശമായി പെരുമാറിയിട്ടുണ്ടോ എന്നതല്ല, മറിച്ച് നാം എങ്ങനെ പ്രതികരിക്കും എന്നതാണ്. മുറിവേറ്റ നമ്മുടെ അഹന്തയെ അതിജീവിച്ച്, മറ്റുള്ളവർ അർഹിക്കാത്തപ്പോഴും ദയയുടെയും ഔദാര്യത്തിന്റെയും പ്രവൃത്തികളിലൂടെ പ്രതികരിക്കാൻ യേശു നമ്മെ വിളിക്കുന്നു. ഈ ഉന്നതമായ വഴി സ്വീകരിക്കുന്നതിലൂടെ നാം അമർഷത്തിന്റെ ബന്ധനത്തിൽനിന്ന് മോചിതരാകുകയും ദൈവിക ജ്ഞാനത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു.

പരമോദാരനായ ദൈവമേ, ഞാൻ പലപ്പോഴും തേടുന്ന കർശനമായ നീതിയെ അങ്ങയുടെ കരുണ ഏറെ അതിവർത്തിക്കുന്നു. കരുണയുടെ അനന്തമായ മൂല്യം മനസ്സിലാക്കാനും, ഞാൻ സഹിക്കുന്ന ഓരോ അനീതിയുടെയും മുമ്പിൽ അതു സ്വമനസ്സാലെ പകരാനും എനിക്കു ജ്ഞാനദാനം നൽകണമേ. ന്യായത്തെക്കുറിച്ചുള്ള എന്റെ സ്വന്തം ബോധത്തിലല്ല, സ്നേഹത്തിലൂടെ യഥാർഥ നീതി കൈവരുത്തുന്ന അങ്ങയുടെ ദൈവിക ഹിതത്തിൽ ആശ്രയിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.