മലയാളം

സ്നേഹത്തിന് അതിരുകളില്ല

2026 ജൂൺ 16
സാധാരണകാലം പതിനൊന്നാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ


ഗിരിപ്രഭാഷണം, സെബസ്ത്യാനോ റിച്ചിയുടെ ചിത്രം

വീഡിയോ

യേശു ശിഷ്യന്മാരോടു പറഞ്ഞു: “നിന്റെ അയൽക്കാരനെ സ്നേഹിക്കുകയും ശത്രുവിനെ ദ്വേഷിക്കുകയും ചെയ്യണം എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ. അങ്ങനെ നിങ്ങൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ മക്കളായിത്തീരും… അതിനാൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ.” മത്തായി 5:43–45, 48

പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു ഗ്രന്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന മോശയുടെ നിയമം അയൽക്കാരനെ സ്നേഹിക്കേണ്ടതിന്റെ പ്രാധാന്യം പഠിപ്പിച്ചു: “നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം. ഞാനാണ് കർത്താവ്” (ലേവ്യർ 19:18). ഈ സന്ദർഭത്തിൽ “അയൽക്കാരൻ” എന്നത് മുഖ്യമായും സഹ ഇസ്രായേൽക്കാരെയാണ് സൂചിപ്പിച്ചിരുന്നത്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനിടയിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ബന്ധങ്ങൾ അത് ഊട്ടിയുറപ്പിച്ചു. എന്നാൽ, വിദേശികളോടും ദയ കാണിക്കണമെന്ന് നിയമം കൽപിച്ചിരുന്നു: “നിങ്ങളുടെ നാട്ടിൽ ഒരു പരദേശി നിങ്ങളോടൊപ്പം വസിക്കുമ്പോൾ നിങ്ങൾ അവനെ പീഡിപ്പിക്കരുത്. അവൻ നിങ്ങൾക്കിടയിലെ ഒരു സ്വദേശിയെപ്പോലെ ആയിരിക്കണം; നിന്നെപ്പോലെതന്നെ നീ അവനെയും സ്നേഹിക്കണം” (ലേവ്യർ 19:33–34). സ്നേഹിക്കാനുള്ള ദൈവകൽപന ഇസ്രായേലിൽ മാത്രം ഒതുങ്ങിനിൽക്കണമെന്ന് ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.

നൂറ്റാണ്ടുകൾ കടന്നുപോയപ്പോൾ, ചില നിയമപണ്ഡിതർ അതിന്റെ അർഥം വികലമാക്കാൻ തുടങ്ങി. അത്തരമൊരു തെറ്റായ വ്യാഖ്യാനം ഇന്നത്തെ സുവിശേഷത്തിൽ യേശു ചൂണ്ടിക്കാണിക്കുന്നു: “‘നിന്റെ അയൽക്കാരനെ സ്നേഹിക്കുകയും ശത്രുവിനെ ദ്വേഷിക്കുകയും ചെയ്യണം’ എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.” അയൽക്കാരനെ സ്നേഹിക്കണമെന്ന കൽപന തോറായിൽ ഉണ്ടായിരുന്നെങ്കിലും, “ശത്രുവിനെ ദ്വേഷിക്കുക” എന്ന വാക്യം അതിൽ ഉണ്ടായിരുന്നില്ല. മറിച്ച്, ചില വൃത്തങ്ങളിൽ വേരൂന്നിയ മനുഷ്യനിർമിതമായ ഒരു വികലവ്യാഖ്യാനമായിരുന്നു അത്. എസ്സീനർ പോലുള്ള ചില യഹൂദ വിഭാഗങ്ങൾ തങ്ങളുടെ സമൂഹത്തിനു പുറത്തുള്ളവരിൽനിന്ന് അകന്നുനിൽക്കാൻ പ്രോത്സാഹിപ്പിക്കുകയും അവരെ “അന്ധകാരത്തിന്റെ പുത്രന്മാർ” എന്നു വിളിക്കുകപോലും ചെയ്യുകയും ചെയ്തു (1QS 1:10). ഫരിസേയർ അത്രത്തോളം തീവ്രനിലപാടുള്ളവരായിരുന്നില്ലെങ്കിലും, അവർ പലപ്പോഴും സ്നേഹത്തെ സ്വന്തം മത-വംശീയ സമൂഹങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തി.

ദൈവികസ്നേഹത്തിന്റെ പൂർണത വെളിപ്പെടുത്തിക്കൊണ്ട് യേശു ഈ തെറ്റ് തിരുത്തുന്നു: “എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ.” പരിപൂർണമായ ഉപവിസ്നേഹത്തിലേക്കുള്ള വിളി ഉന്നതമായ ഒന്നാണ്. അത് ചിലരെ മാത്രം തിരഞ്ഞെടുത്ത് സ്നേഹിക്കുന്നതല്ല; മറിച്ച്, “ദുഷ്ടരുടെയും ശിഷ്ടരുടെയും മേൽ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും ചെയ്യുന്ന” ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നതാണ് (മത്തായി 5:45). സ്വാഭാവികമായ മാനുഷിക സ്നേഹത്തിനപ്പുറത്തേക്ക് കടന്ന്, നമ്മെ പീഡിപ്പിക്കുന്നവരെപ്പോലും ഉൾക്കൊള്ളുന്ന അതിസ്വാഭാവികമായ ഉപവിസ്നേഹത്തിലേക്ക് ക്രിസ്തു തന്റെ അനുയായികളെ വിളിക്കുന്നു. ഈ സ്നേഹം കേവലം ഒരു വികാരമല്ല; മറിച്ച്, ഇച്ഛാശക്തിയുടെ ഒരു പ്രവൃത്തിയാണ്, ദൈവത്തിന്റെതന്നെ പരിപൂർണതയിലുള്ള പങ്കുചേരലാണ്: “അതിനാൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ.”

എന്നാൽ, നാം എല്ലാവർക്കും ഉപാധികളില്ലാതെ നൽകുന്ന ഉപവിസ്നേഹവും പരസ്പരസ്നേഹത്തിലൂടെ രൂപപ്പെടുന്ന ഐക്യത്തിന്റെ ബന്ധങ്ങളും തമ്മിൽ വേർതിരിച്ചറിയേണ്ടത് പ്രധാനമാണ്. നമ്മെ പീഡിപ്പിക്കുന്നവരോട് ഉപവിസ്നേഹം കാണിക്കുമ്പോൾ ആദ്യം അത് നമുക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം. വേദനാജനകവും വെല്ലുവിളികൾ നിറഞ്ഞതുമാണെങ്കിലും, ഇത്തരത്തിലുള്ള സ്നേഹത്തിന് വലിയ പരിവർത്തനശക്തിയുണ്ട്. ക്രൂരതയിൽനിന്ന് പിന്തിരിയാനും പശ്ചാത്തപിക്കാനും തിരികെ സ്നേഹം നൽകാനും അത് പീഡകനെ ക്ഷണിക്കുന്നു.

നമ്മുടെ അയൽക്കാരനും ദൈവത്തെ സ്നേഹിക്കുകയും ആ സ്നേഹം നമുക്കു തിരികെ നൽകുകയും ചെയ്യുമ്പോൾ അയൽക്കാരനോടുള്ള സ്നേഹത്തിന് കൂടുതൽ ആഴമുള്ള ഒരു മാനം കൈവരുന്നു. ഈ പരസ്പരസ്നേഹം സ്വാഭാവികതലത്തിൽ ആശ്വാസം നൽകുക മാത്രമല്ല, അതിസ്വാഭാവികതലത്തിൽ ഇരുവരെയും ഒന്നിപ്പിക്കുകയും ചെയ്യുന്നു. ഒരുമിച്ച് വിശുദ്ധിയിൽ വളരുമ്പോൾ അത് ഇരുവരെയും ശക്തിപ്പെടുത്തുന്നു.

“പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല” (ലൂക്കാ 23:34) എന്ന് കുരിശിൽവച്ച് തന്നെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിച്ചപ്പോൾ, താൻ കൽപിച്ച സ്നേഹം എത്രമാത്രം സമൂലമാണെന്ന് യേശുതന്നെ കാണിച്ചുതന്നു. ദൈവം സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുക എന്നാൽ ലൗകികമായ ഭിന്നതകൾക്കപ്പുറം കടന്ന് പിതാവിന്റെ യഥാർഥ മക്കളായിത്തീരുക എന്നാണ്; മറ്റുള്ളവർ നമ്മോട് എങ്ങനെ പെരുമാറിയാലും എല്ലാവർക്കും സ്നേഹം നൽകുക എന്നാണ്. ഈ പരിപൂർണത കൈവരിക്കുക പ്രയാസമാണെങ്കിലും, നമ്മുടെ ദൈനംദിന ജീവിതത്തിൽ ആ ആദർശത്തിനുവേണ്ടി പരിശ്രമിക്കുന്നതിൽ നാം ഒരിക്കലും മടുത്തുപോകരുത്.

നിങ്ങൾ സ്നേഹിക്കുന്നവരെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ദൈവത്തിന്റെ പരിപൂർണ സ്നേഹം പരസ്പരം പ്രതിഫലിപ്പിക്കുന്ന ബന്ധങ്ങളിൽനിന്ന് നിങ്ങൾക്കു ലഭിക്കുന്ന ആശ്വാസവും ശക്തിയും ആസ്വദിച്ചുകൊണ്ട് ആരംഭിക്കുക. തുടർന്ന്, സ്നേഹിക്കാൻ പ്രയാസമുള്ളവരിലേക്ക് ശ്രദ്ധ തിരിക്കുക. അവരെ സ്നേഹിക്കാനും അവർക്കുവേണ്ടി പ്രാർഥിക്കാനും തീരുമാനിക്കുക. മനസ്സിലെ മുറിവുകളിലും വിദ്വേഷത്തിലുംനിന്ന് നിങ്ങളുടെ ഹൃദയത്തെ ശുദ്ധീകരിക്കാൻ ദൈവത്തോട് അപേക്ഷിക്കുകയും പിതാവിന്റെ സ്നേഹം പ്രതിഫലിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്യുക. നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ ഒരുപോലെ പെയ്യുന്ന മഴപോലെ, ദൈവത്തിന്റെ കാരുണ്യം നിങ്ങളിലൂടെ ഒഴുകട്ടെ; അങ്ങനെ നിങ്ങൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ യഥാർഥ മകനോ മകളോ ആയിത്തീരട്ടെ.

സർവപൂർണനായ ദൈവമേ, അങ്ങയുടെ സ്നേഹത്തിന് അതിരുകളില്ല; നല്ലവരും ദുഷ്ടരുമായ എല്ലാവർക്കും ഒരുപോലെ അത് സൗജന്യമായി നൽകപ്പെടുന്നു. അങ്ങയുടെ ദിവ്യസ്നേഹം സ്വീകരിക്കുകയും അങ്ങയെ തിരികെ സ്നേഹിക്കുകയും ചെയ്യുന്നവർ അങ്ങയുമായുള്ള കൂട്ടായ്മയിലേക്ക് ആകർഷിക്കപ്പെടുകയും അങ്ങയുടെതന്നെ ജീവനിൽ പങ്കുചേരുകയും ചെയ്യുന്നു. എന്നാൽ ആ സ്നേഹം നിരസിക്കുന്നവർ പാപത്തിന്റെ അന്ധകാരത്തിൽ കുടുങ്ങിക്കിടക്കുന്നു. എല്ലാ കയ്പും വിദ്വേഷവും നീക്കി എന്നെ സ്വതന്ത്രനാക്കണമേ, എന്റെ ഹൃദയം ശുദ്ധീകരിക്കണമേ, അങ്ങ് സ്നേഹിക്കുന്നതുപോലെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ. അങ്ങനെ ഞാൻ യഥാർഥത്തിൽ അങ്ങയുടെ പ്രിയപ്പെട്ട മകനായിത്തീരട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.