2026 ഓഗസ്റ്റ് 18
ആണ്ടുവട്ടത്തിലെ ഇരുപതാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
വീഡിയോ
യേശു ശിഷ്യന്മാരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ധനവാന് സ്വർഗരാജ്യത്തിൽ പ്രവേശിക്കുക പ്രയാസമായിരിക്കും. വീണ്ടും ഞാൻ നിങ്ങളോടു പറയുന്നു, ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.” ഇതു കേട്ടപ്പോൾ ശിഷ്യന്മാർ അത്യന്തം വിസ്മയിച്ചു ചോദിച്ചു: “എങ്കിൽ ആർക്കാണ് രക്ഷ പ്രാപിക്കാൻ കഴിയുക?” മത്തായി 19:23–25
ഇന്നത്തെ സുവിശേഷത്തിന്റെ വെളിച്ചത്തിൽ, ധനികരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? മിക്കവരും ആഗ്രഹിക്കുന്നു. വലുതും മനോഹരവുമായ ഒരു വീട് വാങ്ങുന്നതിനെക്കുറിച്ചുള്ള ചിന്ത (അല്ലെങ്കിൽ അത്തരം പല വീടുകൾ വാങ്ങുന്നതിനെക്കുറിച്ചുള്ള ചിന്ത) ആകർഷകമായിരിക്കാം. ആഡംബരപൂർണമായ അവധിക്കാലയാത്രകൾ നടത്തിയും വിലയേറിയ കാറുകൾ ഓടിച്ചും, ‘സുഖജീവിതം’ എന്നു വിളിക്കപ്പെടുന്ന ജീവിതം നയിക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കുക പ്രയാസമാണ്. ആ ആഗ്രഹം ഉപേക്ഷിക്കാൻ നിങ്ങൾ പരിശ്രമിക്കേണ്ടതുണ്ടോ?
“ഗുരോ, നിത്യജീവൻ നേടാൻ ഞാൻ എന്തു നന്മയാണ് ചെയ്യേണ്ടത്?” എന്ന ചോദ്യവുമായി തന്റെ അടുക്കൽ വന്ന ധനികനായ ഒരു യുവാവുമായി യേശു നടത്തിയ സ്നേഹപൂർവമായ സംഭാഷണത്തിനു തൊട്ടുപിന്നാലെയാണ് ഇന്നത്തെ സുവിശേഷഭാഗം വരുന്നത്. ആ മനുഷ്യന്റെ ഹൃദയത്തിലെ നന്മ യേശുവിനു കാണാൻ കഴിഞ്ഞു. അതിനാൽ വിവേകപൂർവം അവിടുന്ന് ആ യുവാവിനെ കൂടുതൽ ആഴത്തിലേക്കു നയിച്ചു. കൽപനകൾ പാലിക്കാൻ യേശു പറഞ്ഞപ്പോൾ, ചെറുപ്പംമുതൽ അവ പാലിച്ചിട്ടുണ്ടെന്ന് യുവാവ് ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് അവൻ ചോദിച്ചു: “ഇനിയും എനിക്ക് എന്താണ് കുറവുള്ളത്?” പൂർണതയിലേക്കുള്ള വഴി യേശു സ്നേഹപൂർവം അവനു വെളിപ്പെടുത്തി: “പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.” ആ ധനികയുവാവ് കേൾക്കാൻ ആഗ്രഹിച്ചത് അതായിരുന്നില്ല. അതിനാൽ അവൻ ദുഃഖിതനായി മടങ്ങിപ്പോയി. യേശു ആ യുവാവിനെ ക്ഷണിച്ച പൂർണത, അവൻ സ്വീകരിക്കാൻ തയ്യാറായിരുന്നതിലും അപ്പുറമായിരുന്നു.
നമ്മുടെ ആദ്യത്തെ ചോദ്യത്തിലേക്കു മടങ്ങിവരാം: ധനികരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇന്നത്തെ സുവിശേഷത്തിൽ, ആ യുവാവ് മടങ്ങിപ്പോകുന്ന സാഹചര്യത്തിൽ, യേശു തനിക്ക് ഏറ്റവും അടുപ്പമുള്ളവരിലേക്കു തിരിഞ്ഞ് ഭൗതികസമ്പത്തിന്റെ അപകടത്തെക്കുറിച്ച് അവരെ പഠിപ്പിക്കുന്നു. ഇത് ശിഷ്യന്മാരെ അത്രയധികം ഞെട്ടിച്ചു; അവരുടെ പ്രതീക്ഷകൾ തകർന്നതുപോലെ തോന്നി. അവർ ചോദിച്ചു: “എങ്കിൽ ആർക്കാണ് രക്ഷ പ്രാപിക്കാൻ കഴിയുക?”
ധനികനായ യുവാവിലും ഞെട്ടലോടെ പ്രതികരിച്ച ശിഷ്യന്മാരിലും നാം നമ്മെത്തന്നെ കാണണം. അവർക്കു സങ്കൽപിക്കാൻ കഴിയുന്നതിലും അധികം സമ്പന്നരാകണമെന്ന് അവരിൽ ഓരോരുത്തരെയും കുറിച്ച് യേശു ആഗ്രഹിച്ചു—എന്നാൽ ഈ ലോകത്തിലെ ക്ഷണികമായ ഭൗതികവസ്തുക്കളിലല്ല. നമ്മുടെയും നമ്മുടെ കുടുംബങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ഭൗതികസമ്പത്ത് അനിവാര്യമായതിനാൽ, അത് തിന്മയല്ല. എങ്കിലും പണത്തിനും വസ്തുവകകൾക്കും യാതൊരു വിധത്തിലും നമുക്കു പൂർണസംതൃപ്തി നൽകാനാവില്ല. അവ താൽക്കാലികമായി നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റുകയും ഇന്ദ്രിയസുഖങ്ങൾ നൽകുകയും ചെയ്യുന്നതിനാൽ, പണവും വസ്തുവകകളും നമുക്ക് ആനന്ദം നൽകിയേക്കാം. എന്നാൽ നിലനിൽക്കുന്ന ഏക ആശ്വാസവും പൂർണസംതൃപ്തിയുടെ ഉറവിടവും ദൈവത്തിലും അവിടുത്തെ വിശുദ്ധ ഹിതത്തിലും മാത്രമേ കണ്ടെത്താനാകൂ.
“ധനികനാകാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ?” എന്ന ചോദ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, “ഇല്ല!” എന്ന് ഉറപ്പോടെ പറയാൻ നാം മടിക്കരുത്. യേശു ഇത്ര ശക്തമായി മുന്നറിയിപ്പു നൽകിയ ഒരു കാര്യം നാം എന്തിന് ആഗ്രഹിക്കണം? തീർച്ചയായും, ധനവാന് സ്വർഗരാജ്യത്തിൽ പ്രവേശിക്കുക “അസാധ്യമാണ്” എന്ന് യേശു പറഞ്ഞില്ലെങ്കിലും, അത് “പ്രയാസമാണ്” എന്ന് അവിടുന്ന് പറഞ്ഞു. അതിനാൽ സമ്പത്ത് കൈവശം വയ്ക്കുന്നതിനെ തീകൊണ്ടു കളിക്കുന്നതിനോട് ഉപമിക്കാം. പൊള്ളലേൽക്കാനുള്ള സാധ്യത ഏറെയാണ്.
പണത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. യേശുവിന്റെ വ്യക്തമായ പ്രബോധനത്തിന്റെയും ധനികയുവാവിന്റെ ദുഃഖത്തിന്റെയും വെളിച്ചത്തിൽ, നാമെല്ലാവരും ഒരു പടി പിന്നോട്ടു മാറി പണത്തോടും വസ്തുവകകളോടുമുള്ള നമ്മുടെ മനോഭാവങ്ങൾ പരിശോധിക്കണം. ലാളിത്യത്തിനുവേണ്ടിയുള്ള, ദാരിദ്ര്യത്തിനുവേണ്ടിപ്പോലുമുള്ള ആഗ്രഹമായിരിക്കണം നമ്മുടെ ഏറ്റവും ഉചിതമായ ആന്തരിക മനോഭാവം. അത് നിരാലംബാവസ്ഥയുടെ ദാരിദ്ര്യമല്ല; മറിച്ച്, വളരെ കുറച്ചുമാത്രം സമ്പാദിച്ചുകൂട്ടി, ലളിതവും വിനീതവുമായ ജീവിതം നയിക്കുമ്പോഴും തനിക്കും കുടുംബത്തിനും ആവശ്യമായവ അനുഭവിക്കാൻ കഴിയുന്ന തരത്തിലുള്ള ദാരിദ്ര്യമാണ്. ഈ ജീവിതരീതിയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ഇത്തരമൊരു ജീവിതത്തിനു പിന്നിലെ ജ്ഞാനവും ഭൗതികസമ്പത്തു നിറഞ്ഞ ജീവിതത്തിന്റെ അപകടങ്ങളും നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?
ഭൗതികസമ്പത്തിനോടും സുഖസൗകര്യങ്ങളോടുമുള്ള നിങ്ങളുടെ ആഗ്രഹങ്ങളെയും മനോഭാവങ്ങളെയും കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. സമ്പത്തിനെ സന്തോഷത്തിലേക്കുള്ള വഴിയായി നിങ്ങൾ കാണുന്നുണ്ടോ, അതോ ആത്മീയദാരിദ്ര്യം നൽകുന്ന സ്വാതന്ത്ര്യത്തെ സ്വീകരിക്കാൻ നിങ്ങൾ യഥാർഥത്തിൽ തയ്യാറാണോ എന്ന് സത്യസന്ധമായി സ്വയം ചോദിക്കുക. ധനികനായ യുവാവിന് യേശു നൽകിയ സമൂലമായ മാറ്റത്തിനുള്ള ക്ഷണത്തെക്കുറിച്ച് ചിന്തിക്കുക—ഒരു ഭാരമായിട്ടല്ല, ഒരു ദാനമായി. നിങ്ങൾ ഇപ്പോഴും എന്തിനോടെങ്കിലും മുറുകെപ്പിടിക്കുന്നുണ്ടോ എന്ന് ആലോചിക്കുക; അത് വിട്ടുകളയാൻ വേണ്ട ധൈര്യം കാണിക്കുക. ലാളിത്യത്തിലും ഔദാര്യത്തിലും ദൈവത്തിൽ മാത്രമുള്ള ആശ്രയത്തിലും ആനന്ദം കണ്ടെത്തുന്ന ഒരു ഹൃദയം വളർത്തിയെടുക്കാൻ പരിശ്രമിക്കുക. അങ്ങനെ ചെയ്യുമ്പോൾ, സ്വർഗരാജ്യത്തിനുവേണ്ടി നയിക്കുന്ന ജീവിതത്തിന്റെ അതുല്യമായ സമ്പത്തുകൾ നിങ്ങൾ കണ്ടെത്തും.
യഥാർഥ സമ്പത്തിന്റെ നാഥാ, ഈ ലോകത്തിന്റെ ക്ഷണികമായ സമ്പത്തിനെക്കാൾ എത്രയോ ശ്രേഷ്ഠമായ നിത്യനിധി അങ്ങയിൽ മാത്രമാണ് ഞങ്ങൾ കണ്ടെത്തുന്നത്. പണത്തോടും വസ്തുവകകളോടും കൂടെ വരുന്ന അപകടങ്ങൾ തിരിച്ചറിയാനും ലാളിത്യത്തിന്റെയും അനാസക്തിയുടെയും ജീവിതം സ്വമനസ്സാലെ തിരഞ്ഞെടുക്കാനും എനിക്ക് ജ്ഞാനവും ശക്തിയും നൽകണമേ. ഞാൻ വിളിക്കപ്പെട്ടിരിക്കുന്ന പൂർണതയിലേക്ക് ആകർഷിക്കപ്പെടേണ്ടതിന്, അങ്ങും അങ്ങയുടെ പരിശുദ്ധ തിരുഹിതവും മാത്രമായിരിക്കട്ടെ ഞാൻ അന്വേഷിക്കുന്ന നിധി. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വിശുദ്ധ മോനിക്കയോടുള്ള നൊവേന
(പ്രത്യേകിച്ച് വഴിതെറ്റിപ്പോയ മക്കൾക്കുവേണ്ടി ചൊല്ലുന്ന പ്രാർഥന)
ഓഗസ്റ്റ് 18-26
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ






