മലയാളം

സ്നേഹപൂർവമായ ഒരു ഏറ്റുമുട്ടൽ

ഓഗസ്റ്റ് 25, 2025
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

രാജാവായ വിശുദ്ധ ലൂയി—ഐച്ഛിക അനുസ്മരണം

പുരോഹിതനായ വിശുദ്ധ ജോസഫ് കലസാൻസ്—ഐച്ഛിക അനുസ്മരണം

ചിത്രം: Adobe Stock വഴി

വീഡിയോ

യേശു പറഞ്ഞു: “കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ പുതിനയ്ക്കും ചതകുപ്പയ്ക്കും ജീരകത്തിനും ദശാംശം കൊടുക്കുന്നു; എന്നാൽ നിയമത്തിലെ കൂടുതൽ ഗൗരവമുള്ള കാര്യങ്ങളായ നീതി, കരുണ, വിശ്വസ്തത എന്നിവ അവഗണിച്ചിരിക്കുന്നു. മറ്റുള്ളവ അവഗണിക്കാതെ ഇവയും നിങ്ങൾ അനുഷ്ഠിക്കേണ്ടതായിരുന്നു. കൊതുകിനെ അരിച്ചുമാറ്റുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്ന അന്ധരായ വഴികാട്ടികളേ!” മത്തായി 23:23–24

ഇന്നലെ, ഇന്ന്, നാളെ എന്നീ ദിവസങ്ങളിലായി, മത്തായിയുടെ സുവിശേഷത്തിലെ 23-ാം അധ്യായം ഏതാണ്ട് പൂർണമായും സഭ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. നിയമജ്ഞരെയും ഫരിസേയരെയും യേശു ശക്തമായി കുറ്റപ്പെടുത്തുന്നതാണ് ഈ അധ്യായത്തിന്റെ ഉള്ളടക്കം. പെസഹാ ആഴ്ചയിൽ, അവിടുത്തെ പീഡാനുഭവത്തിനും മരണത്തിനും തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ, ദേവാലയപരിസരത്തുവച്ചാണ് ഈ ഏറ്റുമുട്ടൽ നടന്നത്. നാം ഇപ്പോൾ ഓശാന ഞായറായി അനുസ്മരിക്കുന്ന ദിവസം ജറുസലെമിലേക്കു നടത്തിയ വിജയപ്രവേശനത്തിനുശേഷം, തുടർന്നുള്ള ദിവസങ്ങൾ യേശു പ്രസംഗിച്ചും രോഗികളെ സുഖപ്പെടുത്തിയും മതനേതാക്കളിൽനിന്നുള്ള വർധിച്ചുവരുന്ന എതിർപ്പിനെ നേരിട്ടും ചെലവഴിച്ചു. നാണയമാറ്റക്കാരുടെ മേശകൾ മറിച്ചിട്ട്, “എന്റെ ഭവനം പ്രാർഥനാലയമായിരിക്കും; എന്നാൽ നിങ്ങൾ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കുന്നു” (മത്തായി 21:13) എന്നു പ്രഖ്യാപിച്ചുകൊണ്ട് ദേവാലയം ശുദ്ധീകരിച്ചാണ് അവിടുന്ന് ആരംഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ പ്രധാനപുരോഹിതന്മാരും നിയമജ്ഞരും ഹേറോദേസ് പക്ഷക്കാരും ജനപ്രമാണികളും ഫരിസേയരും അവിടുത്തെ വെല്ലുവിളിച്ചു. അവരെ തന്റെ പക്ഷത്തേക്കു നേടാനുള്ള ശ്രമത്തിൽ, ഉറച്ചതും എന്നാൽ സ്നേഹപൂർവവുമായ ശാസനയോടെ, യാതൊരു ചാഞ്ചല്യവുമില്ലാത്ത വ്യക്തതയോടെ അവിടുന്ന് ഓരോരുത്തർക്കും മറുപടി നൽകി.

ഈ പ്രത്യേക കൂടിക്കാഴ്ചയിൽ, പുറമേ നീതിമാന്മാരായി കാണപ്പെടുമ്പോഴും “നിയമത്തിലെ കൂടുതൽ ഗൗരവമുള്ള കാര്യങ്ങളായ നീതി, കരുണ, വിശ്വസ്തത” എന്നിവ അവഗണിക്കുന്നതിന് യേശു നിയമജ്ഞരെയും ഫരിസേയരെയും കുറ്റപ്പെടുത്തുന്നു. അവർ “കവർച്ചയും സുഖലോലുപതയും നിറഞ്ഞവരാണ്” എന്ന് ആരോപിച്ചുകൊണ്ട്, അവരുടെ ബാഹ്യഭക്തിയും ആന്തരിക ദുഷിപ്പും തമ്മിലുള്ള പൊരുത്തക്കേട് അവിടുന്ന് വെളിപ്പെടുത്തുന്നു. പുതിന, ചതകുപ്പ, ജീരകം തുടങ്ങിയ ഏറ്റവും ചെറിയ സസ്യങ്ങൾക്കുപോലും ദശാംശം കൊടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നെങ്കിലും, നിയമത്തിന്റെ അന്തഃസത്തയായ ദൈവസ്നേഹവും അയൽക്കാരനോടുള്ള സ്നേഹവും അവർ അവഗണിച്ചു. നീതിയും കരുണയും വകവയ്ക്കാതെ മതാനുഷ്ഠാനങ്ങളിലെ നിസ്സാരവിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരുടെ ആത്മീയ അന്ധത അവരെ നയിച്ചു. “അന്ധരായ വഴികാട്ടികൾ” എന്നു വിളിച്ചുകൊണ്ട്, നീതിയുടെ ആഴമേറിയ ആവശ്യങ്ങൾ സ്വയം സ്വീകരിക്കാതെ മറ്റുള്ളവരുടെമേൽ ഭാരങ്ങൾ ചുമത്തുന്ന നേതാക്കളെന്ന നിലയിലുള്ള അവരുടെ പരാജയം യേശു തുറന്നുകാട്ടുന്നു.

ഈ ശാസന കോപത്തിൽനിന്നല്ല, സ്നേഹത്തിൽനിന്നാണ് ഉദ്ഭവിക്കുന്നത്. ബാഹ്യപ്രവൃത്തികൾ യഥാർഥത്തിൽ വിശുദ്ധമാകേണ്ടതിന് ഹൃദയം ശുദ്ധീകരിക്കാനുള്ള ആന്തരിക മാനസാന്തരത്തിലേക്ക് യേശു അവരെ വിളിക്കുന്നു. കൊതുകിനെ അരിച്ചുമാറ്റിക്കൊണ്ട് ഒട്ടകത്തെ വിഴുങ്ങുന്ന ചിത്രം, അവരുടെ മുൻഗണനകൾ എത്രമാത്രം തെറ്റിപ്പോയിരിക്കുന്നുവെന്ന് വ്യക്തമായി കാണിക്കുന്നു. നമ്മുടെ മതാനുഷ്ഠാനങ്ങൾ കൃപയിൽ വേരൂന്നിയവയാണോ, അതോ പുറംമോടിയും ശീലവും നയിക്കുന്നവയാണോ എന്നു പരിശോധിക്കാൻ യേശു അവരെയും നമ്മെയും വെല്ലുവിളിക്കുന്നു. ദൈവത്തോടുള്ള യഥാർഥ വിശ്വസ്തതയ്ക്ക് വിശ്വസ്തമായ അനുഷ്ഠാനവും ആ പ്രവൃത്തികൾക്ക് അർഥം നൽകുന്ന അവശ്യസദ്ഗുണങ്ങളും ഒരുപോലെ ആവശ്യമാണ്. ഈ നേതാക്കളെ നേരിടുമ്പോൾ, യേശു നൽകുന്നത് ശിക്ഷാവിധിയല്ല; മറിച്ച്, തന്റെ പീഡാനുഭവം ആരംഭിക്കുന്നതിനുമുമ്പ് അവരുടെ ഹൃദയങ്ങളെ ഉണർത്താൻ ഉദ്ദേശിച്ചുള്ള കരുണാപൂർണമായ മുന്നറിയിപ്പാണ്.

ഈ ഏറ്റുമുട്ടലിൽ ശ്രദ്ധേയമാകുന്നത് യേശുവിന്റെ ശാസനകളുടെ തീക്ഷ്ണവും വിട്ടുവീഴ്ചയില്ലാത്തതുമായ സ്വഭാവമാണ്. അവിടുന്ന് അവരെ കപടനാട്യക്കാർ എന്നും അന്ധരായ വഴികാട്ടികൾ എന്നും വിളിക്കുകയും, പുറമേ വൃത്തിയുള്ളതും അകമേ അഴുക്കുനിറഞ്ഞതുമായ പാനപാത്രങ്ങളോട് ഉപമിക്കുകയും ചെയ്യുന്നു. ഇവ അവ്യക്തമായ വിമർശനങ്ങളല്ല, മറിച്ച് കൃത്യമായി ലക്ഷ്യംവയ്ക്കുന്ന പ്രവാചകസ്വഭാവമുള്ള മുന്നറിയിപ്പുകളാണ്. പഴയകാല പ്രവാചകന്മാരെപ്പോലെ, ഉപരിപ്ലവമായ മതാത്മകതയിലുപരിയായി യേശു ആവശ്യപ്പെടുന്നത് ഹൃദയത്തിന്റെ നേരാണ്. പ്രവൃത്തികളും ഉദ്ദേശ്യങ്ങളും ഒരുപോലെ കാണുന്നവനിൽനിന്നുള്ള മാനസാന്തരാഹ്വാനമാണ് ഓരോ ശാസനയും. സങ്കടകരമെന്നു പറയട്ടെ, അവിടുത്തെ ശ്രോതാക്കളിൽ പലരും മനസ്സുമാറ്റത്തിനു വഴങ്ങാൻ വിസമ്മതിച്ചു.

യേശുവിന്റെ വാക്കുകളുടെ ഗൗരവത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിയമജ്ഞരിലും ഫരിസേയരിലും ഭൂരിഭാഗവും അവിടുത്തെ ശാസനകൾ നിരസിച്ചതായാണ് കാണപ്പെടുന്നതെങ്കിലും, ഓരോ തലമുറയും സ്വന്തം ജീവിതത്തിൽ അവ പ്രാവർത്തികമാക്കുന്നതിനുവേണ്ടിയാണ് അവ വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിങ്ങളോടു പറയുന്ന വാക്കുകളെന്നപോലെ അവ ശ്രവിക്കുക—നിങ്ങളെ നിരുത്സാഹപ്പെടുത്താനല്ല, മാനസാന്തരത്തിന് പ്രചോദിപ്പിക്കാനാണ് അവ. എല്ലാ കാര്യങ്ങളിലും നാം നിയമജ്ഞരെയും ഫരിസേയരെയും പോലെയായിരിക്കണമെന്നില്ലെങ്കിലും, സ്വന്തം ആത്മീയ ആത്മസംതൃപ്തിയെ അഭിമുഖീകരിക്കുന്നത് നമുക്കെല്ലാവർക്കും ഉപകാരപ്രദമാണ്. ഇത് വെല്ലുവിളി നിറഞ്ഞ ഒരു അഭ്യാസമായിരിക്കാം. എന്നാൽ യേശുവിന്റെ വാക്കുകൾ നമ്മെ സുഖപ്പെടുത്താനും അവിടുത്തോട് കൂടുതൽ അടുപ്പിക്കാനുമുള്ളവയാണെന്നു തിരിച്ചറിഞ്ഞ്, എളിമയോടും വിശ്വാസത്തോടുംകൂടെ ഇതിനു മുതിരുമ്പോൾ, കൂടുതൽ ആഴമായ കൃപയിലേക്കുള്ള വഴിയായി അത് മാറുന്നു. അവിടുത്തെ ശാസനകൾ നിങ്ങളുടെ ഉള്ളിൽ വേരൂന്നട്ടെ; അഹങ്കാരത്തിന്റെയോ അവഗണനയുടെയോ ഏറ്റവും ചെറിയ കളകൾപോലും പിഴുതുമാറ്റട്ടെ; അങ്ങനെ യഥാർഥ സദ്ഗുണം തഴച്ചുവളരട്ടെ.

അത്യന്തം കരുണാമയനായ കർത്താവേ, നിയമജ്ഞരോടും ഫരിസേയരോടുമുള്ള അങ്ങയുടെ സ്നേഹം അത്രമേൽ ആഴമുള്ളതും അങ്ങയെ മുഴുവനായി പ്രേരിപ്പിക്കുന്നതുമായിരുന്നു. അതിനാൽ, സ്വന്തം നീതിയിലുള്ള ആശ്രയത്തിൽനിന്ന് അങ്ങയുടെ കൃപയിലൂടെ ലഭിക്കുന്ന നീതിയിലേക്ക് അവർ തിരിയേണ്ടതിന്, അവരുടെ ഹൃദയകാഠിന്യത്തെ വെല്ലുവിളിച്ചുകൊണ്ട് അങ്ങ് അവരെ വിടാതെ പിന്തുടർന്നു. അങ്ങയുടെ സ്നേഹപൂർവമായ ശാസനകൾ സ്വീകരിച്ച് എന്റെ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള എളിമ എനിക്കു നൽകണമേ. അങ്ങനെ ഞാൻ യഥാർഥ മാനസാന്തരത്തിലേക്കു നയിക്കപ്പെടുകയും, രൂപാന്തരപ്പെടുത്തുന്ന അങ്ങയുടെ കൃപയ്ക്ക് ഫലഭൂയിഷ്ഠമായ മണ്ണായിത്തീരുകയും ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ മോനിക്കയോടുള്ള നൊവേന
(പ്രത്യേകിച്ച് വഴിതെറ്റിപ്പോയ മക്കൾക്കുവേണ്ടി ചൊല്ലുന്ന പ്രാർഥന)
ഓഗസ്റ്റ് 18-26

ഇന്നത്തെ വിശുദ്ധർ – 

രാജാവായ വിശുദ്ധ ലൂയിസ്

പുരോഹിതനായ കലസാൻസിലെ വിശുദ്ധ ജോസഫ്

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.