സെപ്റ്റംബർ 10, 2026
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
ഗിരിപ്രഭാഷണം, ചിത്രകാരൻ: ജൂലിയസ് ഷ്നോർ ഫോൻ കാരോൾസ്ഫെൽഡ്
വീഡിയോ
യേശു ശിഷ്യന്മാരോടു പറഞ്ഞു: “കേൾക്കുന്ന നിങ്ങളോടു ഞാൻ പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുവിൻ; നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; നിങ്ങളോടു മോശമായി പെരുമാറുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ. നിന്റെ ഒരു കവിളിൽ അടിക്കുന്നവന് മറ്റേ കവിളും കാണിച്ചുകൊടുക്കുക; നിന്റെ മേലങ്കി എടുക്കുന്നവനിൽനിന്ന് നിന്റെ അങ്കിയും തടഞ്ഞുവയ്ക്കരുത്. നിന്നോടു ചോദിക്കുന്ന ഏവനും കൊടുക്കുക; നിനക്കുള്ളത് എടുത്തുകൊണ്ടുപോകുന്നവനോട് അതു തിരികെ ആവശ്യപ്പെടരുത്.” ലൂക്കാ 6:27–30
സ്നേഹിക്കുക, നന്മ ചെയ്യുക, അനുഗ്രഹിക്കുക, പ്രാർഥിക്കുക. ഈ നാലു കല്പനകളാണ് സമതലത്തിലെ പ്രസംഗത്തിൽ യേശു നൽകുന്ന ഉദ്ബോധനത്തിന്റെ ഹൃദയം. ഇവ കേവലം ധാർമിക നിർദേശങ്ങളോ മാർഗദർശക തത്ത്വങ്ങളോ അല്ല; മറിച്ച്, ദൈവകരുണയിലൂടെ ദൈവത്തിന്റെ ജീവൻതന്നെ പങ്കുവയ്ക്കാനുള്ള ക്ഷണങ്ങളാണ്. ക്രൈസ്തവ ഉപവിസ്നേഹം എല്ലാ മനുഷ്യരിലേക്കും—നമ്മെ ദ്രോഹിക്കുന്നവരിലേക്കുപോലും—വ്യാപിക്കണം. കാരണം, ഒരാളുടെ പെരുമാറ്റം എന്തുതന്നെയായാലും, യഥാർഥ സ്നേഹം ലക്ഷ്യമാക്കുന്നത് ഓരോ വ്യക്തിയിലുമുള്ള ദൈവത്തിന്റെ പ്രതിച്ഛായയെയാണ്. ഈ കല്പനകൾ ദൈവിക ഉപവിസ്നേഹത്തിന്റെ സജീവമായ ആവിഷ്കാരമാണ്. സ്നേഹം നിഷ്ക്രിയമായ ഒരു വികാരമോ ക്ഷണികമായ ഒരു അനുഭൂതിയോ അല്ലെന്നും, വലിയ വ്യക്തിപരമായ ത്യാഗം വേണ്ടിവന്നാലും അപരന്റെ നന്മ ആഗ്രഹിക്കാനുള്ള ബോധപൂർവമായ തിരഞ്ഞെടുപ്പാണെന്നും അവ വ്യക്തമാക്കുന്നു.
സ്വന്തം ശത്രുക്കളെ സ്നേഹിക്കാൻ സ്വാഭാവിക വികാരങ്ങളിൽനിന്ന് അതിസ്വാഭാവിക കൃപയിലേക്കുള്ള ഒരു ചുവടുവയ്പ് ആവശ്യമാണ്. തിന്മയെ അവഗണിക്കുകയല്ല ഇതിന്റെ അർഥം. മറിച്ച്, ഇത് അഗാപെ എന്ന സ്നേഹത്തിന്റെ ബോധപൂർവമായ പ്രവൃത്തിയാണ്—ദൈവത്തിൽ വേരൂന്നിയതും അപരന്റെ യഥാർഥവും നിത്യവുമായ നന്മ ലക്ഷ്യമാക്കുന്നതുമായ സ്നേഹം. അത് പാപത്തെ ന്യായീകരിക്കുകയോ അനീതിയുടെ ഗൗരവം കുറച്ചുകാണിക്കുകയോ ചെയ്യുന്നില്ല. പകരം, ക്രിസ്തു കുരിശിൽ ചെയ്തതുപോലെ, കരുണയിലൂടെ പാപത്തെ കീഴടക്കുന്നു. “പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല” എന്ന് യേശു വിളിച്ചപേക്ഷിച്ചപ്പോൾ, അവരുടെ പാപത്തിന്റെ ഗൗരവം അവിടുന്ന് നിഷേധിച്ചില്ല; ദൈവകരുണയാൽ അവിടുന്ന് അതിനെ ജയിക്കുകയും കീഴടക്കുകയും ചെയ്തു. നമ്മെ ദ്രോഹിക്കുന്നവരെ സ്നേഹിക്കുക എന്നതിന്റെ അർഥമെന്തെന്ന് ഇതിലൂടെ അവിടുന്ന് നമുക്ക് പരമമായ മാതൃക നൽകി.
നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുക എന്നതിന്റെ അർഥം ദുഷ്ടതയോടു നന്മകൊണ്ട് പ്രതികരിക്കുക എന്നതാണ്—ഉപരിപ്ലവമായ പ്രീണനത്തിനുവേണ്ടിയല്ല, മറിച്ച് രൂപാന്തരപ്പെടുത്തുന്ന കൃപയുടെ ശക്തിക്കു സാക്ഷ്യമായിട്ടാണ്. ഈ സജീവമായ നന്മ പ്രതികാരത്തിന്റെ ചക്രം തകർക്കുന്നു—ഒന്നാം നൂറ്റാണ്ടിലെ ഇസ്രായേലിൽ സാധാരണവും ആഴത്തിൽ വേരൂന്നിയതുമായ ഒരു പ്രശ്നമായിരുന്നു അത്. കൃപ പ്രതികാരത്തിന്റെ സ്ഥാനം ഏറ്റെടുക്കുകയും കരുണ വിധിക്കുമീതെ വാഴുകയും ചെയ്യുന്ന ദൈവത്തിന്റെ പുതിയതും മഹത്വപൂർണവുമായ രാജ്യത്തിന്റെ സാന്നിധ്യം ഈ നന്മ വെളിപ്പെടുത്തുന്നു. തിന്മയ്ക്കു പകരം നന്മ ചെയ്യുമ്പോൾ, നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേൽ ഒരുപോലെ സൂര്യനെ ഉദിപ്പിക്കുന്ന ദൈവത്തെ നാം അനുകരിക്കുന്നു. ഈ നന്മ ദ്വേഷിക്കുന്നവന്റെ ഹൃദയത്തെ എല്ലായ്പ്പോഴും മൃദുവാക്കണമെന്നില്ല; എന്നാൽ സ്നേഹിക്കാൻ തിരഞ്ഞെടുക്കുന്നവനെ വിശുദ്ധീകരിക്കുന്നതിൽ അത് ഒരിക്കലും പരാജയപ്പെടുകയില്ല.
നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക എന്നതിന്റെ അർഥം, തിരിച്ചും മുറിപ്പെടുത്താനല്ല, മറിച്ച് സൗഖ്യമേകാനും മാധ്യസ്ഥ്യം വഹിക്കാനും ആത്മീയമായി വളർത്താനുമായി നിങ്ങളുടെ വാക്കുകൾ ഉപയോഗിക്കുക എന്നതാണ്. ശാപവാക്കുകൾക്കു മുന്നിൽ വാക്കുകളിലൂടെ നൽകുന്ന അനുഗ്രഹം ദൗർബല്യത്തിന്റെ അടയാളമല്ല; ക്രിസ്തുവുമായുള്ള ഐക്യത്തിൽനിന്നുമാത്രം ലഭിക്കുന്ന ആന്തരിക ശക്തിയുടെ അടയാളമാണ്. നിന്ദയും പരിഹാസവും സഹിച്ചിട്ടും സ്തുതിയും സത്യവും കരുണയുംകൊണ്ട് പ്രതികരിച്ച വിശുദ്ധരുടെ പെരുമാറ്റമാണ് അതിൽ പ്രതിഫലിക്കുന്നത്. അത്തരമൊരു അനുഗ്രഹം ആത്മീയ പോരാട്ടത്തിന്റെ ഒരു രൂപമായിത്തീരുന്നു; കൃപ നിറഞ്ഞ വാക്കുകളുടെ ശക്തിയാൽ അത് തിന്മയുടെ മുഖംമൂടി നീക്കുകയും അതിനെ നിരായുധമാക്കുകയും ചെയ്യുന്നു. പ്രതികാരത്തിന്റേതിനു പകരം വീണ്ടെടുപ്പിന്റെ ഉപകരണമായി അത് നാവിനെ മാറ്റുന്നു.
നിങ്ങളോടു മോശമായി പെരുമാറുന്നവർക്കുവേണ്ടി പ്രാർഥിക്കുന്നത് ക്ഷമയുടെ ഏറ്റവും ഉന്നതമായ ആവിഷ്കാരമാണ്. അത് ദ്രോഹം ചെയ്തവരെ ദൈവത്തിന്റെ കരുണയിൽ ഭരമേല്പിക്കുകയും അവരുടെ മാനസാന്തരവും രക്ഷയും തേടുകയും ചെയ്യുന്നു. വിധിക്കാനുള്ള ഭാരം പ്രാർഥന നമ്മുടെ ചുമലിൽനിന്ന് ഇറക്കി സ്നേഹത്തിന്റെ ദൈവിക ന്യായാസനത്തിനു മുമ്പിൽ വയ്ക്കുന്നു. നമ്മെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുമ്പോൾ നാം ക്രിസ്തുവിനോട് ഏറ്റവുമധികം സദൃശരാകുന്നു; തന്റെ സുഹൃത്തുക്കൾക്കുവേണ്ടി മാത്രമല്ല, സ്വന്തം കൈകളിൽ ആണികൾ തറച്ചവർക്കുവേണ്ടിപ്പോലും അവിടുന്ന് മാധ്യസ്ഥ്യം വഹിക്കുന്നു. നമ്മുടെതടക്കമുള്ള ഹൃദയങ്ങളെ രൂപാന്തരപ്പെടുത്താനും, മനുഷ്യപ്രയത്നംകൊണ്ടുമാത്രം സാധിക്കാത്തിടത്ത് അനുരഞ്ജനം കൊണ്ടുവരാനും ഈ പ്രാർഥനയ്ക്കു ശക്തിയുണ്ട്.
നിങ്ങളുടെ ജീവിതത്തിൽ സജീവമായിരിക്കുന്ന ദൈവകരുണയുടെ ശക്തിയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ഇത്തരത്തിലുള്ള ദൈവിക സ്നേഹത്തിന് പാപത്തെ കീഴടക്കാനും മുറിവുകൾ സൗഖ്യമാക്കാനും പ്രത്യാശ പുനഃസ്ഥാപിക്കാനും കഴിയും. നിങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്ന ഏതൊരു പകയും ദൈവകരുണ ദഹിപ്പിക്കട്ടെ; നിങ്ങളുടെ ഹൃദയത്തിലെ കഠിനപ്പെട്ട ഓരോ ഭാഗവും അത് മൃദുവാക്കട്ടെ. തുടർന്ന് മുന്നോട്ടു ചെന്ന്, അതിന് ഏറ്റവും കുറച്ച് അർഹതയുള്ളവർക്കും എല്ലാറ്റിനെയും കീഴടക്കുന്ന അതേ കരുണ പകർന്നുകൊടുക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ ക്രിസ്തുവിന്റെ ഹൃദയത്തോട് അനുരൂപരാകുമെന്നും, നിങ്ങളിലൂടെ അവിടുത്തെ കരുണയുടെ രാജ്യം പ്രകാശിക്കുമെന്നും വിശ്വസിക്കുക.
പരമകാരുണികനായ കർത്താവേ, നിർമലവും പരിശുദ്ധവുമായ സ്നേഹത്തോടെ മറ്റുള്ളവരെ സ്നേഹിക്കുന്നതിൽനിന്ന് അങ്ങയെ പിന്തിരിപ്പിക്കാൻ അവരുടെ പാപങ്ങളെ അങ്ങ് ഒരിക്കലും അനുവദിച്ചില്ല. അങ്ങ് അങ്ങയുടെ ശത്രുക്കളെ സ്നേഹിച്ചു, അങ്ങയെ വെറുത്തവർക്ക് നന്മ ചെയ്തു, അങ്ങയെ ശപിച്ചവരെ അനുഗ്രഹിച്ചു, അങ്ങയോട് മോശമായി പെരുമാറിയവർക്കുവേണ്ടി പ്രാർഥിച്ചു. എന്റെ ഹൃദയം ശുദ്ധീകരിച്ച് അങ്ങയുടെ ഹൃദയത്തോട് ചേർക്കണമേ. അങ്ങനെ, ഞാൻ മറ്റുള്ളവർക്ക് നൽകുന്ന സ്നേഹം ആദ്യം അങ്ങയിൽനിന്നും, പിന്നീട് എന്നിലൂടെ അവരിലേക്കും ഒഴുകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ ചൊല്ലുന്നു
വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോൾ അറിയിപ്പുകൾ ലഭിക്കട്ടെ.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





