2026 സെപ്റ്റംബർ 24
ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം വാരത്തിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
സംഭവിച്ചുകൊണ്ടിരുന്നതെല്ലാം ചതുർഭാഗാധിപനായ ഹേറോദേസ് കേട്ടു. “യോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന് ചിലരും, “ഏലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു” എന്ന് മറ്റു ചിലരും, “പുരാതന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന് വേറെ ചിലരും പറഞ്ഞിരുന്നതിനാൽ അവൻ ഏറെ ആശയക്കുഴപ്പത്തിലായി. എന്നാൽ ഹേറോദേസ് പറഞ്ഞു: “യോഹന്നാനെ ഞാൻ ശിരച്ഛേദം ചെയ്തു. അപ്പോൾ, ഞാൻ ഇങ്ങനെയൊക്കെ കേൾക്കുന്ന ഈ മനുഷ്യൻ ആരാണ്?” അവനെ കാണാൻ ഹേറോദേസ് ശ്രമിച്ചുകൊണ്ടിരുന്നു. ലൂക്കാ 9:7–9
ദൈവഹിതമനുസരിച്ച് ജീവിക്കാൻ വിസമ്മതിക്കുന്നവർ മറ്റുള്ളവരുടെ ജീവിതത്തിൽ ദൈവസാന്നിധ്യം കാണുമ്പോൾ വിചിത്രമായ ഒരു കാര്യം സംഭവിക്കുന്നു—അവർ അസ്വസ്ഥരാകുന്നു, ആശയക്കുഴപ്പത്തിലാകുകപോലും ചെയ്യുന്നു. ഹേറോദേസ് അത്തരമൊരു വ്യക്തിയായിരുന്നു. പേരിൽ യഹൂദനായിരുന്നെങ്കിലും, സുഖലോലുപതയിലും അഹങ്കാരത്തിലും ധാർമ്മിക വിട്ടുവീഴ്ചകളിലുമാണ് അവൻ ജീവിച്ചിരുന്നത്. യേശുവിനെയും അവിടുത്തെ മഹത്തായ പ്രവൃത്തികളെയും കുറിച്ച് കേട്ടപ്പോൾ ഹേറോദേസിനുണ്ടായ ആകർഷണത്തോടൊപ്പം ആന്തരിക അസ്വസ്ഥതയും കലർന്നിരുന്നു. സ്നാപകയോഹന്നാനെ വധിച്ചതിലുള്ള കുറ്റബോധം വിശേഷിച്ചും അവന്റെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കി.
വിശ്വാസത്തെ ആത്മാർഥമായി സ്വീകരിക്കാനുള്ള തുറവിയിൽനിന്നല്ല, ഭയത്തിൽനിന്നും കുറ്റബോധത്തിൽനിന്നും അന്ധവിശ്വാസത്തിൽനിന്നുമാണ് ഹേറോദേസിന്റെ ആശയക്കുഴപ്പം ഉടലെടുത്തത്. പാപം അവന്റെ ഹൃദയത്തെ അത്രയധികം അന്ധകാരത്തിലാഴ്ത്തിയിരുന്നതിനാൽ, ക്രിസ്തുവിൽ വെളിപ്പെട്ട ദൈവകൃപ തിരിച്ചറിയാൻ അവനു കഴിഞ്ഞില്ല. ആന്തരികമായ പ്രക്ഷുബ്ധതയ്ക്കിടയിലും “അവിടുത്തെ കാണാൻ അവൻ ശ്രമിച്ചുകൊണ്ടിരുന്നു” എന്ന് സുവിശേഷം നമ്മോടു പറയുന്നു. സത്യത്തെക്കുറിച്ച് അറിയാൻ കൗതുകമുണ്ടെങ്കിലും അതിനെ സ്വീകരിക്കാൻ തയ്യാറാകാത്ത, വിഭജിതമായ ഒരു ആത്മാവിനെയാണ് ഈ ആഗ്രഹം വെളിപ്പെടുത്തുന്നത്.
ഹേറോദേസ് നമുക്കു നൽകുന്നത് സദ്ഗുണത്തിന്റെ മാതൃകയല്ല, മറിച്ച് ഒരു മുന്നറിയിപ്പാണ്. ദൈവഹിതത്തെ ചെറുക്കുന്നവർക്കുപോലും മറ്റുള്ളവരുടെ വിശുദ്ധിയിലൂടെ ദൈവത്തെ മിന്നായംപോലെ ദർശിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ അനുതാപമില്ലെങ്കിൽ, അത്തരം കണ്ടുമുട്ടലുകൾ സമാധാനമോ വ്യക്തതയോ നൽകുകയില്ല. ഹേറോദേസിന്റെ കാര്യത്തിൽ, ആ ആകർഷണം ആദ്യം മനോവ്യഥയിലേക്കും പിന്നീട് മൗനത്തിലേക്കും നയിച്ചു. പീഡാനുഭവവേളയിൽ ഒടുവിൽ യേശു ഹേറോദേസിന്റെ മുമ്പിൽ നിന്നപ്പോൾ, നമ്മുടെ കർത്താവ് ഒരു വാക്കുപോലും ഉരിയാടിയില്ല. കഠിനപ്പെട്ട അവന്റെ ഹൃദയത്തിന്മേലുള്ള വിധിയായിരുന്നു ആ മൗനം.
ഹേറോദേസിന്റെ ജീവിതം കണ്ടിട്ട് പലർക്കും അവനോട് അസൂയ തോന്നിയിരിക്കാം. അവൻ ധനികനും അധികാരിയുമായിരുന്നു; ആഡംബരസമൃദ്ധമായ വിരുന്നുകൾ ആസ്വദിച്ചു, പ്രൗഢമായ കൊട്ടാരങ്ങളിൽ വസിച്ചു, റോമിന്റെ സംരക്ഷണവും അനുഭവിച്ചു. അത്തരം രാജാക്കന്മാർ ഇന്ന് അപൂർവമാണെങ്കിലും, ലൗകിക സമ്പത്തിന്റെയും പ്രശസ്തിയുടെയും ആകർഷണം ഇപ്പോഴും ശക്തമാണ്. അവരുടെ ഇന്നത്തെ സമാനരായ പ്രശസ്ത വ്യക്തികളും സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളെ സ്വാധീനിക്കുന്നവരും ഉന്നതശ്രേണിയിലുള്ളവരും ദശലക്ഷക്കണക്കിന് ആരാധകരെ ആകർഷിക്കുന്നു. സമൂഹമാധ്യമങ്ങൾ അവരുടെ ജീവിതശൈലികളെ ഉയർത്തിക്കാട്ടുന്നു; ലോകമാകട്ടെ സുഖലോലുപതയെയും സുഖസൗകര്യങ്ങളെയും സാമൂഹിക പദവിയെയും മഹത്ത്വപ്പെടുത്തുന്നു.
എന്നാൽ എന്തിനുവേണ്ടിയാണ് ഇതെല്ലാം? ഭൂമിയിലെ എല്ലാ സുഖങ്ങളും കൈക്കലാക്കി, ഈ നിമിഷത്തിലെ ജീവിതം ആസ്വദിക്കാനോ? ഈ ജീവിതം അവസാനിച്ച് നാം ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിൽ നിൽക്കുമ്പോൾ എന്തു സംഭവിക്കും? ആ മണിക്കൂറിൽ ക്ഷണികമായ എല്ലാ സുഖസൗകര്യങ്ങളും അപ്രത്യക്ഷമാകും; നമ്മുടെ ആത്മാവിന്റെ അവസ്ഥമാത്രം നമുക്കു ശേഷിക്കും. ഹേറോദേസിന്റെ ലൗകിക വിജയം ആത്യന്തികമായി ശൂന്യമായിരുന്നു. ഈ ജീവിതത്തിൽ അവനു സമാധാനമില്ലായിരുന്നു; മാനസാന്തരമില്ലാതെ, അവന്റെ നിത്യഗതിയും അതേ അസ്വസ്ഥതയിൽ മുദ്രവയ്ക്കപ്പെട്ടു.
ഒരു കാരണത്തോടെയാണ് ഹേറോദേസിന്റെ ജീവിതം സുവിശേഷങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. അവന്റെ ഉദാഹരണത്തിൽനിന്നു പഠിച്ച്, ലൗകികവും ഇന്ദ്രിയപരവുമായ സുഖഭോഗങ്ങളുടെ മൂടുപടം നീക്കി അവയുടെ യഥാർഥ സ്വഭാവം നാം കാണണം—അവയുടെ നിത്യമായ അനന്തരഫലങ്ങളുടെ വെളിച്ചത്തിൽ മാത്രമല്ല, ഇപ്പോൾത്തന്നെ അവ ഉള്ളിൽ വരുത്തുന്ന തകർച്ചയുടെ വെളിച്ചത്തിലും. അത്തരമൊരു ജീവിതത്തിനു രക്ഷിക്കാനുള്ള ശക്തിയില്ല; ആ നിമിഷത്തിനപ്പുറം സംതൃപ്തി നൽകാനുള്ള കഴിവുമില്ല. അത് ആത്മാവിനെ എപ്പോഴും ആശയക്കുഴപ്പത്തിലും ജിജ്ഞാസയിലും ഉപേക്ഷിക്കുന്നു—ആ ജിജ്ഞാസയാകട്ടെ ഒടുവിൽ ആശയക്കുഴപ്പത്തിൽത്തന്നെ അവസാനിക്കുന്നു.
അത്തരം സുഖഭോഗങ്ങളിൽ ഹൃദയം ഉറപ്പിച്ചിരിക്കുന്നവർ എപ്പോഴും കൂടുതൽ ആഗ്രഹിച്ചുകൊണ്ടിരിക്കും; ഒരിക്കലും തൃപ്തരാകുകയുമില്ല. പാപകരമായ സുഖഭോഗങ്ങളുടെ പ്രലോഭനം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം സുവിശേഷത്തിലെ ശുദ്ധീകരിക്കുന്ന സത്യങ്ങളിൽ നമ്മെത്തന്നെ ആഴ്ത്തുക എന്നതാണ്. സത്യം ശുദ്ധീകരിക്കുകയും സ്വതന്ത്രമാക്കുകയും ചെയ്യുന്നു. ആത്മാവ് എന്തായിത്തീരാനാണോ സൃഷ്ടിക്കപ്പെട്ടത്, ആ ദൈവാലയമായിത്തീരാൻ സത്യം അതിനെ സ്വതന്ത്രമാക്കുന്നു—വിശുദ്ധിയാൽ പ്രകാശിച്ച്, ദൈവവുമായുള്ള ആനന്ദപൂർണമായ ഐക്യത്തിലും മറ്റുള്ളവരുമായുള്ള ആത്മീയ കൂട്ടായ്മയിലും ജീവിക്കുന്ന ദൈവാലയം. ഈ ജീവിതത്തിൽ ഇതിനെക്കാൾ മഹത്തായ മറ്റൊന്നുമില്ല; വരാനിരിക്കുന്ന ജീവിതത്തിൽ മറ്റൊന്നും സംതൃപ്തി നൽകുകയുമില്ല.
നിങ്ങളുടെ ജീവിതത്തിൽ ക്രിസ്തുവിനെ കണ്ടുമുട്ടുമ്പോൾ നിങ്ങളിൽ ശേഷിക്കുന്ന ആശയക്കുഴപ്പമോ ഭയമോ ക്രമരഹിതമായ ജിജ്ഞാസയോ ഉണ്ടെങ്കിൽ, അതിനെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ഹേറോദേസിനെപ്പോലെ, ജിജ്ഞാസയുണ്ടെങ്കിലും സമർപ്പണസന്നദ്ധതയില്ലാതെയാണോ നിങ്ങൾ അവിടുത്തെ സമീപിക്കുന്നത്? അതോ ശുദ്ധീകരിക്കപ്പെടാനും രൂപാന്തരപ്പെടാനും തയ്യാറായ ഹൃദയത്തോടെയോ? ഹേറോദേസിന്റെ ഉദാഹരണം നിങ്ങളെ ആശയക്കുഴപ്പത്തിൽനിന്ന് അകറ്റി മാനസാന്തരത്തിലേക്കു നയിക്കട്ടെ. സത്യംതന്നെയായവൻ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നു. വെറും ജിജ്ഞാസയിൽ ഒതുങ്ങിനിൽക്കരുത്. വിശ്വാസത്തോടെ നിങ്ങളെത്തന്നെ സമർപ്പിക്കുക; ദൈവരാജ്യത്തിന്റെ സമ്പത്ത് നിങ്ങളുടേതാകും.
യഥാർഥ സമ്പത്തിന്റെ നാഥാ, ഈ ലോകത്തിലെ അധികാരവും സമ്പത്തും ജഡിക സുഖഭോഗങ്ങളും വശീകരിക്കുന്നവയാണ്. അവയുടെ വാഗ്ദാനങ്ങൾക്കു പിന്നിലെ ശൂന്യത വ്യക്തമായി കാണാൻ കഴിയേണ്ടതിന് എന്റെ കണ്ണുകളിലെ മൂടുപടം നീക്കണമേ. എല്ലാ വഞ്ചനകളിൽനിന്നും എന്നെ മോചിപ്പിച്ച്, അങ്ങയെ മാത്രം ആഗ്രഹിക്കാൻ എന്റെ ഹൃദയത്തെ ആകർഷിക്കണമേ. സ്വാതന്ത്ര്യം കണ്ടെത്തുന്നതും കൃപയുടെ സമ്പത്തും നിത്യസൗഭാഗ്യവും കാത്തിരിക്കുന്നതുമായ അങ്ങയുടെ രാജ്യം എന്റെ നിരന്തര ലക്ഷ്യമായിരിക്കട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു.
ചെറുപുഷ്പമായ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള നൊവേന
മൂന്നാം ദിവസം- സെപ്റ്റംബർ 24
അംഗമാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിയിപ്പുകൾ നേടൂ.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ






