മലയാളം

പീഡകൾ സഹിക്കുന്ന മിശിഹാ

സെപ്റ്റംബർ 25, 2026
ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

ചിത്രം: Adobe Stock വഴി

വീഡിയോ

ഒരിക്കൽ യേശു ഏകാന്തതയിൽ പ്രാർഥിക്കുകയായിരുന്നു. ശിഷ്യന്മാർ അവനോടുകൂടെ ഉണ്ടായിരുന്നു. അവൻ അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണ് ജനക്കൂട്ടം പറയുന്നത്?” അവർ മറുപടി പറഞ്ഞു: “സ്നാപകയോഹന്നാൻ; മറ്റു ചിലർ ഏലിയാ എന്നും, വേറെ ചിലർ ‘പുരാതന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നു’ എന്നും പറയുന്നു.” അപ്പോൾ അവൻ അവരോടു ചോദിച്ചു: “എന്നാൽ ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?” പത്രോസ് മറുപടി പറഞ്ഞു: “ദൈവത്തിന്റെ ക്രിസ്തു.” ലൂക്കാ 9:18–20

വെളിപാടിന്റെ നിർണായകമായ ഒരു നിമിഷമാണ് ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നത്. പന്ത്രണ്ടുപേരും സമീപത്തുള്ളപ്പോൾ യേശു ഏകാന്തതയിൽ പ്രാർഥിച്ചുകൊണ്ട് ചോദിക്കുന്നു: “ഞാൻ ആരാണെന്നാണ് ജനക്കൂട്ടം പറയുന്നത്?” അവരുടെ മറുപടികൾ കേട്ടശേഷം, കൂടുതൽ വ്യക്തിപരമായി അവരോടുതന്നെ അവൻ ചോദിക്കുന്നു: “എന്നാൽ ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?” പന്ത്രണ്ടുപേർക്കുംവേണ്ടി സംസാരിച്ചുകൊണ്ട് പത്രോസ് ഏറ്റുപറയുന്നു: “ദൈവത്തിന്റെ ക്രിസ്തു”—അഭിഷിക്തൻ, ദീർഘനാളായി കാത്തിരുന്ന മിശിഹാ.

സംസാരിക്കുന്നത് പത്രോസാണെങ്കിലും, തന്റെ ദൈവസ്വഭാവത്തിൽ യേശുവാണ് ഈ സത്യം പത്രോസിനു വെളിപ്പെടുത്തുന്നതും വിശ്വാസം ഏറ്റുപറയാൻ അവനെ പ്രേരിപ്പിക്കുന്നതും. താൻ ആരാണെന്ന് യേശുവിനു നേരിട്ടു പ്രഖ്യാപിക്കാമായിരുന്നു. എന്നാൽ വിശ്വാസത്തിലൂടെ ഈ വെളിപാടിൽ പങ്കുചേരാൻ അവൻ പത്രോസിനെ ക്ഷണിക്കുന്നു. പത്രോസ് മറുപടി പറഞ്ഞ ഉടനെ യേശു “അവരെ ശാസിക്കുകയും ഇക്കാര്യം ആരോടും പറയരുതെന്ന് നിർദേശിക്കുകയും ചെയ്തു.”

എന്തിനാണ് ഈ രഹസ്യസ്വഭാവം? സ്വാഭാവികമായ നമ്മുടെ ചിന്തയ്ക്കു വിരുദ്ധമായി ഇത് തോന്നുന്നു. യേശു ആരാണെന്ന സത്യം നാടെങ്ങും പ്രഘോഷിക്കേണ്ടതല്ലേ? എന്നിട്ടും, തന്റെ ദൈവികജ്ഞാനത്തിൽ യേശു താത്കാലികമായ മൗനം ആവശ്യപ്പെടുന്നു.

തുടർന്നു സംഭവിക്കുന്ന കാര്യങ്ങൾ ആ മൗനത്തിന്റെ കാരണം വ്യക്തമാക്കുന്നു. മിശിഹായെന്ന നിലയിലുള്ള തന്റെ ദൗത്യത്തിന്റെ സ്വഭാവം യേശു ഉടനെ വെളിപ്പെടുത്താൻ തുടങ്ങുന്നു: “മനുഷ്യപുത്രൻ വളരെയധികം സഹിക്കുകയും ജനപ്രമാണിമാരാലും പ്രധാനപുരോഹിതന്മാരാലും നിയമജ്ഞരാലും തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടുകയും വേണം.” ശിഷ്യന്മാർ പ്രതീക്ഷിച്ചിരുന്നത് ഇതായിരുന്നില്ല. മിശിഹായുടെ ആഗമനം പ്രവാചകന്മാർ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും, ഇസ്രായേലിനെ ഒന്നിപ്പിക്കുകയും റോമൻ ഭരണം തകർക്കുകയും രാജ്യത്തെ ഭൗമികമഹത്ത്വത്തിലേക്കു പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ശക്തനായ ഒരു നേതാവിനെയാണ് അനേകം യഹൂദർ മനസ്സിൽ കണ്ടിരുന്നത്.

യേശു ആ പ്രതീക്ഷ തകർക്കുന്നു. ക്രിസ്തുവെന്ന നിലയിൽ താൻ തന്റെ ദൗത്യം പൂർത്തിയാക്കുന്നത് യുദ്ധവിജയത്തിലൂടെയല്ല, മറിച്ച് പീഡാസഹനത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമാണെന്ന് അവൻ വെളിപ്പെടുത്തുന്നു. മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്ന പരാമർശം കുറച്ചെങ്കിലും പ്രത്യാശ ഉണർത്തിയിരിക്കാമെങ്കിലും, തന്റെ പീഡാസഹനത്തെയും മരണത്തെയും കുറിച്ചുള്ള അറിയിപ്പ് അവരെ ആഴത്തിൽ അസ്വസ്ഥരാക്കിയിരിക്കണം. അതിലുപരി, ഇന്നത്തെ സുവിശേഷത്തിനു തൊട്ടുപിന്നാലെയുള്ള വാക്യങ്ങളിൽ, തന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും സ്വന്തം കുരിശ് എടുക്കണമെന്ന് യേശു പന്ത്രണ്ടുപേരോടു പറയുന്നു.

ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തിൽനിന്ന് ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെടുന്ന ഭാഗങ്ങളിലൊന്ന് ഈ രഹസ്യത്തെക്കുറിച്ച് നേരിട്ടു പറയുന്നു: “എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല—കർത്താവിന്റെ അരുളപ്പാട്. ആകാശം ഭൂമിയെക്കാൾ ഉയർന്നിരിക്കുന്നതുപോലെ, എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉയർന്നിരിക്കുന്നു” (ഏശയ്യാ 55:8–9).

ഈ സത്യം ജീവിതത്തിന്റെ പല മേഖലകൾക്കും ബാധകമാണെങ്കിലും, യേശുവിന്റെ പീഡാസഹനത്തോടും അതിലുള്ള നമ്മുടെ പങ്കുചേരലിനോടുമുള്ള ബന്ധത്തിൽ ഇതിനു പ്രത്യേക പ്രസക്തിയുണ്ട്. വിജയിയായ ഒരു മിശിഹായെ പ്രതീക്ഷിച്ചിരുന്ന അന്നത്തെ യഹൂദരെപ്പോലെ, ക്രിസ്തുവിനെ അനുഗമിക്കുക എന്നതിന്റെ അർഥം സഹനങ്ങൾ ഇല്ലാതാകുക എന്നാണെന്ന് നാമും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ അങ്ങനെയല്ല. വാസ്തവത്തിൽ, നമ്മിലും നമ്മിലൂടെയും സഹനത്തിനു കൈവരിക്കാനാകുന്ന കൂടുതൽ വലിയ നന്മ ദൈവം കാണുന്നതിനാൽ, അവിടുന്ന് പലപ്പോഴും സഹനം അനുവദിക്കുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്താൽ സഹനം വീണ്ടെടുക്കപ്പെട്ടിരിക്കുന്നു; അവിടുത്തോടുള്ള ഐക്യത്തിൽ അതിനെ സ്വീകരിക്കുമ്പോൾ, അതിന് ഇപ്പോൾ വലിയ ശക്തിയുണ്ട്.

ക്രിസ്തുവിനെ അനുഗമിക്കുക എന്നതിന്റെ അർഥം നമ്മുടെ ജീവിതത്തിൽനിന്ന് കുരിശ് നീക്കപ്പെടുക എന്നതല്ല, മറിച്ച് അതിന്റെ വിപരീതമാണെന്ന ഞെട്ടിക്കുന്ന വെളിപാടിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. യേശുവിന്റെ അനേകം ശിഷ്യന്മാരെപ്പോലെ, ദൈവത്തെക്കുറിച്ചും അവിടുത്തെ ജീവിതത്തിലും ദൗത്യത്തിലുമുള്ള നിങ്ങളുടെ പങ്കുചേരലിനെക്കുറിച്ചും നിങ്ങൾ തെറ്റായ പ്രതീക്ഷകൾ പുലർത്തുന്നുണ്ടോ എന്നു ചിന്തിക്കുക. തന്റെ പീഡാസഹനത്തിൽ കൂടുതൽ ആഴമായി പങ്കുചേരുന്ന ഒരു ജീവിതത്തിലൂടെ നിങ്ങളുടെ കുരിശ് വഹിക്കാൻ ഏതെല്ലാം വിധങ്ങളിലാണ് ദൈവം നിങ്ങളെ വിളിക്കുന്നത്? നിങ്ങളുടെ സഹനങ്ങളെയും കുരിശുകളെയും സന്തോഷത്തിനു തടസ്സങ്ങളായാണോ, അതോ കൂടുതൽ വിശുദ്ധിയിലേക്കുള്ള മാർഗങ്ങളായാണോ നിങ്ങൾ കാണുന്നത്? ദൈവത്തിന്റെ വഴികൾ സ്വീകരിക്കുക പലപ്പോഴും പ്രയാസമാണ്. എന്നാൽ കാലക്രമേണ പ്രാർഥനയിലൂടെ കുരിശിനെയും അതിന്റെ മഹത്ത്വപൂർണമായ ഫലത്തെയും നാം മനസ്സിലാക്കുന്നു. നിങ്ങളുടെ മിശിഹാ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന പാതയിലൂടെ നടക്കാൻ ഭയപ്പെടരുത്.

പീഡകൾ സഹിക്കുന്ന എന്റെ കർത്താവേ, അങ്ങാണ് ക്രിസ്തു, മിശിഹാ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രൻ. രാഷ്ട്രങ്ങളെ കീഴടക്കാനോ ഒരു ഭൗമികരാജ്യം സ്ഥാപിക്കാനോ അല്ല, പാപത്തെയും മരണത്തെയും കീഴടക്കാനാണ് അങ്ങ് മനുഷ്യസ്വഭാവം സ്വീകരിച്ചത്. അങ്ങയുടെ പീഡാസഹനത്തിലും മരണത്തിലും ഉത്ഥാനത്തിലും പങ്കുചേരാൻ എന്നെ അങ്ങയിലേക്ക് അടുപ്പിക്കണമേ. അങ്ങ് ആരാണെന്ന് അറിയുക മാത്രമല്ല, ഓരോ ദിവസവും എന്റെ കുരിശെടുത്ത് അങ്ങയുടെ കാൽച്ചുവടുകളെ അനുഗമിച്ചുകൊണ്ട് അങ്ങയോടുള്ള ഐക്യത്തിൽ ജീവിക്കാനും എനിക്കു കഴിയുമാറാകട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള നൊവേന – ചെറുപുഷ്പം
നാലാം ദിവസം- സെപ്റ്റംബർ 25


അംഗമാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിയിപ്പുകൾ നേടൂ.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.